ഡ്യൂട്ടിയില്‍ നല്ല തിരക്കുള്ള ദിവസം. ഒരു തുള്ളി വെള്ളം കുടിച്ചിട്ടില്ല. ഒടുവില്‍ കുറച്ച് വെള്ളം കുടിക്കാന്‍ വേണ്ടി കോഫി റൂമില്‍ കയറിയതാണ്. കൂടെ ജോലി ചെയ്യുന്ന ഒരു ജൂനിയര്‍ നേഴ്‌സ് അവളുടെ ബ്രേക്ക് ടൈമില്‍ അവിടെ ഉണ്ടായിരുന്നു. ‘ചേച്ചി ഒന്നും കഴിക്കുന്നില്ലേ’ എന്ന് നിഷ്‌കളങ്കമായി അവള്‍ ചോദിച്ചു. ‘ഇന്ന് നല്ല തിരക്കല്ലേ വീട്ടില്‍ ചെന്നിട്ടു കഴിച്ചോളാം’ എന്ന് ഞാന്‍ മറുപടി പറഞ്ഞു. പക്ഷേ അവളുടെ മുഖത്തേക്ക് നോക്കുമ്പോള്‍ എന്തോ എന്നോട് പറയാന്‍ ഉള്ളതുപോലെ….
‘നിനക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടോ?’
ചെറിയൊരു പുഞ്ചിരിയോടെ അവള്‍ പറഞ്ഞു, ”കുറച്ചുദിവസം ആയി ചേച്ചിയെ തനിച്ചൊന്നു കാണാന്‍ ആഗ്രഹിക്കുന്നു. ചേച്ചിയോട് എനിക്ക് ഒരു വിഷമം പറയാന്‍ ഉണ്ട്. എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചാല്‍ മതി. എന്റെ വിവാഹം കഴിഞ്ഞിട്ട് മൂന്ന് വര്‍ഷമായി. ഇതിനിടയില്‍ ഒരു കുഞ്ഞ് അബോര്‍ഷന്‍ ആയി പോയി. പിന്നീട് കുഞ്ഞുങ്ങള്‍ ഉണ്ടാകുന്നില്ല. വീട്ടുകാരോടും ബന്ധുക്കളോടും മറുപടി പറഞ്ഞു മടുത്തു…” അവളുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.
‘പ്രാര്‍ത്ഥിക്കാം, ദൈവത്തിന് അസാധ്യമായി ഒന്നും ഇല്ല’ എന്ന ആശ്വാസവാക്കുകള്‍ നല്‍കി ഞാന്‍ നടന്നു നീങ്ങി. അടുത്ത ദിവസം ഒരു ജപമാലയും ദൈവകരുണയുടെ ഛായാചിത്രവും അവളുടെ അടുത്തേക്ക് കൊണ്ടുചെന്നു.
എന്റെ കയ്യിലിരിക്കുന്ന വിശുദ്ധ വസ്തുക്കളെ ക്കുറിച്ച് ഒരു അറിവും ഇല്ലാത്ത ഹൈന്ദവവിശ്വാസിനിയായ ആ മകള്‍ കൈ കഴുകി ഒരു ടിഷ്യു പേപ്പര്‍ എടുത്ത് അതിലേക്കു ജപമാല കരങ്ങള്‍ നീട്ടി വാങ്ങി. ആ കാഴ്ച എന്റെ കണ്ണുകളെ ഈറനണിയിച്ചു. ഒരു കത്തോലിക്കാ സഭാവിശ്വാസിനിയും ജപമാലഭക്തയുമെന്ന് സ്വയം കരുതുന്ന ഞാന്‍ ഒന്നുമല്ലെന്ന തിരിച്ചറിവിലൂടെ നടന്ന നിമിഷങ്ങള്‍.
ദൈവകരുണയുടെ ഛായാചിത്രം അവളുടെ കൈകളില്‍ ഏല്പിച്ചിട്ട് ഇങ്ങനെ പറഞ്ഞു, ”നീ വിശ്വസിക്കുന്നുണ്ടെങ്കില്‍ ഈശോയുടെ ഈ ചിത്രം ബെഡ്‌റൂമിലെ ചുവരില്‍ വയ്ക്കുക. ജപമാല നിങ്ങളുടെ ബെഡില്‍ തലയിണക്കു കീഴെ വച്ചുകൊള്ളുക. ഒരു കുഞ്ഞിന് വേണ്ടി ആഗ്രഹിക്കുമ്പോള്‍ നിങ്ങളുടെ ബെഡ്ഡില്‍ ഇരുന്ന് കരങ്ങള്‍ കോര്‍ത്ത് ഈശോയോട് പ്രാര്‍ത്ഥിക്കുക. ഈശോയേ, ഒരു കുഞ്ഞിനെ നല്‍കി ഞങ്ങളോട് കരുണ കാണിക്കണമേ.”’
അവളുടെ മുഖത്ത് പ്രത്യാശ നിറഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവള്‍ക്കുവേണ്ടി ദൈവകരുണയുടെ ജപമാല ചൊല്ലി ഞാനും പ്രാര്‍ത്ഥിച്ചു.
ഏകദേശം രണ്ടുമാസം കഴിഞ്ഞപ്പോള്‍ ഒരു ദിവസം അവള്‍ ഡ്യൂട്ടിക്കിടയില്‍ ഓടി എന്റെ അടുത്ത് വന്നു. എന്നെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു, ”ചേച്ചീ, ഞാന്‍ ഗര്‍ഭിണിയാണ്. അന്ന് പറഞ്ഞതുപോലെ ഞങ്ങള്‍ കരങ്ങള്‍ കോര്‍ത്തുപിടിച്ചു ഒരു കുഞ്ഞിനെ നല്‍കാന്‍ കരുണയുണ്ടാകണമേ എന്ന് കണ്ണുനീരോടെ ഈശോയോട് പ്രാര്‍ത്ഥിച്ചു.”
”ഭൂമിയില്‍ നിങ്ങളില്‍ രണ്ടു പേര്‍ യോജിച്ചു ചോദിക്കുന്ന ഏതു കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും. എന്തെന്നാല്‍, രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ ഒരുമിച്ചു കൂടുന്നിടത്ത് അവരുടെ മധ്യേ ഞാന്‍ ഉണ്ടായിരിക്കും” (മത്തായി 18/19-20).
സമയത്തിന്റെ തികവില്‍ പൂര്‍ണ്ണ ആരോഗ്യവാനായ ഒരു ആണ്‍കുഞ്ഞിനെ അവള്‍ പ്രസവിച്ചു. രണ്ട് വര്‍ഷം തികയുമ്പോഴേക്കും ഒരു പെണ്‍കുഞ്ഞിനെയും ഈശോ അവര്‍ക്ക് നല്‍കി.
”മനുഷ്യന്റെ ആഗ്രഹമോ പ്രയത്‌നമോ അല്ല, ദൈവത്തിന്റെ ദയയാണ് എല്ലാറ്റിന്റെയും അടിസ്ഥാനം”
(റോമാ 9/16).
ആന്‍ മരിയ ക്രിസ്റ്റീന