കോവിഡ് മഹാമാരി ലോകത്ത് പിടിമുറുക്കിയ 2020. എയര്‍പോര്‍ട്ടിലെ എന്റെ ജോലി വീട്ടുകാരുടെ ആശങ്കകള്‍ക്ക് ആദ്യമായി വഴിവച്ചു. കാരണം കോവിഡ് ബാധിതരായ പ്രവാസികളും വിദേശികളും ആദ്യസമ്പര്‍ക്കത്തില്‍ വരുന്ന ഇടമാണല്ലോ എയര്‍പോര്‍ട്ട്. പലപ്പോഴും കോവിഡ് രോഗികളെ പുറത്ത് ആംബുലന്‍സില്‍ എത്തിക്കേണ്ട ചുമതല എനിക്കുണ്ടായിരുന്നു. സങ്കീര്‍ത്തനങ്ങള്‍ 91-ാം അധ്യായം എന്നും ചൊല്ലി പ്രാര്‍ത്ഥിക്കും. ഓണ്‍ലൈനില്‍ അനുദിന ദിവ്യബലികളിലും പ്രാര്‍ത്ഥനാ കൂട്ടായ്മകളിലും പങ്കെടുത്തുകൊണ്ട് പ്രതിസന്ധിഘട്ടങ്ങളെ അതിജീവിച്ചു.
സഹപ്രവര്‍ത്തകരില്‍ പലരും കോവിഡ് ബാധിതരായപ്പോഴും കര്‍ത്താവ് എന്നെ സംരക്ഷിച്ചു. കര്‍ത്താവില്‍ ആശ്രയിക്കുന്നവര്‍ക്ക് കോവിഡ് വൈറസ് ബാധിക്കാന്‍ കര്‍ത്താവ് അനുവദിക്കില്ല എന്ന ചിന്ത എന്നില്‍ പ്രബലപ്പെട്ടുതുടങ്ങി. എങ്കിലും ആ സമയത്ത് പല വൈദികരും ആത്മീയമുന്നണിയില് പ്രവര്‍ത്തിക്കുന്നവരും കോവിഡ്മൂലം മരണപ്പെട്ടത് എന്നില്‍ അസ്വസ്ഥതയുണ്ടാക്കി. കര്‍ത്താവില്‍ ശരണം വച്ചവനും ശരണം വയ്ക്കാത്തവനും ഒരുപോലെയാണ് സംഭവിക്കുന്നതെങ്കില്‍ എന്തു നീതിയാണ്?
”നീതിമാന് നശിക്കുന്നു; ആരും കാര്യമാക്കുന്നില്ല. ഭക്തര്‍ തുടച്ചു മാറ്റപ്പെടുന്നു. ആരും ശ്രദ്ധിക്കുന്നില്ല. എന്നാല്‍ നീതിമാന് വിനാശത്തില്‍നിന്ന് എടുക്കപ്പെടും. അവന് സമാധാനത്തില്‍ പ്രവേശിക്കും. സന്മാര്ഗനിരതന് കിടക്കയില്‍ വിശ്രമം കൊള്ളും” (ഏശയ്യാ 57/1-2) എന്ന കാര്യം എനിക്ക് അറിയില്ലായിരുന്നു. 2021 ആയപ്പോഴേക്കും കോവിഡ് കുറഞ്ഞുവന്നു. പല നിയന്ത്രണങ്ങളും ഇല്ലാതായി. എന്റെ പ്രാര്‍ത്ഥനാജീവിതത്തിലും വീട്ടുകാരുടെ പ്രാര്‍ത്ഥനയിലും തീക്ഷ്ണത കുറഞ്ഞു.
അങ്ങനെയിരിക്കെ 2021 ഏപ്രില്‍മാസത്തെ അവസാനത്തെ ആഴ്ചയില്‍ ഒരു ദിവസം എനിക്ക് മണവും രുചിയും കിട്ടുന്നില്ല. പരിശോധിച്ചപ്പോള്‍ കോവിഡ് പോസിറ്റീവ്. വീണ്ടും തീക്ഷ്ണമായ പ്രാര്‍ത്ഥനകള്‍. ഇടയ്ക്കിടയ്ക്ക് ‘എന്നാലും എനിക്ക് കോവിഡ് വരാന്‍ പാടുള്ളതല്ലായിരുന്നു’ എന്ന പരിഭവം കര്‍ത്താവിനോട് പറയും. എനിക്ക് കോവിഡ് വന്ന് ഒരു മുറിയില്‍ അടച്ചിട്ടിരുന്നതുകൊണ്ട് എന്ത് ദൈവികപദ്ധതിയാണ് നിറവേറുക? ആദ്യമൊക്കെ ചെറിയ പിറുപിറുപ്പുകള്‍… പിന്നീടവ വലിയ മുറുമുറുപ്പുകളായി മാറി.
”രോഗം വരുമ്പോള്‍ ഉദാസീനനാകാതെ കര്‍ത്താവിനോടു പ്രാര്‍ത്ഥിക്കുക; അവിടുന്ന് നിന്നെ സുഖപ്പെടുത്തും” (പ്രഭാഷകന്‍ 38/9) എന്ന വചനമെല്ലാം സൗകര്യപൂര്‍വം ഞാന്‍ മറന്നു. വീട്ടില്‍ മറ്റാര്‍ക്കും കോവിഡ് ബാധിക്കാതിരുന്നത് ദൈവികസംരക്ഷണമാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞില്ല. എല്ലാം കഴിഞ്ഞ് നാളുകള്‍ക്കുശേഷമാണ് ഈ ബോധ്യങ്ങളിലേക്ക് ഞാന്‍ എത്തിപ്പെടുന്നത്.
ദൈവപരിപാലനയെക്കുറിച്ച് ചിന്തിച്ച ദിവസം
2021 ജൂലൈ 22-ന് ജോലിക്ക് പോകുന്ന വഴിക്ക് ബൈക്ക് അപകടത്തില്‍പെടുകയും ഞാന്‍ റോഡില്‍ തെറിച്ച് വീണ് എന്റെ വലതുകൈ ഒടിയുകയും ചെയ്തു. പക്ഷേ വളരെ ശാന്തമായാണ് ഞാന്‍ ഇതിനെ അഭിമുഖീകരിച്ചത്. കാരണം വളരെ നാളുകള്‍ക്കുശേഷം ദൈവപരിപാലനയെക്കുറിച്ച് ചിന്തിച്ച ദിവസമായിരുന്നു അന്ന്. രാവിലെ കത്തോലിക്കാസഭയുടെ യുവജന മതബോധന ഗ്രന്ഥം തുറന്നപ്പോള്‍ ലഭിച്ചത് (49) ദൈവപരിപാലന എന്ന ഭാഗമാണ്. അത് ഇപ്രകാരമായിരുന്നു:
ലോകത്തെയും എന്റെ ജീവിതത്തെയും ദൈവം നയിക്കുന്നുണ്ടോ?
ഉവ്വ്, എന്നാല്‍ നിഗൂഢമായ രീതിയിലാണ് അങ്ങനെ ചെയ്യുന്നത്. ദൈവം തനിക്കുമാത്രം അറിയാവുന്ന വഴികളിലൂടെ എല്ലാറ്റിനെയും നയിക്കുന്നു. അവയുടെ പൂര്ണതയിലേക്കു നയിക്കുന്നു. അവിടുന്ന് സൃഷ്ടിച്ച ഒന്നുംതന്നെ സമയത്തിന്റെ ഒരു നിമിഷത്തിലും അവിടുത്തെ കൈകളില്‍നിന്ന് വീണുപോകുന്നില്ല (302-305).
കൈയില്‍ പ്ലാസ്റ്ററിട്ട് രണ്ട് ആഴ്ച കഴിഞ്ഞ് ഡോക്ടറെ വീണ്ടും കാണാനുള്ള ദിവസമായി. പോകുന്ന വഴിയിലെല്ലാം ഡോക്ടര്‍ എക്സ്റേ പരിശോധിച്ചിട്ട് അത്ഭുതത്തോടെ ‘ഇതെങ്ങനെ സംഭവിച്ചു, പൊട്ടിയ എല്ലുകള്‍ കൂടിച്ചേര്ന്നിരിക്കുന്നല്ലോ,’ എന്നൊക്കെ പറയുന്നതും ദിവാസ്വപ്നംകണ്ട് ഡോക്ടറുടെ മുമ്പിലെത്തി. പക്ഷേ എക്സ്റേ കണ്ട ഡോക്ടര്‍ ഉടനെ തന്നെ സര്‍ജറിക്ക് നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ വലതുകൈയുടെ സ്വാധീനംതന്നെ നഷ്ടമാകാന്‍ സാധ്യതയുണ്ടെന്നും പറഞ്ഞു.
ഞാന്‍ ആകെ തളര്‍ന്നുപോയി. മുഖത്ത് മുമ്പുണ്ടായിരുന്ന പ്രസന്നതയും ധൈര്യവുമെല്ലാം ചോര്‍ന്നുപോയി. ജീസസ് യൂത്തിലെ എന്റെ ആത്മീയോപദേഷ്ടാവിനെ ഫോണില്‍ വിളിച്ച് കാര്യം പറഞ്ഞു. പരിചയമുള്ള ഒരു വൈദികനെയും ഫോണില്‍ വിളിച്ച് പ്രാര്‍ത്ഥനാസഹായം ആവശ്യപ്പെട്ടു. ഒത്തിരി ആളുകള്‍ക്ക് ദൈവിക ഇടപെടലില്‍ സര്‍ജറി മാറിപ്പോയ സാക്ഷ്യങ്ങള്‍ കേട്ടിട്ടുണ്ട്. എന്റെ സര്‍ജറിയും ദൈവം മാറ്റിത്തരും എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചു. രണ്ടുമൂന്ന് പ്രഗത്ഭരായ ഡോക്ടര്‍മാരെക്കൂടി കാണിച്ചു.
പക്ഷേ എല്ലാവരും സര്‍ജറിയാണ് നല്ലതെന്നും വൈകുംതോറും കൂടുതല്‍ സങ്കീര്‍ണമാകുമെന്നും നിര്‍ദേശിച്ചു. അന്ന് വൈകുന്നേരം തന്നെ അഡ്മിറ്റ് ആക്കി ജൂലൈ 23-ന് വെള്ളിയാഴ്ച രാവിലെ സര്‍ജറി ചെയ്തു. മരവിപ്പ് മാറിയപ്പോള്‍ അസഹ്യമായ വേദന. ഡോക്ടര്‍ വന്ന് എക്സ്റേ കാണിച്ചു. കൈപ്പത്തിയോട് ചേര്‍ന്ന് ഒരു സ്റ്റീല്‍ പ്ലേറ്റും ഏഴ് സ്ക്രൂവും എല്ലില്‍ തുളച്ചുവച്ചിട്ടുണ്ട്. വലിയ അപകടങ്ങള്‍ ഇതിനുമുമ്പ് സംഭവിച്ചപ്പോഴെല്ലാം ഒരു പോറല്‍പോലും സംഭവിക്കാതെ എന്നെ കാത്ത ദൈവം, ഈ ചെറിയ ബൈക്കപകടത്തില്‍ എന്റെ വലതുകൈയ്ക്ക് ഇങ്ങനെയൊരു അവസ്ഥ തന്നല്ലോ എന്നോര്‍ത്ത് ദേഷ്യവും വിഷമവും വന്നു. കൈ പൊട്ടിയപ്പോള്‍ ഉണ്ടായിരുന്ന ശാന്തസ്വഭാവമൊക്കെ മാറി. ദൈവത്തെ ചീത്ത പറയാനും പിറുപിറുക്കാനും തുടങ്ങി.
ശാലോം ടൈംസ് മാസികയില്‍ ഒരു സഹോദരി തന്റെ വയറ്റില്‍ സര്‍ജറി ആവശ്യമാണെന്ന് ഡോക്ടര്‍ നിര്‍ദേശിച്ചപ്പോള്‍ വിശ്വാസപൂര്‍വം പ്രാര്‍ത്ഥിച്ച അനുഭവം പങ്കുവച്ചത് ഞാന്‍ ഓര്‍ത്തു. സര്‍ജറിക്കുമുമ്പ് കൈയില്‍ പണം കുറവായിരുന്നിട്ടും അമ്മയോടൊപ്പം പോയി സ്കാന്‍ ചെയ്തപ്പോള്‍ രോഗസൗഖ്യം ലഭിച്ച വിവരം തിരിച്ചറിഞ്ഞെന്ന് അതില്‍ എഴുതിയിരുന്നു. ഞാന്‍ വീണ്ടും പിറുപിറുക്കാന്‍ തുടങ്ങി, ”അല്ലെങ്കിലും ഈശോയ്ക്ക് സ്ത്രീകളോട് അനുകമ്പ കുറച്ച് കൂടുതലാണ്. ഈയുള്ളവന്റെ ശരീരം കീറിമുറിക്കാന്‍ ഒരു കുഴപ്പവുമില്ല.” പക്ഷേ ഒരു ദൈവിക ഇടപെടലും നടന്നില്ല. ആകെ ശൂന്യത.
അവസാനത്തെ അമ്പ്
ഒടുവില്‍ അവസാനത്തെ അമ്പ് പ്രയോഗിച്ചു. ‘ഈശോയേ, ചുമ്മാ ഈ പണി എന്നോട് കാണിക്കരുത്. അടുത്ത പ്രാവശ്യം ഞാന്‍ ഡോക്ടറെ കാണാന്‍ പോകുന്നതിനുമുമ്പായി എന്റെ കൈയിലെ പ്ലേറ്റും സ്ക്രൂവും എല്ലാം അപ്രത്യക്ഷമാക്കിത്തരണം. എക്സ്റേ എടുക്കുമ്പോള്‍ ഒന്നും കാണരുത്, കേട്ടോ. എന്റെ സ്വഭാവം മാറും…’
ദിവസങ്ങളും മാസങ്ങളും കടന്നുപോയി. പലതവണ ഡോക്ടറെയും കണ്ടു. എക്സ്റേയും എടുത്തു. പക്ഷേ കൈയിലെ സ്റ്റീല്‍ പ്ലേറ്റും സ്ക്രൂവും അപ്രത്യക്ഷമായില്ല. പക്ഷേ ഈ നാളുകള്‍ക്കിടയില്‍ ഒന്ന് സംഭവിച്ചു. എന്റെ ‘ഉള്‍ക്കാഴ്ച’യില്‍ മാറ്റം വന്നു. ഇതെല്ലാം എനിക്ക് അനുവദിച്ചത് എന്നിലെ എന്നെ തിരിച്ചറിയാന്‍ വേണ്ടിയായിരുന്നു എന്ന് മനസിലായി.
അത്ഭുതങ്ങളിലും അടയാളങ്ങളിലും ആയിരുന്നു എനിക്ക് പ്രിയം. എല്ലാ ആഗ്രഹങ്ങളും നിറവേറ്റിത്തരുന്ന, എപ്പോഴും വിജയം മാത്രം തരുന്ന മാന്ത്രികനായ ഈശോയെയാണ് ഞാന്‍ സ്നേഹിച്ചിരുന്നത്. പ്രതിഫലം പ്രതീക്ഷിക്കാതെ ദൈവത്തെ സ്നേഹിക്കുക എന്ന കൃപ വിശുദ്ധര്‍ക്ക് മാത്രമല്ല ദൈവം നല്‍കിയിട്ടുള്ളത്. നമുക്കെല്ലാം ആ കൃപ ദൈവം വച്ചുനീട്ടുന്നുണ്ട്. പക്ഷേ നമ്മുടെ സ്വാര്‍ത്ഥത കാരണം അത് സ്വീകരിക്കാന്‍ കഴിയാതെപോകുന്നു എന്നുമാത്രം.
ഇപ്പോള്‍ ഞാന്‍ എന്റെ കൈയിലെ പ്ലേറ്റും സ്ക്രൂവും മാറ്റാന്‍ (അപ്രത്യക്ഷമാക്കാന്‍) പ്രാര്‍ത്ഥിക്കാറില്ല. കാരണം പൗലോസ് അപ്പസ്തോലനോട് ഈശോ പറഞ്ഞത് എന്റെ കാതുകളിലും അലയടിക്കുകയാണ്, ”നിനക്ക് എന്റെ കൃപ മതി” (2 കോറിന്തോസ് 12/9).
ജോസഫ് ഗബ്രിയേല്‍