പാദ്രെ പിയോക്ക് ‘കൊടുത്ത പണി’ – Shalom Times Shalom Times |
Welcome to Shalom Times

പാദ്രെ പിയോക്ക് ‘കൊടുത്ത പണി’

മുറിയില്‍ തനിച്ചിരുന്നു ബോറടിച്ചു. കട്ടിലില്‍ കിടന്ന് മുകളിലേക്ക് നോക്കിയപ്പോള്‍ ചുമരില്‍ ഒരു പുള്ളിക്കാരന്‍ നെഞ്ച് വിരിച്ചിരിക്കുന്നു. കുറച്ചു കാലം മുന്‍പ് എന്റെ കൂട്ടുകാരി സമ്മാനിച്ചതാണ്. ആ ചുവര്‍ചിത്രത്തിലേക്ക് കുറച്ചു നേരം നോക്കിക്കിടന്നു. ചിത്രം വിശുദ്ധ പാദ്രെ പിയോയുടേതാണ്. ഇതിപ്പോള്‍ കാലം കുറെ ആയി പുള്ളിക്കാരന്‍ എന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു. പക്ഷേ ഞാന്‍ അത്ര മൈന്‍ഡ് ചെയ്തിട്ടില്ല. ഇന്ന് അസാധാരണമായ എന്തോ സംഭവിക്കുന്നപോലെ… ഹൃദയത്തില്‍ ഒരു ചലനം. ഒരു പ്രത്യേകസ്‌നേഹം ഈശോയുടെ കൂട്ടുകാരനോട്.
ഞാന്‍ ഒരിക്കല്‍പ്പോലും പ്രാര്‍ത്ഥനാനിയോഗവുമായി അദ്ദേഹത്തെ ബുദ്ധിമുട്ടിച്ചിട്ടില്ല എന്ന ആത്മവിശ്വാസത്തില്‍ കുറച്ച് സമയം കിടന്നു. മനസ്സില്‍ ഒരു ആഗ്രഹം നിറഞ്ഞു വരുന്നു. വിശുദ്ധ പാദ്രെ പിയോയെക്കുറിച്ച് കൂടുതല്‍ അറിയണം, വിശുദ്ധനെ കൂട്ടുപിടിക്കണം.

തൊട്ടടുത്ത ദിവസങ്ങളില്‍ അദ്ദേഹത്തിന്റെ ജീവിതം ആസ്പദമാക്കിയ സിനിമ കണ്ടു. അടുക്കി വച്ചിരിക്കുന്ന പുസ്തകക്കെട്ടുകള്‍ക്കിടയില്‍നിന്ന് ജീവചരിത്രം വലിച്ചെടുത്തു വായിച്ചു. ഓ! ഹൃദയം നിറയുന്ന ഒരനുഭവം.
വിശുദ്ധ കുര്‍ബ്ബാന ഉയര്‍ത്തിപ്പിടിച്ചുള്ള മണിക്കൂറുകള്‍ നീണ്ട ദിവ്യബലി. നാല് മണിക്കൂര്‍ മാത്രം ഉറങ്ങിക്കൊണ്ട് ബാക്കി ഏറിയ സമയവും കുമ്പസാരക്കൂടിനെ അള്ളിപ്പിടിച്ചിരുന്ന മനുഷ്യന്‍. ആത്മാക്കളുടെ രക്ഷക്കുവേണ്ടി ഓടിനടന്ന നസ്രായന്റെ കൂട്ടുകാരന്‍. ഒരു ദിവസം നാല്പതോളം ജപമാല ചൊല്ലി സ്വര്‍ഗത്തിലേക്ക് കയറാന്‍ ലിഫ്റ്റ് ഉണ്ടാക്കിയ മഹാന്‍. അദ്ദേഹത്തെപ്പോലെ ദൈവത്തെ സ്‌നേഹിക്കണമെന്ന് ആഗ്രഹം തോന്നിക്കുന്ന ജീവിതം.

ആ നരച്ച താടിയിലൂടെ വിരലുകള്‍ ഓടിച്ചു. ചുവര്‍ചിത്രത്തില്‍ കണ്ണീരില്‍ കുതിര്‍ന്ന സ്‌നേഹചുംബനം. ഈശോയെ ഞാന്‍ തിരിഞ്ഞൊന്ന് നോക്കി. ഈശോക്ക് അസൂയ ഉണ്ടോ എന്നറിയാന്‍. ഈശോയുടെയും വിശുദ്ധ പാദ്രെ പിയോയുടെയും കണ്ണുകള്‍ പരസ്പരം എന്തോ സംസാരിക്കുന്ന പോലെ. ഈശോ എന്തായിരിക്കും പറഞ്ഞിട്ടുണ്ടാവുക? ‘മോനേ പിയോ, നിന്നോട് എത്ര നന്ദി പറഞ്ഞാലാ മതിയാവുക? ഈ കൊച്ചുകാന്താരിയെ കൊണ്ടു നടക്കാന്‍ എനിക്കൊരു സഹായിയെ കിട്ടിയല്ലോ.’ അങ്ങനെ ആയിരിക്കാനാണ് സാധ്യത. ഈശോക്ക് എന്തായാലും ആശ്വാസമായിക്കാണണം.

ഒരു സംശയം ബാക്കി. വിശുദ്ധ പാദ്രെ പിയോക്ക് എന്നോട് സ്‌നേഹം ഉണ്ടോ? അറിയാന്‍ എന്താണ് ഒരു വഴി? അന്ന് വൈകിട്ടാണ് ഒരു സംഭവം നടന്നത്. എന്റെ സുഹൃത്തിന്റെ കയ്യില്‍ വിശുദ്ധ പാദ്രെ പിയോയുടെ രണ്ടു തിരുശേഷിപ്പുകള്‍ കണ്ടു. ചെറിയൊരു അസൂയ മനസ്സില്‍ കടന്നു. എങ്കിലും തിരുശേഷിപ്പ് ചുംബിച്ച് തിരിച്ചേല്‍പ്പിച്ചു. മുറിയിലെത്തിയപ്പോള്‍ ഞാനും എന്റെ പിയോയും തമ്മില്‍ അടിയായി. എന്നോട് സ്‌നേഹം ഉണ്ടെന്നു തെളിയിക്കാന്‍ പിയോക്ക് ഒരു അവസരം നല്കാന്‍ തീരുമാനിച്ചു. എന്നോടുള്ള സ്‌നേഹത്തിന് തെളിവായി രണ്ടു തിരുശേഷിപ്പുകളില്‍ ഒന്ന് എനിക്ക് കൊണ്ടു വന്നു തരണം. ഇതാണ് ഡിമാന്‍ഡ്.

തങ്ങള്‍ക്കു ലഭിക്കാറുള്ള ‘കിടിലന്‍ പണികള്‍’ വഴിമാറി പോവുന്നത് കണ്ട് ഈശോയും മാതാവും ആശ്വസിച്ചിട്ടുണ്ടാവണം. വിശുദ്ധ പിയോക്കു ‘പണി കൊടുത്ത’ സന്തോഷത്തില്‍ ഞാന്‍ പുതച്ചുമൂടി കിടന്നു. രാവിലെ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് പോയി. മുറിയിലേക്ക് തിരിച്ചു വരുമ്പോഴാണ് ഒരു സംഭവം നടക്കുന്നത്. എന്റെ സുഹൃത്ത് നടന്നു വരുന്നു. കൈകള്‍ നീട്ടാന്‍ ആവശ്യപ്പെടുന്നു. വിശുദ്ധ പിയോയുടെ ഒരു തിരുശേഷിപ്പ് എന്റെ കൈകളിലേക്ക് നല്‍കുന്നു!! ഇത് തരാന്‍ എനിക്ക് മനസ്സില്‍ തോന്നി എന്നും കൂട്ടിച്ചേര്‍ത്തു!
വിശ്വസിക്കാന്‍ കഴിയുന്നില്ല. കണ്ണുകള്‍ നിറഞ്ഞു. മുറിയില്‍ വന്ന് പൊട്ടിക്കരഞ്ഞു. പിയോ അപ്പച്ചാ എന്ന് വിളിച്ചു കെട്ടിപ്പിടിച്ചു. ഇത്രയും സ്‌നേഹം ഉണ്ടെന്നറിഞ്ഞപ്പോള്‍ ഈശോക്കും മാതാവിനും നന്ദി പറഞ്ഞു, ഒരു ചങ്ക് കൂട്ടുകാരനെ തന്നതിന്….

അധികം വൈകാതെ അവധിക്ക് നാട്ടില്‍ എത്തി. വിശുദ്ധ പാദ്രെ പിയോയുടെ ഒരു തിരുസ്വരൂപവും വിശുദ്ധന്റെ സൂക്തങ്ങളുടെ പുസ്തകവും വാങ്ങാന്‍ ആഗ്രഹിച്ചു. പലയിടത്തും കയറിയിറങ്ങി. ഒരിടത്തും കിട്ടിയില്ല. മനസ്സില്‍ വല്ലാത്ത സങ്കടം. ചില കടകളില്‍ പതിവായി ഒരേ ചോദ്യവുമായി കടന്നു ചെന്നു. അവധി കഴിഞ്ഞു പോകാന്‍ ഒരു ദിവസം മാത്രം ബാക്കി.

വീണ്ടും ഭീഷണിയുമായി പിയോയുടെ അടുത്തേക്ക് പോയി. പോകാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു. അടുത്ത ദിവസം വൈകിട്ടാണ് ഫ്‌ളൈറ്റ്. രാവിലെ വീണ്ടും പതിവായി പോകുന്ന ഒരു കടയിലേക്ക് ചെന്നു. എന്നെ അകലെനിന്ന് കണ്ടപ്പോള്‍ത്തന്നെ കടക്കാരന്‍ അകത്തേക്ക് ഓടുന്നു. എന്റെ നിരന്തര ശല്യം മടുത്ത് ഒളിച്ചതാകും എന്ന് കരുതി. ഉടനെ അയാള്‍ കയ്യില്‍ ഒരു പൊതിക്കെട്ടുമായി വന്നു. ‘മോളെ പാദ്രെപിയോക്കു ഭയങ്കര ഇഷ്ടം ആണല്ലോ” എന്ന് പറഞ്ഞുകൊണ്ട് പൊതി തുറന്നു. ഞാന്‍ സ്വര്‍ഗത്തിലാണോ ഭൂമിയിലാണോ എന്ന് വിശ്വസിക്കാന്‍ പ്രയാസം. മുന്നില്‍ നില്‍ക്കുന്നു വിശുദ്ധ പാദ്രെ പിയോ!

”ഇന്ന് രാവിലെ എത്തിയതേ ഉള്ളൂ, വേറെ ആരും കൊണ്ടു പോകാതിരിക്കാന്‍ ഒളിച്ചുവച്ചതാ മോള്‍ക്ക് വേണ്ടി.” അയാള്‍ കൂട്ടിച്ചേര്‍ത്തു. പക്ഷേ പാദ്രെ പിയോ സൂക്തങ്ങള്‍ വന്നിട്ടില്ല. അത് അടുത്ത ലീവിന് വരുമ്പോള്‍ കൊണ്ടുപോവാം എന്ന് അയാള്‍ ആശ്വാസവാക്കുകള്‍ നല്‍കി. വാശി പിടിച്ചത് കിട്ടാതെ ഒരടി പിന്നോട്ടില്ലെന്ന് മനസ്സില്‍ കുറിച്ചു. പുസ്തകങ്ങള്‍ നിറച്ചു വച്ചിരിക്കുന്ന ഹാളില്‍ അങ്ങോട്ടും ഇങ്ങോട്ടും നടന്നു പല തവണ.

പെട്ടെന്ന് പുസ്തകക്കെട്ടുകള്‍ക്കിടയില്‍ ഒരു ചെറുപുസ്തകം അല്പം പൊടി പിടിച്ച് വീണുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടു. പുസ്തകങ്ങള്‍ മാറ്റാതെ അത് എടുക്കാനും കഴിയുന്നില്ല. ഷോപ്പിലെ സഹോദരനെ വിളിച്ച് കാര്യം പറഞ്ഞു. ഒഴിവു കഴിവ് പറഞ്ഞെങ്കിലും എന്റെ ദയനീയ മുഖം കണ്ട് അദ്ദേഹം പുസ്തകം എടുത്തു നോക്കി. ഏതോ അത്ഭുതജീവിയെ നോക്കുംപോലെ അദ്ദേഹം പുസ്തകം എന്റെ നേരെ നീട്ടി, ‘വിശുദ്ധ പാദ്രെ പിയോ സൂക്തങ്ങള്‍!’
വലിയ സമ്മാനം കിട്ടിയ കുഞ്ഞിനെപ്പോലെ ഞാന്‍ സന്തോഷത്താല്‍ തുള്ളിച്ചാടി. വൈകിട്ട് ഞങ്ങള്‍ ദുബായിലേക്ക് പറന്നു. ദുബായിലെ മുറിയില്‍ സുരക്ഷിതമായി തിരിച്ചെത്തി.

എന്നോട് സ്‌നേഹം മൂത്ത് സ്വര്‍ഗത്തില്‍നിന്ന് ഫ്‌ളൈറ്റ് ചാര്‍ട്ട് ചെയ്തു വന്ന പിയോ അപ്പച്ചനെ നെഞ്ചോടു ചേര്‍ത്തപ്പോള്‍ ചുവര്‍ചിത്രത്തില്‍ ഇരുന്ന് പുള്ളിക്കാരന്‍ ഈശോയെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു, ആദ്യപരീക്ഷണം വിജയിച്ച സന്തോഷത്തില്‍…
വിശുദ്ധ പാദ്രെ പിയോ, അങ്ങയെപ്പോലെ ദൈവത്തെ സ്‌നേഹിക്കാന്‍ എന്നെയും പഠിപ്പിക്കണമേ.

ആന്‍ മരിയ ക്രിസ്റ്റീന