2014 ഒക്‌ടോബര്‍ മാസം ദുബായില്‍ പഠിച്ചിരുന്ന എന്റെ രണ്ട് കൊച്ചുമക്കള്‍ എന്റെ അടുത്തെത്തി. അവരെ കേരളത്തില്‍ മൂന്ന്, ആറ് സ്റ്റാന്‍ഡേര്‍ഡുകളില്‍ ചേര്‍ത്തു. ഗള്‍ഫില്‍ ഫ്രഞ്ചും അറബിയും രണ്ടാം ഭാഷയായി പഠിച്ചിരുന്നു. ഇവിടുത്തെ നഴ്‌സറി കുട്ടികളുടെ അ, ആ, ഇ, ഈ എന്നു തുടങ്ങി, ഹിന്ദി, മലയാളം അക്ഷരങ്ങള്‍ ഒരു വിധത്തില്‍ പഠിപ്പിച്ചെടുത്തു. എങ്കിലും ഉയര്‍ന്ന ക്ലാസുകളിലെ മലയാളം, ഹിന്ദി എന്നിവ പഠിക്കാന്‍ ഏറെ ബുദ്ധിമുട്ടായിരുന്നു. മൂത്തയാള്‍ പത്തില്‍ എത്തിയപ്പോള്‍ ഫൈനല്‍ പരീക്ഷയ്ക്ക് ജയിക്കാനുള്ള മാര്‍ക്കെങ്കിലും കിട്ടണേ എന്നു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു.
തുടക്കത്തില്‍ ഈ വിഷമം ഞാന്‍ പങ്കുവച്ചപ്പോള്‍ ഒരു റിട്ടയേര്‍ഡ് ടീച്ചര്‍ എന്നോടു
പറഞ്ഞു. ‘ഒരു കാര്യം ചെയ്യ്. സുവിശേഷം വിശുദ്ധ മത്തായി മുതല്‍ ഓരോ ഖണ്ഡികവീതം കുട്ടികളെക്കൊണ്ടു വായിപ്പിക്കുക.’ അങ്ങനെ ഏറെ ബുദ്ധിമുട്ടിയാണെങ്കിലും കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം കുട്ടികള്‍ വചനം വായിക്കാന്‍ തുടങ്ങി. കൂട്ടത്തില്‍ 23-ാം സങ്കീര്‍ത്തനവും. റിസല്‍ട്ട് വന്ന ദിവസം പോയി നോക്കാന്‍ ഭയം തോന്നി. പക്ഷേ ആദ്യം ഗള്‍ഫിലാണ് റിസല്‍ട്ട് വന്നത്. അവിടുന്ന് ഫോണില്‍ വിളിച്ചറിയിച്ചു, മോള്‍ക്ക് എല്ലാത്തിനും എ പ്ലസ് ആണെന്ന്. അതുകേട്ട് ഞാനും കൊച്ചുമോളും ഒരുമിച്ചു പറഞ്ഞു, ‘അത് റോങ്ങ് ഇന്‍ഫര്‍മേഷന്‍ ആണ്.’ പിന്നീട് ഇവിടെ നോക്കിയപ്പോള്‍ ഹിന്ദിക്കും മലയാളത്തിനും ഉള്‍പ്പെടെ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്. ഇന്നും എനിക്കിത് എങ്ങനെ എന്നു വിശ്വസിക്കാന്‍ കഴിയുന്നില്ല.
നാം എത്ര പാപികളോ അയോഗ്യരോ ആണെങ്കിലും അവിടുത്തെ വിളിച്ചപേക്ഷിച്ചാല്‍ വചനശക്തിയില്‍ ആശ്രയിച്ചാല്‍ തീര്‍ച്ചയായും പതിന്മടങ്ങായി ദൈവം അനുഗ്രഹിച്ചിരിക്കും.
മറ്റൊരു സംഭവംകൂടി പങ്കുവയ്ക്കട്ടെ. ഞങ്ങളുടെ വീടിനോട് ചേര്‍ന്ന് ഒരു കുടുംബം താമസിച്ചിരുന്നു. ചുറ്റിലുമുള്ളവരുടെ പറമ്പുകളെല്ലാം അവര്‍ക്കുംകൂടി അവകാശപ്പെട്ടതാണെന്ന രീതിയിലാണ് അവരുടെ പെരുമാറ്റം. അതിനു മതില്‍ കെട്ടുകയില്ല. ഗേറ്റ് വയ്ക്കാന്‍ സമ്മതിക്കില്ല. അവരോട് സംസാരിക്കാനോ മറുപടി പറയാനോ തര്‍ക്കിക്കാനോ എനിക്കാവില്ലായിരുന്നു. അങ്ങനെ വലിയൊരു സമാധാനക്കേടിലായി. ഏതോ തിന്മയുടെ ശക്തിയുള്ളതുപോലെ തോന്നിയിരുന്നു.
സെഹിയോനില്‍ ശുശ്രൂഷ ചെയ്യുന്ന ഒരു സഹോദരന്‍ പറഞ്ഞതനുസരിച്ച് പുറപ്പാട് 14/13-14 തിരുവചനങ്ങള്‍ ചൊല്ലുവാന്‍ തുടങ്ങി. ”മോശ ജനത്തോടു പറഞ്ഞു. നിങ്ങള്‍ ഭയപ്പെടാതെ ഉറച്ചു നില്‍ക്കുവിന്‍. നിങ്ങള്‍ക്കുവേണ്ടി ഇന്നു കര്‍ത്താവ് ചെയ്യാന്‍ പോകുന്ന രക്ഷാകൃത്യം നിങ്ങള്‍ കാണും. ഇന്നു കണ്ട ഈജിപ്തുകാരെ ഇനിമേല്‍ നിങ്ങള്‍ കാണുകയില്ല. കര്‍ത്താവ് നിങ്ങള്‍ക്കുവേണ്ടി യുദ്ധം ചെയ്തുകൊള്ളും. നിങ്ങള്‍ ശാന്തരായിരുന്നാല്‍ മതി.” സംഖ്യ 11/23: ”കര്‍ത്താവ് മോശയോട് അരുളിചെയ്തു, എന്റെ കൈയ്ക്കു നീളം കുറഞ്ഞുപോയോ. എന്റെ വാക്കു നിറവേറുമോ ഇല്ലയോ എന്നു നീ കാണും.” കുടുംബപ്രാര്‍ത്ഥനയ്ക്കുശേഷം ഈ വചനഭാഗങ്ങള്‍ ഞങ്ങള്‍ ആവര്‍ത്തിച്ചു ചൊല്ലിക്കൊണ്ടിരുന്നു. അല്പകാലങ്ങള്‍ക്കുശേഷം ആ സ്ത്രീയും കുടുംബവും ആ വീടുവിട്ടുപോയി. ഈ ഒരത്ഭുതവും എനിക്കിപ്പോഴും വിശ്വസിക്കാന്‍ പ്രയാസമാണ്.
റോമാ 9/6 ഓര്‍മിപ്പിക്കുന്നതുപോലെ, ”ദൈവത്തിന്റെ വചനം ഒരിക്കലും പരാജയപ്പെട്ടിട്ടില്ല.”
മേരി ആന്റണി