ഓ ദൈവമേ, അങ്ങേക്ക് എന്തുപറ്റി? അങ്ങെന്താണ് ഒരു ശത്രുവിനെപ്പോലെ എന്നെ നേരിട്ടാക്രമിക്കുന്നത്? അവിടുത്തെ വിശ്വസ്തതയും വാഗ്ദാനങ്ങളും എവിടെ? എവിടെപ്പോയി അവിടുത്തെ അചഞ്ചലസ്നേഹം? അവിടുത്തെ പ്രിയജനമായ ഇസ്രായേലിനെ (ഞങ്ങളെ) ചെങ്കടല്‍ പിളര്‍ന്ന് സുരക്ഷിത സ്ഥലമായ കാനാനിലേക്ക് നയിച്ച ഇസ്രായേലിന്റെ നായകനും ദൈവവുമായ കര്‍ത്താവേ, അങ്ങ് ഇന്ന് എവിടെയാണ്? അങ്ങ് ഞങ്ങളെ തീര്‍ത്തും പരിത്യജിച്ചുകളഞ്ഞോ? ശത്രുക്കള്‍ നിന്റെ ജനമായ ഞങ്ങളെ ആക്രമിക്കുന്നതുകണ്ട് അങ്ങ് നിശബ്ദനായി കൈകെട്ടി ഇരിക്കുന്നത് എന്തുകൊണ്ട്? അങ്ങാണോ അവരെ ഞങ്ങള്‍ക്കെതിരേ നിയോഗിച്ചിരിക്കുന്നത്? അവിടുന്ന് സത്യമായും ഞങ്ങളുടെ ശത്രുപക്ഷത്തോ? നല്ല ദൈവമേ, ദയവായി ഞങ്ങള്‍ക്കുത്തരം തരേണമേ…!
ദൈവത്താല്‍ പരിത്യജിക്കപ്പെട്ട ഒരു പരാജിത ജനതയുടെ വിലാപത്തിന്റെ ഒരു ഏകദേശരൂപമാണ് മുന്‍പറഞ്ഞ വരികളിലൂടെ ഏശയ്യാ 63, 64 അധ്യായങ്ങളില്‍ നാം വായിച്ചറിയുന്നത്? ഈ വിലാപം ചിലപ്പോഴൊക്കെ ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ട വ്യക്തികളുടെയും സഭാസമൂഹങ്ങളുടെയും സ്ഥാപനങ്ങളുടെയും ഒക്കെ വിലാപമായി പരിണമിക്കാറുണ്ട്. കഴിഞ്ഞ കാലങ്ങളില്‍ ഞങ്ങളെ കരം പിടിച്ചും കരങ്ങളില്‍ വഹിച്ചും വഴി നടത്തിയ പരിപാലകനായ ദൈവം ഇന്നെവിടെ? അവിടുന്നെന്താ ഇന്ന് ഒരു ശത്രുവിനെപ്പോലെ എന്നെയും എന്റെ കുടുംബത്തെയും കൂട്ടായ്മകളെയും സ്ഥാപനങ്ങളെയും ഒക്കെ ആക്രമിക്കുന്നത്? ഈ ദൈവത്തിനിതെന്തുപറ്റി? ഓ ദൈവമേ… ഓ ദൈവമേ… അങ്ങ് എവിടെയാണ്?
ഒരു കാലഘട്ടത്തില്‍ വളരെ ശക്തമായി ദൈവത്താല്‍ നയിക്കപ്പെടുകയും എന്നാല്‍ ഇന്ന് തികച്ചും പരിത്യക്തനെപ്പോലെ കാണപ്പെടുകയും അതിലുമുപരിയായി ദൈവത്താല്‍ ആക്രമിക്കപ്പെടുന്നു എന്ന് അനുഭവിച്ചറിയുകയും ചെയ്യുന്ന പല വ്യക്തികളും സഭാസമൂഹങ്ങളും കുടുംബങ്ങളും ഇത് വായിക്കുന്നവരുടെ ഇടയിലുണ്ടാകാം. ദൈവത്തെ നിരന്തരം അന്വേഷിക്കുകയും പിന്‍ചെല്ലുകയും ചെയ്യുന്ന ഒരു ജനതയെന്നവണ്ണം നാമതിന്റെ കാരണങ്ങള്‍ ദൈവത്തോടുതന്നെ ആരായുന്നുമുണ്ടാകാം. നമ്മെത്തന്നെ ന്യായീകരിക്കുന്ന പല ഉത്തരങ്ങളും ദൈവം തന്ന ഉത്തരമെന്നു കരുതി നാം കണ്ടെത്തിയിട്ടുമുണ്ടാകാം. എന്നാല്‍ ഒരിക്കലും മാറാത്തവനായ ദൈവത്തിന്റെ മാറ്റമില്ലാത്ത വചനങ്ങള്‍ നമുക്ക് നല്കുന്ന ഉത്തരമെന്തെന്ന് പരിശോധിക്കാം.
എപ്പോഴാണ് ദൈവം അതിക്രൂരനായി പെരുമാറുന്നത്?
ഉത്തരം വളരെ ലളിതം! അത് ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കുമ്പോഴാണ്. ”അവരുടെ കഷ്ടതകളില്‍ അവിടുന്ന് ദൂതനെ അയച്ചില്ല. അവിടുന്നുതന്നെയാണ് അവരെ രക്ഷിച്ചത്. തന്റെ കരുണയിലും സ്നേഹത്തിലും അവിടുന്ന് അവരെ വീണ്ടെടുത്തു. കഴിഞ്ഞ കാലങ്ങളില്‍ അവിടുന്ന് അവരെ കരങ്ങളില്‍ വഹിച്ചു. എന്നിട്ടും അവര്‍ എതിര്‍ത്തു. അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. അതിനാല്‍ അവിടുന്ന് അവരുടെ ശത്രുവായിത്തീര്‍ന്നു. നേരിട്ട് അവര്‍ക്കെതിരെ യുദ്ധം ചെയ്തു (ഏശയ്യാ 63/9-10).
നോക്കണേ നല്ലവനായ ദൈവത്തിന്റെ ഹൃദയഭാവത്തിനു വന്ന വ്യതിയാനം! തന്റെ കരുണയാല്‍ അവരെ പരിപാലിച്ചു നയിച്ച ദൈവം ഇന്നിതാ അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു. ഈ ദൈവത്തിനിതെന്തു പറ്റി?
പ്രിയപ്പെട്ടവരേ, പറ്റിയത് ദൈവത്തിനല്ല നമുക്കാണ്. നാം അവിടുത്തെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിച്ചു. ദുഃഖിപ്പിക്കുക മാത്രമല്ല, പീഡിപ്പിക്കുകയും ചെയ്തു. നിരന്തരം തന്റെ സഭയെയും സഭാമക്കളെയും ഓര്‍ത്ത് നെഞ്ചു പൊട്ടി കരയുന്ന പരിശുദ്ധാത്മാവിന്റെ വിലാപം കേട്ട് വെറുതെയിരിക്കുവാന്‍ പിതാവായ ദൈവത്തിനാകുമോ? അവിടുന്ന് മഹാകരുണയുടെ പിതാവായിരിക്കുന്നതുപോലെ പ്രതികാരത്തിന്റെ ദൈവവുമാണ്.
ദൈവം പ്രതികാരം ചെയ്യുന്ന ഒരൊറ്റക്കാര്യം പരിശുദ്ധാത്മാവിനെതിരായ പാപമാണ്. കുറെക്കൂടി വ്യക്തമായി പറഞ്ഞാല്‍ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ ദുഃഖിപ്പിക്കുന്നതാണ്. യേശു തന്റെ പരസ്യജീവിതകാലത്ത് തന്റെ ശിഷ്യരോടും തനിക്ക് ചുറ്റും കൂടിയിരുന്നവരോടുമായി വ്യക്തമായി ഇതു പറയുന്നുണ്ട്. ഏതാണ് ഒരിക്കലും ക്ഷമ കിട്ടാത്ത പാപം? ”മനുഷ്യപുത്രനെതിരായി സംസാരിക്കുന്നവനോട് ക്ഷമിക്കപ്പെടും. എന്നാല്‍ പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ഒരിക്കലും ക്ഷമിക്കപ്പെടുകയില്ല” (ലൂക്ക 12/10). പരിശുദ്ധാത്മാവിനെതിരായി ദൂഷണം പറയുന്നവനോട് ക്ഷമിക്കപ്പെടുകയില്ലെങ്കില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണകളെ അവഗണിച്ചുകൊണ്ട് സ്വന്തം ഇഷ്ടമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്റെ ഗതി എന്തായിരിക്കും? ഇങ്ങനെയൊരു തെറ്റില്‍ നാം നിപതിച്ചുപോയിട്ടുണ്ടോ?
നമ്മുടെ ആത്മശോധനകളെ ഈ ഒരു വഴിക്ക് തിരിച്ചാല്‍ ശത്രുവായി നമുക്കെതിരെ പോരാടുന്ന ദൈവത്തിന്റെ കോപാഗ്നിയെ കെടുത്താന്‍ ഒരുപക്ഷേ നമ്മുടെ പശ്ചാത്താപത്തിന്റെ മിഴിനീരിനായെന്നിരിക്കും. തിരുവചനത്തിലൂടെ ദൈവം നമ്മളോട് മുന്നറിയിപ്പു തരുന്നു ”രക്ഷയുടെ ദിനത്തിനുവേണ്ടി നിങ്ങളെ മുദ്രിതരാക്കിയ ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ വേദനിപ്പിക്കരുത്” (എഫേസോസ് 4/30).
തന്റെ ജനത്തിന്റെ പാപം നിമിത്തം അമ്പുകളേറ്റു പിടയുന്ന വെള്ളരിപ്രാവായ പരിശുദ്ധാത്മാവിന്റെ ചിറകടിയും വിലാപവും ഇനിയെങ്കിലും നമ്മുടെ കര്ണപുടങ്ങളില് എത്തിയിരുന്നെങ്കില്‍ നമ്മുടെ വ്യക്തിജീവിതവും നമ്മുടെ കുടുംബവും സഭാസമൂഹങ്ങളും രക്ഷയുടെ സ്രോതസില്‍നിന്നും പാനം ചെയ്യാന്‍ ശക്തിയുള്ളവരായിത്തീര്ന്നേനേ.
പ്രിയജനം പക്ഷേ…
പരിശുദ്ധാത്മാവിന്റെ പ്രേരണകള്‍ക്കെതിരായി പ്രവര്‍ത്തിച്ചുകൊണ്ട് മുന്നേറുമ്പോഴും നാം നമ്മെക്കുറിച്ച് ധരിച്ചുവശായിരിക്കുന്നത് നാം ദൈവവിധികള്‍ ആരാഞ്ഞ് അവിടുത്തെ ഇഷ്ടപ്രകാരം മാത്രം പ്രവര്‍ത്തിക്കുന്ന ദൈവത്തിന്റെ പ്രിയപ്പെട്ട ജനം എന്നുതന്നെയാണ്. ഇതാ തിരുവചനങ്ങള്‍ അതു വ്യക്തമാക്കുന്നു. ”നീതി പ്രവര്‍ത്തിക്കുകയും തങ്ങളുടെ ദൈവത്തിന്റെ കല്പനകള് ലംഘിക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനതയെന്നോണം അവര്‍ ദിവസേന എന്നെ അന്വേഷിക്കുകയും എന്റെ മാര്‍ഗം തേടുന്നതില്‍ സന്തോഷിക്കുകയും ചെയ്യുന്നു. അവര്‍ എന്നോടു നീതിവിധികള്‍ ആരായുന്നു. ദൈവത്തോട് അടുക്കാന്‍ താല്പര്യം കാണിക്കുകയും ചെയ്യുന്നു. ഞങ്ങള്‍ എന്തിന് ഉപവസിച്ചു? അങ്ങ് കാണുന്നില്ലല്ലോ. ഞങ്ങള്‍ എന്തിന് ഞങ്ങളെത്തന്നെ എളിമപ്പെടുത്തി. അങ്ങ് ശ്രദ്ധിക്കുന്നില്ലല്ലോ” (ഏശയ്യാ 58/2-3) എന്ന് അവര്‍ പറയുകയും ചെയ്യുന്നു.
തുടര്‍ന്നുള്ള വചനങ്ങളില്‍ നാം കാണുന്നത് ഇങ്ങനെയെല്ലാം ദൈവത്തോട് ചോദിക്കുകയും പറയുകയും ചെയ്തതിനുശേഷം തന്നിഷ്ടപ്രകാരം ദൈവത്തോട് മറുതലിച്ചും സഹോദരങ്ങളോട് ക്രൂരമായി പെരുമാറിയും ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ മുറിപ്പെടുത്തിയും ജീവിക്കുന്ന ഒരു ജനത്തെയാണ്. നമ്മളും പലപ്പോഴും അങ്ങനെതന്നെയല്ലേ. ഇങ്ങനെയുള്ള നമ്മുടെമേലാണ് ദൈവത്തിന്റെ ശിക്ഷാവിധി അതികഠിനമായി വന്നുവീഴുക. ദൈവവചനത്തിനു കീഴ്വഴങ്ങാത്ത തന്നിഷ്ടക്കാരായ നമ്മെ നോക്കിയും ദൈവമിപ്രകാരം പറയുന്നില്ലേ ”മര്‍ക്കടമുഷ്ടിക്കാരേ, ഹൃദയത്തിലും കാതുകളിലും അപരിച്ഛേദിതരേ, നിങ്ങളിപ്പോഴും പരിശുദ്ധാത്മാവിനോട് മല്ലടിക്കുന്നു” (അപ്പസ്തോല പ്രവര്‍ത്തനങ്ങള്‍ 7/51).
ഈ മല്ലടി ദുരിതം കൊയ്യും
അകമേ പരിശുദ്ധാത്മാവിനോട് മല്ലടിക്കുന്ന ഒരു ജീവിതം നാം നയിച്ചാല്‍ അത് അനേക ദുരിതങ്ങള്‍ നമ്മുടെ ജീവിതത്തില്‍ വരുത്തിവയ്ക്കും. ദൈവം നമ്മെ ശത്രുവായി കരുതി നമുക്കെതിരെ ആക്രമണങ്ങള്‍ അഴിച്ചുവിടുന്ന അനുഭവവും നമ്മുടെ വ്യക്തിജീവിതത്തിലും കുടുംബജീവിതത്തിലും സഭാതലങ്ങളിലും സാമൂഹ്യജീവിതത്തിലും നാം നേരിടേണ്ടിവരും. കാരണം രണ്ടു വഞ്ചിയില്‍ കാല്‍വച്ചുള്ള നമ്മുടെ ജീവിതത്തിലൂടെ അവിടുത്തെ പരിശുദ്ധാത്മാവിനെ നാം വേദനിപ്പിക്കുകയും വല്ലാതെ ഞെരുക്കുകയും ചെയ്യുന്നു. ദൈവത്തിന്റെ ജനമെന്ന് അഭിമാനിക്കുന്ന നമ്മെ നോക്കി ദൈവവചനം ചോദിക്കുന്നതിതാണ്:
”ഇസ്രായേല്‍ അടിമയാണോ? അടിമയായി ജനിച്ചവനാണോ? അല്ലെങ്കില്‍ പിന്നെ എന്തിനാണ് അവന് ആക്രമണത്തിനിരയാകുന്നത്? സിംഹങ്ങള്‍ അവന്റെ നേരെ ഗര്‍ജിച്ചു. അത്യുച്ചത്തില്‍ അലറി. അവന്റെ നാട് അവ മരുഭൂമിയാക്കി. അവന്റെ നഗരങ്ങള്‍ നശിപ്പിച്ചു വിജനമാക്കി. മാത്രമല്ല മെംഫിസിലെയും തഹ്ഫാനിസിലെയും ആളുകള്‍ നിന്റെ ശിരസിലെ കിരീടം തകര്‍ത്തു. യാത്രയില്‍ നിന്നെ നയിച്ച ദൈവമായ കര്‍ത്താവിനെ ഉപേക്ഷിക്കുകവഴി നീ ഇവയെല്ലാം സ്വയം വരുത്തിവച്ചതല്ലേ? (ജറെമിയ 2/14-17).
ഒരു കാലഘട്ടത്തില്‍ ദൈവത്തിന്റെ ആത്മാവിനാല്‍ ശക്തമായി നയിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യപ്പെട്ടവരായിരിക്കാം നമ്മള്. എന്നാല്‍ പിന്നീടങ്ങോട്ട് നമ്മുടെ താന്‍പോരിമയും തന്നിഷ്ടപ്രാരമുള്ള ജീവിതവുംമൂലം ഭക്തിയുടെയും ഭക്താഭ്യാസങ്ങളുടെയും മറവില്‍ പരിശുദ്ധാത്മാവിന്റെ പ്രേരണകളെയും വഴിനടത്തിപ്പിനെയും അവഗണിച്ചുകൊണ്ട് തന്നിഷ്ടപ്രകാരം ഒരു ജീവിതം നയിച്ച് ദൈവത്തിനെതിരെ പടപൊരുതുന്നവരായിരിക്കാം നമ്മള്. അതുതന്നെയായിരിക്കാം നാം നേരിടുന്ന പല പരാജയങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും കാരണം. നമ്മുടെ ജീവിതയാത്രയില്‍ നമുക്കെതിരെ പോരാടുന്ന അനേകരെ നാം കാണുന്നു. എന്നാല്‍ അത്യുന്നതനായ ദൈവം തന്നെയാണോ എന്റെ ശത്രുപക്ഷത്ത് എന്ന് നാം അധികം ചിന്തിക്കാറില്ല. ഈ ചെറുലേഖനം അങ്ങനെയൊരു ആത്മശോധനയിലേക്കുള്ള വഴിത്തിരിവായിത്തീരട്ടെ എന്ന് ഞാന്‍ ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുകയാണ്.
നമ്മുടെ ജീവിതത്തില്‍ നാം നേരിടുന്ന നിരവധിയായ പ്രതികൂലങ്ങളുടെയും ഞെരുക്കങ്ങളുടെയും എല്ലാം കാരണം ദൈവത്തിന്റെ പ്രതികാരമായിരിക്കണം എന്ന് യാതൊരു നിര്‍ബന്ധവുമില്ല. മറ്റനേക കാരണങ്ങള്‍കൊണ്ടും നാം ഞെരുക്കപ്പെടാം. യേശു പറഞ്ഞു: ”ലോകത്തില്‍ നിങ്ങള്‍ക്ക് ഞെരുക്കമുണ്ടാകും. എന്നാല്‍ ധൈര്യമായിരിക്കുവിന്‍. ഞാന്‍ ലോകത്തെ കീഴടക്കിയിരിക്കുന്നു.” അതേസമയം തന്നെ പരിശുദ്ധാത്മാവ് നമ്മളോടു പറയുന്നു. ”ഇന്നു നിങ്ങള്‍ അവിടുത്തെ സ്വരം ശ്രവിക്കുമ്പോള്‍ മരുഭൂമിയിലെ പരീക്ഷണകാലത്തുണ്ടായ പ്രകോപനത്തിലെന്നതുപോലെ നിങ്ങളുടെ ഹൃദയം കഠിനമാക്കരുത്” (ഹെബ്രായര്‍ 3/8). യഥാര്‍ത്ഥമായ ഒരു ആത്മശോധനയ്ക്കും തിരിച്ചറിവിനുമുള്ള വരം ലഭിക്കാന്‍ നമുക്ക് ദൈവാത്മാവിനോട് പ്രാര്‍ത്ഥിക്കാം. അവിടുന്ന് നമ്മെ വഴി നടത്തട്ടെ, ആമ്മേന്‍. ”ആവേ മരിയ”
സ്റ്റെല്ല ബെന്നി