ജീവിതം മാറ്റിമറിക്കുന്ന 3 രഹസ്യങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

ജീവിതം മാറ്റിമറിക്കുന്ന 3 രഹസ്യങ്ങള്‍

ആവര്‍ത്തനവിരസതയും യാന്ത്രികതയും പലരുടെയും ജീവിതം മടുപ്പിക്കാറുണ്ട്. അതുപോലെ എത്ര കഷ്ടപ്പെട്ടിട്ടും ജീവിതം കരകയറാതെ തകരുക. ഇതും പലരെയും തളര്‍ത്തുന്ന അവസ്ഥയാണ്. ബന്ധങ്ങള്‍ ശരിയാക്കാന്‍ കഴിയാതെ വിഷമിക്കുന്നവരും വളരെയധികം. പ്രാര്‍ത്ഥിച്ചു പ്രാര്‍ത്ഥിച്ചു മടുത്തവരും പഠിച്ചു മടുത്തവരും നമുക്കിടയിലുണ്ട്. ആത്മീയജീവിതവും വഴിമുട്ടിപ്പോയ അവസ്ഥകള്‍ ഉണ്ടാകാം. എത്ര പരിശ്രമിച്ചിട്ടും ജീവിതത്തിലും അവസ്ഥകളിലും ഒരു മാറ്റവും സംഭവിക്കുന്നില്ല. ഇനി എന്തു ചെയ്യും?

ഒന്നാമതായി നാം ചെയ്യേണ്ടത് നമ്മുടെ ജീവിതം നമ്മുടേതല്ല, ദൈവത്തിന്റേതാണ് എന്ന സത്യം അംഗീകരിക്കണം. നാം ദൈവത്തിന്റേതാണെങ്കില്‍ നമ്മുടെ ഇഷ്ടങ്ങളും പദ്ധതികളുമല്ല പ്രത്യുത ദൈവത്തിന്റെ ഇഷ്ടങ്ങളും പദ്ധതികളുമാണ് ജീവിതത്തില്‍ പ്രാവര്‍ത്തികമാകേണ്ടത്. അതിനാല്‍, നമ്മുടെ സ്വപ്‌നങ്ങളെയും ആഗ്രഹങ്ങളെയും സാഹചര്യങ്ങളെയും പൂര്‍ണമായും ദൈവത്തിനു വിട്ടുകൊടുക്കണം. ദൈവത്തിനു വിട്ടുകൊടുക്കാത്ത ജീവിതങ്ങളില്‍ അവിടുന്ന് തന്റെ ശക്തി പ്രകടമാക്കുകയില്ല. കര്‍ത്താവേ… ഞാന്‍ പൂര്‍ണമായും അങ്ങുടേതാണ്… അങ്ങയുടെ ഹിതം എന്റെ ജീവിതത്തില്‍ നിറവേറട്ടെ… എന്റേതായിട്ടുള്ളതെല്ലാം അങ്ങ് ഏറ്റെടുക്കണേ, അങ്ങയുടേതായിട്ടുള്ളതെല്ലാം എനിക്ക് പ്രദാനം ചെയ്യണമേ… അങ്ങുതന്നെ എന്നെ നയിച്ചാലും. അതായിരിക്കണം നമ്മുടെ പ്രാര്‍ത്ഥന.

രണ്ടാമതായി നാം ചെയ്യേണ്ടത് ദൈവത്തിന്റെ സ്വരം കേള്‍ക്കാനായി കാത്തിരിക്കുക എന്നതാണ്. ദൈവശബ്ദം കേള്‍ക്കാന്‍ പഠിക്കാതെ വിജയകരമായ ക്രിസ്തീയജീവിതം അസാധ്യമാണ്. ഈശോ പറഞ്ഞു: എന്റെ ആടുകള്‍ എന്റെ സ്വരം ശ്രവിക്കുന്നു. അവ എന്നെ അനുഗമിക്കുന്നു. ഞാന്‍ അവയ്ക്ക് നിത്യജീവന്‍ നല്കുന്നു… അവ ഒരിക്കലും നശിച്ചുപോവുകയില്ല.”(യോഹന്നാന്‍ 10/27).

ദൈവശബ്ദം കേട്ടനുസരിക്കുന്നവരുടെയെല്ലാം ജീവിതം അനുഗൃഹീതമായിത്തീരും. ദൈവസ്വരം തിരിച്ചറിഞ്ഞ അബ്രാഹം വിശ്വാസികളുടെ പിതാവായിത്തീര്‍ന്നു. മുള്‍പ്പടര്‍പ്പില്‍ കര്‍ത്താവിന്റെ ശബ്ദം കേട്ട മോശ മനുഷ്യചരിത്രത്തിലെ ഏറ്റവും വലിയ ജനനേതാവായി. കര്‍ത്താവിന്റെ വിളിക്കുത്തരം നല്കിയ സാമുവല്‍ ശക്തനായ പ്രവാചകനായി മാറി. പൗലോസ് അപ്പസ്‌തോലനും ഫ്രാന്‍സിസ് അസീസിയുമെല്ലാം രൂപാന്തരപ്പെട്ടത് ദൈവശബ്ദം കേട്ടപ്പോഴാണ്.

ദൈവശുശ്രൂഷകളെക്കുറിച്ചുമാത്രമല്ല അവിടുന്നു സംസാരിക്കുന്നത്. നമ്മുടെ ജീവിതത്തിലെ ഏറ്റവും സാധാരണമായ കാര്യങ്ങളെക്കുറിച്ചുപോലും അവിടുന്ന് സംസാരിക്കും. നമ്മുടെ കുടുംബകാര്യങ്ങളിലും ബിസിനസ്സിലും പഠനത്തിലുമെല്ലാം അവിടുന്ന് തത്പരനാണ്. അവിടെയെല്ലാം മാര്‍ഗനിര്‍ദ്ദേശം നല്കാനും സഹായിക്കാനും നമുക്കൊരു കര്‍ത്താവുണ്ട്. ഹാലേലുയ്യാ… അവന്‍ പറയുന്നതു കേള്‍ക്കാന്‍ ക്ഷമയില്ലാത്തപ്പോള്‍ ചിന്തിച്ചു നാം തളരും. നമ്മുടെ കൊച്ചു ബുദ്ധിയില്‍ കാര്യങ്ങള്‍ നിര്‍വഹിച്ച് കുഴപ്പത്തിലാകും. ആശങ്കകളും ആകുലതകളും മനസ്സിനെ പീഡിപ്പിക്കും.

എന്നാല്‍ അവന്റെ ശബ്ദം നമുക്ക് ആത്മധൈര്യവും പ്രത്യാശയും പ്രവൃത്തികളില്‍ കൃത്യതയും വിജയവും നല്കും. അതിനാല്‍, അവന്റെ ശബ്ദം കേള്‍ക്കുന്നതുവരെയും നാം ക്ഷമാപൂര്‍വം കാത്തിരിക്കണം. കര്‍ത്താവിന്റെ ശബ്ദം തിരിച്ചറിയാന്‍, ലോകത്തിന്റെ ശബ്ദത്തില്‍നിന്നും നാം ചെവി തിരിക്കേണ്ടതുണ്ട്. അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം ദൈവസ്വരം കേള്‍ക്കുന്നതിനു വിഘാതമായിത്തീരാം. അതുപോലെ അനാവശ്യമായ തിരക്കുകളും കൂട്ടുകെട്ടുകളും പരദൂഷണപ്രകൃതിയും ദൈവസ്വരം കേട്ടനുഗമിക്കുന്ന ഒരു ജീവിതത്തിന് അനുയോജ്യമല്ല.

കര്‍ത്താവിന്റെ സ്വരം കേള്‍ക്കുന്നതിന് നമ്മളെ വളരെയധികം സഹായിക്കുന്ന ഒന്നാണ് ഉപവാസം. നിരന്തരമായ ദൈവവചനധ്യാനത്തിലൂടെ മനസ്സിനെ നവീകരിക്കേണ്ടതും ദൈവസ്വരം കൃത്യതയോടെ മനസ്സിലാക്കാന്‍ ആവശ്യമാണ്. കാരണം ലോകത്തിന്റെ കാഴ്ചപ്പാടുകള്‍ക്കും നമ്മുടെ യുക്തിക്കും ബുദ്ധിക്കുമെല്ലാം അതീതമായിരിക്കും പലപ്പോഴും ദൈവഹിതം. അതുള്‍ക്കൊള്ളുവാന്‍ ദൈവവചനത്തിലൂടെ ദൈവത്തിന്റെ മാര്‍ഗങ്ങളും ചിന്തകളും മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.

വര്‍ഷങ്ങള്‍ക്കു മുമ്പ് കര്‍ത്താവ് എന്നോട് ബാങ്കിലെ ജോലി രാജി വയ്ക്കാന്‍ ആവശ്യപ്പെട്ടതും ശാലോം ടൈംസ് മാസികയും ശാലോം ടി.വിയും ആരംഭിക്കുവാന്‍ നിര്‍ദ്ദേശിച്ചതും ലോകത്തിന്റെ ചിന്താഗതിയില്‍ ഉള്‍പ്പെട്ട കാര്യമല്ല. ദൈവത്തിന്റെ വഴികള്‍ എപ്പോഴും മനുഷ്യന്റെ വഴികളില്‍നിന്നും വ്യത്യസ്തമായിരിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: ”എന്റെ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല. നിങ്ങളുടെ വഴികള്‍ എന്റേതു പോലെയുമല്ല. ആകാശം ഭൂമിയേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നു. അതുപോലെ എന്റെ വഴികളും ചിന്തകളും നിങ്ങളുടേതിനേക്കാള്‍ ഉന്നതമത്രേ” (ഏശയ്യാ 55/8- 9).

ജീവിതം രൂപാന്തരപ്പെടുത്തുവാന്‍ മൂന്നാമതായി ചെയ്യേണ്ടത് ദൈവം പറയുന്നത് അനുസരിക്കുക എന്നതാണ്. ദൈവഹിതം നാം ചിന്തിക്കുന്നതില്‍നിന്നും വ്യത്യസ്തമാകുമ്പോള്‍ അനുസരിക്കുക വിഷമമാകാറുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ ചെറുതാകേണ്ടിവരും. ഇഷ്ടമില്ലാത്തതു ചെയ്യേണ്ടി വരും. പക്ഷേ അനുസരണം അനുഗ്രഹത്തിലേക്കുള്ള വഴിയാണ്. ദൈവസ്വരം കേള്‍ക്കുന്നവരുടെയും അനുസരിക്കുന്നവരുടെയും ജീവിതം പുതുമകള്‍ നിറഞ്ഞതും മഹത്വപൂര്‍ണവുമായിരിക്കും.

”നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോള്‍ നിന്റെ കാതുകള്‍ പിന്നില്‍നിന്ന്, ഒരു സ്വരം ശ്രവിക്കും; ഇതാണ് വഴി, ഇതിലേ പോവുക” (ഏശയ്യാ 30/21). ആ സ്വരം കേട്ട് മുന്നേറാന്‍ പഠിച്ചാല്‍ നമ്മുടെ സാധാരണ ജീവിതത്തില്‍ അസാധാരണമായ കൃപകള്‍ ഒഴുകും.
കര്‍ത്താവേ, അനുസരിക്കുന്ന ഹൃദയവും ശ്രവിക്കുന്ന ചെവികളും നല്കി എന്നെ അനുഗ്രഹിക്കണമേ (ബാറൂക്ക് 2/31).

ഷെവ. ബെന്നി പുന്നത്തറ