വക്കീലിനുമുന്‍പേ പോയ അമ്മ – Shalom Times Shalom Times |
Welcome to Shalom Times

വക്കീലിനുമുന്‍പേ പോയ അമ്മ

ഒരിക്കല്‍ ഞാന്‍ ഒരു സുഹൃത്തിന്റെ കടയില്‍ ഇരിക്കുന്ന സമയം. ഒരു വ്യക്തി അഞ്ച് മക്കളുള്ള ഒരാളെപ്പറ്റി കമന്റ് പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ഇതുകേട്ട സുഹൃത്ത് അയാളോട് ഇങ്ങനെ പറഞ്ഞു ”നിങ്ങള്‍ ഇങ്ങനെയൊന്നും പറയരുത്, മക്കള്‍ ഇല്ലാത്തവര്‍ക്കേ അതിന്റെ വിഷമം അറിയുകയുള്ളൂ.”

കമന്റ് പറഞ്ഞ വ്യക്തി പോയിക്കഴിഞ്ഞപ്പോള്‍ അവന്‍ അവന്റെ സങ്കടമെല്ലാം എന്നോട് പറഞ്ഞു, ”13 വര്‍ഷമായി എന്റെ വിവാഹം കഴിഞ്ഞിട്ട്. ഇതുവരെ എനിക്ക് ഒരു കുഞ്ഞിനെ ലഭിച്ചിട്ടില്ല. എന്റെ സമ്പാദ്യം മുഴുവന്‍ ചികിത്സയ്ക്കായി ചെലവഴിക്കുകയാണ്. ഇനി കുട്ടികള്‍ ഉണ്ടാകാന്‍ സാധ്യതയില്ലായെന്നാണ് ഡോക്ടര്‍ പറഞ്ഞത്.” അക്രൈസ്തവനായ ആ സുഹൃത്തിനോട് ഞാന്‍ പറഞ്ഞു, നീ വിഷമിക്കേണ്ട. ‘ദൈവത്തിന് ഒന്നും അസാധ്യമല്ല.

എല്ലാവരെയും സഹായിക്കുന്ന ഒരമ്മയുണ്ടെനിക്ക്. എന്റെ ഈശോയുടെ അമ്മയോട് പറഞ്ഞാല്‍ നിന്റെ പ്രശ്‌നത്തിന് പരിഹാരമുണ്ടാകും. അമ്മ ജാതിയോ മതമോ നോക്കിയല്ല വിശ്വാസത്തോടെ അപേക്ഷിക്കുന്ന എല്ലാവരെയും സഹായിക്കും. നിനക്ക് ഒരു വര്‍ഷത്തിനുള്ളില്‍ തന്റെ തിരുക്കുമാരനില്‍നിന്ന് അമ്മ ഒരു കുഞ്ഞിനെ തന്നിരിക്കും, ഉറപ്പ്.”
അവന്‍ പറഞ്ഞു, ”ചേട്ടന്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിക്കണം. ഞാനും ഭാര്യയും കുഞ്ഞിനെയുംകൂട്ടി ഈശോയുടെ അമ്മയുടെ അടുത്തുപോയി നന്ദി പറഞ്ഞുകൊള്ളാം.” ഞാന്‍ വീട്ടിലെത്തി പ്രാര്‍ത്ഥനാമുറിയില്‍ കയറി പരിശുദ്ധ അമ്മയോട് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ”അമ്മേ, ഞാന്‍ പെട്ടെന്ന് ഒരാവേശത്തില്‍ പറഞ്ഞതാണ്. അമ്മ ഈശോയോട് പറഞ്ഞ് ആ മകന് ഒരു കുഞ്ഞിനെ കൊടുക്കണം. എന്നെ നാണംകെടുത്തരുത്.” പിന്നെ ഞാന്‍ ആ വിഷയം മറന്നു.

രണ്ടുമാസങ്ങള്‍ക്കുശേഷം ഒരു ദിവസം രാവിലെ വിശുദ്ധ കുര്‍ബാനയില്‍ സംബന്ധിച്ച് വീട്ടില്‍ വന്ന സമയം. ഭാര്യ എന്നോട് പറഞ്ഞു, ”നിങ്ങളുടെ കൂട്ടുകാരന്‍ വിളിച്ചിരുന്നു. അവനൊരു സന്തോഷവാര്‍ത്ത പറയാന്‍ വിളിച്ചതാണ്. അവന്‍ ഒരു കുഞ്ഞിന്റെ അച്ഛനാകാന്‍ പോകുന്നു!” ഞാന്‍ സന്തോഷംകൊണ്ട് ഈശോയ്ക്കും അനുഗ്രഹം വാങ്ങിത്തന്ന പരിശുദ്ധ അമ്മയ്ക്കും നന്ദി പറഞ്ഞു.

ആ സെപ്റ്റംബറില്‍ അവനൊരു മകളെ കൊടുത്ത് ദൈവം അനുഗ്രഹിച്ചു. വേദാത്മിക എന്ന കുഞ്ഞുമിടുക്കിയെയും കൂട്ടി അവനും കുടുംബവും നന്ദിസൂചകമായി വേളാങ്കണ്ണിയിലേക്ക് തീര്‍ത്ഥയാത്ര നടത്തി ദൈവത്തിന് നന്ദി പറഞ്ഞു. ”വിശ്വാസം കേള്‍വിയില്‍നിന്നും കേള്‍വി ക്രിസ്തുവിനെപ്പറ്റിയുള്ള പ്രസംഗത്തില്‍നിന്നുമാണ്” (റോമാ 10/17).
മറ്റൊരു സംഭവംകൂടി പങ്കുവയ്ക്കട്ടെ.

എനിക്ക് ജോലിയില്‍ ഒരു പ്രൊമോഷന്‍ കിട്ടാന്‍വേണ്ടി രണ്ടുവര്‍ഷമായി അപേക്ഷ കൊടുത്ത് കാത്തിരിക്കുകയായിരുന്നു. പലതവണ അപേക്ഷ കൊടുത്തിട്ടും ഒരു ഫലവും ഉണ്ടായില്ല. ഓഫീസിലെ നല്ലവരായ സഹപ്രവര്‍ത്തകരുടെ നിര്‍ബന്ധത്തിന് വഴങ്ങി നല്ലൊരു വക്കീലിനെ കാണാനും അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി കൊടുക്കാനും തീരുമാനിച്ചു. പരിശുദ്ധ അമ്മയോട് സഹായിക്കണമെന്ന് മാധ്യസ്ഥ്യം യാചിച്ചതിനുശേഷം ഇതുവരെ കൊടുത്ത പരാതികളുടെ പകര്‍പ്പുകളും മറ്റ് രേഖകളുമായി എന്റെ സുഹൃത്തായ ഒരു റിട്ടയേര്‍ഡ് തഹസില്‍ദാരെ പോയി കണ്ടു.

സര്‍വീസ് കാര്യങ്ങളിലും മറ്റു വിഷയങ്ങളിലും പ്രത്യേകിച്ച് വേദങ്ങളിലും ഉപനിഷത്തുകളിലുമൊക്കെ അഗാധമായ പാണ്ഡിത്യമുള്ളയാളാണ് അദ്ദേഹം. ‘തിരക്കാണ്, വിഷയം പഠിച്ചിട്ട് വിളിക്കാം’ എന്ന് പറഞ്ഞ് എന്നെ തിരികെ വിട്ടു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ വീണ്ടും വിളിച്ചു. അദ്ദേഹം പറഞ്ഞത് കേട്ടപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞുപോയി, ”തോമസിന് ഈശ്വരന്റെ അനുഗ്രഹമുണ്ട്. ഇന്നലെ രാത്രി മൂന്നുമണി സമയത്ത് ആരോ വിളിക്കുന്നതുപോലെ എനിക്ക് തോന്നി, പെട്ടെന്ന് നിന്റെ കാര്യം ഓര്‍മ വന്നു.

പിന്നെ ഉറങ്ങാന്‍ കഴിയുന്നില്ല. കുടുംബാംഗങ്ങളെ ശല്യപ്പെടുത്താതിരിക്കാന്‍ ഓഫീസ് മുറിയില്‍ പോയി മൊബൈല്‍ വെളിച്ചത്തില്‍ എടുത്ത് പരാതി തയാറാക്കി!” വീടിന്റെ മുകള്‍നിലയിലാണ് അദ്ദേഹത്തിന്റെ ഓഫീസ്മുറി എന്നും തുടര്‍ച്ചയായ അഞ്ചുമണിക്കൂര്‍ എടുത്താണ് അദ്ദേഹം പരാതി തയാറാക്കിയതെന്നുംകൂടി മനസിലാക്കിയപ്പോള്‍ ഞാന്‍ വളരെ അത്ഭുതപ്പെട്ടു. എനിക്കുവേണ്ടി അദ്ദേഹത്തോട് സംസാരിച്ചത് പരിശുദ്ധ അമ്മതന്നെയല്ലേ?
തയാറാക്കിയ പരാതി ആദ്യം നിയമനാധികാരിക്ക് കൊടുക്കാനായിരുന്നു അദ്ദേഹം പറഞ്ഞത്.

നിരസിക്കുകയാണെങ്കില്‍ നല്ലൊരു വക്കീലിനെ കണ്ട് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പരാതി കൊടുക്കാനും നിര്‍ദേശിച്ചു. എന്നാല്‍ ഓഫീസിലേക്ക് പോകുമ്പോള്‍ എനിക്ക് തോന്നി പരിശുദ്ധ അമ്മയോട് ഒന്ന് പറഞ്ഞിട്ട് പോകാം. അങ്ങനെ ഞാന്‍ ഇടയ്ക്ക് പോയി പ്രാര്‍ത്ഥിക്കാറുള്ള കായക്കുന്ന് ലാസലെറ്റ് ദൈവാലയത്തില്‍ പോയി. പോകുന്ന വഴിയില്‍ പരിശുദ്ധ അമ്മയുടെ ഒരു തിരുസ്വരൂപമുണ്ട്. അവിടെ നിന്ന് ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ”രണ്ടു വര്‍ഷമായി ഈ കാര്യത്തിനായി നടക്കുകയാണ്. അമ്മ തിരുക്കുമാരനോട് പറഞ്ഞ് എന്റെ ആവശ്യം നടത്തിത്തരണമേ.”

അതിനുശേഷം അപേക്ഷ അമ്മയുടെ മുമ്പില്‍ വച്ചിട്ട് പറഞ്ഞു, ”അമ്മേ, ഞാന്‍ ഇനി വക്കീലിനെയൊന്നും കാണുന്നില്ല. അടുത്ത മാസം ജപമാലമാസമാണല്ലോ. ജപമാലമാസം തീരുന്നതിനുമുമ്പ് എന്റെ പ്രശ്‌നം അമ്മ പരിഹരിക്കണമേ.” അമ്മ എന്റെ പ്രാര്‍ത്ഥന കേട്ടു. 2017 ഒക്‌ടോബര്‍മാസം 22-ന് എനിക്ക് പ്രമോഷനായി.

ഇത്ര നല്ല അമ്മയെ നമുക്ക് തന്ന നല്ല ദൈവത്തിന് എത്ര നന്ദിയര്‍പ്പിച്ചാലും തീരുമോ? ”യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്ത് നില്‍ക്കുന്നത് കണ്ട് അമ്മയോട് പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ ശിഷ്യനോട് പറഞ്ഞു: ഇതാ, നിന്റെ അമ്മ. അപ്പോള്‍മുതല്‍ ആ ശിഷ്യന്‍ അവളെ സ്വന്തം ഭവനത്തില്‍ സ്വീകരിച്ചു” (യോഹന്നാന്‍ 19/26-27).

തോമസ് പി.എം, തലപ്പുഴ