അങ്ങ് ഒരു ‘സംഭവ ‘മാണ് ! – Shalom Times Shalom Times |
Welcome to Shalom Times

അങ്ങ് ഒരു ‘സംഭവ ‘മാണ് !

കൊവിഡ് അല്പം ശക്തി പ്രാപിച്ച് നിന്നിരുന്ന 2022 ഫെബ്രുവരിമാസം. എന്റെ ഭര്‍ത്താവിന് കൊവിഡ് പോസിറ്റീവ് ആയി. നാലുമാസംമാത്രം പ്രായമുള്ള ഇളയ കുഞ്ഞുള്‍പ്പെടെ നാല് മക്കള്‍ക്കും എനിക്കും രോഗം പകരണ്ട എന്ന് കരുതി ഭര്‍ത്താവ് ഞങ്ങളുടെ വീട്ടില്‍നിന്ന് മാറി അദ്ദേഹത്തിന്റെ മാതാപിതാക്കളുടെയടുത്ത് പോയി. അതോടൊപ്പം വീട്ടില്‍ ഞങ്ങളും ക്വാറന്റൈന്‍ പാലിച്ചു. പക്ഷേ അയല്‍ക്കാര്‍ വളരെയധികം സ്‌നേഹവും സഹകരണവും ഉള്ളവരായിരുന്നു. അതിനാല്‍ ഞങ്ങള്‍ ഒരു ബുദ്ധിമുട്ടും അറിഞ്ഞില്ല. മക്കള്‍ക്ക് ആവശ്യമുള്ള ബേക്കറി സാധനങ്ങള്‍ ഉള്‍പ്പെടെ എല്ലാ സാധനങ്ങളും വീട്ടുപടിക്കല്‍ എത്തിയിരുന്നു. ഒന്നും ആരോടും ആവശ്യപ്പെട്ടിട്ടല്ല എന്നോര്‍ത്തപ്പോള്‍ ഈശോയോട് കൂടുതല്‍ സ്‌നേഹം തോന്നി.
അങ്ങനെ ശനിയാഴ്ചയായി. അന്ന് ഞാന്‍ ഈശോയോട് ഇങ്ങനെ പറഞ്ഞു, ”ഈശോയേ, നാളെ ഞായറാഴ്ചയല്ലേ? മക്കള്‍ക്ക് ഇത്തിരി ചിക്കന്‍ വച്ചുകൊടുക്കണമെന്നുണ്ട്. ഞാന്‍ ആരോടും ഒന്നും വാങ്ങിവരാന്‍ പറഞ്ഞിട്ടില്ല. ബാക്കി സാധനങ്ങളെല്ലാം വീടിനുമുന്നില്‍ വന്നത് ഞാന്‍ വിളിച്ചുപറഞ്ഞിട്ടല്ല എന്ന് അറിയാമല്ലോ. ഇതും ഞാനാരോടും പറയുന്നില്ല, കേട്ടോ.”
അന്ന് വൈകിട്ട് പതിവുപോലെ ഞങ്ങള്‍ ഏഴുമണിക്ക് കുടുംബപ്രാര്‍ത്ഥന ചൊല്ലാനിരുന്നു. അപ്പോള്‍ ഗേറ്റിനടുത്തുനിന്ന് ഒരു വിളി. അടുത്ത വീട്ടിലെ ഷേര്‍ളിച്ചേച്ചിയാണ്. ”മോളേ, വന്നേ. ഗേറ്റൊന്നും തുറക്കണ്ട. ഇതങ്ങ് വാങ്ങിച്ചേ. നാളെ ഞായറാഴ്ചയല്ലേ. ഇച്ചിരി ചിക്കനാണ്. പിള്ളാര്‍ക്ക് വച്ചുകൊടുക്കൂ.” അത് സ്വീകരിച്ച് ഞാന്‍ ചേച്ചിയോട് നന്ദി പ്രകടിപ്പിച്ചു.
വീടിനകത്ത് കയറിയപ്പോള്‍ ഈശോയെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞുപോയി, ”എന്നാലും എന്റെ ഈശോയേ, അങ്ങ് ഒരു സംഭവമാണ്, കേട്ടോ!”
”നിങ്ങള്‍ക്ക് ആവശ്യമുള്ളതെല്ലാം സദാ സമൃദ്ധമായി ഉണ്ടാകാനും സത്കൃത്യങ്ങള്‍ ധാരാളമായി ചെയ്യാനും വേണ്ട എല്ലാ അനുഗ്രഹങ്ങളും സമൃദ്ധമായി നല്കാന്‍ കഴിവുറ്റവനാണ് ദൈവം” (2 കോറിന്തോസ് 9/8)

 

എമിലി ജോസ്, ചങ്ങനാശേരി