രക്ഷാപ്രവര്‍ത്തനത്തില്‍ ഉടന്‍ പങ്കുചേരുക… – Shalom Times Shalom Times |
Welcome to Shalom Times

രക്ഷാപ്രവര്‍ത്തനത്തില്‍ ഉടന്‍ പങ്കുചേരുക…

യേശു, മരിയ വാള്‍തോര്‍ത്ത എന്ന മിസ്റ്റിക്കിനോട് പറഞ്ഞത് എന്താണെന്നോ, ‘കുരിശിലായിരുന്ന എന്റെ ഏറ്റവും കഠിനമായ വേദന കോടിക്കണക്കിനാളുകള്‍ എന്റെ പീഡാസഹനം അറിയാതെയും പ്രയോജനപ്പെടുത്താതെയും കഴിയുന്നല്ലോ എന്നതായിരുന്നു. അവര്‍ അതിനെ അവഗണിക്കുന്നു എന്ന ചിന്ത എന്റെ ഹൃദയം തകര്‍ത്തിരുന്നു. എങ്കിലും ഈ ചിന്ത അവര്‍ക്കുവേണ്ടി സഹിക്കാനുള്ള ആഗ്രഹത്തെ തെല്ലുപോലും കുറച്ചില്ല.”

യേശുവിനെ അറിഞ്ഞവര്‍ അത് പങ്കുവയ്ക്കുന്നതിലുള്ള ഒരു തടസം, ‘ആദ്യം ഞാന്‍ ഒന്ന് ശരിയാവട്ടെ, ഞാന്‍ പൂര്‍ണതയില്‍ എത്തിയിട്ട് യേശുവിനെ പ്രഘോഷിക്കാം പങ്കുവയ്ക്കാം’ എന്ന ചിന്തയാണ്. എന്നാല്‍ നമ്മുടെ യോഗ്യതയല്ല നമുക്ക് വേണ്ടി മരിച്ചവന്റെ യോഗ്യതയല്ലേ നാം പങ്കുവയ്ക്കുന്നത്. ഇക്കാര്യം വ്യക്തമാക്കുന്ന ഒരു സംഭവം പങ്കുവയ്ക്കട്ടെ.

കോളേജില്‍ ചേര്‍ന്നയുടനെ ഞാനൊരു ഫോണ്‍ വാങ്ങിയിരുന്നു. ആന്‍ഡ്രോയ്ഡ് ആദ്യമായി ഇറക്കിയ ഗാലക്‌സി യങ്ങ്. ആന്‍ഡ്രോയ്ഡ് സ്ട്രീമില്‍ ഇറങ്ങിയ ഫോണ്‍ ഞാന്‍ ആദ്യമായി കോളേജില്‍ കൊണ്ടുവന്നത് പെട്ടെന്ന് വാര്‍ത്തയായി. പുതിയ ഫോണിനെക്കുറിച്ചറിയാന്‍ സീനിയര്‍ ബാച്ചുകളില്‍ നിന്നുപോലും എന്നെത്തേടിയെത്തി.

ഞാന്‍ അവരോട് ഫോണിന്റെ റേറ്റ്, ഫീച്ചേഴ്‌സ്, കാമറാ ക്വാളിറ്റി എന്നിങ്ങനെ പലതും പറഞ്ഞു മനസ്സിലാക്കി കൊടുത്തു. ഞാന്‍ പറഞ്ഞത് ഫോണിനെക്കുറിച്ചാണ്. ഉപയോഗിക്കുന്ന ആളെക്കുറിച്ചല്ല! അതുപോലെ, ക്രിസ്തുവാണ് പ്രധാനം. പറയുന്ന ആളല്ല!
നാം ദുര്‍ബലരും ഭയചകിതരും പാപികളില്‍ ഒന്നാമതും തന്നെ. സംശയമില്ല. പക്ഷേ നാം പറയുന്ന ‘അവന്‍’ ആരിലും വലിയവനാണല്ലോ! അവനെക്കുറിച്ചു മടിയ്ക്കാതെ പറയാമല്ലോ? അതിനാല്‍ അടിയന്തിരമായി ഏര്‍പ്പെടേണ്ട ഈ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കുചേരാന്‍ നാം ഇനിയും വൈകരുത്. ശരീരത്തെ രക്ഷിക്കുന്നതിലുപരി പ്രാധാന്യം അര്‍ഹിക്കുന്നതാണ് ആത്മാവിന്റെ രക്ഷ!
ഈ രക്ഷാപ്രവര്‍ത്തന സാധ്യതകള്‍ നമുക്ക് ചുറ്റും സദാ ലഭ്യമാണ്.

കാരണം, ”എല്ലാവരും രക്ഷിക്കപ്പെടണമെന്നും സത്യം അറിയണമെന്നും ആണ് അവിടുന്ന് ആഗ്രഹിക്കുന്നത്… അവന്‍ എല്ലാവര്‍ക്കും വേണ്ടി തന്നെത്തന്നെ മോചനമൂല്യമായി നല്കി. അവന്‍ യഥാകാലം നല്‍കപ്പെട്ട ഒരു സാക്ഷ്യവുമായിരുന്നു” (1 തിമോത്തിയോസ് 2/4-6). ഈ തിരിച്ചറിവാകട്ടെ, നമ്മുടെ സുവിശേഷപ്രഘോഷണങ്ങളുടെ ഇന്ധനം.

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM