ദിവ്യബലിക്കിടെ ഒരു അസാധാരണ കാഴ്ച – Shalom Times Shalom Times |
Welcome to Shalom Times

ദിവ്യബലിക്കിടെ ഒരു അസാധാരണ കാഴ്ച

അന്നൊരു തിങ്കളാഴ്ചയായിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2022 മെയ് മാസം മുപ്പതാം തീയതി. സമയം: വൈകുന്നേരം 6.45. സ്ഥലം: ജര്‍മ്മനിയില്‍, ബവേറിയുടെ ഹൃദയം എന്നറിയപ്പെടുന്ന ആള്‍ട്ടോട്ടിങ്ങ് മാതാവിന്റെ പുണ്യഭൂമി.
വിശുദ്ധ കുര്‍ബാനക്ക് തയ്യാറെടുക്കുമ്പോള്‍ മനോഹരമായ ഒരു കാഴ്ച കണ്ടു. വൃദ്ധ ദമ്പതികള്‍ പരസ്പരം കരങ്ങള്‍ കോര്‍ത്തുപിടിച്ചുകൊണ്ട് ദൈവാലയത്തിലേക്ക് കയറി വരുന്നു. ഏകദേശം എണ്‍പതിനടുത്ത് പ്രായം തോന്നിക്കും.
വയോധികനായ ഭര്‍ത്താവിന്റെ തോളില്‍ ഒരു സഞ്ചി ഉണ്ടായിരുന്നു. നിരവധി ട്യൂബുകള്‍ നിറത്ത സഞ്ചി. രണ്ട് ട്യൂബുകള്‍ മൂക്കില്‍ ഘടിപ്പിച്ചിരിക്കുന്നു. കൗതുകത്തോടെ ഞാന്‍ നോക്കിയപ്പോള്‍ അടുത്ത് നിന്ന വ്യക്തി പറഞ്ഞു, ”അച്ചാ, അത് ഓക്‌സിജന്‍ മാസ്‌കാണ്.”

അദ്ദേഹത്തെ ശ്രദ്ധിച്ചുകൊണ്ടിരിക്കേ, സഞ്ചി താഴെവച്ച് അദ്ദേഹം ബെഞ്ചിലിരുന്ന് ഏഴുമണിക്കുള്ള വിശുദ്ധ കുര്‍ബാനയ്ക്കായി സ്വയം തയ്യാറെടുക്കുന്നു. വിശുദ്ധ കുര്‍ബാനയ്ക്കു വരാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തി ആ മുഖത്തു തെളിഞ്ഞു കാണാം.
സാധിക്കുന്ന രീതിയില്‍ പ്രാര്‍ത്ഥനകള്‍ ചൊല്ലിയും പാട്ടുകള്‍ പാടിയും ആ വല്യപ്പച്ചന്‍ ബലിയില്‍ പങ്കുചേര്‍ന്നു. വിശുദ്ധ കുര്‍ബാനയുടെ സ്വീകരണസമയമായപ്പോള്‍ സഞ്ചിയും തൂക്കി ഭാര്യയുടെ കൈ പിടിച്ച് അള്‍ത്താരയുടെ മുമ്പിലേക്ക് വന്നു.
ഈശോയെ കൈകളില്‍ സ്വീകരിക്കുമ്പോള്‍ ആ മുഖത്തു തെളിഞ്ഞ സന്തോഷം അവര്‍ണ്ണനീയം!
വിശുദ്ധ കുര്‍ബാനക്ക് വരാതിരിക്കാന്‍ നൂറു നൂറ് കാരണങ്ങള്‍ നിരത്തുന്ന നിരവധി മുഖങ്ങള്‍ എന്റെ മുമ്പില്‍ മിന്നി മറഞ്ഞു.
ദൈവമേ, അവര്‍ ഇത് ഒന്നു കണ്ടിരുന്നെങ്കില്‍…
”കര്‍ത്താവായ യേശു താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇത് ചെയ്യുവിന്‍. അപ്രകാരംതന്നെ, അത്താഴത്തിനുശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇത് പാനം ചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍”
(1 കോറിന്തോസ് 11/23-25).

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS