തെറ്റിയ വഴിയുടെ റൂട്ട് മാപ്പ് എന്തിന്? – Shalom Times Shalom Times |
Welcome to Shalom Times

തെറ്റിയ വഴിയുടെ റൂട്ട് മാപ്പ് എന്തിന്?

”അച്ചാ, എനിക്ക് ഇങ്ങനെയൊരു വീഴ്ച സംഭവിച്ചു”, അല്ലെങ്കില്‍ ”ഇങ്ങനെയൊരു തെറ്റ് സംഭവിച്ചു” എന്ന് ഏറ്റ് പറയുമ്പോള്‍ ഞാന്‍ ഒരു ഉപദേശം പലര്‍ക്കും കൊടുക്കാറുണ്ട്.സംഭവിച്ചുപോയ തെറ്റിന്റെ റൂട്ട് മാപ്പ് എടുക്കണമെന്ന് പറയും, ഉറവിടം മനസിലാക്കണമല്ലോ.

ചിലപ്പോള്‍ ഫോണിലൂടെയോ ചാറ്റിലൂടെയോ അല്ലെങ്കില്‍ നേരിട്ടോ ഒരു പ്രത്യേക വ്യക്തിയോട് സംസാരിച്ചതാവാം. അല്ലെങ്കില്‍ ഒരു ന്യൂസ് ഫീഡ് തിരഞ്ഞപ്പോള്‍ കണ്ട ന്യൂസ് ആവാം. മദ്യം അകത്ത് ചെന്നപ്പോഴാവാം. ചിലപ്പോള്‍ യാത്രയ്ക്കിടെ കണ്ണ് നിയന്ത്രിക്കാഞ്ഞതാവാം. വെറെ ചിലപ്പോള്‍ ഒരു പ്രത്യേക സിനിമ കണ്ടതാവാം. ഇതൊന്നുമല്ലാതെ തിരക്ക് കൂടി പ്രാര്‍ത്ഥനാജീവിതം കുളമായതാകാം. ഏതില്‍നിന്നാണ് നാം പാപസാഹചര്യത്തിലേക്ക് നയിക്കപ്പെട്ടതും പാപത്തില്‍ വീണതും എന്ന് കൃത്യമായി മനസിലാക്കണം.

വിശുദ്ധ പൗലോസിന്റെ ഭാഷയില്‍ പറഞ്ഞാല്‍, നമ്മുടെ എല്ലാവരുടെയും ഉള്ളിലുള്ള, പാപത്തിന്റെ നിയമം ഉണരാന്‍ കാരണമാകുന്നതിനെ നാം തിരിച്ചറിയേണ്ടതുണ്ട്. എങ്കില്‍മാത്രമേ പാപത്തില്‍ വീഴാതെ സൂക്ഷിക്കാനാവൂ. തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നു, ”വീഴുംമുമ്പ് വിനീതനാവുക; പാപം ചെയ്ത് പോകുംമുമ്പ് പിന്തിരിയുക” (പ്രഭാഷകന്‍ 18/21).
കൂദാശാജീവിതവും പ്രാര്‍ത്ഥനാജീവിതവും എന്നിലെ ജാഗ്രത കൂട്ടാന്‍ കാരണമാകട്ടെ.

ഫാ. ജോസഫ് അലക്‌സ്