ബുക്ക് കീപ്പിങ്ങിനെക്കുറിച്ചും ഡബിള്‍ എന്‍ട്രി സംവിധാനത്തെക്കുറിച്ചും ഒരു കൃതി പ്രസിദ്ധീകരിച്ച യൂറോപ്പിലെ രണ്ടാമത്തെ വ്യക്തിയാണ് ലൂക്കാ പക്കിയോളി. അദ്ദേഹം ആവര്‍ത്തിക്കാറുള്ള ഒരു പ്രധാനസന്ദേശം ഇതായിരുന്നു, ”സഹായം ലഭിക്കുന്നത് ഉണര്‍ന്നിരിക്കുന്നവനാണ്, ഉറങ്ങുന്നവനല്ല.” കഠിനാധ്വാനത്തിലൂടെ നിരവധി നേട്ടങ്ങള്‍ കരസ്ഥമാക്കിയ അദ്ദേഹത്തിന്റെ ഈ വാക്കുകള്‍ ഏറെ പ്രസക്തവുമാണ്.
അദ്ദേഹത്തിന്റെ ഡോക്യുമെന്റേഷനില്‍ ജേണലുകള്‍, ലെഡ്ജറുകള്‍, വര്‍ഷാവസാന സമാപന തീയതികള്‍, ട്രയല്‍ ബാലന്‍സുകള്‍, കോസ്റ്റ് അക്കൗണ്ടിംഗ്, അക്കൗണ്ടിംഗ് എത്തിക്‌സ്, റൂള്‍ 72 (നേപ്പിയര്‍, ബ്രിഗ്‌സ് എന്നിവരെക്കാള്‍ 100 വര്‍ഷം മുമ്പ് വികസിപ്പിച്ചെടുത്തത്), ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ് സിസ്റ്റത്തെക്കുറിച്ചുള്ള വിപുലമായ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
ഗണിതശാസ്ത്രത്തെക്കുറിച്ചും നിരവധി കൃതികള്‍ പാക്കിയോളി പ്രസിദ്ധീകരിച്ചു, അതിലൊന്നായ Tractatus mathematicus ad discipulos perusinos (ട്രാക്റ്റാത്തൂസ് മാത്തമാറ്റിക്കസ് ഡിസിപ്പുലോസ് പെറുസിനോസ്)ല്‍ അദ്ദേഹം വ്യാപാരി ഗണിതത്തെക്കുറിച്ച് വിവരിക്കുന്നു. ബാര്‍ട്ടര്‍, എക്‌സ്‌ചേഞ്ച്, ലാഭം, മിക്‌സിങ് മെറ്റല്‍സ്, ബീജഗണിതം(Algebra) മുതലായവ അതില്‍ പ്രതിപാദിക്കപ്പെടുന്നുണ്ട്. അക്കൗണ്ടിംഗ് രംഗത്തെ പാക്കിയോളിയുടെ പ്രവര്‍ത്തനങ്ങള്‍, വ്യാപാരപ്രവര്‍ത്തനങ്ങളെ നോക്കിക്കാണുന്ന രീതികളില്‍ ഒരു വിപ്ലവം തന്നെ സൃഷ്ടിച്ചു. തന്മൂലം വ്യാപാരമേഖലകളിലെ ലാഭവും കാര്യക്ഷമതയും വളരെയധികം വര്‍ധിച്ചു.
പ്രഗത്ഭനായ ഒരു ഗണിതശാസ്ത്ര അധ്യാപകന്‍ കൂടിയായിരുന്നു പാക്കിയോളി. ഇറ്റലിയിലെ വിവിധ സര്‍വകലാശാലകളില്‍ ഗണിതശാസ്ത്രം പഠിപ്പിക്കാന്‍ തുടങ്ങിയ അദ്ദേഹം 1477 ല്‍ പെറൂജിയ സര്‍വകലാശാലയില്‍ ചേര്‍ന്നു. വെനീഷ്യന്‍ സാമ്രാജ്യത്തിലെ സാറ (ഇപ്പോള്‍ ക്രൊയേഷ്യയിലെ ജഡേര എന്നറിയപ്പെടുന്നു), നേപ്പിള്‍സ് സര്‍വകലാശാല, റോം സര്‍വകലാശാല എന്നിവിടങ്ങളിലും അദ്ദേഹം ഗണിതശാസ്ത്രം പഠിപ്പിച്ചിരുന്നു.
ഇത്രയും പ്രതിഭാശാലിയായിരുന്ന ലൂക്കാ പക്കിയോളി ഏറെ വിലമതിച്ച പദവി പക്ഷേ ഇതൊന്നുമായിരുന്നില്ല. താന്‍ ഒരു വൈദികനാണ് എന്നതാണ് അദ്ദേഹം ഏറെ പ്രാധാന്യത്തോടെ കണ്ടിരുന്നത്. ഒരു ഫ്രാന്‍സിസ്‌കന്‍ വൈദികനായി ദൈവത്തിന് സ്വയം സമര്‍പ്പിച്ചുകൊണ്ടാണ് മറ്റ് നേട്ടങ്ങളെല്ലാം അദ്ദേഹം സ്വന്തമാക്കിയത്. ലോകം കണ്ട മഹാനായ ചിത്രകാരനും ബഹുമുഖ പ്രതിഭയുമായിരുന്ന ലിയോനാര്‍ഡോ ഡാവിഞ്ചിയുടെ സഹകാരിയുമായിരുന്നു ഫാ. ലൂക്കാ പക്കിയോളി.
ജീവിതം കര്‍ത്താവിന് സമര്‍പ്പിച്ച പുരോഹിതരുടെയും സമര്‍പ്പിതരുടെയും സംഭാവനകള്‍ ഈ ലോകം മുഴുവനും നിറഞ്ഞു നില്‍ക്കുന്നു എന്ന് നമ്മെ ഓര്‍മിപ്പിക്കുന്ന അനേകരില്‍ ഒരാള്‍മാത്രമാണ് ഫാ. ലൂക്കാ. അക്കൗണ്ടിങ്ങിന്റെയും ബുക്ക് കീപ്പിങ്ങിന്റെയും പിതാവ്’ എന്നാണ് യൂറോപ്പില്‍ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്.
”തന്നെ പ്രസാദിപ്പിക്കുന്നവന് ദൈവം ജ്ഞാനവും അറിവും ആനന്ദവും പ്രദാനം ചെയ്യുന്നു” (സഭാപ്രസംഗകന്‍ 2/26).