വിദേശകാറും ദൈവികസന്ദേശവും – Shalom Times Shalom Times |
Welcome to Shalom Times

വിദേശകാറും ദൈവികസന്ദേശവും

ഡിഗ്രി പഠനകാലത്ത് പ്രാര്‍ത്ഥനയിലേക്ക് ഞാന്‍ തിരിച്ച് വരുന്നത് ബ്രദര്‍ എല്‍വിസ് കോട്ടൂരാന്‍ നയിച്ച ധ്യാനത്തിലൂടെയാണ്. അല്പനാള്‍ കഴിഞ്ഞ് പങ്കെടുത്ത വേറൊരു ധ്യാനത്തില്‍, രോഗശാന്തിവരമുള്ള ഒരു ബ്രദര്‍ എനിക്കുവേണ്ടി പ്രാര്‍ത്ഥിച്ചപ്പോള്‍ പറഞ്ഞ ഒരു സന്ദേശം, ‘വിദേശത്ത് കാര്‍ ഓടിക്കുന്നതായി കാണുന്നു’ എന്ന്.
എനിക്ക് സന്തോഷമായി. രണ്ട് ആഴ്ചക്കുള്ളില്‍ ഡ്രൈവിംഗ് ലൈസന്‍സിന്റെ ടെസ്റ്റ് ഉണ്ടായിരുന്നു. അത് വിജയിക്കുമെന്ന് ഉറപ്പായല്ലോ. മാത്രമല്ല ഡിഗ്രി പൂര്‍ത്തിയാവുമ്പോള്‍ വിദേശത്ത് നല്ല ജോലി കൂടി കിട്ടുമായിരിക്കും. ഈശോയ്ക്ക് സ്തുതി!

എന്തായാലും ഡ്രൈവിംഗ് ടെസ്റ്റ് വിജയിച്ചു, ലൈസന്‍സും കിട്ടി. പക്ഷേ അന്നൊന്നും വൈദിക ശുശ്രൂഷയാണ് എന്റെ വിളിയെന്ന് ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. വൈദികനാവാനുള്ള ആഗ്രഹം കുഞ്ഞുപ്രായത്തില്‍ ഉണ്ടായിരുന്നെങ്കിലും, പിന്നീട് ലോകത്തിന്റെ കുത്തൊഴുക്കില്‍ അത് ഒലിച്ച് പോയിരുന്നു. പക്ഷേ നാളുകള്‍ കഴിഞ്ഞപ്പോള്‍ എന്റെ വിളി ഞാന്‍ തിരിച്ചറിഞ്ഞ് സെമിനാരിയില്‍ പ്രവേശിച്ചു. അക്കാലത്ത് എപ്പോഴോ ഒരിക്കലാണ് ആ ബ്രദര്‍ പറഞ്ഞ സന്ദേശം ഓര്‍ത്തത്. ”എന്നാലും എന്ത് വലിയ തള്ളാണ് ആ മനുഷ്യന്‍ തള്ളിയത്? വിദേശത്ത് കാര്‍ ഓടിക്കുന്നെന്ന്, അതും ഈ സെമിനാരിയിലെ ഓരോ പണികളും ചെയ്ത് നടക്കുന്ന ഞാന്‍!!” ഇങ്ങനെയാണ് അപ്പോള്‍ എന്റെ ചിന്ത പോയത്.

അദ്ദേഹം വെറുതെ എന്നെ ഒന്ന് സന്തോഷിപ്പിക്കാന്‍ ‘കയ്യില്‍നിന്ന് ഇട്ട് ‘ പറഞ്ഞതാവും എന്ന് കരുതി.
എന്നാല്‍, ഏതാണ്ട് 16 വര്‍ഷങ്ങള്‍ക്കിപ്പുറം പഠനവും വൈദികശുശ്രൂഷയുമായി യു.എസിലാണ് ഞാന്‍ ഇപ്പോള്‍. അന്ന് ആ ബ്രദര്‍ പറഞ്ഞ സന്ദേശം ഞാന്‍ ഈയിടെ ഓര്‍ത്തു, ഇവിടെ ഒരു ദൈവാലയത്തിലേക്ക് കാര്‍ ഓടിച്ച് പോയപ്പോള്‍!
ദൈവത്തിന്റെ സന്ദേശങ്ങളും വാഗ്ദാനങ്ങളും നിറവേറുന്നത് നമ്മള്‍ വിചാരിക്കുന്ന സമയത്താവില്ല, മറിച്ച് അതിന്റെ ഏറ്റവും ഉദാത്തമായ സമയത്താണ്.

ചോദിക്കുന്ന എല്ലാവര്‍ക്കും സ്വര്‍ഗസ്ഥനായ പിതാവ് വാരിക്കോരി തരുമെന്ന്, സുവിശേഷത്തില്‍ ഈശോ വാക്ക് തരുമ്പോള്‍ ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നതും വേറൊന്നല്ല. ചോദിക്കണം, ഒപ്പം ദൈവത്തിന്റെ സമയത്തിനായി കാത്തിരിക്കണം. ഉടനടി കിട്ടിയില്ലെന്ന് കരുതി നിരാശപ്പെടരുത്. അപ്പന്റെ പദ്ധതിയനുസരിച്ച് നിറവേറാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടേയിരിക്കുക. ”നിരുത്സാഹരാകാതെ വിശ്വാസവും ദീര്‍ഘക്ഷമയുംവഴി വാഗ്ദാനത്തിന്റെ അവകാശികളായവരെ അനുകരിക്കുന്നവരാകണം നിങ്ങള്‍” (ഹെബ്രായര്‍ 6/12). കാരണം, എനിക്ക് ഏറ്റവും ഉപകാരപ്പെടുന്ന സമയമാണ് പിതാവിന്റെ ഹിതപ്രകാരമുള്ള സമയം.

ഫാ. ജോസഫ് അലക്‌സ്