ഞാന്‍ സൗദി അറേബ്യയിലുള്ള ഒരു ആശുപത്രിയില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന കാലം. 1984 ഏപ്രില്‍ മാസത്തില്‍ നൈറ്റ് ഡ്യൂട്ടി ഉണ്ടായിരുന്ന ഒരു ദിവസം ഇന്നും ഓര്‍മയിലുണ്ട്. സാധാരണ ഗതിയില്‍ ചാര്‍ജെടുത്തു കഴിഞ്ഞാല്‍ വാര്‍ഡില്‍ മുഴുവന്‍ ഒന്നു ചുറ്റിക്കറങ്ങി ഓരോ രോഗിയുടെയും മുമ്പില്‍ചെന്ന് വിശേഷങ്ങള്‍ ചോദിക്കാറുണ്ട്. അതിനൊപ്പം മരുന്നുകളും ഇഞ്ചക്ഷനുള്ള സിറിഞ്ചും മരുന്നുമൊക്കെ എടുക്കും. അന്ന് ഞാനിങ്ങനെ ഓരോ രോഗിയോടും കുശലം ചോദിച്ചുകൊണ്ടിരുന്നപ്പോള്‍ ഒരു രോഗി ബെഡില്‍ ഇല്ലായിരുന്നു.
അടുത്തുകിടന്ന രോഗിയോട് ചോദിച്ചപ്പോള്‍ അയാള്‍ കുറച്ച് സമയമായി ബാത്ത്‌റൂമില്‍ പോയിട്ട് എന്നു പറഞ്ഞു. മരുന്നുകളൊക്കെ കൊടുത്തു കഴിഞ്ഞിട്ടും ആ രോഗിമാത്രം ബെഡില്‍ തിരികെ വന്നില്ല. എനിക്ക് ഒരു ഉള്‍വിളിയുണ്ടായി ‘പോയി ചെന്നുനോക്ക്, അയാള്‍ ബാത്ത്‌റൂമില്‍ എന്തു ചെയ്യുകയാണെന്ന്.’ ആദ്യം ഞാനതത്ര കാര്യമാക്കിയില്ലെങ്കിലും ആ തോന്നല്‍ ശക്തമായി. പുരുഷന്‍മാരുടെ വാര്‍ഡ് ആയതുകൊണ്ട് ഞാന്‍ അറ്റന്‍ഡറിനെക്കൂടി കൂട്ടിന് വിളിച്ചു. ഡോര്‍ തുറന്നപ്പോഴത്തെ കാഴ്ച വളരെ വേദനിപ്പിക്കുന്നതായിരുന്നു. മനസില്‍ അറിയാതെ പറഞ്ഞുപോയി, ”എന്റെ ഈശോയേ, ഞാനെന്താണ് ഈ കാണുന്നത്?’
രക്തം ധാരധാരയായി ഒഴുകി അബോധാവസ്ഥയിലേക്ക് വഴുതിപ്പോകുന്ന ഈസ്റ്റ് ആഫ്രിക്കക്കാരനായ ഒരു കപ്പല്‍ജോലിക്കാരന്‍. അയാളുടെ അമ്മയുടെ മരണവാര്‍ത്തയറിഞ്ഞിട്ട് സങ്കടം സഹിക്കാനാവാതെ ചെയ്ത പ്രവൃത്തിയാണിത്. ഇനി ജീവിച്ചിട്ടു കാര്യമില്ല എന്ന് അയാള്‍ക്ക് തോന്നിക്കാണണം. വേഗം ഞാന്‍ റിസപ്ഷനിലേക്ക് ഫോണ്‍ ചെയ്തു. അവര്‍ വന്ന് രോഗിയെ ഓപ്പറേഷന്‍ തിയേറ്ററില്‍ കൊണ്ടുപോയി സ്റ്റിച്ച് ചെയ്തു മുറിവുകള്‍ വച്ചുകെട്ടി. രക്തം കയറ്റി. ഗ്ലൂക്കോസ് മറ്റേ കൈയില്‍ കയറ്റി. അങ്ങനെ ദൈവസഹായത്താല്‍ അയാള്‍ രക്ഷപ്പെട്ടു. മാത്രമല്ല എന്റെ ഉള്‍വിളി ശ്രദ്ധിക്കാതിരുന്നെങ്കില്‍ കൃത്യവിലോപത്തിന് (Negligency of Nurse) എനിക്ക് ജയിലില്‍ കിടക്കേണ്ടിയും വന്നേനേ.
ഞാനെന്റെ ദൈവത്തിന് നന്ദി പറഞ്ഞു. കൂടാതെ രക്ഷപെട്ട ആ മനുഷ്യനോട് അറിയാവുന്ന ഇംഗ്ലീഷില്‍, ആത്മഹത്യ ചെയ്യരുതെന്നും ദൈവം അറിയാതെ ഒന്നും സംഭവിക്കുന്നില്ലെന്നും പറഞ്ഞു. സമാധാനമായി ദൈവത്തെ ഓര്‍ത്ത് അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കണമെന്നും ആ സഹോദരനോട് അപേക്ഷിച്ചു. നന്ദി പറഞ്ഞ് അയാള്‍ പോയപ്പോള്‍ മനസിന് എന്തെന്നില്ലാത്ത സമാധാനം ഉണ്ടായി.
തിരുവചനം നമ്മെ ഓര്‍മിപ്പിക്കുന്നുണ്ടല്ലോ, ”നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി, ഇതിലേ പോവുക” (ഏശയ്യാ 30/21). തീര്‍ച്ചയായും അവിടുന്ന് നമ്മെ നയിക്കുകതന്നെ ചെയ്യും.
ലൂസിയാമ്മ വര്‍ഗീസ്