ഒരു കുഞ്ഞാത്മാവ് യേശുവിനോട് സംസാരിച്ചപ്പോള്‍… – Shalom Times Shalom Times |
Welcome to Shalom Times

ഒരു കുഞ്ഞാത്മാവ് യേശുവിനോട് സംസാരിച്ചപ്പോള്‍…

കുഞ്ഞാത്മാവ്: പിതാവേ, ഞാന്‍ അങ്ങയുടെ ആരാണ്?
യേശു: എന്റെ മകള്‍/മകന്‍. എന്റെ എല്ലാം. എന്റെ സര്‍വവും.
 ? നേരാണ് ഞാന്‍ മനസ്സിലാക്കുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ച അങ്ങുതന്നെ എന്നെയും സൃഷ്ടിച്ചു. എന്റെ പാപങ്ങള്‍ക്ക് പരിഹാരമായി അങ്ങ് സ്വജീവന്‍ തന്നെ സമര്‍പ്പിച്ചു. എന്നെ കാക്കാനായി അങ്ങ് മാലാഖമാരെ അയച്ചു. ഈ ഭൂമിയില്‍ എന്റെ രക്ഷയ്ക്ക് സഹായമായി പരിശുദ്ധ അമ്മയെയും വിശുദ്ധരായ സഹോദരങ്ങളെയും അങ്ങ് എനിക്കു തന്നു. ഇതിനൊക്കെ ഞാന്‍ എത്രത്തോളം നന്ദി പറഞ്ഞാലും തീരില്ല. ഇതിനൊക്കെ പകരം ഞാന്‍ എന്തു തരും?
* നിന്റെ സ്‌നേഹം, നിന്റെ മുഴുഹൃദയത്തോടെയുള്ള സ്‌നേഹം.
ഞാന്‍ നിന്നെ മുഴുഹൃദയത്തോടുകൂടെ സ്‌നേഹിച്ചു. ഞാന്‍ എനിക്കായി ഒന്നും നീക്കിവച്ചില്ല. സര്‍വവും നിനക്ക് തന്നു. എന്റെ ശരീരവും ആത്മാവും ജീവിതവും മരണവും സ്വര്‍ഗവും എന്റെ അമ്മയെയും സര്‍വവും നിനക്ക് ഞാന്‍ തന്നു. ഇതിനെല്ലാം എനിക്ക് പ്രേരകമായത് എനിക്ക് നിന്നോടുള്ള സ്‌നേഹമാണ്. സ്‌നേഹം സ്‌നേഹത്താല്‍ മാത്രമേ വീട്ടപ്പെടുന്നുള്ളൂ.

? അങ്ങ് ആഗ്രഹിക്കുന്നതുപോലെ എനിക്ക് എങ്ങനെ അങ്ങയെ സ്‌നേഹിക്കാന്‍ കഴിയും? പിതാവേ, ഞാന്‍ ഏറ്റുപറയുന്നു എന്റെ സ്‌നേഹം വളരെ തുച്ഛമാണ്. അല്‍ഫോന്‍സാമ്മയെപ്പോലെയോ കൊച്ചുത്രേസ്യയെപ്പോലെയോ എനിക്ക് സ്‌നേഹിക്കാന്‍ അറിയില്ല. ഞാന്‍ പാപിയാണ്.
* എന്റെ മകളേ, ഞാന്‍ നിന്നെ ആരുമായും താദാത്മ്യപ്പെടുത്തുന്നില്ല. നീ അല്‍ഫോന്‍സാമ്മയെപ്പോലെയും കൊച്ചുത്രേസ്യയെപ്പോലെയും ആകാത്തതിന് ഞാന്‍ നിന്നെ കുറ്റപ്പെടുത്തുന്നില്ല. നിന്നെ എനിക്ക് നന്നായി അറിയാം. നിന്റെ കുറവുകളും ബലഹീനതകളും എല്ലാം എനിക്കറിയാം. എല്ലാം അറിയുന്ന നിന്റെ പിതാവാണ് ഞാന്‍. ഞാനാണ് നിന്നെ സൃഷ്ടിച്ചത്. ഞാന്‍ നിന്നെ ഒരുവിധത്തിലും അവഗണിക്കുകയോ ഉപേക്ഷിക്കുകയോ ഇല്ല. (ഹെബ്രായര്‍ 13/5)

നിന്റെ കുറവുകള്‍ എന്റെ തിരുഹൃദയത്തിന്റെ എരിയുന്ന തീച്ചൂളയില്‍ സമര്‍പ്പിക്കുക. എന്റെ കരുണയില്‍ ആശ്രയിക്കുക. മനുഷ്യന്റെ ആഗ്രഹമോ പ്രവൃത്തിയോ അല്ല ദൈവത്തിന്റെ ദയയാണ് എല്ലാത്തിന്റെയും അടിസ്ഥാനം. നിന്റെ ഏറ്റവും തുച്ഛമായ സ്‌നേഹം എന്റെ അമ്മയുടെയും സകല വിശുദ്ധരുടെയും സ്‌നേഹത്തോടുകൂടി സമര്‍പ്പിക്കുക.
എനിക്ക് നിന്നോടുള്ള സ്‌നേഹം അനന്തമാണ്. ഇതാ ഞാന്‍ എന്റെ ഹൃദയം മുഴുവനും നിനക്ക് തരുന്നു. നീ എന്നെ സ്‌നേഹിക്കുമോ?

? പിതാവേ, ഞാന്‍…..
* നീ ഏതവസ്ഥയില്‍ ആയിരിക്കുന്നോ ആ അവസ്ഥയില്‍ എന്നെ സ്‌നേഹിക്കുക.
ഏറ്റവും വലിയ പാപിയും തന്റെ പ്രിയപ്പെട്ടവരെ സ്‌നേഹിക്കുന്നില്ലേ? അവര്‍ക്കുവേണ്ടി പലതും ചെയ്യുന്നില്ലേ? അയാള്‍ തന്റെ മക്കളെ സ്‌നേഹിക്കുന്നു, അവരുടെ കുറവുകള്‍ സഹിക്കുന്നു. അവരുടെ നല്ലതിനുവേണ്ടി എന്തു കഷ്ടപ്പാടും സഹിക്കുന്നു. സ്‌നേഹം എല്ലാവരിലും ഉണ്ട്. പക്ഷേ വളരെ കുറച്ചുപേര്‍ മാത്രമേ എന്നെ സ്‌നേഹിക്കുന്നുള്ളൂ.

? പിതാവേ എന്നെക്കുറിച്ചുള്ള അങ്ങയുടെ ഹിതമെന്താണ്? പിതാവിന്റെ ഹിതം നിറവേറ്റാത്തവരാരും സ്വര്‍ഗത്തില്‍ പോകുന്നില്ലല്ലോ.
* സ്‌നേഹം! സ്‌നേഹം! സ്‌നേഹം! പിതാവിന്റെ ഹിതം ഇതുമാത്രമാണ്. നിന്റെ ദൈവമായ കര്‍ത്താവിനെ പൂര്‍ണഹൃദയത്തോടും പൂര്‍ണാത്മാവോടും പൂര്‍ണമനസ്സോടും പൂര്‍ണശക്തിയോടും കൂടെ സ്‌നേഹിക്കുക. ഞാന്‍ നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങള്‍ പരസ്പരം സ്‌നേഹിക്കുക. ആദ്യം ദൈവസ്‌നേഹം. പിന്നെ പരസ്‌നേഹം. ദൈവസ്‌നേഹത്താല്‍ പ്രേരിതമായി മാത്രം പരസ്‌നേഹപ്രവൃത്തികള്‍ ചെയ്യുക.
ദൈവസ്‌നേഹത്താല്‍ പ്രേരിതമല്ലാത്ത പരസ്‌നേഹപ്രവൃത്തി വെള്ളത്തില്‍ വരച്ച വരപോലെയാണ്. ദൈവസ്‌നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും നിങ്ങളുടെ വിശുദ്ധീകരണം നടക്കുക. കാരണം സ്‌നേഹം സ്‌നേഹത്തോടുമാത്രമേ ചേരുകയുള്ളൂ. ദൈവസ്‌നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ചായിരിക്കും അതായത്, എന്ന് നിങ്ങള്‍ എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കാന്‍ തുടങ്ങുന്നുവോ അന്നു തൊട്ടായിരിക്കും നിങ്ങളുടെ മേലുള്ള എല്ലാ പാപശാപബന്ധനങ്ങളില്‍നിന്നും മോചനം ലഭിക്കാന്‍ തുടങ്ങുക. അതുകൊണ്ട് ഞാന്‍ നിന്നോട് പറയുന്നു നീ ആയിരിക്കുന്ന അവസ്ഥയില്‍ ഇപ്പോള്‍ത്തന്നെ എന്നെ സ്‌നേഹിക്കാന്‍ തുടങ്ങുക. നാളേക്ക് നീട്ടി വെയ്ക്കണ്ട. കാരണം എന്റെ ഹൃദയം നിന്റെ സ്‌നേഹത്തിനായി ദാഹിക്കുന്നു. എന്നെ സ്‌നേഹിക്കുന്നവര്‍ക്കാണ് ഞാന്‍ സകലതും വാഗ്ദാനം ചെയ്തിരിക്കുന്നത്.
ആത്മാക്കളെ നേടണമോ? ദൈവസ്‌നേഹത്താല്‍ പ്രേരിതമായ പുണ്യപ്രവൃത്തികള്‍ ചെയ്യുവിന്‍. അല്ലാത്തത് എനിക്ക് സ്വീകാര്യമല്ല. കാരണം അത് എനിക്ക് മലിനവസ്ത്രം പോലെയാണ്. (ഏശയ്യാ 64/6)
ദൈവസ്‌നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് നിന്റെ പാപങ്ങള്‍ മായ്ക്കപ്പെടും. ദൈവസ്‌നേഹത്തില്‍ ആഴപ്പെടുന്നതനുസരിച്ച് സകല ദൈവിക പുണ്യങ്ങളും നിന്നില്‍ വന്നുചേര്‍ന്നുകൊള്ളും. കാരണം സകല ദൈവിക പുണ്യങ്ങളുടെയും ഉറവിടം ദൈവമാണ്. ദൈവം തന്നെ സ്‌നേഹിക്കുന്നവര്‍ക്ക് സര്‍വവും ദാനമായി നല്‍കുന്നു.

? പിതാവേ അങ്ങയെ ഏറ്റവും അധികം വേദനിപ്പിക്കുന്നത് എന്താണ്? പാപങ്ങളാണോ!
* അല്ല, ഞങ്ങളുടെ (പിതാവ,് പുത്രന്‍, പരിശുദ്ധാത്മാവ്) സ്‌നേഹത്തില്‍ വിശ്വസിക്കാത്തതാണ്. തെറ്റുകള്‍ ചെയ്താല്‍ ഉടന്‍ തന്നെ നീ സ്വയം വിനീതനാകുകയും എന്റെ അടുക്കല്‍ വന്ന് മാപ്പപേക്ഷിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ സന്തോഷിക്കുന്നു. കാരണം നീ എന്റെ സ്‌നേഹത്തില്‍ വിശ്വസിക്കുന്നു. എന്റെ സ്‌നേഹത്തില്‍ വിശ്വസിക്കാത്തവര്‍ എന്റെ അടുത്തു വരുന്നില്ല. പാപിയെ വിശുദ്ധീകരിക്കാന്‍ എനിക്ക് ഒരു നിമിഷം മതി. വിശുദ്ധീകരിക്കുന്നവന്‍ ഞാനാണ്. നമ്മുടെ ഇടയില്‍ കാര്‍മേഘങ്ങള്‍ ഉണ്ടാകാന്‍ അനുവദിക്കരുത്. നീ എന്തെങ്കിലും തെറ്റായി പ്രവര്‍ത്തിച്ചാല്‍ ഞാന്‍ അങ്ങയെ സ്‌നേഹിക്കുന്നു എന്നു പറഞ്ഞുകൊണ്ട് അതിന് പരിഹാരം ചെയ്യണം.

?എങ്ങനെയാണ് ഞാന്‍ അങ്ങയോടുള്ള സ്‌നേഹത്തില്‍ ആഴപ്പെടുന്നത്?
*എല്ലാ പ്രവൃത്തികളും എന്നോടുള്ള സ്‌നേഹത്താല്‍ ചെയ്യുക. ദൈവസ്‌നേഹപ്രകരണങ്ങള്‍ ചൊല്ലുക. എപ്പോഴും എന്നോടൊത്തായിരിക്കാന്‍ ദൈവസ്‌നേഹം നിന്നോട് ആവശ്യപ്പെടുന്നു. എന്നോട് സംസാരിക്കുക. ചുംബനങ്ങള്‍ നല്‍കുക. ദൈവസ്‌നേഹം വര്‍ദ്ധിപ്പിക്കാന്‍ എന്നോട് പ്രാര്‍ത്ഥിക്കുക. അങ്ങനെ നീ എന്റെ മുറിവേറ്റ തിരുഹൃദയത്തെ സ്‌നേഹത്താല്‍ ആശ്വസിപ്പിക്കും. എന്റെ അമ്മയോട് മാദ്ധ്യസ്ഥ്യം യാചിക്കുക. കാരണം എന്റെ അമ്മയാണ് എന്നെ ഭൂമിയില്‍ ഏറ്റവും അധികം സ്‌നേഹിച്ചത്.

**** **** ***
മാതാവ്: സ്വര്‍ഗത്തിലേക്കുള്ള മൂന്ന് താക്കോലുകളാണ് സ്‌നേഹം, എളിമ, സമര്‍പ്പണം. യേശു കരുണാര്‍ദ്രമായ സ്‌നേഹമാണ്. തന്റെ ദിവ്യസ്‌നേഹാഗ്നിയിലേക്ക് എല്ലാവരെയും ആകര്‍ഷിക്കാന്‍ അവിടുന്ന് ആഗ്രഹിക്കുന്നു. വിശുദ്ധ കൊച്ചുത്രേസ്യ ചെയ്തതുപോലെ കരുണാനിര്‍ഭരമായ സ്‌നേഹത്തിന്റെ ബലിവസ്തുക്കളായി നിങ്ങള്‍ നിങ്ങളെത്തന്നെ സമര്‍പ്പിക്കുവിന്‍. ആദ്യം ദൈവത്തെയും ദൈവത്തെപ്രതി ആത്മാക്കളെയും സ്‌നേഹിക്കുക. അയല്‍ക്കാരനെ സ്‌നേഹിക്കുകയും ദൈവത്തെ സ്‌നേഹിക്കാതിരിക്കുകയും ചെയ്യുക ആര്‍ക്കെങ്കിലും സാധ്യമാണോ?

അബദ്ധജഡിലവും എന്റെ മക്കളുടെയിടയില്‍പ്പോലും വ്യാപിച്ചിരിക്കുന്നതുമായ ഈ പ്രവണത, എങ്ങും ദൈവത്തെ അവഗണിച്ചുകൊണ്ട് അയല്‍ക്കാരനെ സ്‌നേഹിക്കുന്ന ഈ സംരംഭം ഇന്ന് എങ്ങും കാണപ്പെടുന്നു. നിങ്ങളുടെ സ്‌നേഹം അതിസ്വാഭാവികവും പരിപൂര്‍ണവുമാകണമെങ്കില്‍ അത് ദൈവത്തില്‍നിന്നും ആരംഭിക്കണം. എന്റെ പുത്രന്‍, യേശുവിന്റെ ഹൃദയംകൊണ്ട് പരിശുദ്ധ ത്രിത്വത്തെ സ്‌നേഹിക്കുകയും യേശു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്‌നേഹിക്കുകയും ചെയ്യുക. നിങ്ങള്‍ എന്റെ വിമലഹൃദയത്തിനു ആത്മപ്രതിഷ്ഠ നടത്തണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നു. ഞാന്‍ നിന്നെ എന്റെ കരങ്ങളില്‍ വഹിക്കേണ്ടതിന് നിങ്ങള്‍ കൊച്ചുകുഞ്ഞുങ്ങളാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
(സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘സ്‌നേഹപ്രാര്‍ത്ഥനകള്‍’ എന്ന ഗ്രന്ഥത്തില്‍നിന്ന്)

തങ്കു കെന്നഡി