നിര്‍ത്താതെയുള്ള ഫോണിന്റെ മണിയടി കേട്ടാണ് അന്ന് രാവിലെ ഉണര്‍ന്നത്. ക്ലോക്കില്‍ 8.30 കഴിഞ്ഞു. അന്ന് അവധിദിനമായ വെള്ളിയാഴ്ച ആയതുകൊണ്ട് അലാറം ഓഫാക്കി വച്ചിരുന്നു. ഫോണിന് അടുത്തെത്തിയപ്പോഴേക്കും കട്ടായി.
പപ്പയാണ് പതിവില്ലാതെ വിളിക്കുന്നത്. വെള്ളിയാഴ്ച താമസിച്ചേ എഴുന്നേല്‍ക്കൂ എന്നറിയാവുന്നതുകൊണ്ട് സാധാരണ ഈ സമയത്ത് ഒരു വിളി ഇല്ലാത്തതാണ്.
എന്താണാവോ അത്യാവശ്യം? ജിജ്ഞാസ സഹിക്കാനാവാതെ പെട്ടെന്നുതന്നെ തിരിച്ചുവിളിച്ചു. ബാങ്കില്‍ പോകുമെന്ന് പറഞ്ഞിരുന്നു. സ്ഥലമിടപാടുമായി ബന്ധപ്പെട്ട് ഒരാള്‍ക്ക് മൂന്നുലക്ഷം രൂപ കൊടുക്കാമെന്ന് ഏറ്റിട്ടുണ്ട്. തടസങ്ങള്‍ ഒന്നും ഉണ്ടാകാന്‍ വഴിയില്ല. അക്കൗണ്ടില്‍ പൈസ ഉണ്ട്. ജോയിന്റ് അക്കൗണ്ട് ആയതുകൊണ്ട് പപ്പയ്ക്കും ചെക്ക് എഴുതിയെടുക്കാം.
കോവിഡ് കാരണം എല്ലാ ദിവസവും ബാങ്കില്ല. ഇന്ന് കിട്ടിയില്ലെങ്കില്‍ പിന്നെ അടുത്ത ആഴ്ചയേ നടക്കൂ, ശനിയാഴ്ച കൊടുക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. വീണ്ടും വിളിച്ചപ്പോള്‍ ഫോണെടുത്തു. വിശേഷങ്ങള്‍ തിരക്കിയപ്പോള്‍ പറഞ്ഞത് കാഷ് ആയി ബാങ്കില്‍ മൂന്നുലക്ഷം ഇല്ല. കൊറോണ കാരണം ഡെയ്‌ലി കളക്ഷന്‍ വന്നിട്ടില്ലപോലും. ബാങ്ക് മാനേജരുടെ അപേക്ഷപ്രകാരം അവിടെ കാത്തിരിക്കുകയാണ്. പറ്റിയില്ലെങ്കില്‍ തിങ്കളാഴ്ച മെയിന്‍ ബ്രാഞ്ചില്‍നിന്നും കൊണ്ടുവന്നു തരാമെന്ന് പറഞ്ഞു.
ഫോണ്‍ മാനേജര്‍ക്ക് കൊടുത്തു. എന്നും സാധാരണ വരാറുള്ള തുകപോലും വന്നിട്ടില്ല. 10.30 ആയതല്ലേ ഉള്ളൂ. പന്ത്രണ്ട് മണിയാകുമ്പോഴെങ്കിലും തരാന്‍ പറ്റുമായിരിക്കും എന്ന് ക്ഷമാപണത്തോടെ അറിയിച്ചു.
‘നീ അവിടിരുന്ന് കൊന്ത ചൊല്ല്, എല്ലാം ശരിയാകും’ എന്ന് മമ്മി. ‘നീ വെറുതെ ടെന്‍ഷന്‍ ആകേണ്ട, കര്‍ത്താവ് തീരുമാനിക്കുന്നതേ നടക്കൂ’ എന്ന് പപ്പ. ഞാനും വിട്ടില്ല, ‘നിങ്ങള്‍ വെറുതെ ഇരിക്കാതെ 33 എത്രയും ദയയുള്ള മാതാവേ ചൊല്ലി പ്രാര്‍ത്ഥിക്ക്. എല്ലാം ഓക്കെയാകും’ എന്നുപറഞ്ഞ് ഫോണ്‍ വച്ചു.
ഞാന്‍ ഈശോയെ നോക്കി. ഒരു കള്ളച്ചിരി മുഖത്തുള്ളതുപോലെ… അത് കണ്ടപ്പോഴേ മനസിലായി എന്തോ ഒരു പരിഹാരം ഈശോ കണ്ടിട്ടുണ്ടെന്ന്. ആ ഇരുന്ന ഇരുപ്പില്‍തന്നെ ഒരു കൊന്ത ചൊല്ലിയശേഷമാണ് എഴുന്നേല്‍ക്കുന്നത്.
ഈശോ ഏറ്റെടുത്തു എന്ന് ധൈര്യം തോന്നിയതുകൊണ്ടാവാം ഞാന്‍ പിന്നെ അതേപ്പറ്റി ഓര്‍ത്തില്ല. സാധാരണ ഇതൊക്കെ ഓരോ മിനിറ്റിലും ഫോണ്‍ ചെയ്ത് ചോദിക്കാറുള്ളതാണ്.
വീണ്ടും പപ്പയുടെ ഫോണ്‍ കാള്‍ കണ്ടപ്പോഴാണ് കാര്യങ്ങള്‍ ഓര്‍മ വന്നത്. മമ്മി പറഞ്ഞതുകേട്ട് ഞാന്‍ ശരിക്കും ഞെട്ടി. ബാങ്കില്‍ ഓരോരുത്തരും വരുമ്പോള്‍ അവര്‍ പ്രതീക്ഷയോടെ നോക്കും. എത്രയും ദയയുള്ള മാതാവേ ചൊല്ലിത്തീര്‍ന്നതും തനി സാധാരണക്കാരനായ ഒരാള്‍ ഒരു പ്ലാസ്റ്റിക് കവറുമായി നടന്നു വരുന്നത് കണ്ടു. അതിലെ പണം അയാള്‍ ബാങ്കില്‍ നിക്ഷേപിച്ചിട്ട് തിരിച്ചുപോയി.
മാനേജര്‍ പപ്പയെ വിളിച്ചു, സാറിന്റെ കാഷ് റെഡിയായിട്ടുണ്ട്. കൗണ്ടറില്‍ പോയി കളക്ട് ചെയ്‌തോളാന്‍ പറഞ്ഞു. പപ്പ കൗണ്ടറില്‍ കാഷ് കളക്ട് ചെയ്യാന്‍ പോയിരിക്കുകയാണ്. വീട്ടിലെത്തിയിട്ട് വിളിക്കാമെന്ന് പറഞ്ഞ് ഫോണ്‍ വച്ചു. ”ദൈവത്തിന്റെ ശക്തമായ കരത്തിന്‍കീഴില്‍, നിങ്ങള്‍ താഴ്മയോടെ നില്‍ക്കുവിന്‍. അവിടുന്ന് തക്കസമയത്ത് നിങ്ങളെ ഉയര്‍ത്തിക്കൊള്ളും. നിങ്ങളുടെ ഉത്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്‍. അവിടുന്ന് നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്” (1 പത്രോസ് 5/6)
ഞാന്‍ ഈശോയെ നോക്കി, കള്ളച്ചിരി അപ്പോ ഴും ആ മുഖത്തുണ്ടായിരുന്നു. നമുക്ക് വേണ്ടത് വേണ്ട സമയത്ത് വേണ്ട അളവില്‍ തരുന്ന ഒരു ദൈവം നമുക്കുണ്ട് – നമ്മുടെ ഈശോ.
ജമേഷ് ജയിംസ്