യേശു ദൈവമാണെന്ന് പഠിപ്പിച്ചത് സഭയോ ? – Shalom Times Shalom Times |
Welcome to Shalom Times

യേശു ദൈവമാണെന്ന് പഠിപ്പിച്ചത് സഭയോ ?

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വിശ്വാസ സംബന്ധമായ ഒരു വാഗ്വാദത്തില്‍ എനിക്ക് ഏര്‍പ്പെടേണ്ടതായി വന്നു. യേശുക്രിസ്തു പ്രവാചകനോ ദൈവമോ എന്നതാണ് വിഷയം. താന്‍ ദൈവമാണെന്ന് യേശു സ്വയം ബൈബിളില്‍ പറയുന്നുണ്ടോ? ക്രിസ്ത്യാനികളും സഭയുമല്ലേ അങ്ങനെ പറയുന്നതും പഠിപ്പിക്കുന്നതും? ഇതെല്ലാമാണ് പ്രതിപാദ്യ വിഷയങ്ങള്‍.

വാഗ്വാദത്തിനിടയില്‍ ഞാന്‍ ആഴത്തില്‍ ചിന്തിച്ചു. ”ഇത്തരം സംശയങ്ങളുടെ കഴമ്പെന്താണ്? എവിടെനിന്നാണ് ഇതിന് ഉത്തരം നല്‍കുക? എങ്ങനെയാണ് യാഥാര്‍ഥ്യം കണ്ടെത്തുക?”
ഞാന്‍ ബൈബിള്‍ അതുവരെ മുഴുവന്‍ വായിച്ചിട്ടില്ല. ബൈബിളില്‍ പൊതുവായി പറഞ്ഞിരിക്കുന്ന, എല്ലാവര്‍ക്കും അറിയാമെന്ന് വിചാരിക്കുന്ന, കാര്യങ്ങളെക്കുറിച്ചല്ലാതെ ആഴത്തില്‍ യാതൊരു അറിവും അന്നെനിക്കില്ല.
ഏതായാലും ഞാന്‍ അന്നുതന്നെ ഉത്തരം കണ്ടെത്താന്‍ ശ്രമമാരംഭിച്ചു. സുവിശേഷ ഗ്രന്ഥം ആദ്യം മുതല്‍ വായിക്കാന്‍ തുടങ്ങി. സന്ധ്യയായി, രാത്രിയായി. കാതലായ സംഗതിയിലേക്ക് ഞാന്‍ എത്തിയിട്ടില്ല. ഇടയ്‌ക്കെപ്പോഴോ ഞാനിങ്ങനെ പ്രാര്‍ത്ഥിച്ചു, ”വചനം മാംസം ധരിച്ച മിശിഹായേ, അങ്ങെനിക്ക് വചനത്താല്‍ത്തന്നെ ഇത് വെളിപ്പെടുത്തി എന്റെ വിശ്വാസത്തെ ബലപ്പെടുത്തണമേ.”’

പക്ഷേ വായന ഏറെ നീണ്ടിട്ടും വ്യക്തമായ ഉത്തരമൊന്നും കിട്ടിയില്ല. സമയം ഏറെക്കഴിഞ്ഞു, ഞാന്‍ ഉറങ്ങിപ്പോയി.
രാത്രി ഒന്നരയായപ്പോള്‍ ആരോ തട്ടി വിളിക്കുംപോലെ. പെട്ടെന്ന് കണ്ണുതുറന്ന് ചാടിയഴുന്നേറ്റു. അടുത്തിരുന്ന ഫോണ്‍ നോക്കുമ്പോള്‍ ഫോണില്‍ ‘ബാറ്ററി ലോ’ എന്ന് സ്‌ക്രീനില്‍ കാണുന്നു.
വേഗം ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ വച്ചു. അന്നേരം ഫോണില്‍ ഫേസ്ബുക്ക് ഓപ്പണ്‍ ആയി കിടക്കുന്നതും ചില നോട്ടിഫിക്കേഷനുകള്‍ വന്നിരിക്കുന്നതും കണ്ടു. വേഗം ഞാന്‍ അതുകൂടി ഒന്ന് തുറന്ന് നോക്കി.
മറ്റൊരാളുടെ പോസ്റ്റില്‍ എന്നെ ടാഗ് ചെയ്തിരിക്കുന്നതാണ് അതിലൊന്ന്. സംഗതി എന്താണെന്ന് കാണാനുള്ള ആവേശത്തില്‍ അതില്‍ ക്ലിക്ക് ചെയ്തു നോക്കി.

ആ പോസ്റ്റിനു കീഴെ ഒരു വ്യക്തി ഇങ്ങനെ കമന്റ് ചെയ്തിരിക്കുന്നത് എന്റെ ശ്രദ്ധയില്‍പ്പെട്ടു. ”ഞാനും പിതാവും ഒന്നാണ്.” സൂക്ഷിച്ചു നോക്കുമ്പോള്‍ യോഹന്നാന്‍ 10/30 ആണ് അതെന്ന് മനസ്സിലായി. ഞാന്‍ ആവേശഭരിതനായി. ഉടനെ വിശുദ്ധ ബൈബിള്‍ എടുത്ത് ആ വചനഭാഗം വായിക്കാന്‍ തുടങ്ങി.
യേശു ദൈവപുത്രനാണോ എന്ന യഹൂദരുടെ ചോദ്യത്തിന് യേശുതന്നെ അതെയെന്നും, ഞാനും പിതാവും (ദൈവം) ഒന്നാണെന്നും പറയുന്നതാണ് ആ ഭാഗം! ഞാനിതല്ലേ മണിക്കൂറുകളായി തിരയുന്നത്!!!
അക്കാര്യം വ്യക്തമായതോടെ, ഞാന്‍ സാഷ്ടാംഗം വീണ് നന്ദിപറഞ്ഞു. അല്‍പ്പസമയം എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി, ‘പാപിയും നിസാരനുമായ എന്നെയങ്ങ് ഹൃദയം കവര്‍ന്ന് സ്‌നേഹിക്കുകയാണല്ലോ! ഞാന്‍ മറന്നിട്ടും മറക്കാതിരുന്ന് എന്റെ പ്രാര്‍ത്ഥന കേള്‍ക്കുകയും അത്ഭുതകരമായി എനിക്ക് ഇക്കാര്യം വെളിപ്പെടുത്തിത്തരികയും ചെയ്ത ദൈവമേ നന്ദി. അവര്‍ണ്ണനീയമായ ഈ ദാനത്തിന് ഒരായിരം നന്ദി.’

മറ്റ് സുവിശേഷഭാഗങ്ങളിലും ഇതേ കാര്യം ആവര്‍ത്തിക്കപ്പെടുന്നുണ്ട് എന്നും കാണാം. സമരിയാക്കാരി സ്ത്രീയോട് ഈശോ സംസാരിക്കുന്നതാണ് ഒരു സന്ദര്‍ഭം. ”ആ സ്ത്രീ പറഞ്ഞു: മിശിഹാ ക്രിസ്തു വരുമെന്ന് എനിക്ക് അറിയാം. അവന്‍ വരുമ്പോള്‍ എല്ലാക്കാര്യങ്ങളും ഞങ്ങളെ അറിയിക്കും. യേശു അവളോട് പറഞ്ഞു: നിന്നോട് സംസാരിക്കുന്ന ഞാന്‍തന്നെയാണ് അവന്‍” (യോഹന്നാന്‍ 4/25-26).
ലോകരക്ഷയ്ക്കായി വന്ന ദൈവപുത്രനാണ് താനെന്ന് യഹൂദപ്രമാണിയായ നിക്കോദേമോസിനോട് യേശു വ്യക്തമാക്കുന്നതാണ് വേറൊരു ഭാഗം. ”അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി, തന്റെ ഏകജാതനെ നല്‍കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു. ദൈവം തന്റെ പുത്രനെ ലോകത്തിലേക്കയച്ചത് ലോകത്തെ ശിക്ഷയ്ക്ക് വിധിക്കാനല്ല. പ്രത്യുത, അവന്‍ വഴി ലോകം രക്ഷപ്രാപിക്കാനാണ്” (യോഹന്നാന്‍ 3/16-17).

നമുക്കറിയാവുന്നതുപോലെ മൂന്ന് സെമറ്റിക് മതവിശ്വാസങ്ങളാണ് ഉള്ളത്- യഹൂദമതം, ക്രിസ്തുമതം, ഇസ്ലാം മതം.
ഒന്നാമത്തേത് രക്ഷകനെ കാത്തിരുന്ന ജനം.
രണ്ടാമത്തേത് രക്ഷകനെ ലഭിച്ച ജനം.
മൂന്നാമത്തേത് രക്ഷകനെ മനസ്സിലാകാത്ത ജനം.
ഒന്നാമത്തെ സമൂഹം യേശുക്രിസ്തു എന്ന ഏകരക്ഷകനെക്കുറിച്ചു അപൂര്‍ണ്ണമായി മനസ്സിലാക്കിയപ്പോള്‍ മൂന്നാമത്തെ സമൂഹം യേശുക്രിസ്തു എന്ന ഏകരക്ഷകനെക്കുറിച്ച് അജ്ഞതയില്‍ അകപ്പെട്ടുപോയി.
എന്നാല്‍ ക്രൈസ്തവവിശ്വാസം പൂര്‍ണ്ണമായും വ്യക്തമായും യേശുക്രിസ്തുവിനെ ഏകരക്ഷകനായും ലോകവിമോചകനായും മനസ്സിലാക്കുന്നു.

മനുഷ്യപാപങ്ങള്‍ക്ക് പരിഹാരമായി രക്തം ചിന്തിയ, മരണത്തെ തോല്‍പ്പിച്ച് ഉയിര്‍ത്തെഴുന്നേറ്റ, ലോകജനതയുടെ വിധിയാളനായി വീണ്ടും വരുന്ന ആ ഏകസത്യദൈവത്തിലാണ് അന്നും ഇന്നും എന്നും ക്രൈസ്തവരുടെ പ്രത്യാശ.
ഈ തിരിച്ചറിവ് നമുക്ക് നല്‍കുന്നത് ദൈവത്തിന്റെ ആത്മാവാണ്. പരിശുദ്ധാത്മാവാണ് ക്രൈസ്തവ പ്രബോധകന്‍. ”ദൈവാത്മാവുമുഖേന സംസാരിക്കുന്നവരാരും യേശു ശപിക്കപ്പെട്ടവനാണ് എന്ന് ഒരിക്കലും പറയുകയില്ലെന്നും യേശു കര്‍ത്താവാണ് എന്നു പറയാന്‍ പരിശുദ്ധാത്മാവുമുഖേനയല്ലാതെ ആര്‍ക്കും സാധിക്കുകയില്ലെന്നും നിങ്ങള്‍ ഗ്രഹിക്കണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു” (1 കോറിന്തോസ് 12/3).

പ്രാര്‍ത്ഥിക്കാം,
ദൈവമേ, വിശ്വാസത്തില്‍ പലപ്പോഴും ഞങ്ങള്‍ പ്രതിസന്ധികളിലകപ്പെടുന്നു. അപ്പോഴെല്ലാം അങ്ങില്‍നിന്നുള്ള ഉത്തരം തേടുവാന്‍ ഞങ്ങളെ പ്രചോദിപ്പിക്കണമേ. അങ്ങനെ സത്യത്തിന്റെ പൂര്‍ണതയിലേക്ക് ഞങ്ങള്‍ നയിക്കപ്പെടട്ടെ.

ബ്രദര്‍ അഗസ്റ്റിന്‍ ക്രിസ്റ്റി PDM
അട്ടപ്പാടി പ്രീച്ചേഴ്‌സ് ഓഫ് ഡിവൈന്‍ മേഴ്‌സി മോണസ്ട്രിയിലെ വൈദികവിദ്യാാര്‍ത്ഥിയാണ് ബ്രദര്‍ അഗസ്റ്റിന്‍. ഇപ്പോള്‍ വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരിയില്‍ ഫിലോസഫി പഠനം നടത്തുന്നു.