അന്ന് പുതുഞായറാഴ്ച. പതിവിലും വളരെ നേരത്തെ പള്ളിയില്‍ പോയി. ധാരാളം കരുണക്കൊന്തകള്‍ ചെല്ലണം, ഈശോയുമൊത്ത് കുറച്ചുനേരം സ്വസ്ഥമായി ഇരിക്കണം എന്ന ഉദ്ദേശ്യത്തോടുകൂടി. പള്ളിയില്‍ പ്രവേശിച്ചയുടനെ ആദ്യം എനിക്ക് വേണ്ടിത്തന്നെ ഒരു കരുണക്കൊന്ത ചൊല്ലാം എന്ന് വിചാരിച്ചു, ”ഈശോയുടെ അതിദാരുണമായ പീഡാസഹനങ്ങളെപ്രതി പിതാവേ, പാപിയായ എന്റെമേല്‍ കരുണയായിരിക്കേണമേ….”
അങ്ങനെ കരുണക്കൊന്ത ചൊല്ലി പൂര്‍ത്തിയാക്കി. പെട്ടെന്ന് ഈശോ ഒരു ചോദ്യം ചോദിച്ചു, ”എന്റെ പിതാവ് എപ്രകാരം നിന്നോട് കരുണ കാണിക്കും എന്നാണ് നീ വിചാരിക്കുന്നത്?” ഞാന്‍ ഇങ്ങനെ ഒരു ചോദ്യം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. മാത്രമല്ല ദൈവം എപ്രകാരമാണ് എന്നോട് കരുണ കാണിക്കുന്നത് എന്നതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചിട്ടുമില്ല. പിന്നെ ഞാന്‍ ചിന്തിക്കാന്‍ തുടങ്ങി. പല അപകടങ്ങളില്‍നിന്നും ദൈവം എന്നെ രക്ഷിച്ചിട്ടുണ്ട്. ആധ്യാത്മികവും ഭൗതികവുമായ പല അനുഗ്രഹങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്. അപ്പോഴൊക്കെ ദൈവം എന്നോട് കരുണ കാണിച്ചു എന്ന് ഞാന്‍ പറയാറുണ്ട്. പക്ഷേ ഇപ്പോള്‍ ദൈവം എന്റെ പാപങ്ങള്‍ ക്ഷമിച്ചുകൊണ്ട് എന്നോട് കരുണ കാണിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.
അതുകൊണ്ട് ഞാന്‍ ഈശോയോട് പറഞ്ഞു, എന്റെ പാപം ക്ഷമിച്ചുകൊണ്ട് ദൈവം എന്നോട് കരുണ കാണിക്കണം എന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്. യേശു പറഞ്ഞു, ”അതുക്കും മേലെ, അതുക്കും മേലെയാണ് ദൈവം നിന്നോട് കരുണ കാണിച്ചിരിക്കുന്നത്. ദൈവം നിന്റെ പാപങ്ങള്‍ ക്ഷമിക്കുക മാത്രമല്ല ചെയ്തത്. തന്റെ ആത്മാവിനെത്തന്നെ നിന്നിലേക്ക് വര്‍ഷിച്ച് തന്റെ പുത്രിയായി സ്വീകരിച്ചുകൊണ്ടാണ് ദൈവം നിന്നോട് അനന്തകാരുണ്യം കാണിച്ചിരിക്കുന്നത്.”
ഇതുകേട്ട് ദൈവം എന്നോട് കാണിച്ച അനന്ത കാരുണ്യത്തെ ഓര്‍ത്ത് ഞാന്‍ കരഞ്ഞുപോയി. ധൂര്‍ത്തപുത്രന്റ ഉപമയാണ് എനിക്കപ്പോള്‍ ഓര്‍മ വന്നത്. ധൂര്‍ത്തപുത്രന്‍ തന്റെ പിതാവിനോട് ആവശ്യപ്പെട്ടത് ‘നിന്റെ ദാസനായി എന്നെ സ്വീകരിക്കണ’മെന്നാണ്. അതായത് ഞാന്‍ ആവശ്യപ്പെട്ടതുപോലെ ‘എന്റെ പാപങ്ങള്‍ ക്ഷമിക്കണം’ എന്നുമാത്രം. പക്ഷേ പിതാവ് ചെയ്തതോ മേല്‍ത്തരം വസ്ത്രം നല്‍കി കൈയില്‍ മോതിരവും കാലില്‍ ചെരിപ്പും അണിയിച്ച് തന്റെ പുത്രനായി സ്വീകരിച്ചു. അതുപോലെ എന്റെ ദൈവം തന്റെ ആത്മാവിനെത്തന്നെ നല്‍കി എന്നെ പുത്രിയായി സ്വീകരിച്ചിരിക്കുന്നു.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്, ”ദൈവസ്‌നേഹം പുഷ്പമാണ്. കരുണ അതിന്റെ ഫലവും.” എനിക്ക് ഈശോ മനസിലാക്കിത്തന്നത് ഇങ്ങനെയാണ്, ദൈവത്തിന്റെ സ്‌നേഹം യേശുവാണ്, കരുണ പരിശുദ്ധാത്മാവും.
തന്റെ ഏകജാതനായ യേശുവിനെ നല്‍കിക്കൊണ്ട് ദൈവം തന്റെ സ്‌നേഹവും (യോഹന്നാന്‍ 3/16) പുത്രസ്വീകാരത്തിന്റെ ആത്മാവായ പരിശുദ്ധാത്മാവിനെ നല്‍കിക്കൊണ്ട് (റോമാ 8/15) കാരുണ്യവും ദൈവം എന്നോട് പ്രദര്‍ശിപ്പിച്ചു. അങ്ങനെ ദൈവം എന്റെ പിതാവും ഞാന്‍ അവിടുത്തെ മകളുമായി.
പ്രാര്‍ത്ഥന: ദൈവത്തിന്റെ അനന്തകാരുണ്യമായ പരിശുദ്ധാത്മാവേ, ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു.