കഴിഞ്ഞ ദിവസങ്ങളില്‍ ഒരാള്‍ എന്നോട് പറഞ്ഞത് ഇങ്ങനെയാണ്, ”അച്ചാ, ഇനി ദൈവപരിപാലനയുടെ നിമിഷങ്ങള്‍ ജീവിതത്തില്‍ ഉണ്ടാവുമ്പോള്‍ത്തന്നെ ഞാന്‍ അതൊക്കെ എഴുതിവയ്ക്കാന്‍ പോകുകയാണ്.
എന്താണെന്നറിയാമോ, എന്റെ ഒരു വസ്തു ഇന്ന് കളഞ്ഞ് പോയപ്പോള്‍ ഞാന്‍ അറിയുന്നതിന് മുമ്പേതന്നെ വേറൊരാളിലൂടെ ഈശോ അത് തിരികെ എന്റെ കൈകളില്‍ എത്തിച്ചു. അച്ചനറിയാമോ, ഈ ദിവസങ്ങളില്‍ ഞാന്‍ കുറെ വിഷമങ്ങളിലൂടെ കടന്ന് പോവുകയാണ്…
എന്റെ ഈ വിഷമാവസ്ഥ ഈശോ കാണുന്നുണ്ടെന്നും എന്നെ കാത്തുസൂക്ഷിച്ചോളുമെന്നും ഓര്‍മ്മിപ്പിച്ചതാണ് ഈ സംഭവത്തിലൂടെ. അതുകൊണ്ടാണ് ഞാന്‍ പറഞ്ഞത്, ഈശോ ഇടപെട്ട ഈ നിമിഷം ഞാന്‍ എഴുതി വയ്ക്കുമെന്ന്. ഇല്ലെങ്കില്‍ അവിടുത്തെ പരിപാലന ഞാന്‍ ഭാവിയില്‍ കാണാതെ പോയാലോ?”
വളരെ നല്ല കാര്യമെന്ന് ഞാന്‍ പറഞ്ഞു.
ശരിയല്ലേ? സാധാരണ ഹൃദയത്തില്‍ തട്ടുന്ന എന്തെങ്കിലും അടയാളമോ അത്ഭുതമോ ആണ് പലര്‍ക്കും വഴിത്തിരിവായി മാറുന്നത്. ഈശോയിലുള്ള അവരുടെ വിശ്വാസം ആഴപ്പെടുന്നതിനും ഏറ്റുപറയുന്നതിനും അത് സഹായിക്കുന്നു. ഒരുപക്ഷേ അത് മേല്പറഞ്ഞതുപോലത്തെ അനുഭവങ്ങളോ, വരദാനങ്ങളുള്ള ആളുകളുടെ കൗണ്‍സിലിംഗിലൂടെ കിട്ടിയ അനുഭവമോ, ചില വിഷമഘട്ടങ്ങളില്‍ ദൈവം അതിസ്വാഭാവികമായി ഇടപെട്ട് നമ്മെ വീണ്ടെടുത്തതോ ഒക്കെ ആവാം.
അങ്ങനെയൊരു സംഭവമാണ് സുവിശേഷത്തില്‍ നഥാനിയേലിന്റെ ജീവിതത്തിലും ഉണ്ടായത്. ‘ഇതാ, നിഷ്‌കപടനായ ഒരു യഥാര്‍ത്ഥ ഇസ്രായേല്‍ക്കാരന്‍!’ എന്നുപറഞ്ഞ് തന്നെ സ്വീകരിച്ച യേശുവിനോട് നഥാനയേല്‍ ചോദിക്കുകയാണ്, ”നീ എന്നെ എങ്ങനെ അറിയുന്നു?
യേശു മറുപടി പറഞ്ഞു: പീലിപ്പോസ് നിന്നെ വിളിക്കുന്നതിനുമുമ്പ്, നീ അത്തിമരത്തിന്റെ ചുവട്ടില്‍ ഇരിക്കുമ്പോള്‍ ഞാന്‍ നിന്നെക്കണ്ടു.” (യോഹന്നാന്‍ 1/48). ഈശോ തന്റെ ഹൃദയരഹസ്യം വെളിപ്പെടുത്തിയത് അവന്റെ വിശ്വാസയാത്രയില്‍ വഴിത്തിരിവായി മാറി. അത് നഥാനയേലിന്റെ മറുപടിയില്‍നിന്ന് വ്യക്തമാകും, ”റബ്ബീ, അങ്ങ് ദൈവപുത്രനാണ്; ഇസ്രായേലിന്റെ രാജാവാണ്.”
പക്ഷേ ഇതെല്ലാം തുടക്കമേ ആയുള്ളൂ. കുരിശെടുക്കാനും, സഹനങ്ങളോട് ആമ്മേന്‍ പറയാനും ഈ തുടക്കങ്ങള്‍ നമ്മെ ഒരുക്കേണ്ടതുണ്ട്. നഥാനയേലിനോട് ഈശോ പറയുന്നത് ശ്രദ്ധിക്കാം. നിന്റെ ഹൃദയ രഹസ്യം ഞാന്‍ വെളിപ്പെടുത്തിയതാണ് നിന്റെ വിശ്വാസത്തിന്റെ അടിസ്ഥാനമെങ്കില്‍, ഓര്‍ത്തോളൂ, ഇതിലും വലുത് നീ കാണും, സ്വര്‍ഗം തുറക്കപ്പെടുന്നതും ദൈവദൂതന്മാര്‍ കയറി പോകുന്നതും മനുഷ്യപുത്രന്റെ മേല്‍ ഇറങ്ങി വരുന്നതും (യോഹന്നാന്‍ 1/51).
തുടര്‍ന്ന് ബര്‍ത്തലോമിയോ എന്ന പേരില്‍ യേശുശിഷ്യനായി മാറിയ നഥാനയേലിനെയാണ് നാം കാണുന്നത്. പില്‍ക്കാലത്ത് അവന്‍ രക്തസാക്ഷിയായി മാറി. ശരീരത്തിലെ തൊലിയെല്ലാം ഉരിഞ്ഞെടുക്കപ്പെട്ട് അറുക്കപ്പെടാനായി തല നീട്ടി കൊടുത്തപ്പോള്‍ നഥാനയേല്‍ സ്വര്‍ഗവും ദൈവമഹത്വവും ദര്‍ശിച്ചിട്ടുണ്ടാവും. അതല്ലേ സന്തോഷത്തോടെ മരിക്കാന്‍ തയ്യാറായത്?? ദൈവാനുഭവങ്ങള്‍ നമ്മെയും ഒരുക്കട്ടെ, സഹനങ്ങള്‍ ഏറ്റെടുക്കാനും കുരിശ് ചുമക്കാനും അതിന്റെ പരിപൂര്‍ത്തിയില്‍ ഉത്ഥാനത്തിന്റെ മഹത്വം സ്വന്തമാക്കാനും…
ഫാ. ജോസഫ് അലക്‌സ്