ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തോട് ദേഷ്യപ്പെട്ടപ്പോള്‍…

ഓട്ടോക്കാരന്‍ 200 രൂപമാത്രമേ ചോദിക്കാവൂ… 210 രൂപ ചോദിക്കല്ലേ… എന്ന പ്രാര്‍ത്ഥനയോടെയാണ് ഞാന്‍ ഓട്ടോയില്‍ ഇരിക്കുന്നത്. എന്നാല്‍ ഇറങ്ങാന്‍നേരം ബാഗെടുത്ത് പുറത്തിറങ്ങിയ എന്നോട് അദ്ദേഹം ചോദിച്ചത് 240 രൂപ! പതിവിലും കൂടുതല്‍ തുകയാണത്. ‘ഞാന്‍ സ്ഥിരമായി യാത്ര ചെയ്യുന്ന ആളാണ്. 210 വരെയാണ് കൂടുതല്‍ കൊടുത്തിട്ടുള്ളത്’ എന്നൊക്കെ പറഞ്ഞുവെങ്കിലും അദ്ദേഹം 240 വേണം എന്ന നിലപാടില്‍ ഉറച്ചുനിന്നു. കുറച്ചുനേരത്തെ വാഗ്വാദങ്ങള്‍ക്കൊടുവില്‍ ഞാന്‍ 240 കൊടുക്കാന്‍ നിര്‍ബന്ധിതനായി. എനിക്ക് വല്ലാതെ ദേഷ്യം വന്നു.

ജോലിയുടെ ആവശ്യങ്ങള്‍ക്കായി മാസത്തില്‍ മൂന്നോ നാലോ ദീര്‍ഘദൂരയാത്രകള്‍ നടത്തേണ്ടതുണ്ടായിരുന്നു. പുറപ്പെട്ട് രണ്ടുദിവസത്തിനുശേഷം വെളുപ്പിന് വീട്ടിലെത്തുന്ന രീതിയിലായിരിക്കും യാത്രകള്‍. വീട്ടില്‍നിന്നും പത്തുകിലോമീറ്റര്‍ ദൂരമുള്ള അടുത്ത പട്ടണംവരെ ബസുകള്‍ക്ക് രാത്രിയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. പക്ഷേ വെളുപ്പിന് രണ്ടുമണി, മൂന്നുമണി നേരത്തൊക്കെ പട്ടണത്തില്‍ എത്തുന്ന എനിക്ക് വീട്ടിലേക്ക് ബസ് കിട്ടണമെങ്കില്‍ രാവിലെ എട്ടുമണിവരെ നോക്കിനില്‍ക്കേണ്ടിവരുമായിരുന്നു.

രണ്ടു ദിവസത്തെ യാത്രാക്ഷീണം കാരണം ഏകദേശം അഞ്ച് മണിക്കൂര്‍വരെയൊക്കെ ബസിന് നോക്കിനില്‍ക്കുന്നത് ഒഴിവാക്കാനായി ഓട്ടോ വിളിച്ച് വീട്ടില്‍ പോവുക പതിവായി. അന്ന് ഓട്ടോചാര്‍ജ് സാധാരണയായി 200 രൂപ അല്ലെങ്കില്‍ 210 രൂപയാണ് വാങ്ങിക്കൊണ്ടിരുന്നത്. പക്ഷേ എന്നെ സംബന്ധിച്ച് അത് വലിയ തുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അന്ന് 240 രൂപ കൊടുക്കേണ്ടിവന്നത്. അതിനാല്‍ത്തന്നെ അന്ന് ഓട്ടോക്കാരന്‍ പോയപ്പോള്‍ എന്റെ ദേഷ്യം മുഴുവന്‍ ദൈവത്തോടായി.

”ദൈവമേ, ഞാന്‍ നിന്റെ മകനല്ലേ? ഈ വെളുപ്പാന്‍കാലത്ത് ഓട്ടോക്കാരനുമായി വഴക്കുണ്ടാക്കേണ്ടിവന്നതിന്റെ യുക്തി എന്താണ്? എന്റെ ഇല്ലായ്മയില്‍നിന്നുമാണ് അയാള്‍ ആ പണം മേടിച്ചുകൊണ്ടുപോയത്. ഇനി ഒരിക്കലും പട്ടണത്തില്‍നിന്നും ഓട്ടോ വിളിച്ച് വീട്ടില്‍ വരേണ്ട സന്ദര്‍ഭം എനിക്ക് ഉണ്ടാക്കരുത്….” ദേഷ്യത്തോടെ ഞാന്‍ വീട്ടിലേക്ക് കയറി.

മൂന്നുദിവസം സാധാരണപോലെ കഴിഞ്ഞു. നാലാം ദിവസം കേട്ടത് ഒരു സന്തോഷവാര്‍ത്തയാണ്. വീടിന്റെ അടുത്തുനിന്നും പുതിയൊരു കെ.എസ്.ആര്‍.ടി.സി ബസ് യാത്ര ആരംഭിക്കുന്നു! വെളുപ്പിന് 5.30-ന് ആരംഭിച്ച് രാത്രി 11 മണിക്ക് തിരിച്ചെത്തുന്നു. കുറച്ചു ദിവസങ്ങള്‍ക്കുശേഷം മറ്റൊരു വാര്‍ത്ത, വേറൊരു കെ.എസ്.ആര്‍.ടി.സി ബസ് വീടിന്റെ അടുത്തുകൂടി കടന്നുപോകുന്നു. വൈകുന്നേരം യാത്രയാരംഭിച്ച് വെളുപ്പിന് 5.30-നാണ് തിരിച്ചെത്തുന്നത്.
പെട്ടെന്ന് കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങള്‍ മനസില്‍ ഓടിയെത്തി.

സന്തോഷംകൊണ്ട് കരയണോ ചിരിക്കണോ? ഒന്നും മനസിലാക്കാന്‍ പറ്റാതായിപ്പോയ സമയം. കാരണം എനിക്ക് പോകേണ്ട സമയത്തും വരേണ്ട സമയത്തും എപ്പോഴും ബസ്. അതിനുശേഷം വര്‍ഷങ്ങള്‍ക്കിപ്പുറം ഓട്ടോ വിളിച്ച് വീട്ടില്‍ പോകേണ്ട അവസരം ഉണ്ടായിട്ടില്ല. ഈ സംഭവം ദൈവം നമ്മെ എത്രത്തോളം സ്‌നേഹിക്കുന്നുവെന്ന ബോധ്യത്തിലേക്ക് എന്നെ നയിച്ചു. നാം വിളിക്കുംമുമ്പേ ഉത്തരം നല്കുന്ന, അത്രമേല്‍ സ്‌നേഹിക്കുന്ന, ദൈവമാണ് അവിടുന്ന്. ”വിളിക്കുംമുമ്പേ ഞാന്‍ ഉത്തരമരുളും, പ്രാര്‍ത്ഥിച്ചുതീരുംമുമ്പേ ഞാന്‍ അത് കേള്‍ക്കും” (ഏശയ്യാ 65/24).

സുബിന്‍ ജോഷ്