ഭാഗ്യവാന്‍ എന്ന് കീര്‍ത്തിക്കപ്പെടാന്‍… – Shalom Times Shalom Times |
Welcome to Shalom Times

ഭാഗ്യവാന്‍ എന്ന് കീര്‍ത്തിക്കപ്പെടാന്‍…

പരിശുദ്ധ മറിയത്തിന്റെ ജീവിതം നമുക്ക് നല്ലൊരു പാഠശാലയാണ്. അവിടെനിന്ന് പഠിച്ച, ജീവിതത്തില്‍ പരിശീലിക്കാവുന്ന, ചില ചിന്തകള്‍ പങ്കുവയ്ക്കട്ടെ.

ഇതെങ്ങനെ സംഭവിക്കും?

നമുക്ക് പുതുതായി ഒരുത്തരവാദിത്വം ഏല്പിക്കപ്പെടുമ്പോള്‍ കുടുംബത്തില്‍, ജോലിയില്‍, ആത്മീയ ശുശ്രൂഷയില്‍ നാമും ഇങ്ങനെ ഒരു ചോദ്യത്തിന് മുമ്പില്‍ നില്ക്കുന്നവരാണ്. മാലാഖ പറഞ്ഞു: ”പരിശുദ്ധാത്മാവ് നിന്റെമേല്‍ വരും” (ലൂക്കാ 1/35). അത് സത്യത്തിന്റെ ആത്മാവാണ്. ഓരോ കാര്യത്തെക്കുറിച്ചും വ്യക്തമായ ബോധ്യം നമുക്കുണ്ടാവണം. അതിന് സംശയങ്ങള്‍ ജനിക്കണം. സത്യമായ അറിവ് അതില്‍ നമുക്കുണ്ടാവേണ്ടതുണ്ട്. അതിനുശേഷമേ ഉത്തരവാദിത്വത്തോടുകൂടെ അത് ചെയ്യാന്‍ സാധിക്കുകയുള്ളൂ. ഈ കാര്യത്തില്‍ പരിശുദ്ധാത്മാവിനെ കൂട്ടുപിടിക്കണമെന്ന് മറിയം നമ്മോട് പറഞ്ഞുതരുന്നു. പരിശുദ്ധാത്മാവിനോട് സംവദിക്കുന്നത് ശീലമാക്കുക. അവിടുത്തേക്കുമാത്രമേ സത്യം വെളിവാക്കിത്തരാന്‍ സാധിക്കുകയുള്ളൂ.

കീഴ്‌വഴങ്ങുക
നമ്മെ ഓരോ കാര്യങ്ങള്‍ ഭരമേല്പിക്കുമ്പോള്‍ അതില്‍ കൃപ, കഴിവുകള്‍, ദൈവിക പദ്ധതികള്‍, നന്മകള്‍, ശുശ്രൂഷകള്‍ എന്നിവയെല്ലാം മറഞ്ഞുകിടപ്പുണ്ട്. അത് മനസിലാക്കിയെടുക്കാന്‍ നമുക്ക് ദൈവികജ്ഞാനം ആവശ്യമാണ്. ”അത്യുന്നതന്റെ ശക്തി നിന്റെമേല്‍ ആവസിക്കും” (ലൂക്കാ 1/35). ഈ ശക്തി ദൈവികജ്ഞാനമാണ്. ഓരോ ദിവസവും നമുക്ക് ഇങ്ങനെ പ്രാര്‍ത്ഥിക്കാം. അത്യുന്നതന്റെ ശക്തി എന്റെമേല്‍ ആവസിക്കും. അങ്ങനെ ദൈവഹിതത്തിന് കീഴ്‌വഴങ്ങാന്‍ ഇതാ കര്‍ത്താവിന്റെ ദാസന്‍/ദാസി എന്ന് പറയാന്‍ നമുക്ക് ശീലിക്കാം. ”മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ!” (ലൂക്കാ 1/38).

വേണ്ടതുപോലെ ചെയ്യാന്‍
ഒരു ദൈവിക ഇടപെടല്‍ അനുഭവിച്ച വ്യക്തിക്കേ മറ്റൊരാളുടെ ജീവിതത്തിലെ ദൈവിക ഇടപെടലിനെക്കുറിച്ച് ബോധ്യമുണ്ടാവുകയുള്ളൂ. ആ സാഹചര്യത്തില്‍ മറിയത്തെ മനസിലാക്കാന്‍ ദൈവിക ഇടപെടല്‍ അനുഭവിച്ച എലിസബത്തിന് മാത്രമേ കഴിയുമായിരുന്നുള്ളൂ. എല്ലാം എല്ലാവരോടും തുറന്നു പറയരുത്. അത് നമ്മുടെ സ്വസ്ഥത കെടുത്തും. പറയേണ്ടത് പറയേണ്ടവരോട്, പറയേണ്ട രീതിയില്‍, പറയേണ്ട സമയത്തേ, പറയാവൂ. അങ്ങനെ ശീലിക്കേണ്ടത് അത്യാവശ്യമെന്ന് മറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

ഭാഗ്യവതിയാകുക
”കര്‍ത്താവ് അരുളിച്ചെയ്ത കാര്യങ്ങള്‍ നിറവേറുമെന്ന് വിശ്വസിച്ചവള്‍ ഭാഗ്യവതി” (ലൂക്കാ 1/45). പ്രശ്‌നപ്രതിസന്ധിക്ക് മധ്യേ നില്ക്കുമ്പോള്‍ ദൈവം നല്കിയിരിക്കുന്ന വചനങ്ങള്‍, വാഗ്ദാനങ്ങള്‍, സന്ദേശങ്ങള്‍ എന്നിവ നിറവേറുമെന്നുള്ള ഉറച്ച വിശ്വാസമാണ് ഭയം, നിരാശ തുടങ്ങിയവയെ അതിജീവിക്കാന്‍ നമ്മെ ശക്തരാക്കുന്നത്. അതിജീവനത്തിന്റെ കരുത്ത് വിശ്വാസമാണെന്ന് മറിയം പഠിപ്പിക്കുന്നു. വിശ്വാസമെന്ന അടിസ്ഥാനത്തിന്മേല്‍ പണിയപ്പെടുന്ന ജീവിതമാകട്ടെ നാമോരോരുത്തരുടെയും.

പ്രകീര്‍ത്തിക്കപ്പെടാന്‍…
”അവിടുന്ന് തന്റെ ദാസിയുടെ താഴ്മയെ കടാക്ഷിച്ചു. ഇപ്പോള്‍ മുതല്‍ സകല തലമുറകളും എന്നെ ഭാഗ്യവതി എന്ന് പ്രകീര്‍ത്തിക്കും” (ലൂക്കാ 1/48). താഴ്മ (എളിമപ്പെടല്‍) എന്നാല്‍ സ്വയം തിരുത്തല്‍ ആണ്. അതിലൂടെ മാത്രമേ വളരാന്‍ സാധിക്കുകയുള്ളൂ. നമ്മള്‍ മറ്റൊരു വ്യക്തിക്ക് നന്മയായി മാറുകയുള്ളൂ. എങ്കിലേ മറ്റൊരു ഹൃദയത്തില്‍ നമുക്ക് സ്ഥാനം ലഭിക്കൂ. ദൈവത്തിന്റെ ഹൃദയത്തിലും അങ്ങനെയായെങ്കിലേ നമ്മുടെ ജീവിതം കണ്ട് നീ എത്ര ഭാഗ്യവാന്‍, നീ എത്ര ഭാഗ്യവതി എന്ന് മറ്റുള്ളവര്‍ പ്രകീര്‍ത്തിക്കുമാറ് നാം മാറ്റപ്പെടുകയുള്ളൂ എന്ന് മറിയത്തിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു.

നിശബ്ദത അനുഗ്രഹമാകും
മറിയത്തിന്റെ നിലപാട് അതിശയിപ്പിക്കുന്നതാണ്. വേണമെങ്കില്‍ ജോസഫിനോട് പറഞ്ഞ് മനസിലാക്കിക്കൊടുക്കാമായിരുന്നു, ദൈവപുത്രനാണ് തന്റെ ഉദരത്തില്‍ വളരുന്നതെന്ന്. നാമും നമ്മുടെ ഭാഗം ന്യായീകരിക്കാന്‍ പറഞ്ഞ് മനസിലാക്കാറുണ്ട്. പക്ഷേ ഫലം ഒന്നും കിട്ടില്ല. അത് വീണ്ടും പ്രശ്‌നങ്ങളിലേക്ക് മാത്രമേ നയിക്കുകയുള്ളൂ. മറിയമാകട്ടെ എല്ലാം ദൈവകരങ്ങളില്‍ ഏല്പിച്ചു. അപ്പോള്‍ പിതാവ് ദൈവദൂതനെ വിട്ട് കാര്യം അവതരിപ്പിച്ചതോടെ ജോസഫിന് വ്യക്തമായി, മറിയത്തെ ഭാര്യയായി സ്വീകരിച്ചു. നമുക്കും നമുക്കുള്ളവരുമായുള്ള പ്രശ്‌നം ദൈവത്തിന് ഭരമേല്പിച്ച് നിശബ്ദരാകാന്‍ മറിയം പഠിപ്പിക്കുന്നു. നിശബ്ദരായാല്‍ ഏത് വ്യക്തി പറഞ്ഞാലാണോ നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് മനസിലാവുന്നത് ആ വ്യക്തിയെ ഒരു ദൂതനായി ദൈവം അവരുടെ പക്കല്‍ അയക്കും. അങ്ങനെ നമ്മുടെ പ്രിയപ്പെട്ടവര്‍ നമ്മെയും സ്വീകരിക്കുമാറ് അനുഗ്രഹമാകുമെന്ന് മറിയം പഠിപ്പിക്കുന്നു.
പരിശുദ്ധ മറിയമേ, അങ്ങയെപ്പോലെ ദൈവത്തോട് ആമ്മേന്‍ പറയാനും അതുവഴി അനൃഗൃഹീതരാകാനും ഞങ്ങളെ സഹായിക്കണമേ.

ജോര്‍ജ് ജോസഫ്