പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയിലുണ്ടായിരുന്ന കാലം. മുംബൈ നഗരത്തിനുമപ്പുറമുള്ള തീരപ്രദേശ നഗരമായ വസായിയില്‍ 1557 ഫെബ്രുവരി അഞ്ചിന് ഒരു കുഞ്ഞ് ജനിച്ചു, ഗോണ്‍സാലോ ഗാര്‍സിയ. അവന്റെ പിതാവ് പോര്‍ച്ചുഗീസുകാരനും മാതാവ് കൊങ്കണ്‍ സ്വദേശിനിയുമായിരുന്നു. മാതാപിതാക്കളില്‍നിന്ന് പകര്‍ന്നുകിട്ടിയ ക്രൈസ്തവവിശ്വാസത്തില്‍ ആ ബാലന്‍ വളര്‍ന്നുവന്നു.
പില്ക്കാലത്ത് എട്ട് വര്‍ഷത്തോളം അദ്ദേഹം ജെസ്യൂട്ട് വൈദികരുടെ കീഴില്‍ വിദ്യാഭ്യാസം നേടി. അക്കാലത്ത് അദ്ദേഹത്തില്‍ വലിയ സ്വാധീനം ചെലുത്തിയ ആളായിരുന്നു ഫാ. സെബാസ്റ്റിയോ ഗോണ്‍സാല്‍വസ്. പിന്നീട് പതിനഞ്ചാമത്തെ വയസ്സില്‍ ഫാ. സെബാസ്റ്റിയോക്കൊപ്പം മിഷനറിയായി ഗോണ്‍സാലോ ജപ്പാനിലേക്ക് പോയി.
അതിവേഗം ഗോണ്‍സാലോ അവിടത്തെ ഭാഷ പഠിച്ചെടുത്തു. മാത്രവുമല്ല ആ യുവാവിന്റെ ദയാമസൃണമായ പെരുമാറ്റവും സംസാരനൈപുണ്യവും അവിടത്തുകാരെ ഏറെ ആകര്‍ഷിച്ചു.
അതിനാല്‍ത്തന്നെ കാറ്റെക്കിസ്റ്റ് എന്ന നിലയില്‍ തദ്ദേശീയര്‍ക്കിടയില്‍ വളരെ സ്വീകാര്യനായി മാറി അദ്ദേഹം. കുറച്ചുനാള്‍ കഴിഞ്ഞ് അദ്ദേഹം അല്ക്കാവോ എന്ന സ്ഥലത്ത് ഒരു വ്യവസായം ആരംഭിച്ചു. ആ ഉദ്യമം വന്‍വിജയമായി. മധ്യപൂര്‍വ ഏഷ്യയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ അദ്ദേഹം തന്റെ വ്യവസായ ശാഖകള്‍ തുടങ്ങുകയും ചെയ്തു. അതിലൂടെ സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ളവരുമായി ബന്ധം സ്ഥാപിക്കാനും കഴിഞ്ഞു. എങ്കിലും, ദൈവത്തിന്റെ പദ്ധതികള്‍ വ്യത്യസ്തമായിരുന്നതിനാല്‍, ജസ്യൂട്ട് വൈദികനാകണമെന്ന ആഗ്രഹം നിറവേറിയില്ല.
പക്ഷേ ഫിലിപ്പീന്‍സിലെ മനിലയിലും ബന്ധങ്ങളുണ്ടായിരുന്നതിനാല്‍ ഒരു അല്‍മായ മിഷനറിയായി അവിടേക്ക് പോയി. മനിലയില്‍വച്ചാണ് ഫ്രാന്‍സിസ്‌കന്‍ വൈദികനായ ഫാ. പീറ്റര്‍ ബാപ്റ്റിസ്റ്റയെ കണ്ടുമുട്ടിയത്. അധികം വൈകാതെതന്നെ ഒരു അല്‍മായ സഹോദരനായി ഗോണ്‍സാലോ അദ്ദേഹത്തോടൊപ്പം ചേരുകയും ചെയ്തു. തുടര്‍ന്ന് കുറച്ചുനാള്‍ മനിലയില്‍ കാറ്റെക്കിസ്റ്റായി ശുശ്രൂഷ ചെയ്തു. അല്പനാള്‍ കഴിഞ്ഞ് മനിലയില്‍വച്ചുതന്നെ അദ്ദേഹം ഫ്രാന്‍സിസ്‌കന്‍ സഭയിലെ വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു.
1592 മെയ് 26ന് ഫിലിപ്പീന്‍സിലെ സ്പാനിഷ് ഗവര്‍ണര്‍, ഫാ. പീറ്റര്‍ ബാപ്റ്റിസ്റ്റയെ നയതന്ത്രദൗത്യത്തിനായി ജപ്പാനിലേക്ക് അയക്കാന്‍ തീരുമാനിച്ചു. ജാപ്പനീസ് ഭാഷ കൈകാര്യം ചെയ്യാനറിയുന്നതിനാല്‍ അദ്ദേഹത്തോടൊപ്പം സഹായിയായി ഫാ. ഗോണ്‍സാലോയും തെരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്ന് അവരുടെ മിഷനറിസംഘം നാല് വര്‍ഷത്തോളം ജപ്പാനില്‍ സേവനം ചെയ്തു. ആ സമയത്താണ് മിഷനറിമാര്‍ രാജ്യദ്രോഹം ചെയ്യുന്ന ചാരന്‍മാരാണെന്ന തെറ്റിദ്ധാരണ പടര്‍ന്നത്. അതേത്തുടര്‍ന്ന് 1596 ഡിസംബര്‍ 8ന് അവരെ ക്യോട്ടോയിലുള്ള അവരുടെ ആശ്രമത്തില്‍ത്തന്നെ വീട്ടുതടങ്കലില്‍ ആക്കി. കുറച്ചുദിവസങ്ങള്‍ക്കകം അവരെ കയ്യാമം വച്ച് തടവിലിടുകയും ചെയ്തു.
ഒരു മാസത്തോളം കടന്നുപോയി. ഫാ. ഗോണ്‍സാലോയും ഫാ. പീറ്റര്‍ ബാപ്റ്റിസ്റ്റയുമടങ്ങുന്ന ഫ്രാന്‍സിസ്‌കന്‍ സംഘത്തോടൊപ്പം പോള്‍ മിക്കി എന്ന വൈദികവിദ്യാര്‍ത്ഥിയുള്‍പ്പെടെ മൂന്ന് ജസ്യൂട്ട് സമര്‍പ്പിതരും ശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു. എല്ലാവരെയും വധശിക്ഷക്കായി 600 മൈല്‍ ദൂരെയുള്ള നാഗസാക്കിയിലേക്ക് കൊണ്ടുപോകാനായിരുന്നു തീരുമാനം. 1597 ജനുവരി നാലിന് അവരുടെ പീഡനയാത്രയാരംഭിച്ചു. ഫെബ്രുവരി നാലിന് അവര്‍ നാഗസാക്കിയിലെത്തി. കുരിശിലേറ്റി വധിക്കാനായിരുന്നു അവരെ കൊണ്ടുപോയത്. പിറ്റേന്ന് രാവിലെ പത്തുമണിയോടെ അവരുടെ രക്തസാക്ഷിത്വം യാഥാര്‍ത്ഥ്യമായിത്തുടങ്ങി.
ഫാ. ഗോണ്‍സാലോ ആദ്യം വന്ന് ഒരു കുരിശ് കാണിച്ചിട്ട് ചോദിച്ചു, ”ഇതാണോ എനിക്കുള്ള കുരിശ്?” അല്ലെന്ന് പറഞ്ഞ പീഡകര്‍ അദ്ദേഹത്തിന് മറ്റൊരു കുരിശ് കാണിച്ചുകൊടുത്തു. ഫാ. ഗോണ്‍സാലോ മിഷനറിമാരില്‍ ശ്രദ്ധേയനായിരുന്നതിനാല്‍ മധ്യഭാഗത്തായിരുന്നു അദ്ദേഹത്തിന്റെ കുരിശിന്റെ സ്ഥാനം. ആ കുരിശിനുമുന്നില്‍ മുട്ടുകുത്തിയിട്ട് അദ്ദേഹം അത് ആലിംഗനം ചെയ്ത് ചുംബിച്ചു. തൊട്ടുപിന്നാലെ മറ്റുള്ളവരും അങ്ങനെ ചെയ്തു. അല്പസമയത്തിനകം നാഗസാക്കിക്കുന്നുകളില്‍വച്ച് 26 സഹരക്തസാക്ഷികള്‍ക്കൊപ്പം ഫാ. ഗോണ്‍സാലോ ഗാര്‍സിയ രക്തസാക്ഷിത്വം വരിച്ചു. ”ഫാ. ഗോണ്‍സാലോ തന്റെ കുരിശിനെ ആലിംഗനം ചെയ്യുന്നത് ഹൃദയസ്പര്‍ശിയായ ഒരു കാഴ്ചയായിരുന്നു,” ഒരു ദൃക്‌സാക്ഷി പില്ക്കാലത്ത് പറഞ്ഞ വാക്കുകളാണിത്.
ഉര്‍ബന്‍ എട്ടാമന്‍ മാര്‍പാപ്പ 1627ല്‍ ഗോണ്‍സാലോ ഗാര്‍സിയയെയും സഹരക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചു. 1862 ജൂണ്‍ 8-ന് ഗോണ്‍സാലോ ഗാര്‍സിയയെ പിയൂസ് ഒമ്പതാമന്‍ പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു. മുംബൈ അതിരൂപതയുടെയും ഇന്ത്യന്‍ കാത്തലിക് യൂത്ത് മൂവ്‌മെന്റിന്റെയും പ്രത്യേകമധ്യസ്ഥനാണ് വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയ. വസായിയിലെ വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയയുടെ നാമത്തിലുള്ള ദൈവാലയം ശ്രദ്ധേയമാണ്.
വിശുദ്ധ ഗോണ്‍സാലോ ഗാര്‍സിയ ധീരതയോടെ ക്രിസ്തുവിന് സാക്ഷ്യം വഹിക്കാന്‍ ഞങ്ങള്‍ക്കായി പ്രാര്‍ത്ഥിച്ചാലും…