മീറ്റിംഗിനെത്തിയ രണ്ട് യുവതികളെ ചെയര്‍മാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ഇരുവരും ശരീരം വേണ്ടവിധം മറയ്ക്കാത്ത വസ്ത്രങ്ങളാണ് ധരിച്ചിരിക്കുന്നത്. യുവതികളോട് ഇരിക്കാന്‍ നിര്‍ദേശിച്ചിട്ട് അവരുടെ കണ്ണുകളിലേക്ക് നോക്കി അദ്ദേഹം സംസാരിക്കാന്‍ ആരംഭിച്ചു.”വജ്രം എവിടെയാണ് കാണപ്പെടുന്നത്? ആഴത്തില്‍, പൊതിഞ്ഞ് സൂക്ഷിക്കപ്പെട്ടിരിക്കുകയാണ് വജ്രം. മുത്തുകള്‍ എവിടെ കാണും? മുത്തുകള്‍ സമുദ്രത്തില്‍ ആഴത്തിലാണ് ഉള്ളത്. അതും മനോഹരമായ ചിപ്പിക്കുള്ളില്‍ പൊതിഞ്ഞ് സുരക്ഷിതമായി. സ്വര്‍ണം എവിടെയാണുള്ളത്?കുഴിച്ച് ആഴത്തിലെത്തിയാല്‍ പാറകളുടെ ഉള്ളിലായി സ്വര്‍ണം കണ്ടെത്താം. നന്നായി അധ്വാനിച്ച് ആഴത്തില്‍ ഖനനം ചെയ്താലേ അത് ലഭിക്കുകയുള്ളൂ.
ഭൂമിയിലെ വിലപ്പെട്ടതെല്ലാം വളരെ നന്നായി പൊതിഞ്ഞ് സൂക്ഷിക്കപ്പെട്ടിരിക്കും. അത് കണ്ടെത്താന്‍ വിഷമവുമായിരിക്കും.” യുവതികളെ ഗൗരവം കലര്‍ന്ന ഭാവത്തില്‍ നോക്കിക്കൊണ്ട് അദ്ദേഹം തുടര്‍ന്നു, ”നിങ്ങളുടെ ശരീരം പാവനമാണ്, വിലപ്പെട്ടതും അനന്യവുമാണ്. നിങ്ങള്‍ക്ക് വജ്രത്തെക്കാളും സ്വര്‍ണത്തെക്കാളും മുത്തിനെക്കാളുമെല്ലാം വിലയുണ്ട്.
അതിനാല്‍ത്തന്നെ നിങ്ങളുടെ ശരീരവും പൊതിഞ്ഞ് സൂക്ഷിക്കണം.” ”നിങ്ങളില്‍ വസിക്കുന്ന ദൈവദത്തമായ പരിശുദ്ധാത്മാവിന്റെ അലയമാണ് നിങ്ങളുടെ ശരീരമെന്ന് നിങ്ങള്‍ക്ക് അറിഞ്ഞുകൂടേ? നിങ്ങള്‍ നിങ്ങളുടെ സ്വന്തമല്ല” (1 കോറിന്തോസ് 6/19). അദ്ദേഹം തുടര്‍ന്നു, ”വിലയേറിയ വജ്രവും സ്വര്‍ണവുമൊക്കെപ്പോലെ സൂക്ഷിക്കപ്പെടുന്നെങ്കില്‍ നല്ല ഖനനകമ്പനി ശരിയായ രീതിയില്‍ അത് ഏറ്റെടുക്കും. അതായത് നിങ്ങളുടെ കുടുംബമാകുന്ന ഭരണകൂടത്തെ ആദ്യം അവര്‍ സമീപിക്കും, വിവാഹമെന്ന ഉടമ്പടിയില്‍ ഒപ്പുവയ്ക്കും, ശരിയായ ഖനനമെന്ന വിവാഹകൂദാശയില്‍ ഏര്‍പ്പെടും.
എന്നാല്‍ വിലപ്പെട്ടവ പൊതിഞ്ഞ് സൂക്ഷിക്കാതെ പുറത്തുവച്ചാല്‍ അനധികൃത ഖനനം നടത്തുന്നവര്‍ ചൂഷണം ചെയ്യും. നിയന്ത്രണങ്ങളൊന്നുമില്ലാതെ അവരുടെ ക്രൂരമായ ഉപകരണങ്ങള്‍ ഉപയോഗിച്ച് ദാക്ഷിണ്യമില്ലാതെ ഖനനം നടത്തിയെന്നിരിക്കും.അതിനാല്‍ നിങ്ങളുടെ ശരീരമാകുന്ന വിലപ്പെട്ട ധാതു നന്നായി പൊതിഞ്ഞ് സംരക്ഷിക്കുക. അതിന് അവകാശികളാകേണ്ടവര്‍ നിങ്ങളെ അന്വേഷിച്ച് ശരിയായ രീതിയില്‍ സമീപിക്കും.”
”നിങ്ങള്‍ വിലയ്ക്ക് വാങ്ങപ്പെട്ടവരാണ്. ആകയാല്‍, നിങ്ങളുടെ ശരീരത്തില്‍ ദൈവത്തെ മഹത്വപ്പെടുത്തുവിന്‍” (1 കോറിന്തോസ് 6/20).