എല്ലാ വ്യാഴാഴ്ചകളിലും നവമാധ്യമങ്ങള്‍ വഴി ഒത്തു ചേര്‍ന്നു പ്രാര്‍ത്ഥിക്കുന്ന ഒരു വൈദിക കൂട്ടായ്മയുണ്ട് ഞങ്ങള്‍ക്ക്. പരസ്പരം പ്രാര്‍ത്ഥിച്ചും ശക്തിപ്പെടുത്തിയും തെറ്റുതിരുത്തിയും പൗരോഹിത്യ സാഹോദര്യത്തിന്റ മാധുര്യം നുകരുന്ന കൂട്ടായ്മ. ഏശയ്യ പ്രവചനം 30/21ന്റെ അഭിഷേകം ചോദിച്ചു വാങ്ങി പരിശുദ്ധാത്മാവിന്റെ സ്വരത്തിന് കാതോര്‍ത്ത് പരസ്പരം സന്ദേശങ്ങള്‍ എടുത്ത് പ്രാര്‍ത്ഥിക്കാറുണ്ട്. മാസങ്ങള്‍ക്കു മുന്‍പ് ഒരു വ്യാഴാഴ്ച ഗ്രൂപ്പിനു വേണ്ടി പ്രാര്‍ത്ഥിക്കുന്ന അവസരത്തില്‍ ഞങ്ങളുടെ കൂട്ടായ്മയിലുള്ള ജോണിയച്ചന് ഒരു സന്ദേശം ലഭിച്ചു. ”നിങ്ങള്‍ പഴയ ആദ്ധ്യാത്മികതയിലേക്ക് തിരികെ പോവുക.” സന്ദേശത്തിന്റെ വ്യാഖ്യാനം ചോദിച്ച് എല്ലാവരും ചേര്‍ന്ന് സ്തുതിച്ചു പ്രാര്‍ത്ഥിച്ച നേരം, ആദ്യകാല ക്രൈസ്തവ സന്യാസിമാര്‍ പരിശീലിച്ചിരുന്ന പരിത്യാഗമെടുത്തുള്ള പ്രാര്‍ത്ഥനാരീതി തമ്പുരാന്‍ വെളിപ്പെടുത്തി.
നാം വലിയ നോമ്പിലേക്ക് പ്രവേശിക്കുകയാണ്. പ്രാര്‍ത്ഥനക്കും പരിത്യാഗപ്രവൃത്തികള്‍ക്കും ആശയടക്കത്തിനും ആത്മീയചര്യകള്‍ക്കും ഉപവാസത്തിനും ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും പ്രത്യേക സമയസ്ഥലസന്ദര്‍ഭങ്ങള്‍ ഒരുക്കിയിരിക്കുന്ന സമയം. ഒറ്റവാക്കില്‍ പറഞ്ഞാല്‍ ദൈവത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള തീരുമാനം. ഈ നോമ്പുകാലത്ത് കര്‍ത്താവ് നമ്മോട് ചോദിക്കുന്നത് മത്തായിയുടെ സുവിശേഷം 26/40 ല്‍ കാണുന്ന ചോദ്യമാണ്. ”അനന്തരം അവന്‍ ശിഷ്യന്‍മാരുടെ അടുത്തേക്കുവന്നു. അപ്പോള്‍ അവര്‍ ഉറങ്ങുന്നതു കണ്ടു. അവന്‍ പത്രോസിനോടു ചോദിച്ചു: എന്നോടുകൂടെ ഒരു മണിക്കൂര്‍ ഉണര്‍ന്നിരിക്കാന്‍ നിങ്ങള്‍ക്കു കഴിഞ്ഞില്ലേ?” ഇത് ഒരു ചോദ്യത്തെക്കാളുപരി, അവന്റെ മനസ്സിന്റെ ആഗ്രഹമായിരുന്നു.
നമ്മുടെ വേദനയുടെ നിമിഷങ്ങളില്‍, ഏകാന്തത ഒരു നീരാളിയെപ്പോലെ വരിഞ്ഞു മുറുക്കുന്ന സമയത്ത് ഉള്ളിന്റെയുള്ളില്‍ നമുക്കും തോന്നാറില്ലേ? ഹൃദയത്തിന്റെ വലം കോണില്‍ ഒരു ആഗ്രഹം ഉയരാറില്ലേ? കണ്ണുകള്‍ നാലുപാടും തിരയാറില്ലേ- ഒറ്റപ്പെടലിന്റെ ഈ ഗദ്‌സമേനില്‍ ഒപ്പം ഉണര്‍ന്നിരിക്കുവാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍!
അതെ, ഈ നോമ്പുകാലം നമ്മില്‍നിന്നും ചോദിക്കുന്നത് ഈ ഒരു മണിക്കൂറാണ്. എന്താണ് ഒരു മണിക്കൂര്‍?
ഒരു സുഹൃത്തിനെ കാണാന്‍ പോകുന്നതുപോലെ, വിനോദയാത്രക്ക് സുഹൃത്തുക്കളെ വിളിച്ചുകൂട്ടുന്ന ആവേശത്തോടെ തന്റെ ശിഷ്യരെ വിളിച്ചുകൂട്ടി സഹനത്തിന്റെ വിരുന്നിലേക്ക് കടക്കുന്ന ഈശോ. വിരുന്നുശാലയുടെ വാതിലായിരുന്നു മാളിക മുറിയെങ്കില്‍ ഗദ്‌സമേന്‍ ഒരുക്കത്തിന്റെ ഇടമായിരുന്നു. കൈകള്‍ കഴുകി, മുഖമൊന്ന് ഒപ്പി വിവാഹവസ്ത്രം ധരിച്ച് വിരുന്നിനൊരുങ്ങാനുള്ള ഇടം. ഈ നോമ്പുകാലവും നമ്മോടു പറയുന്നത് ഒരു മണിക്കൂര്‍ മാറ്റിവയ്ക്കാനാണ്; അവനോടൊപ്പം, സഭയോടൊപ്പം, ജീവിതപങ്കാളിയോടും മക്കളോടുമൊപ്പം, സുഹൃത്തുക്കളോടൊപ്പം, ഒരുക്കത്തിന്റെ തോട്ടത്തില്‍ അല്പനേരമൊന്ന് ചെലവഴിക്കാനാണ്.
കാരണം, മത്തായി 26/46ല്‍ അവന്‍ അവരോട് പറഞ്ഞു, ”എഴുന്നേല്‍ക്കുവിന്‍, നമുക്കു പോകാം.” ഇന്ന് അവന്‍ നമ്മോടും യാത്രക്കൊരുങ്ങുവാന്‍ പറയുന്നു. വഴിയില്‍ ഒറ്റിക്കൊടുക്കപ്പെടുന്നതിന്റെ വ്യഥ അനുഭവിക്കേണ്ടിവന്നേക്കാം, ഏകാന്തതയുടെ തടവറകള്‍ നിന്നെ കാത്തിരിക്കുന്നുണ്ടാകാം, ഭാരം നിറഞ്ഞ കുരിശു മരങ്ങള്‍ ചുമലില്‍ വഹിക്കേണ്ടിവരും, ചമ്മട്ടിയടികളും മുള്‍മുടിയും ഏല്‍ക്കേണ്ടിവന്നേക്കാം, മനസ്സിലും ശരീരത്തിലും കൂര്‍ത്തു നീണ്ട ആണികള്‍ ആഴ്ന്നിറങ്ങിയേക്കാം, എന്നാല്‍ അവയ്‌ക്കെല്ലാം അപ്പുറം നിന്നെ കാത്ത് രക്ഷയുടെ ഉത്ഥാനമുണ്ട്. പിന്നെ ഒപ്പം നടക്കാന്‍ ഒരമ്മയും ചേര്‍ത്തു നിര്‍ത്താന്‍ അവനുമുണ്ട്.
രക്ഷയുടെ സ്ലീവാപ്പാത നമുക്ക് ആരംഭിക്കാം. ഈ നോമ്പ് അതിനുള്ള അവസരമാകട്ടെ. അതിനാല്‍ നീ പ്രാര്‍ത്ഥിച്ചൊരുങ്ങുക, ദൈവത്തിനൊരു പദ്ധതിയുണ്ട്. അതിനായി ഒരുക്കപ്പെടാന്‍, വെളിപാടുകളിലൂടെ അവന്‍ സംസാരിക്കാന്‍, മാലാഖയുടെ സ്വരം ശ്രവിക്കാന്‍, പ്രാര്‍ത്ഥനയോടെ ഏകാന്തതയുടെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി നമുക്ക് കാത്തിരിക്കാം.
അപ്പന്റെ ആഗ്രഹം പൂര്‍ത്തിയാക്കുന്ന ചാരിതാര്‍ത്ഥ്യത്തോടെ, രക്ഷാകര പദ്ധതി നിന്നിലൂടെ പൂര്‍ത്തിയാകുന്നതില്‍ ആനന്ദം അനുഭവിച്ച് നിന്റെ കാല്‍വരിയാത്രകള്‍ പൂര്‍ത്തിയാക്കണമെങ്കില്‍ നിനക്ക് ജീവിതത്തില്‍ ഒരു ഒലിവുമലയും അതിലൊരു തോട്ടവുമുണ്ടാകണം. ഒപ്പം കൂട്ടാന്‍ ആളുകളുണ്ടാവണം. ജീവിതത്തില്‍ ഒരു തീരുമാനം എടുക്കുന്നതിനു മുന്‍പ്; ഭാര്യയെയും മക്കളെയും കൂട്ടി, ചില ഒലിവുമലകളിലേക്ക് യാത്രചെയ്യുന്ന എത്രപേരുണ്ട്? മകനോ മകള്‍ക്കോ ഒരു വിവാഹ ആലോചന വന്നു; ഇന്ന് രാവണയുന്ന നേരം, ഇടവക ദൈവാലയത്തിന്റെ പടികള്‍ കയറി ആ കല്‍വിളക്കില്‍ ഒരു തിരി തെളിച്ച് പ്രാര്‍ത്ഥിച്ചിട്ട് തീരുമാനം എടുക്കാം എന്ന് കരുതുന്ന എത്ര പേരുണ്ട് നമ്മുടെ ഇടയില്‍? നമുക്ക് സ്വന്തമാക്കാം, പതിവുപോലെ പ്രാര്‍ത്ഥിക്കാന്‍ വരുന്നിടം. പ്രാര്‍ത്ഥന ചോദിക്കാന്‍ ചില വ്യക്തികള്‍, വിശുദ്ധര്‍; ഒരു പുരോഹിതന്‍, സന്യസ്ത, അപ്പന്‍, അമ്മ, സുഹൃത്ത്, ജീവിത പങ്കാളി അങ്ങനെ ഏതെങ്കിലും വ്യക്തികള്‍, അത്തരത്തിലുള്ള ഏതെങ്കിലും സ്ഥലങ്ങള്‍. അവിടെ അവന്‍ നിനക്കുവേണ്ടി മാലാഖമാരെ അയക്കും. കാസയെടുത്തുമാറ്റാനല്ല. കുടിച്ചു തീര്‍ക്കുവാനുള്ള കൃപയില്‍ നിന്നെ ശക്തിപ്പെടുത്താന്‍.
പ്രിയരേ, സഹനങ്ങളെ പാഴാക്കരുത്. വേദനകളെ പ്രാര്‍ത്ഥനകളാക്കുക. പരിത്യാഗം ജീവിത രീതിയാക്കുക. സഹനത്തിന്റ കാസയില്ലാത്ത ക്രിസ്തീയ ആത്മീയവിരുന്നുകള്‍ പൂര്‍ണ്ണമാവില്ലെന്ന് ഓര്‍ക്കുക. ഒരു നോവും വെറുതെയാകരുത്. ഹബക്കുക്ക് 3/17- ”അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും, മുന്തിരിയില്‍ ഫലങ്ങളില്ലെങ്കിലും, ഒലിവുമരത്തില്‍ കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം വിളയുന്നില്ലെങ്കിലും ആട്ടിന്‍കൂട്ടം ആലയില്‍ അറ്റുപോയാലും കന്നുകാലികള്‍ തൊഴുത്തില്‍ ഇല്ലാതായാലും ഞാന്‍ കര്‍ത്താവില്‍ ആനന്ദിക്കും.” ജോബ് 19/ 26- ”എന്റെ ചര്‍മം അഴുകി ഇല്ലാതായാലും എന്റെ മാംസത്തില്‍നിന്ന് ഞാന്‍ ദൈവത്തെ കാണും.” ഈ വചനങ്ങള്‍ നമുക്ക് ശക്തിയാകട്ടെ.
അവസാനമായി, നീ ഒരു ഒലിവു മലയാകണം; നിന്റെ പങ്കാളിക്ക്, സഭക്ക്, സമൂഹത്തിന്, മക്കള്‍ക്ക്. ദൈവഹിതം അറിയാന്‍ ആത്മാവില്‍ ശക്തി സംഭരിക്കാന്‍ നിന്റെ സാമീപ്യം അനേകര്‍ക്ക് കാരണമാകട്ടെ.
കിനാവില്‍ ഒരു യാത്ര പോകാന്‍ ഞാന്‍ കൊതിച്ചു.
തോട്ടത്തില്‍ അവന്‍ തനിച്ചാണ്.
അവന്‍ പോലുമറിയാതെ,
ഒരു വിയര്‍പ്പു തുള്ളി സ്വന്തമാക്കണം.
രക്ത സ്‌നാനത്തിന്.
എന്നാല്‍ നിനവില്‍ അവന്‍ പറഞ്ഞു.
നിനക്കായി ഞാനെന്നും ബലിക്കല്ലില്‍
ഒരു കാസ നിറയ്ക്കുന്നുണ്ട്.
കല്ലേറു ദൂരത്തിനിപ്പുറം
ഞാന്‍ വിയര്‍ക്കുന്നുണ്ട്.
വരിക…സ്വന്തമാക്കുക…
ഫാ. മനു പൊട്ടനാനിയില്‍ സി.എസ്.റ്റി.
മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ദ അപ്പോസ്റ്റല്‍ സന്യാസസഭാംഗമാണ് ഫാ. മനു. ഇപ്പോള്‍ താമരശേരി സാന്തോം മൈനര്‍ സെമിനാരിയില്‍ ശുശ്രൂഷ ചെയ്യുന്നു.