ചെറുപ്പകാലത്ത് ഞാന്‍ അല്പം വികൃതിയായിരുന്നു. വല്യമ്മച്ചിയുടെ കൂടെക്കൂടി വളരെ ചെറുപ്പത്തിലേ എല്ലാ നോയമ്പുകളും ഞാന്‍ നോക്കിയിരുന്നു. പ്രാര്‍ത്ഥനയും അതുപോലുള്ള മറ്റു നന്മപ്രവൃത്തികളും എന്റെ ജീവിതത്തില്‍ ഉണ്ടായിരുന്നെങ്കിലും മറുവശത്ത് കുരുത്തക്കേടുകളും കൈവശമുണ്ടായിരുന്നു. അതിലൊരു കുരുത്തക്കേടായിരുന്നു കുളിപ്പിക്കാന്‍ വിളിച്ചാല്‍ പേകാതിരിക്കുക. ദേഹത്ത് ഒരു കപ്പ് വെള്ളം ഒഴിക്കുമ്പോഴേക്കും പിടി വിടുവിച്ച് ഓടുക.
അക്കാലത്തെ എന്റെ കുളി കിണറ്റിന്‍കരയിലെ ‘ഓപ്പണ്‍ എയറി’ല്‍വച്ചായിരുന്നു. ആധുനിക സൗകര്യങ്ങള്‍ പലതും ഇല്ലാത്ത ഒരു കാലം. നല്ല ആഴമുള്ള കിണറ്റില്‍നിന്നും കപ്പിയും കയറും തൊട്ടിയുംകൊണ്ട് വെള്ളം വലിച്ചുകോരി വേണം കുളിക്കാന്‍. എന്റെ അമ്മച്ചിയാണ് ആ നാളുകളില്‍ വൈകുന്നേരങ്ങളില്‍ എന്നെ കുളിപ്പിച്ചിരുന്നത്. സ്‌കൂള്‍ അധ്യാപികയായിരുന്ന അമ്മച്ചി ആ നാളുകളില്‍ വളരെ തിരക്കുള്ള വ്യക്തിയായിരുന്നു. അമ്മച്ചിയുടെ സൂര്യന്‍ രാവിലെ നാലരയ്ക്ക് ഉദിക്കും.
തറവാട്ടിലായിരുന്നു അന്ന് താമസം. വീട്ടിലേക്കുള്ള ഭക്ഷണസാധനങ്ങളെല്ലാം പാകം ചെയ്ത് പ്രഭാതഭക്ഷണം കഴിച്ചു, കഴിച്ചില്ല എന്നുവരുത്തി രണ്ടു കിലോമീറ്റര്‍ ദൂരെയുള്ള സ്‌കൂളിലേക്ക് കാല്‍നടയായി കുന്നും മലയും റബര്‍തോട്ടങ്ങളും താണ്ടി ഒരോട്ടമാണ്. കൂട്ടത്തില്‍ ഞാനും കാണും. തിരിച്ചുവന്നാല്‍ ശ്വാസം വിടാതെ പണികള്‍ തീര്‍ത്താലേ പന്ത്രണ്ടുമണിയാകുമ്പോഴേക്കും ഒന്നു തലചായ്ക്കാന്‍ പറ്റൂ…. അതിനിടയിലാണ് എന്റെ മുന്‍പറഞ്ഞ രീതിയിലുള്ള കുരുത്തക്കേടുകള്‍!
ഒരു ദിവസം അമ്മച്ചി അലച്ചിലിന്റെ ആധിക്യംമൂലം അല്പം മോശം മൂഡിലായിരുന്നു. ഞാനാകട്ടെ കുളിപ്പിക്കാന്‍ പലവട്ടം വിളിച്ചിട്ട് ചെന്നതുമില്ല. അമ്മച്ചിക്ക് ദേഷ്യം വന്നു. കളിച്ചുകൊണ്ടിരുന്ന എന്നെ വടികാട്ടി പേടിപ്പിച്ച് കിണറ്റിന്‍കരയില്‍ എത്തിച്ചു. അത് എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല. ഒരു കപ്പ് വെള്ളം തലയില്‍ ഒഴിച്ചപ്പോഴേക്കും ഞാന്‍ അമ്മച്ചിയുടെ പിടി വിടുവിച്ച് ഓടി. കലി കയറിയ അമ്മച്ചി പുറകെയും. ഒരു പറമ്പുകടന്ന് അടുത്ത പറമ്പിലേക്ക് ഓടി. അമ്മച്ചി പിന്നാലെയും. മൂന്നാമത്തെ പറമ്പിന്റെ അടുത്തെത്തിയപ്പോഴേക്കും അതാ അവിടെയൊരു കടമ്പ! ആ കടമ്പ കടക്കാനുള്ള സമയദൈര്‍ഘ്യത്തില്‍ ഞാന്‍ അമ്മച്ചിയുടെ പിടിയില്‍പെട്ടു.
തൊട്ടടുത്തുകണ്ട ഒരു കാട്ടുചെടി വേരോടെ പിഴുതെടുത്ത് അതുകൊണ്ട് അമ്മച്ചിയുടെ കലി തീരുവോളം തല്ലി. തടുക്കുവാന്‍ ആരുമുണ്ടായില്ല. കണ്ടുനിന്നവരെല്ലാം അമ്മച്ചിയുടെ പക്ഷത്തായിരുന്നു. അടിക്കുന്നതിനിടയ്ക്ക് പലവട്ടം അമ്മച്ചി ചോദിച്ചു. ‘ഇനി നീ കുളിപ്പിക്കാന്‍ വിളിക്കുമ്പോള്‍ ഓടുമോ?’ അപ്പോഴെല്ലാം ധിക്കാരിയായ എന്റെ ഉത്തരം ‘ഞാന്‍ ഇനീം ഓടും’ എന്നായിരുന്നു. അതുകൊണ്ടാണ് ഞാന്‍ കൂടുതല്‍ അടി കൊള്ളേണ്ടിവന്നത്. അവസാനം അടിയുടെ വേദന സഹിക്കാതായപ്പോള്‍ ഞാന്‍ പറഞ്ഞു, ”ഇനി ഞാന്‍ ഒരിക്കലും ഓടില്ല.” അതോടെ അടിയും നിന്നു.
അന്നുരാത്രി ഞാന്‍ അമ്മച്ചിയോട് വാശി പിടിച്ച് അത്താഴമുണ്ണാതെ കയറിക്കിടന്നു. ഞാന്‍ ഉണ്ണാത്തതിലുള്ള സങ്കടംമൂലം അമ്മച്ചിയും അത്താഴമുണ്ടില്ല. ഞാന്‍ പയ്യെ മയങ്ങിക്കാണും.
കാല്‍വണ്ണയില്‍ വെള്ളത്തുള്ളികള്‍ വീഴുന്നതറിഞ്ഞ് ഞാന്‍ ഞെട്ടിയുണര്‍ന്നു. നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെയും സങ്കടപ്പെടുത്തുന്നതായിരുന്നു. ഒരു കൈയില്‍ മണ്ണെണ്ണ വിളക്കും മറുകൈയില്‍ മുറിവെണ്ണയുമായി അമ്മച്ചി! എന്റെ കാല്‍വണ്ണയിലെ അടികൊണ്ടു മുറിഞ്ഞ പാടുകളെ നോക്കി അമ്മച്ചി കരയുകയായിരുന്നു. അടികൊണ്ടു പൊട്ടിയ എന്റെ കാലുകളില്‍ അമ്മച്ചി മുറിവെണ്ണ തേച്ചു തടവി. എന്നിട്ട് എന്നോട് പറഞ്ഞു. ”എന്റെ പൊന്നുമോള് എന്തിനാ വെറുതെ തല്ലുകൊണ്ടത്? അമ്മച്ചിക്കെന്തുമാത്രം പണിയാ. അതിനിടയില്‍ ഇങ്ങനെ കുരുത്തക്കേടു കളിച്ചാല്‍ അമ്മച്ചി അടിക്കുകയല്ലാതെ എന്തുചെയ്യും? ഇനിയെന്റെ കൊച്ച് ഇങ്ങനെ ചെയ്യരുത് കേട്ടോ.” ഞാന്‍ മൂളി. ഇനി ചെയ്യില്ല. ആ മൂളല്‍ അമ്മച്ചിയുടെ കണ്ണുനീരു കണ്ടിട്ടുള്ള മൂളലായിരുന്നു. പിന്നീടൊരിക്കലും കുളിപ്പിക്കാന്‍ വിളിക്കുമ്പോള്‍ ഞാന്‍ ഓടിയിട്ടില്ല. അടികൊണ്ട ഞാന്‍ എന്റെ തെറ്റ് തിരുത്തി.
നമ്മുടെ ദൈവവും ഇങ്ങനെതന്നെയാണ്. നമ്മുടെ കുരുത്തക്കേടുകള്‍ക്ക് ചിലപ്പോഴെങ്കിലും നമ്മെ കഠിനമായി ശിക്ഷിക്കുമ്പോഴും നമുക്ക് നല്കുന്ന ശിക്ഷയെപ്രതി ഉള്ളില്‍ കരയുന്നവനാണ് നമ്മുടെ ദൈവം. നമ്മള്‍ അത്താഴമുണ്ണാതിരുന്നാല്‍, വേദനിക്കുന്ന രാത്രിയുടെ യാമങ്ങളില്‍ കണ്ണുനീരോടെ മുറിവെണ്ണ പുരട്ടി നമ്മുടെ മുറിവുകളില്‍ തടവി ആശ്വസിപ്പിക്കുന്ന, സ്‌നേഹവാനാണ് നമ്മുടെ ദൈവം. അവിടന്നിപ്രകാരം പറയുന്നത് കേള്‍ക്കൂ, ”എഫ്രായിം എന്റെ വത്സല പുത്രനല്ലേ. എന്റെ പൊന്നോമനക്കുട്ടന്‍. അവന് വിരോധമായി പെരുമാറുമ്പോഴെല്ലാം അവന്റെ സ്മരണ എന്നിലുദിക്കുന്നു. എന്റെ ഹൃദയം അവനുവേണ്ടി തുടിക്കുന്നു. എനിക്കു അവനോട് നീസിമമായ കരുണ തോന്നുന്നു” (ജറെമിയ 31/20).
അടികളെയും വടികളെയും തിരിച്ചറിഞ്ഞാല്‍…
നിവൃത്തികേടിന്റെ പേരില്‍മാത്രം നമ്മെ തല്ലിയിട്ട് നമ്മുടെ വേദന കണ്ട് കരയുന്ന ഒരു ദൈവത്തെ കണ്ടെത്തുവാന്‍ കഴിഞ്ഞാല്‍ പിന്നീടൊരിക്കലും അവിടുത്തെ കരയിക്കാന്‍ നമുക്കാവില്ല. മക്കളായ നമ്മുടെ തെറ്റിനെക്കുറിച്ചോര്‍ത്തും അതിലൂടെ നമുക്ക് വരാന്‍ പോകുന്ന നാശത്തെക്കുറിച്ചോര്‍ത്തും രഹസ്യത്തില്‍ കരയുന്ന ഒരു ദൈവമാണ് നമുക്കുള്ളത്. ഇതാ തിരുവചനങ്ങള്‍ അതു വ്യക്തമാക്കുന്നു. ”നിങ്ങള്‍ അനുസരിക്കുന്നില്ലെങ്കില്‍ നിങ്ങളുടെ അഹങ്കാരത്തെച്ചൊല്ലി രഹസ്യത്തില്‍ എന്റെ ആത്മാവ് കരയും. കര്‍ത്താവിന്റെ അജഗണത്തെ അടിമത്തത്തിലേക്ക് കൊണ്ടുപോകയാല്‍ ഞാന്‍ ഉള്ളുരുകി കരയും. കണ്ണുനീര്‍ ധാരധാരയായി ഒഴുകും” (ജറെമിയ 13/17). പ്രിയജനമായ നമ്മെ ഓര്‍ത്തു കരയുന്ന അവിടുത്തെ കണ്ണുനീര്‍ തുടക്കാന്‍ ഈ നോമ്പുകാലത്തെങ്കിലും നമുക്ക് കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആശിച്ചുപോവുകയാണ്.
ഈ വടി കര്‍ത്താവ് നിയോഗിച്ചതോ?
ഈശോ തന്റെ ശിഷ്യഗണത്തോടു പറഞ്ഞു: ”ലോകത്തില്‍ നിങ്ങള്‍ക്കു ഞെരുക്കമുണ്ടാകും. എങ്കിലും ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു (യോഹന്നാന്‍ 16/33). ക്രിസ്തുവിനെ പിഞ്ചെല്ലുന്ന ഒരു ക്രിസ്ത്യാനിക്ക് ലോകത്തില്‍നിന്നും അനേക വിധത്തിലുള്ള ഞെരുക്കങ്ങള്‍ ഉണ്ടാകുമെന്നത് ഒരു നഗ്നസത്യമാണ്. എന്നാല്‍ സഭാമക്കളായ നാം ഇന്നു കടന്നുപോകുന്ന എല്ലാ ഞെരുക്കങ്ങളും ക്രിസ്തുവിനെ പിഞ്ചെന്നതിന്റെ ഫലമായിട്ടുണ്ടായിട്ടുള്ളതാണോ എന്ന് തിരിച്ചറിയേണ്ടത് ഈ കാലഘട്ടത്തില്‍ ആവശ്യമാണ്.
ഇന്നു നാം ഏറ്റുവാങ്ങുന്ന പല അടികളും കര്‍ത്താവ് നമുക്കെതിരെ നിയോഗിച്ച ശിക്ഷയുടെയും ശിക്ഷണത്തിന്റെയും വടികളല്ലേ നമുക്ക് നല്കുന്നത് എന്ന് നാം ചികഞ്ഞു പരിശോധിക്കണം. അതിനാല്‍ അടികളേറ്റു വാങ്ങുന്നുവെന്ന് വിലപിക്കുന്ന സഭാമക്കള്‍ ഇന്നു തിരിച്ചറിയണം, അടിക്കുന്നവര്‍ ആരുതന്നെയുമാകട്ടെ ഈ ഏറ്റുവാങ്ങുന്ന അടി കര്‍ത്താവിന്റെ കൈയില്‍നിന്നുള്ളതാണോയെന്ന്! കര്‍ത്താവാണ് നമ്മെ അടിക്കുന്നതെങ്കില്‍ ആര്‍ക്കും അത് തടുക്കുവാനുമാവുകയില്ല.
ജനതകള്‍ക്കു വിറ്റ ദൈവം
തന്നിഷ്ടം പ്രവര്‍ത്തിച്ച് തങ്ങളെ നയിക്കുന്ന കര്‍ത്താവിന്റെ നാമത്തെ അശുദ്ധമാക്കി ചാപ്പവഴികളിലൂടെ കൂടെക്കൂടെ നടന്ന തന്റെ സ്വന്തജനമായ ഇസ്രായേലിനെ, ചുറ്റുപാടുമുള്ള ജനതകളുടെ കൈയില്‍ വടികൊടുത്ത് അവരെ കൊണ്ടടിപ്പിച്ച് തിരുത്തുന്ന കരുണാമയനായ ഒരു ദൈവത്തെ പഴയനിയമ ഗ്രന്ഥങ്ങളില്‍ പലയിടങ്ങളിലും നമുക്ക് കാണാന്‍ കഴിയും. തെറ്റു തിരുത്തിക്കഴിയുമ്പോള്‍ കണ്ണുനീരോടെ അവരെ ആശ്വസിപ്പിക്കുകയും വീണ്ടും സ്വീകരിച്ച് തന്റെ മാര്‍ഗത്തിലൂടെ നയിക്കുകയും ചെയ്യുന്ന കാരുണ്യവാനായ ഒരു കര്‍ത്താവാണ് നമുക്കുള്ളത്.
ഒരു ചെറിയ ഉദാഹരണം
”ഇസ്രായേലിന്റെ സ്മാരകമേ, എന്റെ ജനമേ ധൈര്യമായിരിക്കുക. നിങ്ങളെ ജനതകള്‍ക്കു വിറ്റത് നശിപ്പിക്കാനായിരുന്നില്ല. ദൈവത്തെ കോപിപ്പിച്ചതിനാലാണ്, നിങ്ങളെ ശത്രുകരങ്ങളില്‍ ഏല്പിച്ചത്. ദൈവത്തിനുപകരം പിശാചുക്കള്‍ക്ക് ബലിയര്‍പ്പിച്ചുകൊണ്ട് നിങ്ങളുടെ സ്രഷ്ടാവിനെ നിങ്ങള്‍ പ്രകോപിപ്പിച്ചു. നിങ്ങളെ പരിപാലിച്ച നിത്യനായ ദൈവത്തെ നിങ്ങള്‍ വിസ്മരിച്ചു. നിങ്ങളെ പോറ്റിയ ജറുസലേമിനെ നിങ്ങള്‍ വേദനയിലാഴ്ത്തി” (ബാറൂക്ക് 4/5-8).
സഭാമക്കളായ നമ്മളെ കാര്‍ന്നു തിന്നാന്‍ തക്കവണ്ണം നമ്മെ ആക്രമിക്കുന്ന സോഷ്യല്‍ മീഡിയായെയും വര്‍ഗീയ വാദികളെയുമെല്ലാം നാമിന്നു കാണുന്നു. പലരുടെയും അടികള്‍ നാമിന്ന് ആവോളം കൊള്ളുന്നുമുണ്ട്. തിരിച്ചടിക്കാന്‍ സന്നാഹങ്ങളൊരുക്കി അതിനൊരുമ്പെടുന്നതിനുമുമ്പ് ഒന്നു തിരിച്ചറിയണമേ – തന്റെ പ്രിയജനമായ ഇസ്രായേലിനെ ജനതകള്‍ക്ക് ഏല്പിച്ചുകൊടുത്ത് അവരെ ശിക്ഷയും ശിക്ഷണവും നല്കി തിരികെ കൊണ്ടുവരാന്‍ ജനതകളുടെ കൈയില്‍ തന്റെ വടി കൊടുത്തടിച്ച ഇസ്രായേലിന്റെ പരിശുദ്ധനായ ദൈവംതന്നെയാണോ തന്റെ പ്രിയജനമായ സഭാമക്കളെയും വടി കൊടുത്തടിപ്പിക്കുന്നത് എന്ന്.
ആണെങ്കില്‍ നമ്മളെത്ര ശ്രമിച്ചാലും തിരിച്ചടിച്ചു രക്ഷപെടാന്‍ നമുക്കാവില്ല. കാരണം അടിക്കുന്നവനും അടിപ്പിക്കുന്നവനും കര്‍ത്താവാണെങ്കില്‍ ആ അടിയെ തടുക്കാന്‍ ആര്‍ക്കു കഴിയും? ഒറ്റവഴിയേ നമ്മുടെ മുമ്പിലുള്ളൂ. നമ്മുടെ മാര്‍ഗങ്ങളെയും പ്രവൃത്തികളെയും തിരുത്തിക്കൊണ്ട് (ജറെമിയ 7/3) പശ്ചാത്താപ വിവശമായ ഹൃദയത്തോടെ അവിടുത്തെ സന്നിധിയിലേക്കു തിരികെ വരിക. അപ്പോള്‍ അവിടുന്നുതന്നെ നമ്മെ രക്ഷയുടെ തുറമുഖത്തേക്ക് നയിച്ചുകൊള്ളും.
സഖറിയാ പ്രവാചകനിലൂടെ
അനേക വര്‍ഷങ്ങളായി ഞങ്ങള്‍ ചെയ്തതുപോലെ അഞ്ചാം മാസത്തില്‍ വിലാപവും ഉപവാസവും ആചരിക്കണമോ എന്ന് ആരാഞ്ഞ ബഥേല്‍ നിവാസികള്‍ക്ക് കര്‍ത്താവ് സഖറിയാ പ്രവാചകനിലൂടെ കനത്ത ഒരു മറുപടിയാണ് നല്കുന്നത്. നമുക്കും അത് ആത്മശോധനയ്ക്കും തിരുത്തലിനും കാരണമാകട്ടെ. ”നിങ്ങള്‍ കഴിഞ്ഞ എഴുപതു വര്‍ഷമായി അഞ്ചാം മാസത്തിലും ഏഴാം മാസത്തിലും വിലാപവും ഉപവാസവും ആചരിച്ചത് എനിക്കുവേണ്ടി ആയിരുന്നുവോ? നിങ്ങള്‍ തിന്നുകയും കുടിക്കുകയും ചെയ്യുന്നത് നിങ്ങള്‍ക്കുവേണ്ടിത്തന്നെ അല്ലേ….
സത്യസന്ധമായി വിധിക്കുക. സഹോദരര്‍ പരസ്പരം കരുണയും അലിവും കാണിക്കുക. വിധവയെയും അനാഥനെയും പരദേശിയെയും ദരിദ്രനെയും പീഡിപ്പിക്കരുത്. നിങ്ങളില്‍ ആരും തന്റെ സഹോദരനെതിരെ തിന്മ നിരൂപിക്കരുത്. എന്നാല്‍ അവര്‍ കൂട്ടാക്കിയില്ല. കേള്‍ക്കാതിരിക്കാന്‍ ദുഃശാഠ്യത്തോടെ ചെവി അടച്ചുകളഞ്ഞു. സൈന്യങ്ങളുടെ കര്‍ത്താവ് തന്റെ ആത്മാവിനാല്‍ തന്റെ മുന്‍കാല പ്രവാചകന്മാരിലൂടെ അരുളിച്ചെയ്ത നിയമവും വചനങ്ങളും കേള്‍ക്കാതിരിക്കാന്‍ അവര്‍ ഹൃദയം കഠിനമാക്കി. അതുകൊണ്ട് സൈന്യങ്ങളുടെ കര്‍ത്താവിന്റെ ക്രോധം അവരുടെമേല്‍ പതിച്ചു. സൈന്യങ്ങളുടെ കര്‍ത്താവരുള്‍ച്ചെയ്യുന്നു. ഞാന്‍ വിളിച്ചപ്പോള്‍ അവര്‍ കേട്ടില്ല. അതുപോലെ അവര്‍ വിളിക്കുമ്പോള്‍ ഞാനും കേള്‍ക്കുകയില്ല. ഞാന്‍ ചുഴലിക്കാറ്റയച്ച് അവരെ അപരിചിതരായ ജനങ്ങളുടെ ഇടയില്‍ ചിതറിച്ചു” (സഖറിയ 7/5-14).
അതിനാല്‍ ഈ വലിയ നോമ്പിന്റെ കാലഘട്ടങ്ങളില്‍ നാമവിടുത്തെ ഹിതം ആരായുകയും അതിനനുസൃതമായി നമ്മുടെ മാര്‍ഗങ്ങളെയും പ്രവൃത്തികളെയും തിരുത്തുകയും ചെയ്യാം. കുരുത്തക്കേടിന് ശിക്ഷയായി എന്റെ അമ്മച്ചി എനിക്കുതന്ന അടികളെ ക്രിസ്തുവിനെ പിഞ്ചെന്നതിന്റെ ഭാഗമായ ഞെരുക്കങ്ങളായി ഞാന്‍ ഭ്രമിച്ചുവശായാല്‍ എന്റെ ജീവിതം ഒരിക്കലും തിരുത്തപ്പെടുകയില്ലായിരുന്നു. അതുപോലെ നമ്മുടെ ദോഷംകൊണ്ട് ഏറ്റുവാങ്ങേണ്ടി വരുന്ന കാരുണ്യവാനായ കര്‍ത്താവിന്റെ കണ്ണീര്‍വാര്‍ത്തുകൊണ്ടുള്ള അടികളെ ഈ നോമ്പുകാലത്തെങ്കിലും തിരിച്ചറിയുകയും പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നമ്മെത്തന്നെ തിരുത്തുകയും ചെയ്യാം.
സ്റ്റെല്ല ബെന്നി