ഉച്ചനേരത്തെ കുടുംബപ്രാര്‍ത്ഥന – Shalom Times Shalom Times |
Welcome to Shalom Times

ഉച്ചനേരത്തെ കുടുംബപ്രാര്‍ത്ഥന

വേറെ ആരും കൂടെയില്ലെങ്കിലും നിന്റെകൂടെ ഞാന്‍ എപ്പോഴും ഉണ്ടാവുമെന്ന് ആരെങ്കിലും നിങ്ങളോട് പറഞ്ഞിട്ടുണ്ടെങ്കില്‍ വിശ്വസിക്കല്ലേ. കര്‍ത്താവിനു മാത്രം പറഞ്ഞിട്ടുള്ളതാണ് ആ പ്രത്യേകത. അത് വ്യക്തമാക്കുന്ന ഒരു സംഭവം 2018 ഡിസംബറില്‍ ഉണ്ടായി. അന്ന് ഞാന്‍ യു.എ.ഇയില്‍ ഒരു മണി എക്‌സ്‌ചേഞ്ച് സ്ഥാപനത്തില്‍ സൂപ്പര്‍വൈസറായി ജോലി ചെയ്യുകയാണ്.

ആദ്യത്തെ ഡ്യൂട്ടി രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് 1.30 വരെയാണ്. പിന്നെ വൈകിട്ട് ഏഴുമണിക്ക് അടുത്ത ഡ്യൂട്ടി. അന്നും പതിവുപോലെ ഉച്ചക്ക് വീട്ടില്‍ പോയി വന്ന് വീണ്ടും ഏഴ് മണിക്ക് ജോലിക്ക് കയറി. ഓഫീസില്‍ ജീവനക്കാരായി പത്തോളം പേരുണ്ട്. തിരക്ക് അധികമില്ലാത്ത ദിവസം. എങ്കിലും കസ്റ്റമേഴ്‌സ് ഉണ്ട്. പെട്ടെന്ന് ചെറിയ ബഹളം കേട്ടാണ് ഞാന്‍ തല ഉയര്‍ത്തി നോക്കിയത്.

കണ്ട കാഴ്ച രക്തം കട്ടിയാക്കുന്നതായിരുന്നു. ഡോറിലൂടെ മാരകായുധങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നാല് കൊള്ളക്കാര്‍ ഇരച്ചു കയറി വരുന്നു. കറുത്ത വസ്ത്രം, കറുത്ത മാസ്‌ക്, കറുത്ത ഗ്ലൗവ്‌സ്… ആകെ കറുപ്പ്. ചിലരുടെ കയ്യില്‍ വാളുകള്‍. ചിലരുടെ കയ്യില്‍ നീണ്ട മഴു. സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് അധികം ചെറുത്തുനില്‍ക്കാനായില്ല. വാള്‍മുനയുടെ മുന്‍പില്‍ തോറ്റ് പിന്‍മാറി. കസ്റ്റമേഴ്‌സ് പുറത്തേക്കോടി. ഒരു സെക്കന്റ് ഞാന്‍ തരിച്ചുനിന്നു. ജീവിതത്തില്‍ ഇതുവരെ അഭിമുഖീകരിക്കാത്ത നിമിഷം. മരണം തൊട്ടു മുന്നില്‍. എന്റെ അവസാനനിമിഷങ്ങളാണെന്ന് ഉറപ്പിച്ചു. ‘കര്‍ത്താവേ!’ എന്ന് ഉള്ളില്‍ ഒരു വിളി വിളിച്ചു.

അടുത്ത നിമിഷം മന:സാന്നിധ്യം വീണ്ടെടുത്ത് കിക്ക് ബാറില്‍ ആഞ്ഞു ചവിട്ടി. പോലീസിന് അപകടസൂചന കൊടുക്കാന്‍ ഓരോ കൗണ്ടറിലും സ്റ്റാഫിന്റെ കാലിനടുത്ത് ഫിറ്റ് ചെയ്യുന്നതാണ് കിക്ക് ബാര്‍. അതില്‍ ചവിട്ടിയാല്‍ പോലീസ് സ്‌റ്റേഷനില്‍ ഇന്‍ഫര്‍മേഷന്‍ കിട്ടും. അവര്‍ പാഞ്ഞെത്തും. പക്ഷേ അതിനും എടുക്കും കുറഞ്ഞത് 15 മിനിറ്റ്. എല്ലാം ഒരു സെക്കന്‍ഡില്‍ കഴിഞ്ഞു.

ഞാന്‍ ഇരിക്കുന്ന ഭാഗത്തേക്ക് അവര്‍ പാഞ്ഞുവരികയാണ്. എന്റെ ഒരേയൊരു സമാധാനം ഉള്ളില്‍ കടക്കാന്‍ എല്ലാവര്‍ക്കും കഴിഞ്ഞേക്കില്ല എന്നൊക്കെയായിരുന്നു. ആ സമാധാനത്തിന് സെക്കന്റുകളുടെ ആയുസേ ഉണ്ടായുള്ളൂ. അവര്‍ രണ്ട് ചവിട്ടു കൊടുത്തപ്പോള്‍ ഡോര്‍ തുറന്നു. വാളുകള്‍കൊണ്ട് അവര്‍ ഇരച്ചു കയറി. ‘ഹാന്‍ഡ്‌സ് അപ്, സിറ്റ് ഡൗണ്‍’ എന്നെല്ലാം അലറിക്കൊണ്ട്. ആദ്യത്തെ കൗണ്ടറില്‍ത്തന്നെയാണ് ഞാന്‍ ഇരുന്നിരുന്നത്. പെട്ടെന്നുതന്നെ അവരുടെ ആജ്ഞയ്ക്കുമുന്നില്‍ കൈ ഉയര്‍ത്തിപ്പിടിച്ച് പിന്നിലേക്ക് അടികള്‍ വച്ച് മറ്റ് സ്റ്റാഫിനോടൊപ്പം ഞാനും താഴെ ഇരുന്നു.

മറ്റ് മൂന്ന് പേരുടെ മേശവലിപ്പുകളിലും ഡോളറും യു.എ.ഇ ദിര്‍ഹവുമുള്‍പ്പെടെയുള്ള ഫോറിന്‍ കറന്‍സികള്‍ അടക്കം ധാരാളം പണം ഉണ്ടായിരുന്നു. അതെല്ലാം അവര്‍ അവരുടെ ബാഗുകളില്‍ കുത്തിനിറച്ചു. മഴുവിന്റെ വെട്ടേറ്റുള്ള മരണം ഏതുപോലിരിക്കും എന്നാലോചിച്ച് കൈ പൊക്കി ഞാന്‍ താഴെ ഇരിക്കുന്നു. പണം എടുത്തുകഴിഞ്ഞാല്‍ എല്ലാവരെയും കൊന്നിട്ടേ പോകൂ എന്നായിരുന്നു എന്റെ മനസ്സില്‍. ഇക്കൂട്ടര്‍ പരമാവധി ആളപായത്തിന് മുതിരില്ല എന്ന് പിന്നീടാണ് ഞാന്‍ മനസിലാക്കിയത്. ‘ഈശോയേ, ഈശോയേ’ എന്നു മാത്രം ഞാന്‍ ഉള്ളില്‍ ആര്‍ത്തലച്ച് വിളിച്ചു കൊണ്ടിരുന്നു. വേറൊന്നും, വേറെ ആരും, അപ്പോള്‍ എന്റെ മനസ്സില്‍ ഇല്ലായിരുന്നു.

കുറച്ച് സെക്കന്റുകള്‍ക്കുള്ളില്‍ അവര്‍ പണി തീര്‍ത്ത് വന്നപോലെ പുറത്തേക്കോടി. പതിയെ ശ്വാസം നേരെ വീണു. എഴുന്നേറ്റ് മേലധികാരികളെ ഫോണ്‍ വിളിച്ചറിയിച്ചു. അപ്പോഴക്ക് പോലീസ് വാഹനങ്ങള്‍കൊണ്ട് അവിടം നിറഞ്ഞു. പോലീസ് വന്ന് ഓഫീസ് സീല്‍ ചെയ്തു. വന്നവരെക്കുറിച്ചും അവര്‍ രക്ഷപ്പെട്ട വാഹനത്തെക്കുറിച്ചും നഷ്ടപ്പെട്ട പണത്തെക്കുറിച്ചും തുരുതുരാ ചോദ്യങ്ങള്‍. സി.ഐ.ഡികള്‍ വരുന്നു, നമ്മളെ പുറത്താക്കി ഫിംഗര്‍പ്രിന്റ്‌സ് എടുക്കുന്നു, പോലീസ് ഹെലികോപ്റ്ററുകള്‍ മുകളില്‍ ചുറ്റിപറക്കുന്നു… ആകെ ബഹളം.

ഇതെല്ലാം നടക്കുന്നതിനിടക്ക് എന്റെ മനസ്സില്‍ ആകെ ദേഷ്യവും പരിഭവവും. ആരോടാണെന്നോ? ഈശോയോട്. ‘ഞാന്‍ ഇതുപോലെ നിന്റെ കൂട്ട് പിടിച്ച് നടന്നിട്ട് എനിക്ക് ഇതുപോലൊരു പണി തന്നില്ലേ? ഞാനിരിക്കുന്ന സൈഡിലേക്ക് തന്നെ അവരെ കറക്റ്റായി കേറ്റി വിട്ടില്ലേ? നിനക്ക് എന്റെ കാര്യത്തില്‍ വല്ല ഉത്തരവാദിത്വവും ഉണ്ടോ?’ ഇതൊക്കെ ചോദിച്ച് ഞാന്‍ നല്ല വഴക്കാണ് ഉള്ളില്‍. കാരണമുണ്ട്, ഞാന്‍ ഈശോയോട് നല്ല ‘കട്ട ചങ്കാ’യി നടക്കുന്ന സമയമായിരുന്നു അത്. ഇഷ്ടപ്പെട്ട വചനമൊക്കെ എഴുതിവച്ച ഒരു പുസ്തകം മുന്നില്‍ വച്ച് കൊന്തയും പിടിച്ചാണ് കൗണ്ടറില്‍ ഇരിക്കുന്നതുപോലും. മിക്കപ്പോഴും ദൈവസാന്നിദ്ധ്യ സ്മരണയോടെ. എന്നിട്ട് ഇത് ചെയ്തില്ലേ എന്നായിരുന്നു മനസില്‍.

അപ്പോഴാണ് കര്‍ത്താവ് ഒരു കാര്യം ഓര്‍മ്മിപ്പിച്ചത്. സാധാരണയായി രാത്രി പത്ത് മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് കണക്കുകള്‍ തീര്‍ത്ത് വീട്ടില്‍ എത്തിക്കൊണ്ടിരുന്നത് പതിനൊന്നുമണി കഴിഞ്ഞാണ്. ചിലപ്പോള്‍ മക്കള്‍ കുടുംബപ്രാര്‍ത്ഥന ചൊല്ലാതെ കിടക്കും. ഇനി കുടുംബപ്രാര്‍ത്ഥന ഉച്ചക്കുള്ള ഇടവേളയില്‍ ആക്കാമെന്ന് കുറച്ച് ദിവസമായിരുന്നു വിചാരിച്ചുതുടങ്ങിയിട്ട്. പക്ഷേ ഈ സംഭവം ഉണ്ടായ ദിവസമാണ് ആദ്യമായി അത് ചെയ്തത്. കാരണം ‘പ്രാര്‍ത്ഥിക്കൂ’ എന്ന് ആരോ ഉള്ളില്‍ ഇരുന്ന് ശക്തമായി പറയുംപോലെ. എനിക്കുറപ്പുണ്ട് അത് പരിശുദ്ധ അമ്മ ആയിരുന്നെന്ന്.

അതിനാല്‍ മക്കളും ഞാനും അന്ന് ഉച്ചക്ക് ജപമാല ചൊല്ലി. ആത്മീയവും ശാരീരികവുമായ എല്ലാ അപകടത്തില്‍നിന്നും രക്ഷിക്കണമേ എന്ന് ജപമാലയില്‍ പല രീതിയില്‍ ആവര്‍ത്തിക്കുന്നുണ്ടല്ലോ. പ്രാര്‍ത്ഥനയിലൂടെ കര്‍ത്താവ് നല്കിയ സംരക്ഷണം നിമിത്തമാണ് കാര്യമായ അപകടമൊന്നും കൂടാതെ രക്ഷപ്പെട്ടതെന്ന് മനസിലായി. ആ കരുതലിനെപ്പറ്റി മനസിലായപ്പോള്‍ ആനന്ദക്കണ്ണീരാണ് പിന്നെ വന്നത്. കുടുംബപ്രാര്‍ത്ഥന എന്തുമാത്രം വിലപ്പെട്ടതാണെന്ന് അന്ന് വ്യക്തമായി ബോധ്യപ്പെട്ടു.

മാത്രവുമല്ല കവര്‍ച്ചക്കാരെയെല്ലാം പോലീസ് അന്നു തന്നെ പിടിച്ചു. അവര്‍ എടുത്തുകൊണ്ടുപോയ വലിയ തുക മുഴുവന്‍ ദൈവസഹായത്താല്‍ തിരിച്ചുകിട്ടി. ഇരുപത്തിമൂന്നാം സങ്കീര്‍ത്തനത്തില്‍ വായിക്കുന്നതുപോലെ, ”മരണത്തിന്റെ നിഴല്‍ വീണ താഴ്‌വരയിലൂടെയാണ് ഞാന്‍ നടക്കുന്നതെങ്കിലും, അവിടുന്ന് കൂടെയുള്ളതിനാല്‍ ഞാന്‍ ഭയപ്പെടുകയില്ല” എന്ന് ഇപ്പോള്‍ ധൈര്യമായി ഞാന്‍ പറയും.

ജില്‍സ ജോയ്
തൃശൂര്‍ സ്വദേശിനിയായ ലേഖിക കുടുംബസമേതം ദുബായില്‍ താമസിക്കുന്നു.
ഭര്‍ത്താവ്: ജോയ്, മക്കള്‍: എയ്ബല്‍, ആന്‍.­­