‘എന്ത് സുന്ദരമായിരുന്നു ആ നാളുകള്‍! അത് തിരികെ ലഭിച്ചിരുന്നെങ്കില്‍…’ അലസാന്ദ്രാ സ്വപ്നം കണ്ടു. ഏതാണ്ട് ഏഴ് വയസായപ്പോള്‍മുതല്‍ താന്‍ ജീവിച്ചിരുന്ന മോണ്ടിസെല്ലി കന്യാമഠത്തിലെ നാളുകളായിരുന്നു അവളുടെ മനസില്‍. പീറ്റര്‍ ഡെ റിസ്സി – കാതറിന്‍ ബോണ്‍സാ ദമ്പതികളുടെ മകളായി 1522-ല്‍ ജനിച്ച അവള്‍ക്ക് കുഞ്ഞിലേതന്നെ അമ്മയെ നഷ്ടപ്പെട്ടു. അങ്ങനെയാണ് ഫ്‌ളോറന്‍സ് നഗരകവാടത്തിനടുത്തുള്ള മഠത്തില്‍ കന്യാസ്ത്രീയായിരുന്ന അമ്മായി ലൂയിസാക്കൊപ്പം അവള്‍ വളര്‍ന്നത്. എന്നാല്‍ അല്പം മുതിര്‍ന്നപ്പോള്‍ പിതാവ് അവളെ വീട്ടിലേക്ക് കൊണ്ടുവന്നു. സുഖലോലുപതയുള്ള ഒരു ജീവിതം നയിക്കാനുള്ള എല്ലാ സാഹചര്യവുമുണ്ടായിരുന്നു വീട്ടില്‍. എന്നാല്‍ അലസാന്ദ്രാ പ്രാര്‍ത്ഥനയിലൂന്നിയ ലളിതജീവിതം തുടര്‍ന്നു. യേശുവിന്റെ പീഡാസഹനത്തോടുള്ള ഭക്തി അവളുടെ പ്രത്യേകതയായിരുന്നു.
നഗരത്തിരക്കുകളില്‍നിന്നെല്ലാം അകന്ന് ശാന്തമായ ആ ജീവിതം തിരികെക്കിട്ടാന്‍ അവള്‍ കൊതിച്ചു. മനസില്‍ ഒരു സന്യാസിനിയാകാനുള്ള ആഗ്രഹം വര്‍ധിച്ചുവന്നു. എന്നാല്‍ പിതാവ് അതിന് അനുകൂലമായിരുന്നില്ല. എങ്കിലും ഏറെ പ്രാര്‍ത്ഥിച്ചും പരിശ്രമിച്ചും, പതിനാലാം വയസില്‍ അവള്‍ പിതാവില്‍നിന്ന് സന്യാസജീവിതം സ്വീകരിക്കാനുള്ള അനുവാദം നേടിയെടുത്തു. അങ്ങനെ 1535-ല്‍ ടസ്‌കനിയിലെ പ്രാറ്റിലുള്ള ഡൊമിനിക്കന്‍ മഠത്തില്‍ ചേര്‍ന്ന് കാതറിന്‍ എന്ന പേര് സ്വീകരിച്ചു.
സന്യാസിനിയായതിനുശേഷം അവള്‍ തന്റെ മണവാളനായ യേശുവിന്റെ പീഡകളില്‍ ആഴമായ രീതിയില്‍ പങ്കുചേര്‍ക്കപ്പെട്ടു. രണ്ടുവര്‍ഷത്തോളം മാരകമായ രോഗംമൂലം വേദനയനുഭവിച്ചു. ചികിത്സകള്‍ വേദന ലഘൂകരിക്കുന്നതിനുപകരം വര്‍ധിപ്പിക്കുകയാണ് ചെയ്തത്. എന്നാല്‍ കാതറിന്‍ അവയെല്ലാം സന്തോഷപൂര്‍വം സഹിച്ച് യേശുവിനോടുള്ള സ്‌നേഹത്തില്‍ ആനന്ദിച്ചു. എന്നാല്‍ അതിനുശേഷം അത്ഭുതകരമായി അവള്‍ രോഗമുക്തയായി. അതിനെക്കാളുപരി, ആ രോഗത്തിനുശേഷം കഠിനമായ സന്യാസജീവിതത്തില്‍ അധികം തീക്ഷ്ണതയോടെ മുന്നേറാനും പരിശുദ്ധാത്മാവില്‍ നയിക്കപ്പെടാനും അവള്‍ കൂടുതല്‍ പ്രാപ്തയായി. ആഴ്ചയില്‍ മൂന്നും നാലും ദിവസങ്ങള്‍ അപ്പവും വെള്ളവുംമാത്രമായിരുന്നു ഭക്ഷണം. ചിലപ്പോള്‍ ഒന്നും കഴിക്കുകയുമില്ല. കര്‍ശനമായ അച്ചടക്കപാലനം, കൂര്‍ത്ത ചങ്ങല ധരിക്കല്‍ തുടങ്ങിയവയും അവള്‍ ചെയ്തിരുന്ന പരിഹാരപ്രവൃത്തികളായിരുന്നു.
അനുസരണവും എളിമയും ദയയും അവള്‍ക്ക് അലങ്കാരമായി. സ്വയം പുകഴ്ത്തുന്ന വാക്കുകള്‍ ആരും അവളില്‍നിന്ന് കേള്‍ക്കാറില്ല. അതേസമയം സ്വയംസ്‌നേഹത്തിന്റെയും അധമവികാരങ്ങളുടെയുംമേല്‍ വിജയം വരിക്കാന്‍ തീക്ഷ്ണമായ പ്രാര്‍ത്ഥന വേണമെന്ന ബോധ്യത്തില്‍ കാതറിന്‍ വളര്‍ന്നു. ക്രിസ്തുവിനെപ്രതി സഹനങ്ങളെയും ദാരിദ്ര്യത്തെയും അവള്‍ സ്‌നേഹിച്ചു. പ്രലോഭനങ്ങള്‍ക്കെതിരെ ശക്തമായി പിടിച്ചുനിന്നു.
ഈ സവിശേഷതകളെല്ലാം നിമിത്തം അവള്‍ സന്യാസാര്‍ത്ഥിനികളുടെ പരിശീലകയായി തിരഞ്ഞെടുക്കപ്പെട്ടു. മുപ്പത് വയസായപ്പോഴേക്കും മഠാധിപയുമായി. കാതറിന്റെ വിശുദ്ധജീവിതത്തെക്കുറിച്ചുള്ള കീര്‍ത്തി വ്യാപിച്ചതോടെ കര്‍ദിനാള്‍മാര്‍, മെത്രാന്‍മാര്‍, രാജകുമാരന്‍മാര്‍ മുതലായവര്‍പോലും ഉപദേശങ്ങള്‍ക്കായി അവളെ സമീപിച്ചു.
ഇതിനെല്ലാം മധ്യേ കാതറിന്‍ വിശുദ്ധ ഫിലിപ് നേരിയെ വളരെയധികം ആദരിക്കുകയും അദ്ദേഹത്തില്‍നിന്ന് ആത്മീയസഹായങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവര്‍ക്കും നേരില്‍ കാണാനുള്ള അവസരം ഉണ്ടായിരുന്നില്ല. പകരം അവര്‍ കത്തുകളിലൂടെ പരസ്പരം സംസാരിച്ചു. അതിനിടെയാണ് വിശുദ്ധ ഫിലിപ് നേരി റോമില്‍ തടവിലായത്. ആ സമയത്ത് ദര്‍ശനത്തിലൂടെ പരസ്പരം സംസാരിക്കാനുള്ള അനുഗ്രഹം ദൈവം അവര്‍ക്ക് നല്കി. താന്‍ ഭാഗമായ അത്ഭുതങ്ങളെക്കുറിച്ച് സംസാരിക്കാന്‍ പൊതുവേ വിമുഖനായിരുന്ന വിശുദ്ധ ഫിലിപ് നേരിതന്നെ ഇക്കാര്യം സമ്മതിച്ചിട്ടുണ്ട്.
കാതറിന് ദര്‍ശനങ്ങള്‍ ലഭിച്ചിരുന്നുവെന്നാണ് വിശ്വസനീയമായ രേഖകള്‍ സാക്ഷിക്കുന്നത്. ദിവ്യാനുഭൂതിയിലായിരിക്കുമ്പോള്‍ കച്ചകളാല്‍ പൊതിഞ്ഞ ഉണ്ണിയേശുവിനെ അവള്‍ കരങ്ങളിലെടുത്തിരുന്നു. മിസ്റ്റിക്കല്‍ വിവാഹത്തിലൂടെ ദൈവൈക്യമെന്ന പരമസായൂജ്യവും നേടി.
സന്യാസിനിയായ കാതറിന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനമായ ഒരു സവിശേഷതയായിരുന്നു പീഡാനുഭവ ധ്യാനം. എല്ലാ വ്യാഴാഴ്ചയും ഉച്ചമുതല്‍ വെള്ളിയാഴ്ച മൂന്നുമണിവരെ അതിനായി പ്രത്യേകം നീക്കിവച്ചിരുന്നു. ആ സമയത്ത് പീഡകളേറ്റാലെന്നവണ്ണം അവള്‍ രക്തം വാര്‍ത്തു. തന്റെ മണവാളനെ അത്രമാത്രം സ്‌നേഹിച്ചാണ് കാതറിന്‍ വിശുദ്ധിയില്‍ വളര്‍ന്നത്. പില്‍ക്കാലത്ത് ദീര്‍ഘനാള്‍ കാതറിന്‍ രോഗശയ്യയിലായി. പക്ഷേ മണവാളനോടുചേര്‍ന്നുള്ള ആ സഹനം അവളെ വിശുദ്ധിയില്‍ ഉയര്‍ത്തുകയാണ് ചെയ്തത്. ഒടുവില്‍ 67-ാം വയസില്‍ കാതറിന്‍ ദെ റിസ്സി തന്റെ ദിവ്യനാഥനോട് നിത്യതയില്‍ ഒന്നുചേര്‍ന്നു. 1589 ഫെബ്രുവരി രണ്ടിനായിരുന്നു ആ പുണ്യസമാഗമം. പിന്നീട് 1746-ല്‍ ബനഡിക്റ്റ് പതിനാലാമന്‍ പാപ്പ കാതറിന്‍ ദെ റിസ്സിയെ വിശുദ്ധയായി പ്രഖ്യാപിച്ചു.