ചിലരെയെങ്കിലും ‘കരയിപ്പി’ക്കണം! – Shalom Times Shalom Times |
Welcome to Shalom Times

ചിലരെയെങ്കിലും ‘കരയിപ്പി’ക്കണം!


ശാലോം ടി.വിയില്‍ ഈയടുത്ത നാളുകളില്‍ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന ഒരു പ്രോഗ്രാം ആണ്  ‘ഇറ്റ്‌സ് ഗോഡ്.’  തികച്ചും സാധാരണക്കാരായ മനുഷ്യരുടെ ജീവിതങ്ങളില്‍ കര്‍ത്താവ് നടത്തിയ ശക്തമായ ഇടപെടലുകളെക്കുറിച്ച് അവര്‍തന്നെ പങ്കുവയ്ക്കുന്ന പ്രോഗ്രാം. ആ അനുഭവങ്ങള്‍ കേള്‍ക്കുന്ന ആരും പറഞ്ഞുപോകും, ഇറ്റ്‌സ് ഗോഡ്, അത് കര്‍ത്താവാണ്!

ഒരു എപ്പിസോഡ് ഷൂട്ട് ചെയ്യുന്ന സമയത്ത് സംഭവിച്ചത് ഒരു അസാധാരണ കാര്യമായിരുന്നുവത്രേ. കട്ട് പറഞ്ഞയുടനെ അവതാരക കാമറയ്ക്കുമുന്നില്‍നിന്ന് ഓടിപ്പോയി. ഓടിപ്പോയത്  മറ്റൊന്നിനുമായിരുന്നില്ല, നിറഞ്ഞുതുളുമ്പിയ ദൈവസ്‌നേഹാനുഭവത്തില്‍ മനസുതുറന്നൊന്ന് കരയാനായിരുന്നു! കാരണം അതുപോലെ ഹൃദയം തൊടുന്ന പങ്കുവയ്ക്കലുകളായിരുന്നു ആ എപ്പിസോഡിലും ഉണ്ടായിരുന്നത്.

നമ്മുടെ ജീവിതത്തിലും അനേക തവണ ദൈവത്തിന്റെ ശക്തമായ ഇടപെടല്‍ സംഭവിച്ചിട്ടില്ലേ? പക്ഷേ എത്രത്തോളം നാം അത് തിരിച്ചറിഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്താറുണ്ട്? തികച്ചും
അത്ഭുതകരമായ രീതിയില്‍ ദൈവം ചെയ്ത വന്‍കാര്യങ്ങള്‍പോലും നിസാരമെന്ന മട്ടില്‍ കാണുന്ന അനേകരെ കണ്ടിട്ടുണ്ട്. വലിയ പ്രതിസന്ധികളില്‍നിന്ന് അത്ഭുതകരമായി കരകയറിക്കഴിയുമ്പോള്‍, തിന്മയുടെ സ്വാധീനങ്ങളില്‍നിന്ന് അവിശ്വസനീയമാംവിധം വിടുതല്‍ നേടിക്കഴിയുമ്പോള്‍, അതെല്ലാം കാലക്രമത്തില്‍ തികച്ചും സ്വാഭാവികമായി സംഭവിച്ചതാണെന്ന് ചിന്തിക്കുന്നവരുണ്ട്. എന്നാല്‍ വാസ്തവത്തില്‍ അതെല്ലാം ദൈവികമായ പ്രവൃത്തികളുടെ ഫലമാണ്. അത് ഏറ്റുപറഞ്ഞ് ദൈവത്തെ മഹത്വപ്പെടുത്താനും അനേകരെ അപ്രകാരം യേശു നല്കുന്ന രക്ഷയുടെ അനുഭവത്തിലേക്ക് ക്ഷണിക്കാനും വിളിക്കപ്പെട്ടവരാണ് നാമെല്ലാവരും.

ഓരോ മനുഷ്യരും വ്യത്യസ്തമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നവരും അതിനനുസരിച്ച് വ്യത്യസ്തമായ രക്ഷാകര അനുഭവം ആവശ്യമുള്ളവരുമായിരിക്കും. എന്നാല്‍ സകലര്‍ക്കും പാപമോചനവും രക്ഷയും നല്കുന്ന ഒരേയൊരു നാമമേയുള്ളൂ. അത് യേശുനാമമാണ്. നാം പങ്കുവയ്ക്കുന്ന സാക്ഷ്യത്തിലൂടെ യേശുവിനെ കണ്ടുമുട്ടേണ്ടവരുണ്ടാകും. അവരുടെ അവസരമാണ് നമ്മുടെ അപകടകരമായ മൗനം നിമിത്തം നഷ്ടമാകുന്നത്.

ഗെരസേനരുടെ നാട്ടില്‍വച്ച് ഈശോ ഒരു പിശാചുബാധിതനെ സുഖപ്പെടുത്തിയതിനുശേഷം അവനോട് പറയുന്നത് ശ്രദ്ധിക്കുക, ”നീ വീട്ടില്‍ സ്വന്തക്കാരുടെ അടുത്തേക്ക് പോവുക. കര്‍ത്താവ് നിനക്കുവേണ്ടി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ നിന്നോട് കരുണ കാണിച്ചുവെന്നും അവരെ അറിയിക്കുക” (മര്‍ക്കോസ് 5/19). അവന്‍ പോയി യേശു തനിക്കുവേണ്ടി എന്തെല്ലാം ചെയ്‌തെന്ന് ദെക്കാപ്പോളിസില്‍ പ്രഘോഷിക്കാന്‍ തുടങ്ങി. ജനങ്ങള്‍ അത്ഭുതപ്പെട്ടു എന്ന് തുടര്‍ന്ന് നാം വായിക്കുന്നു. ആ മനുഷ്യനിലൂടെ യേശുവിനെ സ്വീകരിച്ച് രക്ഷയുടെ അനുഭവം സ്വന്തമാക്കിയവര്‍ എത്ര പേരായിരിക്കാം! ഞാന്‍ ചെയ്തതെല്ലാം അവന്‍ എന്നോട് പറഞ്ഞു എന്ന സമരിയാക്കാരിസ്ത്രീയുടെ സാക്ഷ്യംമൂലം പട്ടണത്തിലെ അനേകം സമരിയാക്കാര്‍ യേശുവില്‍ വിശ്വസിച്ചു എന്ന് നാം യോഹന്നാന്‍ 4/39-ല്‍ വായിക്കുന്നുണ്ടല്ലോ.

അതിനാല്‍ നമുക്കും ഉചിതമായ സമയങ്ങളില്‍ നമ്മുടെ ജീവിതത്തിലെ ദൈവാനുഭവങ്ങള്‍ പങ്കുവയ്ക്കാം. അതുവഴി അനേകര്‍ യേശുവിനെ കണ്ടെത്തട്ടെ. ”ദൈവവചനം വളര്‍ന്നു വ്യാപിച്ചു”
(അപ്പസ്‌തോലപ്രവര്‍ത്തനങ്ങള്‍ 12/24) എന്ന തിരുവചനം യാഥാര്‍ത്ഥ്യമാവട്ടെ.
കര്‍ത്താവേ, അങ്ങ് എനിക്കായി എന്തെല്ലാം പ്രവര്‍ത്തിച്ചുവെന്നും എങ്ങനെ എന്നോട് കരുണ കാണിച്ചുവെന്നും പറയേണ്ടിടത്ത് പറയുവാന്‍
എനിക്ക് കൃപ നല്കിയാലും, ആമ്മേന്‍.