ദൈവം തെരഞ്ഞെടുത്തവര്‍ക്കുമാത്രമുള്ളതാണ് രക്ഷ; ബാക്കിയെല്ലാവരും നിത്യനാശം അനുഭവിക്കേണ്ടിവരും എന്നതാണ് പ്രൊട്ടസ്റ്റന്റ് ദൈവശാസ്ത്ര ചിന്ത. എന്നാല്‍ കത്തോലിക്കാ പ്രബോധനമനുസരിച്ച് ദൈവത്തിന്റെ തെരഞ്ഞെടുപ്പ് രക്ഷയ്ക്കുവേണ്ടിയും രക്ഷ അനുഭവിക്കാന്‍ വേണ്ടിയും ആണെങ്കിലും അത് പ്രധാനമായും ലക്ഷ്യം വച്ചിരിക്കുന്നത് ഒരു പ്രത്യേക ദൗത്യത്തിനുവേണ്ടിയാണ്. പഴയ നിയമത്തില്‍ ഇസ്രായേല്‍ തെരഞ്ഞെടുക്കപ്പെട്ട ജനമായിരുന്നു. അത് ദൈവവുമായി ഉടമ്പടിയിലൂടെ ദൈവത്തിന്റെ സ്വന്ത ജനമായിത്തീര്‍ന്ന് സത്യദൈവത്തെ ആരാധിക്കാന്‍ വേണ്ടിയായിരുന്നു. അവര്‍ അനുഭവിച്ച ദൈവത്തെ വിജാതീയരുടെയിടയില്‍ സാക്ഷ്യപ്പെടുത്താനും അതുവഴിയായി ദൈവം മഹത്വപ്പെടാനും ഇടയാകണം. ഒടുവില്‍, ആ ജനതയില്‍ നിന്ന് ലോകരക്ഷകന്‍ പിറക്കണമെന്നതുമായിരുന്നു ദൈവപദ്ധതി. ഇപ്രകാരം മഹത്തായ ഒരു ദൗത്യത്തിനുവേണ്ടിയായിരുന്നു ഇസ്രായേലിന്റെ തെരഞ്ഞെടുപ്പ്.
പുതിയ നിയമത്തില്‍ തെരഞ്ഞെടുക്കപ്പെട്ട ജനത എന്ന നിലയില്‍ തിരുസഭ യേശുവിലൂടെ പൂര്‍ത്തിയായ രക്ഷാപദ്ധതിയെ ലോകത്ത് സാക്ഷ്യപ്പെടുത്താന്‍ വിളിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുവിലൂടെ വെളിപ്പെട്ട ദൈവിക വെളിപാട് ലോകത്തെ അറിയിക്കാനും ക്രിസ്തുവിന്റെ ദൗത്യം ലോകത്ത് തുടരാനുമായിട്ടാണ് ഈ തെരഞ്ഞെടുപ്പ്.
സകല ജനങ്ങളെയും രക്ഷിക്കാനുള്ള ദൈവ പദ്ധതിയുടെ പൂര്‍ത്തീകരണത്തിനായിട്ടാണ് ഇപ്രകാരം തെരഞ്ഞെടുത്തിരിക്കുന്നത്. അത് ദൈവകൃപയുടെ പ്രവൃത്തിയാണ്. നമ്മുടെ യോഗ്യത കൊണ്ടല്ല എന്നു സ്പഷ്ടം.
ഈ തെരഞ്ഞെടുപ്പ് ലഭിച്ചു എന്നതുകൊണ്ടു മാത്രം ആരും രക്ഷ പ്രാപിക്കണമെന്ന് നിര്‍ബന്ധമില്ല. നാം കൂടുതല്‍ ഉത്തരവാദിത്വമുള്ളവരും രക്ഷയ്ക്കായി അധ്വാനിക്കാന്‍ കടപ്പെട്ടവരുമായിരിക്കുന്നു എന്നാണ് മനസ്സിലാക്കേണ്ടത്.
ദൈവകൃപയോടും ദൈവം ഒരുക്കിയ രക്ഷാപദ്ധതിയോടും സഹകരിക്കുന്നില്ലെങ്കില്‍ തെരഞ്ഞെടുക്കപ്പെട്ടവരായിരിക്കുന്നു എന്നതുകൊണ്ടുമാത്രം ആരും രക്ഷപ്രാപിക്കുകയില്ല എന്ന വസ്തുത ഈശോ പലപ്പോഴായി നമ്മെ അറിയിച്ചിരിക്കുന്നത് കാണുക: ”കിഴക്കുനിന്നും പടിഞ്ഞാറുനിന്നും നിരവധിയാളുകള്‍ വന്ന് അബ്രാഹത്തോടും ഇസഹാക്കിനോടും യാക്കോബിനോടുംകൂടെ സ്വര്‍ഗരാജ്യത്തില്‍ വിരുന്നിനിരിക്കും. രാജ്യത്തിന്റെ മക്കളാകട്ടെ, പുറത്തുളള അന്ധകാരത്തിലേക്ക് എറിയപ്പെടും” (മത്തായി 8/11 -12). ഇവിടെ പ്രതിപാദിച്ചിരിക്കുന്ന വൈരുദ്ധ്യാത്മകമായ യാഥാര്‍ത്ഥ്യം ശ്രദ്ധേയമാണ്. തെരഞ്ഞെടുക്കപ്പെട്ട ജനതയുടെ പിതാക്കന്മാരോടുകൂടെ സ്വര്‍ഗത്തില്‍ വിരുന്നിനിരിക്കുന്നത് വിജാതീയരാണ്! തെരഞ്ഞെടുപ്പിനോട് വിശ്വസ്തത പുലര്‍ത്തുന്നില്ലെങ്കില്‍ രക്ഷ പ്രാപിക്കുകയില്ലെന്ന് വ്യക്തം.
ഈശോ വീണ്ടും ഇക്കാര്യം ഉറപ്പിച്ചു പഠിപ്പിക്കുന്നു: ”സത്യമായി ഞാന്‍ നിങ്ങളോട് പറയുന്നു, ഏലിയാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധവകളുണ്ടായിരുന്നു… എന്നാല്‍ സീദോനിലെ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേയ്ക്കല്ലാതെ മറ്റാരുടെയും അടുത്തേക്ക് ഏലിയ അയ്ക്കപ്പെട്ടില്ല. ഏലീശാ പ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠ രോഗികളുണ്ടായിരുന്നു, എന്നാല്‍ അവരില്‍ സിറിയക്കാരനായ നാമാനല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല” (ലൂക്കാ 4/25-27). നിത്യരക്ഷ പ്രാപിക്കാന്‍ അനിവാര്യമായ കാര്യം തെരഞ്ഞെടുക്കപ്പെട്ട ജനത്തില്‍ അംഗമാകുക എന്നതിനെക്കാള്‍ ദൈവകൃപയോട് സഹകരിക്കുക എന്നതാണ്. സഭ കാര്‍ക്കശ്യത്തോടെ പഠിപ്പിക്കുന്നത് കാണുക:
”സഭയിലെ അംഗങ്ങളായിരിക്കുകയും സ്‌നേഹത്തില്‍ നിലനില്‍ക്കാതെ, സഭയുടെ മടിത്തട്ടില്‍ ഹൃദയംകൊണ്ടല്ലാതെ, ശരീരംകൊണ്ടുമാത്രം സ്ഥിതി ചെയ്യുന്നവര്‍ രക്ഷ പ്രാപിക്കുകയില്ല. തങ്ങളുടെ ഈ സ്ഥാനം സ്വന്തം യോഗ്യത കൊണ്ടല്ല; പ്രത്യുത, മിശിഹായുടെ പ്രത്യേക പ്രസാദവരം കൊണ്ടുള്ളതാണെന്ന വസ്തുത തിരുസഭയുടെ മക്കളെല്ലാം ഓര്‍മിക്കേണ്ടതാണ്. അതിനോട് വിചാരത്താലും വചനത്താലും പ്രവൃത്തിയാലും പ്രത്യുത്തരിക്കാത്തവര്‍ രക്ഷപെടുകയില്ലെന്നു മാത്രമല്ല, കര്‍ക്കശമായി വിധിക്കപ്പെടുകയും ചെയ്യും” (തിരുസഭ 14).
വിജാതീയരുടെ വിശ്വാസത്തെ പ്രകീര്‍ത്തിക്കുന്ന മിശിഹായെയും സുവിശേഷത്തില്‍ നാം കാണുന്നു: ഇതുപോലുള്ള വിശ്വാസം ഇസ്രായേലില്‍ ഒരുവനില്‍പോലും ഞാന്‍ കണ്ടിട്ടില്ല’ എന്ന് വിജാതീയനായ ശതാധിപനെക്കുറിച്ചും ‘നിന്റെ വിശ്വാസം വലുതാകുന്നു’ എന്ന് കാനാന്‍കാരി സ്ത്രീയെക്കുറിച്ചും ഈശോ പ്രകീര്‍ത്തിക്കുന്നു (ലൂക്കാ 7/9, മത്താ 15/28).
വിജാതീയരുടെ സത്കര്‍മ്മങ്ങളെ പരിഗണിക്കുന്ന ദൈവപദ്ധതിയെയാണ് കൊര്‍ണേലിയൂസിന്റെ സംഭവത്തില്‍ നാം കാണുന്നത്: ”നിന്റെ പ്രാര്‍ത്ഥനകളും ദാനധര്‍മ്മങ്ങളും ദൈവസന്നിധിയില്‍ നിന്നെ അനുസ്മരിപ്പിച്ചിരിക്കുന്നു” (അപ്പസ്‌തോല പ്രവര്‍ത്തനങ്ങള്‍ 10/4). യേശുവിന്റെ ജനനവേളയില്‍ യഹൂദരുടെ രാജാവായി പിറന്നവനെ ആരാധിക്കാന്‍ എത്തിയത് അവരുടെ ജനനേതാക്കന്മാരായിരുന്നില്ല, വിജാതീയരായ ജ്ഞാനികളായിരുന്നു എന്നതും, അവന്റെ കുരിശുമരണം കണ്ട് ‘സത്യമായും ഇവന്‍ ദൈവപുത്രനായിരുന്നു’ എന്ന് വിളിച്ചു പറഞ്ഞത് തെരഞ്ഞെടുക്കപ്പെട്ട ശിഷ്യരില്‍ ആരുമായിരുന്നില്ല, വിജാതീയനായിരുന്ന ശതാധിപനായിരുന്നു എന്നതും വെളിപ്പെടുത്തുന്ന വസ്തുത എന്താണ്? തെരഞ്ഞെടുപ്പുവഴിമാത്രം രക്ഷ പ്രാപിക്കുകയില്ല എന്നതിനോടൊപ്പം, രക്ഷ സാര്‍വത്രികമാണ് എന്നതുകൂടിയാണ്. തെരഞ്ഞെടുപ്പും വെളിപാടും ലഭിച്ചു എന്നത് കൂടുതല്‍ സഹകരണം ആവശ്യപ്പെടുന്നു. ഇല്ലാത്തപക്ഷം കൂടുതല്‍ കഠിനമായ ശിക്ഷാവിധിയാണുണ്ടാവുക: യജമാനന്റെ ഹിതം അറിഞ്ഞിട്ടും അതനുസരിച്ച് പ്രവര്‍ത്തിക്കാത്ത ദാസന്‍ കഠിനമായി പ്രഹരിക്കപ്പെടും. തെരഞ്ഞെടുപ്പ് കൂടുതല്‍ കര്‍ശനമായ ശിക്ഷാവിധിയ്ക്കുള്ള സാധ്യതയെകൂടി തരുന്നു എന്നറിയുക.
ദൈവത്തിന്റെ മുന്നറിവ് (Foreknowlege)
ദൈവം ദൈവമായിരിക്കുകയാല്‍ സ്ഥലകാല പരിമിതികള്‍ക്കുപരിയായവനും സര്‍വജ്ഞാനിയുമാണ്. ഭാവി, ഭൂത, വര്‍ത്തമാന കാലവ്യത്യാസം ദൈവത്തിനില്ലല്ലോ. അവിടുന്ന് എല്ലാമറിയുന്നു. നാം ഇപ്പോള്‍ ചെയ്യുന്നവയും ഇനി ചെയ്യാനിരിക്കുന്നവയും അവിടുത്തേക്ക് അനാവൃതവും വ്യക്തവുമാണ്.
ആകയാല്‍, ആരെല്ലാം അവിടുത്തെ കൃപയോട് സഹകരിക്കുമെന്നും, ആരൊക്കെ കൃപയെ തിരസ്‌കരിക്കുമെന്നും അവിടുന്നറിയുന്നു. എന്നാല്‍ ഈ മുന്നറിവ് അവിടുത്തെ മുന്‍ നിശ്ചയമല്ല, മുന്‍ വിധിയുമല്ല (Fatalism). ഒരു വിധത്തിലും ഈ മുന്നറിവ് നമ്മെ സ്വാധീനിക്കുകയോ നമ്മുടെ സ്വതന്ത്ര തീരുമാനത്തെ തടസ്സപ്പെടുത്തുകയോ ചെയ്യുന്നില്ല. മനുഷ്യസ്വാതന്ത്ര്യത്തെ ദൈവം അത്രയധികമായി വിലമതിക്കുന്നു.
ഇവയില്‍നിന്നെല്ലാം നാം ഗ്രഹിക്കേണ്ട വസ്തുതയുണ്ട്. ദൈവം ആരെയും മുന്‍കൂട്ടി ഇപ്പോള്‍ ഭൂമിയിലായിരിക്കെത്തന്നെ സ്വര്‍ഗത്തില്‍ ഇരുത്തിയിട്ടില്ല. ക്രിസ്തുവിനോടൊത്ത് നാം സ്വര്‍ഗത്തിലെത്തിച്ചേരണമെന്നത് ദൈവഹിതമാണ്. അത് മരണശേഷം, ഈ ലോകജീവിതാവസാനത്തില്‍ മാത്രം മനുഷ്യന് ലഭിക്കുന്നതാണ്. എന്നാല്‍ അതിന് ആവശ്യമായി ദൈവത്തിന്റെ ഭാഗത്തുനിന്ന് ചെയ്യേണ്ടിയിരുന്ന മനുഷ്യരക്ഷാപദ്ധതി ക്രിസ്തുവില്‍ പൂര്‍ത്തീകരിക്കപ്പെട്ടു കഴിഞ്ഞു. ഈ അര്‍ത്ഥത്തിലാണ് ദൈവം നമ്മെ ക്രിസ്തുവിനോടുകൂടെ ഉയിര്‍പ്പിച്ച് ശക്തിയുടെ വലതുഭാഗത്ത് ഇരുത്തി എന്ന് വചനം പഠിപ്പിക്കുന്നത്. അസ്തിത്വത്തിന്റെ തലത്തില്‍ ക്രിസ്തു നമ്മെ അവിടുത്തോട് ഐക്യപ്പെടുത്തി. ഇത് വസ്തുനിഷ്ഠാപരമായി അസ്തിത്വത്തിന്റെ തലത്തില്‍ (objective and ontological dimension) സംഭവിച്ചതാണ്. ഇത് ഓരോ വ്യക്തിയും വ്യക്തിനിഷ്ഠമായി യാഥാര്‍ത്ഥ്യമാക്കേണ്ടതുണ്ട് (subjective reality).
ഇതിനായി ഓരോ വ്യക്തിയുടെയും ഭാഗത്തുനിന്ന് കൃപാവരത്തോട് സഹകരിച്ച് നിത്യരക്ഷ പ്രാപിക്കാനായി അധ്വാനിക്കുക എന്നത് ബാക്കി നില്‍ക്കുന്നു. അത് മരണംവരെയും സ്വതന്ത്രമനസ്സോടെ ഓരോരുത്തരും നിര്‍വ്വഹിക്കേണ്ടതാണ്. ഇതാ ഒരു വചനം കാണുക: ”തെരഞ്ഞെടുക്കപ്പെട്ടവര്‍ യേശുക്രിസ്തുവില്‍ ശാശ്വതവും മഹത്വപൂര്‍ണവുമായ രക്ഷ നേടുന്നതിനുവേണ്ടി ഞാന്‍ എല്ലാം സഹിക്കുന്നു. ഈ വചനം വിശ്വാസ യോഗ്യമാണ്. നാം അവനോടുകൂടി മരിച്ചിട്ടുണ്ടെങ്കില്‍ അവനോടു കൂടെ ജീവിക്കും. നാം ഉറച്ചു നില്‍ക്കുമെങ്കില്‍ അവനോടുകൂടി വാഴും. നാം അവനെ നിഷേധിക്കുമെങ്കില്‍ അവന്‍ നമ്മെയും നിഷേധിക്കും” (2 തിമോത്തിയോസ് 2/10-12).
റവ.ഡോ. ജയിംസ് കിളിയനാനിക്കല്‍
സോഫിയാ ബുക്‌സ് പ്രസിദ്ധീകരിച്ച ‘കൃപ’ എന്ന ഗ്രന്ഥത്തില്‍നിന്ന്.