വിശുദ്ധിക്കായി യത്‌നിച്ച് ഫലം നേടാന്‍ ആഗ്രഹിക്കുന്ന ആത്മാവ് കുമ്പസാരം പ്രയോജനപ്പെടുത്തുന്നതിനായി മൂന്ന് കാര്യങ്ങള്‍ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
പൂര്‍ണമായ ആത്മാര്‍ത്ഥതയും തുറവിയും: നിഷ്‌കളങ്കത ഇല്ലാത്ത ആത്മാവാണെങ്കില്‍, ഏറ്റവും ജ്ഞാനവും വിശുദ്ധിയുമുള്ള ഒരു കുമ്പസാരക്കാരനുപോലും ബലം പ്രയോഗിച്ച് ഒന്നും ചെയ്യാന്‍ സാധിക്കുകയില്ല. കപടതയും നിഗൂഢതയുമുള്ള ആത്മാവ് ആത്മീയജീവിതത്തില്‍ വളരെ അപകടങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരും. ഇപ്രകാരമുള്ള ആത്മാവിന് കര്‍ത്താവായ ഈശോപോലും ഉന്നതമായ തലത്തില്‍ തന്നെത്തന്നെ വെളിപ്പെടുത്തുകയില്ല. കാരണം ഇപ്രകാരമുള്ള കൃപവഴി അത് പ്രയോജനമെടുക്കുകയില്ലെന്ന് അവിടുത്തേക്ക് അറിയാം.
എളിമ: എളിമയുള്ള ആത്മാവല്ലെങ്കില്‍ അതിന് കുമ്പസാരംവഴി കിട്ടേണ്ട പ്രയോജനം ലഭിക്കുകയില്ല. അഹങ്കാരം അതിനെ അന്ധകാരത്തില്‍ത്തന്നെ സൂക്ഷിക്കുന്നു. അതിന്റെ ദുരവസ്ഥ മനസിലാക്കാനോ സമഗ്രപഠനം നടത്താനോ അത് തയാറല്ല. അത് ഒരു മുഖംമൂടി ധരിക്കുകയും, തന്റെ സൗഖ്യത്തിനുള്ള എല്ലാ കാര്യങ്ങളും ഒഴിവാക്കുകയും ചെയ്യുന്നു.
അനുസരണം: കര്‍ത്താവായ ഈശോതന്നെ വന്ന് അതിന്റെ കുമ്പസാരം കേട്ടാല്‍പ്പോലും അനുസരണമില്ലാത്ത ആത്മാവിന് വിജയം വരിക്കാന്‍ സാധ്യമല്ല. ഏറ്റവും അനുഭവജ്ഞാനമുള്ള കുമ്പസാരക്കാരനുപോലും അപ്രകാരമുള്ള ഒരാത്മാവിനെ സഹായിക്കാന്‍ സാധിക്കില്ല. അനുസരണമില്ലാത്ത ആത്മാവ് വലിയ ദുരിതങ്ങള്‍ നേരിടേണ്ടിവരും. പൂര്‍ണതയിലേക്ക് വളരാന്‍ അതിന് സാധിക്കില്ല. എന്നുമാത്രമല്ല, ആത്മീയജീവിതത്തില്‍ വിജയിക്കാനും അതിനാവില്ല. അനുസരണയുള്ള ആത്മാവിലേക്കാണ് ദൈവം ഉദാരമായി കൃപകള്‍ ചൊരിയുന്നത്.
വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറിയില്‍നിന്ന് (113)