ഏതെങ്കിലും ഒരു പ്രലോഭനത്തിന്റെ സാന്നിധ്യം നിനക്ക് അനുഭവപ്പെട്ടാല്‍, ചെന്നായെയോ പുലിയെയോ കണ്ടു ഭയന്നോടുന്ന ഒരു കൊച്ചുകുട്ടിയെ അനുകരിക്കുക. കുട്ടി പിതാവിന്റെ പക്കല്‍ ഓടിയെത്തുകയോ മാതൃകരങ്ങളില്‍ അഭയം തേടുകയോ മറ്റാരുടെയെങ്കിലും സഹായം അഭ്യര്‍ത്ഥിക്കുകയോ ആണ് ചെയ്യുക. പിതാവായ ദൈവത്തിന്റെ അനുഗ്രഹവും സഹായവും അപേക്ഷിച്ചുകൊണ്ട് നീയും ഇപ്രകാരം അവിടുത്തെ പക്കലേക്ക് ഓടിയടുത്തുകൊള്ളുക. ”പ്രലോഭനങ്ങളില്‍ ഉള്‍പ്പെടാതിരിപ്പാനായി നിങ്ങള്‍ പ്രാര്‍ത്ഥിക്കുവിന്‍” എന്ന വാക്കുകളാല്‍ നമ്മുടെ ദിവ്യരക്ഷകന്‍ നമുക്ക് നല്‍കുന്ന ഉപദേശവും ഇതുതന്നെ.
ഈ പ്രതിവിധി ഉപയോഗിച്ചതിനുശേഷവും പ്രലോഭനം തുടരുകയോ പൂര്‍വാധികം ശക്തിപ്പെടുകയോ ചെയ്യുന്നെങ്കില്‍, കുരിശില്‍ തൂങ്ങിക്കിടക്കുന്ന ഈശോയെ നിന്റെ മനസിന്റെ കണ്ണുകള്‍കൊണ്ട് വീക്ഷിക്കുക. ഇതിനുംപുറമേ, പ്രലോഭനത്തിന് വിധേയമാകാതിരിപ്പാന്‍ ശക്തിയുക്തം ശ്രമിച്ചുകൊള്ളാമെന്ന് പ്രതിജ്ഞ ചെയ്യുകയും അധഃപതിക്കാതെ അവസാനംവരെ നിലനില്‍ക്കുന്നതിന് ദൈവസഹായം അഭ്യര്‍ത്ഥിക്കുകയും വേണം. ഇതാണ് പരീക്ഷാവസരങ്ങളില്‍ നീ അനുവര്‍ത്തിക്കേണ്ട നയം. എന്നാല്‍ ഇപ്രകാരമുള്ള ആത്മീയ സമരങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, രക്ഷകനെക്കുറിച്ച് ധ്യാനിക്കുന്നതിനുപകരം പ്രലോഭനത്തെപ്പറ്റിയാണ് ചിന്തിക്കുന്നതെങ്കില്‍ നിന്റെ സ്ഥിതി ആപല്‍ക്കരമാണ്.
നിന്റെ മനസിനെ പ്രലോഭനങ്ങളില്‍നിന്നകറ്റുന്നത് കൂടാതെ സദ്‌വിചാരങ്ങളിലും സത്പ്രവൃത്തികളിലും നീ വ്യാപൃതനായിരിക്കുകയും വേണം. അപ്പോള്‍ സൂര്യകിരണങ്ങള്‍ തട്ടിയ മഞ്ഞുതുള്ളിയെന്നവിധം പ്രലോഭനങ്ങളും അശുദ്ധവിചാരങ്ങളും നിന്നില്‍നിന്ന് അപ്രത്യക്ഷമാകും. വലുതോ ചെറുതോ ആയ സകല പരീക്ഷകള്‍ക്കും, ഏറ്റവും യുക്തമായ പ്രതിവിധി കുമ്പസാരക്കാരന് അഥവാ ആത്മീയപിതാവിന് നമ്മുടെ ഹൃദയത്തിന്റെ യഥാര്‍ത്ഥ അവസ്ഥ തുറന്നുകാണിക്കുക എന്നതാണ്. അതില്‍ നിഗൂഢങ്ങളായിരിക്കുന്ന വിവിധ വിചാരങ്ങള്‍, അമിതമായ ആഗ്രഹങ്ങള്‍ മുതലായ സകലതും സ്പഷ്ടമായി വെളിപ്പെടുത്തുക.
ദുഷ്ടാരൂപി ഒരാളെ സ്വാധീനമാക്കുവാനുള്ള ഉദ്യമത്തില്‍ ആദ്യം ചെയ്യുന്നത് അവന്റെ ആത്മസ്ഥിതി ആത്മീയഗുരുവിനെ അറിയിക്കുന്നതില്‍നിന്ന് അവനെ തടയുക എന്നതാണ്. പക്ഷേ, നമ്മുടെ സകല പ്രലോഭനങ്ങളും ദുര്‍വാസനകളും ആത്മീയഗുരുവിനെ അറിയിക്കണമെന്നതാണ് ദൈവാഭീഷ്ടം.
പ്രസ്തുത പ്രതിവിധി പ്രയോഗിച്ചിട്ടും പ്രലോഭനം നമ്മില്‍നിന്ന് അകന്നില്ലെന്നുവരാം. അങ്ങനെയെങ്കില്‍ അതിന് തെല്ലും സമ്മതിക്കയില്ലെന്ന് ശാഠ്യം പിടിക്കയല്ലാതെ അതില്‍നിന്നൊഴിയുന്നതിന് മറ്റു മാര്‍ഗമില്ല. ഒരു യുവതിയുടെ വിവാഹം, അവളുടെ സമ്മതമില്ലെങ്കില്‍ സാധുവല്ലല്ലോ. ഇപ്രകാരം പ്രലോഭനങ്ങളാല്‍ എത്രതന്നെ പീഡിതരായാലും അവയ്ക്ക് വിസമ്മതിച്ചു നില്‍ക്കുന്നിടത്തോളംകാലം ആത്മാവിന് യാതൊന്നും ഭയപ്പെടേണ്ടതില്ല.
പരീക്ഷകനുമായി വാദപ്രതിവാദത്തില്‍ ഉള്‍പ്പെടാതിരിക്കാന്‍ സൂക്ഷിക്കുക. ”സാത്താനേ, നീ എന്നില്‍നിന്നകന്നുപോകുക; നിന്റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കുക; അങ്ങയെമാത്രം നീ സേവിക്കുക” എന്നു ശാസിച്ചുകൊണ്ട് നമ്മുടെ ദിവ്യനാഥന്‍ അശുദ്ധാരൂപിയെ ലജ്ജിപ്പിച്ചതുപോലെ നീയും ചെയ്തുകൊള്ളുക. ഇതല്ലാതെ മറ്റൊന്നും അവനോട് നീ ഉച്ചരിക്കരുത്. പ്രലോഭനങ്ങളാല്‍ ആവൃതരാകുമ്പോള്‍ ആത്മാവ് തന്റെ പ്രാണവല്ലഭനായ മിശിഹായെ ശരണം പ്രാപിച്ച് അവിടത്തോടുള്ള വിശ്വസ്തത സ്ഥിരീകരിക്കട്ടെ.
‘ഭക്തമാര്‍ഗപ്രവേശിക’,
വിശുദ്ധ ഫ്രാന്‍സിസ് ഡി സാലസ്