ക്രിസ്മസിന് നാം ഈശോയെ നേരില്‍ കണ്ടാല്‍ എന്തായിരിക്കും പറയുക..? ഹാപ്പി ബര്‍ത്ത്‌ഡേ ജീസസ്.. അല്ലേ..? അതെ, സന്തോഷത്തിന്റെയും പ്രത്യാശയുടെയും ആ വലിയ തിരുനാളിലേക്ക് നമ്മള്‍ പ്രവേശിക്കുകയാണ്. യേശുക്രിസ്തുവിന്റെ ജനനത്തെക്കുറിച്ച് നാം പരസ്പരം നല്‍കുന്ന ആശംസ വളരെ വ്യത്യസ്തമാണ്, ഏറെ ഹൃദ്യമാണ്- ഹാപ്പി ക്രിസ്മസ്! രക്ഷകനായ യേശുക്രിസ്തുവിന്റെ ജനനത്തിരുനാള്‍ തലമുറകള്‍തോറും ആഹ്‌ളാദപൂര്‍വം ആഘോഷിക്കുന്ന തിരുനാളാണ്. ആ ജനനം, ഒരു തലമുറയുടേതോ ഒരു കാലഘട്ടത്തിന്റേതോ എന്നതിനപ്പുറം മനുഷ്യരാശിയുടെ സമൂലമായ ചരിത്രത്തിലേക്ക് കാലാതിവര്‍ത്തിയായി കടന്നുവരുന്ന ദൈവപദ്ധതിയുടെ മനുഷ്യരൂപമാണ്.
പലപ്പോഴും ക്രിസ്മസിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഒരു പുതിയ സന്തോഷമാണ്, പുതിയ വെളിച്ചമാണ് ലഭിക്കുന്നത്. എല്ലാ വര്‍ഷവും കാണുന്നുണ്ടെങ്കിലും ക്രിസ്മസ് ദിനങ്ങളിലെ നക്ഷത്രവിളക്കുകള്‍ നല്‍കുന്നത് പുതിയ വെളിച്ചവും പുതിയ തിളക്കവും പുതിയ പ്രതീക്ഷയുമാണ്; ഒരു വശ്യതയാര്‍ന്ന അനുഭവം നമുക്ക് തോന്നും. അത് നിറപ്പകിട്ടിന്റെ കഥപറയലല്ല, വൈദ്യുതിപ്രകാശത്തിന്റെ വോള്‍ട്ടേജ് നിര്‍ണയിക്കലല്ല. മറിച്ച്, ഒരു ഭവനത്തിന്റെ മുകളില്‍ വന്നുനിന്ന വാല്‍നക്ഷത്രത്തിന്റെ തുടര്‍ക്കഥയാണ്.
”ദാവീദിന്റെ പട്ടണത്തില്‍ നിങ്ങള്‍ക്കായി ഒരു രക്ഷകന്‍, കര്‍ത്താവായ ക്രിസ്തു ഇന്ന് ജനിച്ചിരിക്കുന്നു” (ലൂക്കാ 2/11). അവന്റെ പേര് ഇമ്മാനുവേല്‍ എന്നാണ് (മത്തായി 1/23) വ്യത്യസ്തമായ ഒരു നാമമാണ് യേശുപൈതലിന്റേത്- ഇമ്മാനുവേല്‍- ദൈവം നമ്മോടുകൂടെ. ദൈവത്തെ ‘അങ്ങ്’ എന്നും ‘സര്‍വശക്തന്‍’ എന്നും ‘പരിശുദ്ധന്‍’ എന്നും വിളിച്ച് പ്രാര്‍ത്ഥിച്ച് പരിചയമുള്ള വലിയ തലമുറയുടെ പിന്‍തുടര്‍ച്ചയില്‍, ആ ഒരു മുഹൂര്‍ത്തത്തില്‍, ഇമ്മാനുവേലായ ദൈവമേ എന്നു വിളിക്കാന്‍ സ്വര്‍ഗം നമ്മെ പ്രാപ്തരാക്കുന്നു.
എന്താണ് ഇതിന്റെ അടിസ്ഥാന കാരണവും അടിസ്ഥാന മര്‍മവും? മനുഷ്യന് ഒരു ‘ഗിഫ്റ്റ്’ കൊടുത്തതാണോ ദൈവം? ഒരര്‍ത്ഥത്തില്‍ അത് ശരിയാണ്, ഇത് അമൂല്യമായ സമ്മാനമാണ്. അതിനുമപ്പുറം സ്വയം പകുത്തു നല്കുന്ന ദൈവം. അവനില്‍ വിശ്വസിക്കുന്ന ഒരുവന്‍പോലും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കേണ്ടതിന്, തന്റെ ഏകജാതനെ നല്‍കുവാന്‍ തക്കവിധം മനുഷ്യരെ മുഴുവന്‍ സ്‌നേഹിച്ച ദൈവം (യോഹന്നാന്‍ 3/16) എന്ന് യോഹന്നാന്‍ ശ്ലീഹാ പഠിപ്പിക്കുന്നത് അതിന്റെ പൂര്‍ണമായ ഒരു വിവരണമാണ്.
എല്ലാവരെയും, എല്ലാ കാലങ്ങളിലും എല്ലാ അവസ്ഥയിലുമുള്ളവരെയും വിട്ടുപോകാതെ സൂക്ഷിക്കുന്ന, നൂറില്‍ തൊണ്ണൂറ്റി ഒമ്പതിനെയും വഴിയരികില്‍ വിട്ടിട്ട് മുറിവേറ്റ ഒന്നിന്റെ പിന്നാലെ പോകുന്ന, ആ ഇടയനെ ഓര്‍മപ്പെടുത്തുന്നതുപോലെ- വിട്ടുപിരിയാത്ത ദൈവസ്‌നേഹം ക്രിസ്മസിന്റെ ഈ വലിയ വാല്‍നക്ഷത്രത്തില്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഉണ്ടായ ആ അനുഭവം ഇപ്പോഴും, ഓരോ ക്രിസ്മസിനും ഞാനോര്‍ക്കും. അന്ന് കേരളത്തിന് പുറത്തുള്ള ഒരു ഇടവകയില്‍ വികാരിയായി ശുശ്രൂഷ ചെയ്യുകയാണ് ഞാന്‍. ഒരു ക്രിസ്മസ് ദിനം. ദൈവാലയത്തിലെ ശുശ്രൂഷകളെല്ലാം കഴിഞ്ഞു. എല്ലാവരുംതന്നെ പോയിക്കഴിഞ്ഞു; ഞാന്‍ തനിച്ചായി. ഒരുതരം ഏകാന്തത എന്നെ ഗ്രസിച്ചു. കേരളത്തിനു പുറത്തായിരുന്നതിനാല്‍ വീട്ടില്‍ പോകാനും കഴിയില്ല. ക്രിസ്മസായിരുന്നിട്ടും അന്ന് പ്രാതല്‍ ക്രമീകരിക്കാന്‍ സാധിച്ചിരുന്നില്ല. എവിടെനിന്നെങ്കിലും കഴിക്കണം.
തെല്ലുവിഷമത്തോടെ നില്‍ക്കുമ്പോള്‍ പരിചയമുള്ള ഒരു അമ്മച്ചി തൂണിനുമറവില്‍ നില്ക്കുന്നതുകണ്ടു. ഏറെ കഠിനതകളിലൂടെ കടന്നുപോയെങ്കിലും വലിയ സ്‌നേഹവും മാധുര്യവുമുള്ള അമ്മച്ചി. അത്രനേരവും തൂണിന് പിറകില്‍ മറഞ്ഞുനിന്ന അവര്‍ എന്നെ അടുത്തേക്ക് ക്ഷണിച്ചിട്ട് പറഞ്ഞു: ”അച്ചന്‍മോന്‍ വരാനായി ഞാന്‍ കാത്തുനില്ക്കുവായിരുന്നു.” എന്നിട്ട് ആരും കാണാതിരിക്കാനായി വളരെ ചെറുതായി മടക്കിയ ഒരു ഇരുപതുരൂപാനോട്ട് എന്റെ കൈയില്‍ വച്ചുതന്നു, ”അച്ചന്‍മോന്‍ ഇതുകൊണ്ട് കാപ്പി കുടിക്കണം!” ആ അമ്മച്ചി ധനികയൊന്നുമല്ല. അന്ന് ഇരുപത് രൂപ സാമാന്യം വലിയൊരു തുകയുമാണ്. പക്ഷേ അവരുടെ ആ മനസ് കണ്ടപ്പോള്‍ എനിക്കത് നിഷേധിക്കാനായില്ല. ഞാനത് വാങ്ങി. അമ്മച്ചി മടങ്ങുകയും ചെയ്തു.
ആ ഇരുപത് രൂപാകൊണ്ട് കാപ്പികുടിച്ചിെല്ലങ്കിലും അതെന്നെ വല്ലാതെ സ്പര്‍ശിച്ചു. അന്ന് ആശ്രമത്തില്‍നിന്നാണ് പ്രാതല്‍ കഴിച്ചത്. പക്ഷേ ഇന്നും ആ അനുഭവം എന്റെ ഓര്‍മയില്‍ ദൈവത്തിന്റെ കരുതലിന്റെ ക്രിസ്മസ് സമ്മാനമായി നിറഞ്ഞുനില്‍ക്കുന്നു, ഏത് സമയത്തും വിട്ടുപിരിയാത്ത ദൈവസ്‌നേഹത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍. ക്രിസ്മസിന്റെ അര്‍ത്ഥം അതാണല്ലോ, നീ അനാഥനല്ല, ദൈവം കൂടെയുണ്ട്…
ഉയരത്തിലെ പ്രകാശം താഴെ, അന്ധകാരത്തിലായിരുന്ന നമ്മെ സന്ദര്‍ശിച്ചുവെന്ന് പ്രവാചകന്‍വഴി പറഞ്ഞത് പൂര്‍ത്തിയാകുകയാണ്. നമ്മെ സന്ദര്‍ശിച്ച അവിടുന്ന് ഇമ്മാനുവേലായി ഒരിക്കലും പിരിയാതെ കൂടെ വസിക്കുന്നു. അതിനാല്‍ ഒരിക്കലും പിരിയാത്ത നമ്മുടെ രക്ഷകന്റെ ജനനത്തിരുനാള്‍ നമുക്ക് രക്ഷയുടെയും ആനന്ദത്തിന്റെയും അനുഭവമാകട്ടെ.
എല്ലാ ശാലോം വായനക്കാര്‍ക്കും ഹാപ്പി ക്രിസ്മസ്..!
കര്‍ദിനാള്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ