എന്റെ കാലുകള്‍ക്ക് മൂന്നോളം സര്‍ജറികള്‍ കഴിഞ്ഞതാണ്. അതിന്റെ ഫലമായി മൂന്നോ നാലോ ഞരമ്പുകള്‍ നഷ്ടമായി. അതിനാല്‍ത്തന്നെ കാലില്‍ രക്തയോട്ടം കുറവാണ്. മുട്ടിനുതാഴെ ഇരുണ്ട നിറമാണ്. കല്ലുപോലെയാണ് അവിടം ഇരിക്കുന്നതും. ചിലപ്പോള്‍ വളരെയധികം ചൊറിച്ചിലും അനുഭവപ്പെടാറുണ്ട്. എങ്ങനെയെങ്കിലും അവിടെ ലേശം തോലുപോയാല്‍ അത് പിന്നീട് വലിയ മുറിവായിത്തീരും. ആയുര്‍വേദമരുന്നും ഇംഗ്ലീഷ് മരുന്നും ചെയ്ത് ഞാന്‍ മടുത്തു. ആയിടക്ക് കാല്‍പ്പാദത്തില്‍ ഒരു വലിയ മുറിവുണ്ടായി. അത് പഴുത്ത് വ്രണമായി. ഞരമ്പിലായതുകൊണ്ട് ഉണങ്ങാന്‍ താമസമെടുക്കുമെന്ന് ഡോക്ടര്‍ പറഞ്ഞു.
ആ സമയത്താണ് എന്നെ സഹായിക്കാനും പരിചരിക്കാനുമായി പേരക്കുട്ടി കുറച്ച് ദിവസത്തേക്ക് വീട്ടില്‍ വന്നത്. അവളുടെ കൈയില്‍ 2021 സെപ്റ്റംബര്‍ മാസത്തിലെ ശാലോം ടൈംസ് ഉണ്ടായിരുന്നു. ഞാന്‍ അത് വായിച്ചപ്പോള്‍ ‘മാതാവ് പറഞ്ഞ പ്രതിവിധി’ എന്ന അനുഭവക്കുറിപ്പ് കണ്ടു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്നും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം രോഗസൗഖ്യം കിട്ടി എന്നായിരുന്നു അതിലെഴുതിയിരുന്നത്.
അതുവായിച്ചപ്പോള്‍ ഉള്ളിലിരുന്ന് ആരോ പറയുന്ന അനുഭവം, ‘നീയും അതുപോലെ ചെയ്യുക!’
അതിനാല്‍ ഒരു തീരുമാനമെടുത്തു, ‘ഞാനും ഇപ്രകാരം ചെയ്യും.’ ആ തീരുമാനമെടുത്ത് മൂന്ന് മാസങ്ങള്‍ക്കകം മുറിവ് നല്ലതുപോലെ ഉണങ്ങി. ഇതിനുമുമ്പ് ചെറിയ മുറിവുകള്‍പോലും ഒരു വര്‍ഷംകൊണ്ടൊക്കെയാണ് ഉണങ്ങിയിരുന്നത്.
ദൈവവചനം പ്രഘോഷിക്കാന്‍ നാമെടുക്കുന്ന ഓരോ ചുവടും എത്രമാത്രം അനുഗ്രഹമാണ് സമ്മാനിക്കുന്നത്! ”നിങ്ങള്‍ ആദ്യം അവിടുത്തെ രാജ്യവും അവിടുത്തെ നീതിയും അന്വേഷിക്കുക. അതോടൊപ്പം മറ്റുള്ളവയെല്ലാം നിങ്ങള്‍ക്ക് ലഭിക്കും” (മത്തായി 6/33) എന്ന് തിരുവചനത്തിലൂടെ ഈശോ ഉറപ്പുതരുന്നുണ്ടല്ലോ. അവിടുത്തെ വാഗ്ദാനംപോലെതന്നെ, നൂറ് ശാലോം ടൈംസ് മാസികയിലൂടെ നൂറോ അതിലധികമോ ആളുകളിലേക്ക് ദൈവവചനം എത്തിക്കാന്‍ ഞാന്‍ തീരുമാനമെടുത്തപ്പോള്‍ അത് എനിക്ക് അനുഗ്രഹമായി മാറി. അതോടൊപ്പം ഈ മാസിക വായിക്കുന്ന അനേകം പേരുടെ ജീവിതവും അനുഗ്രഹിക്കപ്പെടാതിരിക്കുകയില്ല. ദൈവനാമം മഹത്വപ്പെടട്ടെ.
ലീലാമ്മ അലക്‌സ്, കരുവാരകുണ്ട്, മലപ്പുറം