36 വയസായ എന്റെ ശരീരം അനുദിനം രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നു. 36*365 ദിനങ്ങളിലായി ഈ രൂപാന്തരം നടക്കുന്നു. ഇന്നത്തെ അവസ്ഥയല്ല നാളത്തേത്. ഇതുപോലെതന്നെയാണ് ആത്മാവിന്റെ കാര്യത്തിലും. ആത്മാവും അനുദിനം രൂപാന്തരപ്പെടേണ്ടതായുണ്ട്. അനുദിനകൂദാശകള്‍ നമ്മെ അതിന് സഹായിക്കുന്നു. മനസും രൂപാന്തരപ്പെടേണ്ടിയിരിക്കുന്നു. അതെങ്ങനെ സംഭവിക്കും?
മനസിന്റെ മാറ്റത്തിനാണ് മാനസാന്തരം എന്നുപറയുന്നത്. അത് സംഭവിക്കാത്തതുകൊണ്ടാണ് പ്രശ്‌നപ്രതിസന്ധികള്‍ തരണം ചെയ്യാന്‍ നമുക്ക് സാധിക്കാതെവരുന്നത്. ഒന്നാം ക്ലാസില്‍നിന്ന് രണ്ടിലെത്താന്‍ നാം പരീക്ഷ എഴുതുമല്ലോ. അത് വിജയിച്ചാല്‍ രണ്ടാം ക്ലാസില്‍, അല്ലെങ്കില്‍ ഒന്നാം ക്ലാസില്‍ത്തന്നെ. ഇതുപോലെതന്നെ നാം മനസിന്റെ പരീക്ഷയും വിജയിക്കേണ്ടിയിരിക്കുന്നു. മനസിന്റെ പരീക്ഷയാണ് നമുക്ക് അനുദിനം ദൈവം അനുവദിക്കുന്ന സഹനങ്ങള്‍. അതിനെ രണ്ട് രീതിയില്‍ കാണാം.
ഒന്ന്, അതിനെ ഒരു പ്രശ്‌നമായി കാണാം. അങ്ങനെ കണ്ടാല്‍ ഒരിക്കലും അതില്‍നിന്ന് കരകയറാന്‍ പറ്റില്ല. നാം പരീക്ഷയില്‍ പരാജയപ്പെടുന്നതുപോലെ പ്രശ്‌നത്തെ ഭയന്ന് ഓടിയൊളിച്ചാല്‍ ചെല്ലുന്നിടത്ത് അതിലും വലുത് നേരിടേണ്ടിവരും. പ്രശ്‌നത്തെ മാറ്റിവിടാനല്ല, അതിജീവിക്കാനാണ് ഗദ്‌സമനില്‍ ഈശോ പഠിപ്പിച്ചത്. പ്രശ്‌നത്തെ അതിജീവിക്കാനുള്ള കരുത്ത് ലഭിക്കുന്ന സ്ഥലമാണ് ഓരോ ഗദ്‌സമനിയും.
രണ്ടാമതായി, പ്രശ്‌നത്തെ ഒരു സാധ്യതയായി കാണാം. പ്രശ്‌നമില്ലാതെ പ്രശ്‌നപരിഹാരത്തിനുള്ള കഴിവ് നേടിയെടുക്കുന്നതെങ്ങനെ? ഓരോ പ്രശ്‌നങ്ങളും പ്രതിസന്ധികളും സാധ്യതകളാണ്. അതിനെ അതിജീവിക്കുമ്പോള്‍ ലഭിക്കുന്ന കഴിവുകളും കൃപകളും നമ്മെ ജീവിതവിജയത്തിന്റെ പടികള്‍ ചവുട്ടിക്കയറാനും ഉന്നതത്തില്‍ എത്തിക്കാനും സഹായിക്കുന്നു. ഇത് മനസിന്റെ പരീക്ഷ വിജയിച്ച് രണ്ടാം ക്ലാസില്‍ എത്തുന്നതുപോലെയാണ്. രണ്ടാം ക്ലാസില്‍ കൂടുതല്‍ കാര്യങ്ങള്‍ പഠിക്കുന്നു.
അതുപോലെ രണ്ടാം തരത്തില്‍ സഹനത്തിന്റെ തോതും വലുതായിരിക്കും. ഇങ്ങനെ, ഒന്നാം തരത്തിലെയും രണ്ടാം തരത്തിലെയും പരീക്ഷകള്‍ അതിജീവിച്ച് പത്താം ക്ലാസിലെത്തുമ്പോള്‍ ഒന്നിലും രണ്ടിലും വിഷമിക്കുന്ന അനേകം ആത്മാക്കളെ ദൈവം നമ്മുടെയടുത്തേക്ക് അയക്കും. അപ്പോള്‍ അവരെ നമ്മുടെ അനുഭവത്തിന്റെ വെളിച്ചത്തില്‍ സഹായിക്കാന്‍ സാധിക്കും. അതാണ് നമ്മുടെ ദൈവികശുശ്രൂഷ.
”നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ യേശുക്രിസ്തുവിനെ സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ ആദ്യം സഹിക്കാന്‍ പഠിക്കുക. കാരണം സഹനം സ്‌നേഹിക്കാന്‍ പഠിപ്പിക്കുന്നു, സ്‌നേഹം സഹനത്തെ അതിജീവിക്കുന്നു” (വിശുദ്ധ ജെമ്മാ ഗല്‍ഗാനി). ഓരോ സഹനങ്ങളും ഓരോ സാധ്യതയാണെന്ന് തിരിച്ചറിഞ്ഞ് മനസിനെ രൂപാന്തരപ്പെടുത്തി ഞാന്‍ മുപ്പത്തിയാറാം വയസില്‍ എത്തിക്കണം.
എങ്കിലേ മുപ്പത്തിയാറുകാരന്റെ പക്വത എനിക്കുണ്ടാവുകയുള്ളൂ. വിശുദ്ധ ഇഗ്നേഷ്യസ് ലയോള പറഞ്ഞുവയ്ക്കുന്നു, ”ദൈവം അനേകം സഹനങ്ങള്‍ അയക്കുന്നത് അവിടുത്തെ പദ്ധതിയനുസരിച്ച് നിന്നെ രൂപാന്തരപ്പെടുത്തി ഒരു വിശുദ്ധനാക്കുന്നതിനാണ്.” തിരുവചനം ഓര്‍മപ്പെടുത്തുന്നു, ”തന്റെ നിത്യമഹത്വത്തിലേക്ക് ക്രിസ്തുവില്‍ നിങ്ങളെ വിളിച്ചിരിക്കുന്ന അനുഗ്രഹദാതാവായ ദൈവം നിങ്ങളെ അല്‍പകാലത്തെ സഹനത്തിനുശേഷം പൂര്‍ണരാക്കുകയും സ്ഥിരീകരിക്കുകയും ശക്തരാക്കുകയും ചെയ്യും” (1 പത്രോസ് 5/10).
ജോര്‍ജ് ജോസഫ്
പ്രശസ്ത വചനപ്രഘോഷകനായ ജോര്‍ജ് എറണാകുളം-അങ്കമാലി അതിരൂപതാംഗമാണ്. കൊച്ചിയില്‍ ഐ.ടി രംഗത്ത് ജോലി ചെയ്യുന്നു. ഭാര്യ ബിന്‍സിയും മൂന്ന് മക്കളും അമ്മയും അടങ്ങുന്നതാണ് കുടുംബം.