എന്നും ദൈവാലയത്തില്‍ മണി അടിക്കുന്നതിനുമുമ്പേ എഴുന്നേറ്റ് പ്രാര്‍ത്ഥിക്കുന്ന ദമ്പതികളായിരുന്നു അവര്‍. അനുഗൃഹീതമായ ഒരു കുടുംബം. എങ്കിലും അവര്‍ക്ക് ജനിച്ച മൂന്ന് പെണ്‍മക്കളും കുഞ്ഞിലേതന്നെ മരിച്ചുപോയത് അവരെ വല്ലാതെ സങ്കടപ്പെടുത്തി. ആശ്വാസത്തിനായും ഒരു പെണ്‍കുഞ്ഞ് ജനിക്കുന്നതിനായും പല ദൈവാലയങ്ങളിലും പോയി പ്രാര്‍ത്ഥിച്ചിരുന്നു. ഉപവാസമെടുത്ത് കരഞ്ഞ് പ്രാര്‍ത്ഥിക്കുന്നതും പതിവ്. ഒടുവില്‍ ദൈവം അവര്‍ക്ക് ആണ്‍മക്കള്‍ക്കൊപ്പം ഒരു പെണ്‍കുഞ്ഞിനെ നല്കി. പക്ഷേ ആ കുഞ്ഞിന്റെ ജീവന്‍ നഷ്ടപ്പെടുമോ എന്ന് സംശയിക്കുന്ന അവസ്ഥകളാണ് പിന്നീട് വന്നത്. ആ സമയത്ത് അവര്‍ കുഞ്ഞിനെ പരിശുദ്ധ മറിയത്തിന്റെയും വിശുദ്ധ യൗസേപ്പിന്റെയും പ്രത്യേകസംരക്ഷണത്തിനായി സമര്‍പ്പിച്ചു. പേരിട്ടതാകട്ടെ ജോസഫിന്‍ മേരി എന്നും.
അതിന്റെയെല്ലാം ഫലമെന്നു പറയാം, ആ കുഞ്ഞ് രക്ഷപ്പെട്ട് ജീവനിലേക്ക് തിരികെയെത്തി. അവള്‍ വളര്‍ന്ന് പ്രഥമദിവ്യകാരുണ്യം സ്വീകരിക്കുന്ന പ്രായമെത്തി. ആദ്യമായി ഈശോയെ തിരുവോസ്തിയായി സ്വീകരിച്ചപ്പോള്‍ അവള്‍ പ്രാര്‍ത്ഥിച്ചത് ഒരു നല്ല സന്യാസിനി ആകാനുള്ള അനുഗ്രഹത്തിനായാണ്. ഹൈസ്‌കൂള്‍ പഠനം കഴിഞ്ഞപ്പോള്‍ ആ ആഗ്രഹം വര്‍ധിച്ചുവന്നു. മാതാപിതാക്കളോടും സഹോദരങ്ങളോടും ഇക്കാര്യം പങ്കുവച്ചപ്പോള്‍ അവര്‍ക്ക് അത് സമ്മതമല്ലായിരുന്നു. പക്ഷേ അവള്‍ തന്റെ ആഗ്രഹത്തില്‍നിന്ന് പിന്‍മാറിയില്ല. ഒടുവില്‍ മാതാപിതാക്കള്‍ ഒരു പുനര്‍ചിന്തയ്ക്ക് തയാറായി. അവര്‍ പരസ്പരം സംസാരിക്കുന്നത് മകള്‍ കേട്ടത് ഇങ്ങനെയാണ്, ”ദൈവം നമുക്ക് ഒരു പെണ്‍കുഞ്ഞിനെ തന്ന് നമ്മെ ഒത്തിരി സന്തോഷിപ്പിച്ചു. ഇപ്പോള്‍ അതേ കുഞ്ഞിനെ ദൈവം ആവശ്യപ്പെടുന്നു. അതിനാല്‍ സമ്മതം നല്കാം.” അതിനെത്തുടര്‍ന്നാണ് തന്റെ ജനനത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അവള്‍ അറിഞ്ഞത്.
വിശുദ്ധ യൗസേപ്പിതാവിന്റെ സംരക്ഷണയില്‍ വളര്‍ന്ന ആ കുഞ്ഞ് അധികം വൈകാതെ സന്യാസിനിയായി. ഇന്ന് സന്യാസവിളിയില്‍ സന്തോഷത്തോടെ എണ്‍പത്തിയഞ്ച് വയസ് പൂര്‍ത്തിയാക്കാന്‍ ഭാഗ്യം ലഭിച്ച ആ സന്യാസിനി മറ്റാരുമല്ല, ഞാന്‍തന്നെ. എനിക്ക് നല്കപ്പെട്ട ദൈവവിളിയെയോര്‍ത്തും ദൈവം തന്ന കുഞ്ഞിനെ ദൈവത്തിന് തിരികെ സമര്‍പ്പിക്കണമെന്ന് ചിന്തിച്ച മാതാപിതാക്കളെയോര്‍ത്തും നല്ല ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നു.
പൂന്തുറ കനോഷ്യന്‍ കോണ്‍വെന്റ് അംഗമാണ്
സിസ്റ്റര്‍ ജോസ് മേരി.
സിസ്റ്റര്‍ ജോസ് മേരി ഫെര്‍ണാണ്ടസ്