കയ്യിലുണ്ട് ആ താക്കോല്‍ – Shalom Times Shalom Times |
Welcome to Shalom Times

കയ്യിലുണ്ട് ആ താക്കോല്‍

കുറച്ച് നാളുകള്‍ക്ക് മുമ്പ് പരിചയപ്പെട്ട ഒരമ്മയുണ്ട്. ഭിന്നശേഷിക്കാരനായ ഫൗസ്റ്റോ എന്ന മകനെയും കൂട്ടിക്കൊണ്ട് ഇറ്റലിയിലുള്ള ആ ദൈവാലയത്തോട് ചേര്‍ന്ന് കുട്ടികള്‍ക്ക് കളിക്കാനുള്ള സ്ഥലത്ത് ബില്യാര്‍ഡ്‌സ് കളിക്കാന്‍ എത്തുന്ന ഒരമ്മ.

എല്ലാ ദിവസവും വൈകുന്നേരം മകനെ വീല്‍ചെയറിലിരുത്തി ആ അമ്മയെത്തും. എണ്‍പതിലേറെ പ്രായമുണ്ട് ആ അമ്മയ്ക്ക്. കളിതുടങ്ങി തന്റെ ഊഴമെത്തുമ്പോള്‍ ചതുരബോര്‍ഡിലൂടെ വെള്ളകുഞ്ഞിപ്പന്ത് തട്ടി ബാക്കിയുള്ള കുഞ്ഞിപ്പന്തുകളെ കുഴിയില്‍ വീഴിക്കുമ്പോള്‍ ആ മകന്‍ കാണിക്കുന്നൊരു സന്തോഷമുണ്ട്. ഗോളടിച്ചിട്ട് ഫുട്‌ബോള്‍ താരം മെസി കാണിക്കുന്ന സന്തോഷത്തോളം വരുമത്. വീല്‍ചെയറിലിരുന്നു വൈകല്യം പേറുന്ന ശരീരം കൊണ്ടാണ് കളിക്കുന്നതെന്നോര്‍ക്കണം.

ചില കളികള്‍ക്കൊടുവില്‍ താനാണ് ജയിച്ചതെന്ന് ബാക്കിയുള്ളവര്‍ പറയുമ്പോള്‍ വീല്‍ചെയര്‍ കുലുങ്ങുമാറ് ഒരു ചിരിയാണ്… ഈ ഭൂമിയില്‍ നഷ്ട്ടപ്പെട്ട സന്തോഷത്തിന്റെ സ്വര്‍ഗം ആ മകന് തുറന്നു കൊടുക്കുകയാണമ്മ.

ചുരുക്കുന്നു ഈ കുറിപ്പ്. എപ്പോഴോ കേട്ടൊരു കഥയോടെ…
”’സ്വര്‍ഗത്തിന്റെ താക്കോല്‍ പത്രോസിന്റെ കൈയിലാണത്രേ….” ആ വാക്കുകള്‍ക്കൊപ്പം കാറ്റിക്കിസം ടീച്ചറുടെ ഒരു ചോദ്യവും, ”സ്വര്‍ഗത്തിന്റെ താക്കോല്‍ കാണണോ?”
ഉറക്കെയായിരുന്നു പിള്ളേരുടെ ഉത്തരം; ”കാണണം, എവിടെയാ?”
മറുപടി ഞെട്ടിച്ചു, ”നിങ്ങളുടെ കയ്യിലേക്ക് നോക്ക്!”
കുട്ടികള്‍ കൂവിയാര്‍ത്തു, ”എവിടെ? കാണാനില്ലല്ലോ?”

അപ്പോള്‍ ചിരിച്ചുകൊണ്ട് ടീച്ചറിന്റെ വാക്കുകള്‍, ”അവിടെത്തന്നെ ഉണ്ടെന്നേ… നിങ്ങളുടെ ഉറ്റവരുടെ സ്വര്‍ഗത്തിന്റെ താക്കോല്‍ നിങ്ങളുടെ കയ്യിലാണ് ഇരിക്കുന്നത്. നിങ്ങളാണ് അവര്‍ക്ക് സന്തോഷത്തിന്റെ സ്വര്‍ഗവും ദുഃഖത്തിന്റെ നരകവും തീര്‍ക്കുന്നത്!”

കുട്ടികള്‍ വിടര്‍ന്ന കണ്ണുകളോടെ നോക്കിയിരുന്നു. വീണ്ടും ടീച്ചറുടെ സ്വരം അവരുടെ കാതുകളില്‍ മുഴങ്ങി, ”ചിലരുടെ സ്വര്‍ഗത്തിന്റെ താക്കോല്‍ കളഞ്ഞു പോയിട്ടുണ്ട്. കൂടെയുള്ളവര്‍ അവര്‍ക്കത് കണ്ടെത്തിക്കൊടുക്കണേ.”

”മറ്റുള്ളവര്‍ നിങ്ങള്‍ക്ക് ചെയ്തുതരണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നതെല്ലാം നിങ്ങള്‍
അവര്‍ക്ക് ചെയ്യുവിന്‍” (മത്തായി 7/12) ന്മ

ഫാ. റിന്റോ പയ്യപ്പിള്ളി