മാര്‍ച്ച് 19, 2020. രാവിലെ ജോലി കഴിഞ്ഞ് ആശുപത്രിയില്‍നിന്ന് റൂമിലേക്ക് വരികയാണ്. പതിവില്ലാത്തവിധം ശരീരം മുഴുവന്‍ തളര്‍ച്ച. ഒരടിപോലും നടക്കാന്‍ പറ്റാത്ത വിധം കാലുകളില്‍ വേദന. എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പതിനഞ്ചു മിനിറ്റില്‍ എത്തേണ്ട ദൂരം ഏകദേശം ഒരു മണിക്കൂര്‍ കൊണ്ടാണ് നടന്നെത്തിയത്. എങ്ങനെയോ കുളിച്ചു. മുറിയില്‍ കയറി. ഒന്നും കഴിച്ചില്ല. നേരെ കട്ടിലിലേക്ക്… തളര്‍ന്നുറങ്ങി. രാത്രി പന്ത്രണ്ടു മണി സമയം. പെട്ടെന്ന് ഉറക്കം ഉണര്‍ന്നു. ദേഹം പൊള്ളുന്നപോലെ. ഇതിപ്പോള്‍ പെട്ടെന്ന് പനി ഉണ്ടാവാന്‍ എന്താ കാരണം?
ചിലപ്പോള്‍ കാലാവസ്ഥാ വ്യതിയാനം ആയിരിക്കും എന്ന് ചിന്തിച്ചു. പക്ഷേ മുന്‍പൊന്നും പനി വന്നപ്പോള്‍ ഇത്രയും അസ്വസ്ഥത ഉണ്ടായിട്ടില്ല. എന്തായാലും ഹോസ്പിറ്റലില്‍ വിളിച്ചു. ഉടനെ അങ്ങോട്ട് വരികയാണെന്ന് പറഞ്ഞു… ആശുപത്രിയില്‍ പോയി ഇന്‍ജക്ഷന്‍ എടുത്തു തിരിച്ചു പോന്നു. കൃത്യം നാല് മണിക്കൂര്‍ ആവുമ്പോള്‍ പിന്നെയും കടുത്ത പനി. ദേഹം മുഴുവന്‍ മൊട്ടുസൂചി കുത്തിയിറക്കും പോലെ… ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ല. ഉറങ്ങാന്‍ കഴിയുന്നില്ല. കിടന്നുകൊണ്ട് ഈശോയോട് ചോദിച്ചു, ”ഈശോയേ, ഇത് ഏതെങ്കിലും പുതിയ വേര്‍ഷന്‍ ആണോ?” മറുപടി വന്നില്ല മൗനം മാത്രം…
വൈകാതെ കൊറോണ ടെസ്റ്റ് നടത്തി. സിംഹക്കുഴിയില്‍ കിടക്കുന്ന ദാനിയേലിന് ഭക്ഷണം കൊടുക്കാന്‍ ഹബക്കുക്ക് പ്രവാചകനെ അയച്ചതുപോലെ എന്റെ ചങ്ക് നസ്രായന്‍ ഒരു ആത്മീയ സുഹൃത്തിനെ എനിക്കുവേണ്ടി ഒരുക്കി. ഭക്ഷണം വീടിനു പുറത്തു കൊണ്ടുവന്നു വയ്ക്കുമായിരുന്നു. ദിവസങ്ങള്‍ കടന്നു പോയി. കൊറോണ ടെസ്റ്റ് റിസല്‍റ്റ് കാത്തിരിക്കുകയാണ് .
മാര്‍ച്ച് ഇരുപത്തിമൂന്ന്. രാത്രി പന്ത്രണ്ടരയായപ്പോഴേക്കും തുടര്‍ച്ചയായ ഛര്‍ദില്‍നിമിത്തം പൂര്‍ണ്ണമായും തളര്‍ന്നു നിലത്തു കിടന്നു. എഴുന്നേല്‍ക്കാന്‍ പോലും പറ്റാത്ത അവസ്ഥ… അല്പം മുന്‍പ് എന്റെ ഒരു ആത്മീയ സഹോദരി മൊബൈലില്‍ ഒരു സന്ദേശം അയച്ചിരുന്നു. ”ആന്‍, ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ത്ഥിച്ചു ഒരുപാട്… ഈശോ ഒരു പിങ്ക് നിറത്തിലുള്ള റോസാപ്പൂക്കളുടെ ബൊക്കെ നിനക്ക് നേരെ നീട്ടുന്നതായി ദര്‍ശനം കണ്ടു. പക്ഷെ എന്താണെന്നറിയില്ല, ഈശോയുടെ മുഖത്ത് വിഷമമാണ്.”
അവശനിലയില്‍ കിടക്കുമ്പോള്‍ ഈശോയുടെ മുഖത്തേക്ക് നോക്കി ഞാന്‍ പറഞ്ഞു, ”ഈശോ, നീ വിഷമിക്കണ്ട. ബൊക്കെ ഞാന്‍ സ്വീകരിച്ചിരിക്കുന്നു.” പത്ത് മിനിറ്റ് കഴിയുമ്പോള്‍ മൊബൈല്‍ ഫോണ്‍ റിങ് ചെയ്യുന്നു, ആശുപത്രിയില്‍നിന്നാണ്. റിസള്‍ട്ട് വന്നു. എനിക്ക് കൊറോണ പോസിറ്റീവ് ആണ്.
അതെ, ഈശോ നീട്ടിയ ബൊക്കെ… ഈശോയുടെ സ്‌നേഹചുംബനം… തളര്‍ന്നു കിടന്ന എനിക്ക് എവിടെനിന്നോ അല്പം ശക്തി ലഭിച്ചു. നിലത്തുനിന്ന് എഴുന്നേറ്റു. ഈശോയുടെ തിരുഹൃദയ രൂപത്തിലെ കവിളില്‍ സ്‌നേഹത്തിന്റെ ചക്കര ഉമ്മ. ഈശോയേ എനിക്ക് തന്ന റോസാപുഷ്പങ്ങള്‍ക്ക് എന്റെ സ്‌നേഹ സമ്മാനം.
ഇനി ക്വാറന്റൈന്‍ സെന്ററിലേക്ക് പോവാനുള്ള ഒരുക്കം. തിരിച്ചു വരുമോ എന്ന് അറിയാത്തൊരു യാത്ര. മുറിയിലെ സാധനങ്ങളെല്ലാം ഒതുക്കി. കൊണ്ടുപോകാന്‍ കൂടുതല്‍ ഒന്നും ഇല്ല. ബൈബിള്‍, ജപമാല, കുരിശുരൂപം, കുഞ്ഞുമാതാവിന്റെയും കരുണ യുടെ ഈശോയുടെയും ചെറിയ രൂപം, വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ്, എന്റെ പ്രിയകൂട്ടുകാരി വിശുദ്ധ ഫൗസ്റ്റീനയുടെ ഫോട്ടോ. ബാഗിലോ പോക്കറ്റിലോ ആയി ഇവരാണ് എപ്പോഴും കൂടെ ഉള്ളത്, വര്‍ഷങ്ങളായി.
ആദ്യ ദിവസം കടന്നു പോയി. പിറ്റേന്ന് എഴുന്നേല്‍ക്കുമ്പോള്‍ ഇതുവരെ ഇല്ലാത്ത ഒരു ലക്ഷണം, തൊണ്ടവേദന. ആദ്യം നിസ്സാരമായി കരുതിയെങ്കിലും ഓരോ ദിവസം കഴിയുമ്പോഴും ഒരല്പം വെള്ളം കുടിക്കാനോ ഉമിനീര്‍ ഇറക്കാനോ കഴിയാത്ത വിധം വേദന എന്നെ വലച്ചു. ഒരു നിമിഷം പോലും ഉറങ്ങിയില്ല, രാവും പകലും. കൈവിരലുകള്‍ ജപമാലമണികളിലൂടെ എത്ര സഞ്ചരിച്ചു എന്ന് എനിക്കറിയില്ല. ഈശോയോട് ഒരു പ്രോമിസ്. എന്തൊക്കെ സംഭവിച്ചാലും കൊവിഡ് മാറാനോ സഹനങ്ങള്‍ മാറാനോ നിന്നോട് ആവശ്യപ്പെടില്ല.
നീ തന്ന ബൊക്കെ ഞാന്‍ വൈദികര്‍ക്കും സന്യസ്തര്‍ക്കും വേണ്ടി കാഴ്ചവയ്ക്കും. ദിവസം മുഴുവന്‍ ജപമാല ചൊല്ലുകയോ കരുണകൊന്ത ചൊല്ലുകയോ കുരിശിന്റെ വഴി പ്രാര്‍ത്ഥിക്കുകയോ ചെയ്തുകൊണ്ടിരുന്നു. പ്രാര്‍ത്ഥനക്ക് ഒപ്പം ശാരീരിക സഹനങ്ങള്‍ കൂടിക്കൊണ്ടിരുന്നു. എനിക്ക് തന്ന ബൊക്കെയിലേക്ക് ഈശോ ഓരോ ദിവസവും റോസാപുഷ്പങ്ങള്‍ നിറച്ചുകൊണ്ടിരുന്നെന്നു തോന്നി. ബ്ലഡ് പ്രഷര്‍ താണുപോയി. ഡ്രിപ് ഇടാന്‍ വീണ്ടും ആശുപത്രിയിലേക്ക്… അടുത്ത ദിവസം ക്വാറന്റൈന്‍ സെന്ററിലേക്ക്….
ഏറെപ്പേര്‍ ഞാന്‍ പറയാതെ തന്നെ എനിക്കുവേണ്ടി കരം വിരിച്ചു. അല്പംപോലും സംസാരിക്കാന്‍ പറ്റുമായിരുന്നില്ല. പല വൈദികരും ഫോണിലൂടെ പ്രാര്‍ത്ഥനകളും ആശീര്‍വാദവും നല്‍കി. ഒരു വൈദികന്‍ എന്നും ദിവ്യകാരുണ്യം എഴുന്നള്ളിച്ചുവച്ച് അരമണിക്കൂര്‍ എനിക്ക് ഓണ്‍ലൈന്‍വഴി ആരാധിക്കാന്‍ അവസരം തന്നിരുന്നു, ഫോണിലൂടെ…
പലരും എന്റെ ഏകസ്ഥ ജീവിതത്തെക്കുറിച്ച് എന്നോട് പരിതപിച്ചിട്ടുണ്ട്. പക്ഷേ കൊവിഡ് ദിനങ്ങളില്‍ ഈശോ എന്നെ മനസ്സിലാക്കിച്ച സത്യം എനിക്ക് ചുറ്റും അനേകായിരങ്ങളെ നിര്‍ത്തിയിട്ടുണ്ടെന്നാണ്. എന്റെ ഈശോയ്ക്ക് എങ്ങനെയാണ് നന്ദി പറയുക!
വിശുദ്ധ വാരത്തിന്റെ ആരംഭം. ഓശാന ഞായര്‍, ഏപ്രില്‍ 5. ഇത്രയും ദിവസം അനുഭവിച്ചതൊന്നും ഒന്നും അല്ലാതായിരിക്കുന്നു. ഇതില്‍ക്കൂടുതല്‍ വേദന ശരീരം താങ്ങില്ലെന്നുറപ്പായി. ഈശോയോട് പ്രോമിസ് പറഞ്ഞത് തെറ്റിക്കേണ്ടി വരും എന്ന് തോന്നിപോയി. വിശുദ്ധ ഫൗസ്റ്റീന തനിക്കു സഹനങ്ങള്‍ കഠിനമായപ്പോള്‍ ഈശോയോടു കാഠിന്യം അല്പം കുറയ്ക്കാന്‍ ആവശ്യപ്പെട്ടതും ഈശോ അത് അനുവദിച്ചതും ഓര്‍മയില്‍വന്നു. പ്രോമിസ് തെറ്റിക്കണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ ആശ്വാസം. രാവിലെ കോവിഡ് ടെസ്റ്റ് നടത്താന്‍ ഡോക്ടര്‍ വന്നു. ശക്തമായ തൊണ്ട വേദന ഉള്ളതുകൊണ്ട് റിസല്‍റ്റ് പോസിറ്റീവ് തന്നെ ആയിരിക്കും എന്ന് അദ്ദേഹം പറഞ്ഞു. പതിനേഴു ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു…
ആ ദിവസങ്ങളില്‍ കുരുക്കഴിക്കുന്ന മാതാവിന്റെ നൊവേന ഒന്‍പതുദിവസം ചൊല്ലി സമര്‍പ്പിച്ചിരുന്നു. ഞാന്‍ കിടക്കുന്ന മുറിയുടെ നാല് വശങ്ങളിലേക്കും തിരിഞ്ഞു നിന്ന് കരങ്ങള്‍ ഉയര്‍ത്തി അവിടെയെല്ലാം കിടക്കുന്ന രോഗികള്‍ക്ക് വേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഓശാന ഞായറാഴ്ച നൊവേനയുടെ ഒന്‍പതാം ദിവസം പൂര്‍ത്തിയാവുന്നു. രാത്രിയോടെ വേദന അതിന്റെ പാരമ്യത്തില്‍ എത്തി.
കുരിശിന്റെ വഴി പ്രാര്‍ത്ഥന നിര്‍ത്താതെ മൊബൈല്‍ ഫോണില്‍ ഉയര്‍ന്നുകൊണ്ടിരുന്നു. വേദന സഹിക്കാന്‍ കഴിയാതെ തറയില്‍ കിടന്നു ഞാന്‍ ‘ഈശോയേ’ എന്ന് നിലവിളിച്ചു. വേദനയുടെ തീവ്രതകൊണ്ട് മാത്രം ഞാന്‍ മരിച്ചുപോകും എന്ന് തോന്നിയ നിമിഷം. വിശുദ്ധ ഫൗസ്റ്റീനയുടെ ഫോട്ടോ നെഞ്ചോടു ചേര്‍ത്ത് ഈശോയോടു ഞാന്‍ പറഞ്ഞു, ”ഫൗസ്റ്റീനക്ക് കുറച്ചു കൊടുത്തപോലെ എനിക്കും അല്പം കുറച്ചു തരാമോ? എനിക്ക് പറ്റാഞ്ഞിട്ടാ ഈശോയേ…”
അല്പം നിമിഷങ്ങള്‍ക്കുള്ളില്‍ ശരീരം വല്ലാതെ തളരുന്നപോലെ. തൊണ്ടയില്‍ എന്തോ ഭാരം അനുഭവപ്പെടുന്നപോലെ. ഒരു വലിയ മനുഷ്യന്‍ അടുത്ത് വന്നു നില്‍ക്കുന്ന പോലെ…. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാവുന്നില്ല… ഓശാന ഞായര്‍ ഇത്രയും കഠിനമാണെങ്കില്‍ ദുഃഖവെള്ളി ഞാന്‍ താങ്ങില്ലെന്നു മനസ്സില്‍ ഓര്‍ത്തു.”ഈശോയേ ഈ സഹനത്തിലൂടെ ഏതൊക്കെ ആത്മാക്കളെ നേടാന്‍ നീ ആഗ്രഹിച്ചോ അവരെയൊക്കെ രക്ഷിക്കണമേ, ഇന്നുതന്നെ. ഇനി സഹിക്കാന്‍ ഒരുപക്ഷെ എനിക്ക് കഴിയും എന്ന് തോന്നുന്നില്ല,” ഈശോയോട് ഇത്രയും പറഞ്ഞ് കരുണയുടെ ജപമാല ചൊല്ലി.
വേദനക്ക് അല്പം ആശ്വാസം കിട്ടിയെന്ന് തോന്നി. ചെവിയില്‍ മൃദുവായ ഒരു സ്വരം, ഒരു വൈദികന്റെ പേരാണ്. അദ്ദേഹത്തെ വിളിക്കാന്‍ ഈശോ ആവശ്യപ്പെടുന്നപോലെ. നേരം വെളുക്കാന്‍ ഇനിയും മണിക്കൂറുകള്‍ ഉണ്ട്. രണ്ടും കല്പിച്ച് ആ വൈദികന് ഒരു ഫോണ്‍ സന്ദേശം അയച്ചു. അദ്ദേഹം ഫ്രീയാവുന്ന സമയം പറയാന്‍ ആവശ്യപ്പെട്ടു. നേരം വെളുത്തപ്പോള്‍ അച്ചന്‍ സന്ദേശം അയച്ചു.
ഞാന്‍ അദ്ദേഹത്തെ വിളിച്ചു. രാത്രിയില്‍ ഉണ്ടായ കാര്യങ്ങള്‍ വളരെ ചെറിയ ശബ്ദത്തില്‍ പറഞ്ഞു. കാരണം എനിക്ക് അപ്പോഴും സംസാരിക്കാന്‍ കഴിയുന്നില്ലായിരുന്നു. ഫോണിലൂടെ അച്ചന്‍ അല്പസമയം പ്രാര്‍ത്ഥിച്ചു, ആശീര്‍വാദം നല്‍കി. ഇനി ക്ലൈമാക്‌സിലേക്ക്…. ഏകദേശം പത്തു മിനിറ്റ് കഴിഞ്ഞു കാണും. തൊണ്ടയില്‍നിന്നും എന്തോ ദ്രവംപോലെ ഒഴുകി വായിലേക്ക് വരുന്നു. ബാത്‌റൂമില്‍ കയറി തുപ്പിയപ്പോള്‍ പഴുപ്പാണ്. മുറിയിലേക്ക് തിരിച്ചു കയറാന്‍ പറ്റാതെ ബാത്‌റൂമിലെ വാഷ്‌ബേസിനു മുന്നില്‍ കസേരയിട്ട് ഇരുന്നു.
ഇടയ്ക്ക് ലാന്‍ഡ്‌ഫോണ്‍ ശബ്ദിക്കുന്നു. ഓശാന ഞായറാഴ്ച എടുത്ത കൊറോണ ടെസ്റ്റ് പോസിറ്റീവ് ആണെന്ന് സന്ദേശം. വീണ്ടും വാഷ്‌ബേസിനരികിലേക്ക്… രാവിലെ ഏഴുമണിക്ക് തുടങ്ങിയതാണ്, ഏകദേശം മൂന്നു മണി ആവാറായി. വിശ്വസിക്കാന്‍ പ്രയാസം തോന്നും കേള്‍ക്കുമ്പോള്‍… അപ്പോഴാണ് ഇത്രയും പഴുപ്പ് തൊണ്ടയില്‍ ഉണ്ടായിരുന്നു എന്ന് ഞാന്‍ അറിഞ്ഞത്. കൃത്യം മൂന്നു മണി. കോളിങ് ബെല്‍ മുഴങ്ങുന്നു. ഒരുവിധത്തില്‍ വാതില്‍ തുറന്നു. ഡോക്ടറാണ്, അടുത്ത കൊവിഡ് ടെസ്റ്റ് എടുക്കാന്‍ വന്നിരിക്കുകയാണ്.
”കുറച്ചു മുന്‍പ് അല്ലേ തലേന്നെടുത്ത ടെസ്റ്റ് റിസല്‍റ്റ് പോസിറ്റീവ് ആണെന്ന് പറഞ്ഞത്. പിന്നെ ഇപ്പോള്‍ എന്തിനാണ് മറ്റൊരു ടെസ്റ്റ്?” ഞാന്‍ അല്പം അസ്വസ്ഥതയോടെ അദ്ദേഹത്തോട് ചോദിച്ചു. അദ്ദേഹം പറഞ്ഞ മറുപടി എന്നെ ഞെട്ടിച്ചു, ”ഇന്നലത്തെ ടെസ്റ്റ് നെഗറ്റീവ് ആണെന്നാണ് ഞാന്‍ കണ്ടത്. അതുകൊണ്ട് വന്നതാ. എന്തായാലും വന്നതല്ലേ, ടെസ്റ്റ് എടുത്തേക്കാം.”
തിരക്കിനിടയില്‍ അദ്ദേഹം റിസല്‍റ്റ് തെറ്റി കണ്ടതായിരിക്കണം. എന്തായാലും ടെസ്റ്റ് എടുത്തു. തൊണ്ടയിലെ പഴുപ്പ് ഒരുവിധം പുറത്തുപോയി കഴിഞ്ഞിട്ടുണ്ടായിരുന്നു അപ്പോഴേക്കും. ബെഡ്ഡില്‍ വന്നിരുന്നു. ശരീരം അല്പം ശക്തിയാര്‍ജ്ജിച്ച പോലെ… എത്ര ആലോചിച്ചിട്ടും ഡോക്ടര്‍ എങ്ങനെ റിസല്‍റ്റ് നെഗറ്റീവ് ആയി കണ്ടു എന്ന് മനസ്സിലാവുന്നില്ല. ഒന്നുകൂടി വിളിച്ച് ഉറപ്പുവരുത്തി, പോസിറ്റീവ് തന്നെയാണ്. ഇതിനു പിറകില്‍ വേറെ ആരുമല്ല, അമ്മ തന്നെ. ഈശോ കുരിശില്‍ കിടന്നുകൊണ്ട് എനിക്ക് തന്ന അമ്മ. മാസങ്ങള്‍ക്കു മുന്‍പാണ് മുപ്പത്തി മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന വിമലഹൃദയ പ്രതിഷ്ഠ ചെയ്യാന്‍ സാധിച്ചത്. ഒരു ആത്മീയ സഹോദരന്‍ ഇപ്രകാരം പറഞ്ഞു, ”മോളേ, പരിശുദ്ധ അമ്മയുടെ ഹൃദയത്തില്‍ നീ ഉണ്ട്. നിനക്ക് ഒന്നും സംഭവിക്കില്ല.”
വേദന കുറഞ്ഞതോടെ ആശ്വാസമായി. സഹനത്തിന്റെ പാരമ്യത്തില്‍ അമ്മ ഇറങ്ങിത്തിരിച്ച് ഈശോയോട് പറഞ്ഞു കാണും, ”മോനേ മതി. നമ്മുടെ മോള്‍ ഒരുപാട് തളര്‍ന്നിരിക്കുന്നു.” അന്ന് രാത്രി അല്‍പനേരം കിടന്നു, ശാന്തമായി. ഉറങ്ങിയില്ല… നേരം വെളുത്തു, ഏപ്രില്‍ 7. ഏകദേശം പത്തു മണി. ലാന്‍ഡ് ഫോണ്‍ മുഴങ്ങുന്നു. ഡോക്ടറാണ്- ”ആന്‍, എ ഗുഡ് ന്യൂസ് ഫോര്‍ യു. ഇന്നലെ എടുത്ത സ്വാബ് റിസല്‍റ്റ് നെഗറ്റീവ് ആണ്. ഞാന്‍ അല്പസമയം കഴിഞ്ഞ് വീണ്ടും വരും.
ഒരു സ്വാബ് കൂടി എടുക്കാന്‍. അത് നെഗറ്റീവ് ആണെങ്കില്‍ നാളെ ഡിസ്ചാര്‍ജ് ചെയ്യാം. നിന്റെ കാര്യത്തില്‍ എന്തോ ഒരു അത്ഭുതം നടന്നിരിക്കുന്നു!” അതെ, ഈശോയും അമ്മയും എന്നും അത്ഭുതങ്ങളുടെ കലവറയാണ്. ദൈവകൃപയാല്‍ രണ്ടാമത്തെ സ്വാബ് റിസല്‍റ്റ് അടുത്ത ദിവസം നെഗറ്റീവ് ആയി. ഈശോയുടെ മുന്നില്‍ കണ്ണീരോടെ ഇരുന്നു. പരിശുദ്ധ അമ്മയ്ക്ക് സ്‌നേഹചുംബനങ്ങള്‍. ഈശോയെ നോക്കി ഒരു ഡയലോഗ് കാച്ചി, ”ഇതാ എന്റെ അമ്മ!” ഈശോ ചെറുപുഞ്ചിരിയോടെ എന്തോ ആലോചിക്കുകയാണ്…
ജീവിതത്തില്‍ ഏറ്റവും വലിയ ഭാഗ്യം എന്താണെന്ന് ചോദിച്ചാല്‍ ഞാന്‍ പറയും ഒരു കത്തോലിക്കാ വിശ്വാസിയായി പരിശുദ്ധ അമ്മയുടെ സ്‌നേഹം അനുഭവിക്കാന്‍ സാധിച്ചതാണെന്ന്. എന്തൊക്കെ പ്രശ്‌നങ്ങള്‍ ജീവിതത്തില്‍ ഉണ്ടായാലും പ്രതീക്ഷകള്‍ അറ്റുപോയാലും ആരൊക്കെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചാലും പരിശുദ്ധ അമ്മയെ ഒരിക്കലും ഉപേക്ഷിക്കരുതേ. വിശ്വസിക്കുക, അമ്മയ്ക്ക് ഈശോയിലൂടെ പരിഹരിക്കാന്‍ കഴിയാത്ത ഒരു പ്രശ്‌നവും നമ്മുടെ ജീവിതത്തില്‍ ഇല്ല.
രക്തക്കണ്ണീരൊഴുക്കി
പ്രാര്‍ത്ഥിക്കുന്നൊരമ്മയെ
നിന്ദിച്ചീടല്ലേ നീ ഒരുനാളും
യേശുവിന്റെ മുന്‍പില്‍
നിനക്കായെന്നും
പ്രാര്‍ത്ഥിക്കുന്നൊരമ്മയെ നിന്ദിച്ചീടല്ലേ
എന്ത് പറഞ്ഞാലും എത്ര പറഞ്ഞാലും
സ്‌നേഹിക്കാന്‍മാത്രമേ അമ്മക്കറിയൂ….
ആന്‍ മരിയ ക്രിസ്റ്റീന