തലമുറകളെ വിശുദ്ധപദവിയിലെത്തിച്ച അത്ഭുതപ്രവര്‍ത്തകന്‍ – Shalom Times Shalom Times |
Welcome to Shalom Times

തലമുറകളെ വിശുദ്ധപദവിയിലെത്തിച്ച അത്ഭുതപ്രവര്‍ത്തകന്‍

ക്രിസ്തുവിശ്വാസത്തെക്കുറിച്ച് അറിയില്ലാത്തവരെയും വിശ്വാസത്തിലേക്ക് നയിക്കാന്‍ ഏറെ സഹായകമാണ് അത്ഭുതങ്ങള്‍. അത്തരത്തില്‍ അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ ദൈവികവരം ലഭിച്ചയാളായിരുന്നു വിശുദ്ധ ഗ്രിഗറി തൗമാത്തുര്‍ക്കസ്. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളാകാന്‍ ഭാഗ്യം ലഭിച്ചു മക്രീന എന്ന യുവതിക്ക്. ഏഷ്യാ മൈനറിലാണ് അവള്‍ ജനിച്ചത്. പില്ക്കാലത്ത് അവള്‍ വിവാഹിതയായി കുടുംബജീവിതം നയിക്കാന്‍ തുടങ്ങി. മക്കളെ നല്കി ദൈവം അവരുടെ കുടുംബത്തെ അനുഗ്രഹിച്ചുയര്‍ത്തുകയും ചെയ്തു. നാളുകള്‍ക്കകം ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ മതമര്‍ദ്ദനകാലമായി. ക്രിസ്തുവിനെ ഉപേക്ഷിക്കാന്‍ തയാറല്ലാത്തതുകൊണ്ട് ഭര്‍ത്താവിനോടും കുട്ടികളോടുമൊപ്പം മക്രീന കാട്ടിലേക്ക് പലായനം ചെയ്തു. തുടര്‍ന്ന് ഏഴ് വര്‍ഷത്തോളം ആ കുടുംബം അവിടെ കഴിഞ്ഞു. വേട്ടയാടി ലഭിക്കുന്നതുകൊണ്ടാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പട്ടിണിയും മറ്റ് സഹനങ്ങളുമൊന്നും ക്രിസ്തുവിശ്വാസത്തിന്റെ നാളം കെടുത്താന്‍ പര്യാപ്തമായിരുന്നില്ല.

മകനായിരുന്ന ബേസില്‍ ബാലനായിരുന്നപ്പോള്‍മുതല്‍ ജ്ഞാനവും പ്രസംഗപാടവവും പ്രദര്‍ശിപ്പിച്ചിരുന്നു. യുവാവായിത്തീര്‍ന്നപ്പോള്‍ ബേസില്‍ എമിലിയ എന്ന യുവതിയെ വിവാഹം കഴിച്ചു. ഭക്തയും സുശീലയുമായ എമിലിയ ക്രിസ്തുവിശ്വാസത്തെപ്രതി രക്തസാക്ഷിയായിത്തീര്‍ന്ന ഒരാളുടെ മകളായിരുന്നു. ബേസില്‍-എമിലിയ ദമ്പതികള്‍ക്ക് പത്ത് മക്കളുണ്ടായി. അധികം വൈകാതെ, യൗവനത്തില്‍ത്തന്നെ, കുടുംബനാഥനായ ബേസില്‍ മരണമടഞ്ഞു. അതിനുശേഷം എമിലിയയും കുട്ടികളും ബേസിലിന്റെ അമ്മയായ മക്രീനക്കൊപ്പം താമസമാക്കി. മുത്തശ്ശിയുടെ വിശ്വാസജീവിതം ആ കുടുംബത്തെ ആകമാനം ആഴത്തില്‍ സ്വാധീനിക്കുംവിധം ശക്തമായിരുന്നു.

എമിലിയയുടെ മൂത്ത മകള്‍ക്ക് മുത്തശ്ശിയുടെ പേരാണ് നല്കപ്പെട്ടിരുന്നത്, മക്രീന. അവളുടെ വിവാഹം നിശ്ചയിച്ചിരുന്ന സമയത്ത് പ്രതിശ്രുതവരന്‍ മരണപ്പെട്ടു. ഇനി തനിക്ക് ഒരു വിവാഹജീവിതം വേണ്ട എന്ന തീരുമാനത്തിലായി മക്രീന. തുടര്‍ന്ന് അവള്‍ ബ്രഹ്മചര്യവ്രതം സ്വീകരിക്കുകയും സഹോദരങ്ങളെ അതിന് പ്രേരിപ്പിക്കുകയും ചെയ്തു. അതോടൊപ്പം അടിമകളെ ഒരുമിച്ചുകൂട്ടി ഒരു സന്യസിനീസമൂഹത്തിന് തുടക്കമിടാന്‍ അവള്‍ അമ്മയായ എമിലിയയെയും പ്രചോദിപ്പിച്ചു. അങ്ങനെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് എമിലിയ ഒരു സന്യാസസമൂഹം ആരംഭിച്ചു.

മക്രീന ലൗകികസുഖങ്ങള്‍ ത്യജിച്ചതുകണ്ട് പ്രചോദിതനായ സഹോദരന്‍ ബേസിലും സന്യാസം സ്വീകരിക്കാന്‍ തയാറായി. ഇന്ന് പൗരസ്ത്യ സന്യാസത്തിന്റെ സ്ഥാപകനായാണ് അദ്ദേഹം അറിയപ്പെടുന്നത്. മറ്റൊരു സഹോദരി തിയോസേബിയ വിശക്കുന്നവരെയും അനാഥരെയും സേവിക്കുകയും പെണ്‍കുട്ടികളെ മാമ്മോദീസ സ്വീകരിക്കാനായി ഒരുക്കുകയും ചെയ്തു. എന്നും സഹോദരന്‍മാരുടെ നിഴലില്‍ ജീവിക്കാന്‍ ഇഷ്ടപ്പെട്ടിരുന്ന പീറ്റര്‍ സെബാസ്‌തെ സഹോദരങ്ങളുടെ പല രചനകളുടെയും പിന്നില്‍ പ്രവര്‍ത്തിച്ചു. മറ്റൊരു സഹോദരനായ നൗക്രാത്തിയോസും വിശുദ്ധജീവിതത്തില്‍ പിന്നോട്ടുപോയില്ല.

ഈ കുടുംബം അനേകര്‍ക്ക് ഒരു ആകര്‍ഷണകേന്ദ്രമായിരുന്നു. അവരുമായി ബന്ധം ഉണ്ടാകുന്നത് ഒരു അഭിമാനകാരണമായി കരുതപ്പെട്ടു. ഈ ശ്രേഷ്ഠതക്കെല്ലാം അടിസ്ഥാനമായത് മറ്റൊന്നുമായിരുന്നില്ല, കുടുംബാംഗങ്ങളില്‍ അനേകര്‍ വിശുദ്ധജീവിതം നയിച്ചു എന്നതാണ്. സഭ ഔദ്യോഗികമായി വിശുദ്ധരെന്ന് വിളിക്കുന്ന പന്ത്രണ്ടോളം പേര്‍ കുടുംബാംഗങ്ങളില്‍ ഉള്‍പ്പെടുന്നു.

വിശുദ്ധ മക്രീന ദി എല്‍ഡര്‍, മകനായ വിശുദ്ധ ബേസില്‍ ദി എല്‍ഡര്‍, അദ്ദേഹത്തിന്റെ ഭാര്യ വിശുദ്ധ എമിലിയ, വിശുദ്ധ എമിലിയയുടെ രക്തസാക്ഷിയായ പിതാവ്, ബേസിലിന്റെയും എമിലിയയുടെയും മക്കളായ സഭാപിതാവും വേദപാരംഗതനും മെത്രാനുമായ മഹാനായ വിശുദ്ധ ബേസില്‍, നിസ്സായിലെ വിശുദ്ധ ഗ്രിഗറി, സെബാസ്തയിലെ വിശുദ്ധ പീറ്റര്‍, സന്യാസിയായിരുന്ന വിശുദ്ധ നൗക്രാത്തിയോസ്, സന്യാസിനിയായിരുന്ന വിശുദ്ധ മക്രീന ദി യങ്ങര്‍, വിശുദ്ധ തെയോസേബിയ എന്നിവരാണ് ഈ വിശുദ്ധഗണത്തില്‍ ഉള്‍പ്പെട്ടവര്‍.

ഔദ്യോഗികമായി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ടിട്ടില്ലെങ്കിലും കുടുംബത്തിലെ മറ്റ് സഹോദരങ്ങളും ഉത്തമവിശ്വാസജീവിതം നയിച്ചിരുന്നു എന്നാണ് പാരമ്പര്യം സാക്ഷിക്കുന്നത്. കുടുംബമൊന്നിച്ച് വിശുദ്ധിയില്‍ വളരുന്നത് എത്രയോ മനോഹരവും ശ്രേഷ്ഠവുമാണെന്ന് ഈ കുടുംബം നമ്മെ ഓര്‍മിപ്പിക്കുന്നു. താനൊരു ദൈവഭക്തനായി വളര്‍ന്നതിന്റെ പ്രധാനകാരണം കുട്ടിക്കാലത്ത് തന്നെ പഠിപ്പിച്ച മുത്തശ്ശിയായ വിശുദ്ധ മക്രീനയാണെന്ന് മഹാനായ വിശുദ്ധ ബേസില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സജീവമായി വിശ്വാസം പരിശീലിക്കുന്ന കുടുംബങ്ങള്‍ വിശുദ്ധമായി വളരുകതന്നെ ചെയ്യും.