ദൈവത്തില്‍നിന്ന് അകലാതിരിക്കാന്‍… – Shalom Times Shalom Times |
Welcome to Shalom Times

ദൈവത്തില്‍നിന്ന് അകലാതിരിക്കാന്‍…

സോറന്‍ കിര്‍ക്കേഗാഡ് പ്രസിദ്ധനായ ഡാനിഷ് തത്വശാസ്ത്രജ്ഞനാണ്. അസ്തിത്വവാദത്തിന്റെ ഉപജ്ഞാതാക്കളില്‍ പ്രമുഖനായി കണക്കാക്കപ്പെടുന്ന ഒരു വ്യക്തി. നമ്മുടെ എല്ലാവരുടെയും ഉള്ളിലുണ്ടാകുന്ന നീരസം എന്ന വികാരത്തെ അദ്ദേഹം നിര്‍വചിക്കുന്നത് ഇപ്രകാരമാണ്. ഒരു വ്യക്തിയുടെ ഉള്ളില്‍ നീരസം ഉടലെടുക്കുന്നത് ആ വ്യക്തി ആദരവ് എന്ന ശുഭകരമായ വികാരത്തില്‍നിന്ന് അസൂയ എന്ന ചീത്തയായ വികാരത്തിലേക്ക് മാറുമ്പോഴാണ്. ദൈവത്തോടും നമ്മുടെ സഹജീവികളോടുമുള്ള ബന്ധത്തെ ഉലയ്ക്കുന്ന ഒന്നാണ് നീരസം. ഈ രണ്ട് ബന്ധങ്ങളും സ്ഥായിയായി നിലനിര്‍ത്തണമെങ്കില്‍ ഈ നാശകരമായ വികാരത്തില്‍നിന്ന് നാം മോചനം നേടിയേ മതിയാവൂ.

ആദ്യമായി ദൈവത്തോടുള്ള നമ്മുടെ ബന്ധത്തെ നമുക്ക് പരിശോധിക്കാം. ദൈവത്തോടുള്ള ആദരവ് എല്ലാക്കാലത്തും നമ്മുടെ ഹൃദയത്തില്‍ നിലനിര്‍ത്തുമ്പോഴേ ദൈവത്തെ എല്ലാ നാളുകളിലും സ്‌നേഹിക്കാന്‍ നമുക്ക് സാധിക്കുകയുള്ളൂ. ദൈവം നമ്മുടെ പിതാവാണ് എന്നത് വളരെ ശരിതന്നെ. എന്നാല്‍ ഒരു പിതാവ് എന്ന നിലയില്‍ ദൈവം നമ്മിലേക്ക് സ്‌നേഹവും വാത്സല്യവും അളവില്ലാതെ ചൊരിയുമ്പോഴും ദൈവത്തോടുള്ള ആരാധനയോടെയുള്ള ആദരവിന് ഒട്ടും കുറവ് സംഭവിക്കുവാന്‍ പാടുള്ളതല്ല. അത് ദൈവം ആഗ്രഹിക്കുന്നു.

അവിടുന്ന് ഇപ്രകാരം അരുളിച്ചെയ്തിരിക്കുന്നു: ”എന്റെ നാമത്തെ നിന്ദിക്കുന്ന പുരോഹിതന്മാരേ, സൈന്യങ്ങളുടെ കര്‍ത്താവായ ഞാന്‍ നിങ്ങളോട് ചോദിക്കുന്നു: ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ? ഞാന്‍ യജമാനനാണെങ്കില്‍ എന്നോടുള്ള ഭയം എവിടെ” (മലാക്കി 1/6). ഇവിടെ ഓര്‍ക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യമുണ്ട്. ദൈവത്തിന് ആരാധനയും ആദരവും നല്‍കുന്നത് നമ്മുടെ അധരങ്ങള്‍കൊണ്ടു മാത്രമല്ല, നമ്മുടെ ജീവിതംകൊണ്ടുമാണ്.

മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ ജീവിതംകൊണ്ട് ദൈവത്തെ മഹത്വപ്പെടുത്താത്ത ഒരു വ്യക്തി ദൈവത്തിന് യഥാര്‍ത്ഥമായ ആരാധന സമര്‍പ്പിക്കുന്നില്ല. മനസിന്റെ നവീകരണമാണ് യഥാര്‍ത്ഥ ആരാധന എന്ന് വിശുദ്ധ പൗലോസ് ശ്ലീഹാ എഴുതുന്നത് ഇക്കാര്യംകൊണ്ടാണ്. ”ഇതായിരിക്കണം നിങ്ങളുടെ യഥാര്‍ത്ഥ ആരാധന. നിങ്ങള്‍ ഈ ലോകത്തിന് അനുരൂപരാകരുത്. പ്രസ്തുത നിങ്ങളുടെ മനസിന്റെ നവീകരണംവഴി രൂപാന്തരപ്പെടുവിന്‍” (റോമാ 12/2).
അതിനാല്‍ ലോകത്തോടും അതിന്റെ സുഖങ്ങളോടുമുള്ള മൈത്രി മനസിലേക്ക് കടന്നുവരുമ്പോഴാണ് ദൈവത്തോടുള്ള ആരാധനാമനോഭാവം കുറയുന്നത്. അതനുസരിച്ച് ദൈവത്തോടുള്ള ശത്രുതാമനോഭാവവും വളര്‍ന്നുവരും.

എന്റെ സ്വച്ഛമായ ലൗകിക സുഖാസ്വാദനത്തിന് ഒരു വിലങ്ങുതടിയാണ് ദൈവം എന്ന ചിന്ത അപ്പോള്‍ മനസിലേക്ക് കടന്നുവരാം. അത് ദൈവനിഷേധത്തിലേക്ക് നയിക്കും. അല്ലെങ്കില്‍ ഒരു പ്രായോഗിക നിരീശ്വരവാദത്തിലേക്ക് അങ്ങനെയുള്ളവര്‍ എത്തിച്ചേരും. ‘ദൈവം ഉണ്ടോ ഇല്ലയോ എന്നത് എനിക്ക് പ്രശ്‌നമല്ല. എനിക്ക് ഈ ലോകവും ഇവിടെയുള്ള ജീവിതവുമാണ് പ്രധാനം.’ ഇങ്ങനെയാണ് അവര്‍ ചിന്തിക്കുന്നത്. ഇത് വലിയൊരു അപകടമാകയാല്‍ പരിശുദ്ധാത്മാവ് തന്റെ പ്രിയപ്പെട്ട യോഹന്നാന്‍ ശ്ലീഹായിലൂടെ ഇത് വെളിപ്പെടുത്തിയത് ശ്രദ്ധിക്കുക: ”ലോകത്തെയോ ലോകത്തിലുള്ള വസ്തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്റെ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല” (1 യോഹന്നാന്‍ 2/15).

ഈ സത്യം കര്‍ത്താവ് പറഞ്ഞ ധൂര്‍ത്തപുത്രന്റെ ഉപമയിലൂടെ വെളിപ്പെടുന്നുണ്ട്. ധൂര്‍ത്തപുത്രന് പിതാവിനോടുള്ള ആദരവ് നഷ്ടപ്പെട്ടു. പിതാവ് അവന്റെ സ്വാതന്ത്ര്യത്തെ നിഷേധിക്കുകയാണ് എന്ന് അവനു തോന്നി. പിതാവിന്റെ വാത്സല്യം മനസിലാക്കുവാന്‍ പറ്റാത്ത വിധത്തില്‍ അവന്റെ മനസ് അന്ധമായിപ്പോയി. എന്തായിരുന്നു കാരണം? അവന്‍ ലോകത്തിന്റെ സുഖങ്ങളെ അധികമായി സ്‌നേഹിച്ചു. അതിനാല്‍ വിശുദ്ധ യോഹന്നാന്‍ മുന്നറിയിപ്പ് നല്‍കിയ അപകടം അവന്റെ ജീവിതത്തില്‍ സംഭവിച്ചു.

പിതാവിനോടുള്ള സ്‌നേഹം അവന് നഷ്ടപ്പെട്ടു. അതുകൊണ്ടാണ് അവന്‍ അവന്റെ ഓഹരി ചോദിക്കുന്നത്. അവന് മനസില്‍ പിതാവുമായുള്ള പങ്ക്, ഓഹരി നഷ്ടപ്പെട്ടിരുന്നു. ധൂര്‍ത്തപുത്രന്‍ ഇന്നും നമ്മിലൂടെ ജീവിക്കുന്നുണ്ട്. ദൈവപിതാവുമായുള്ള ബന്ധത്തിന് പരമമായ മൂല്യം നല്‍കുന്നവര്‍ക്ക് മാത്രമേ എല്ലാക്കാലത്തും അത് നഷ്ടപ്പെടുത്താതെ സൂക്ഷിക്കുവാന്‍ സാധിക്കുകയുള്ളൂ. അതിനെ വിലയില്ലാത്തതായി, നിസാരമായി കണക്കാക്കുമ്പോഴാണ് ക്ഷണികമായ ലോകസുഖത്തിനുവേണ്ടി അതിനെ നാം ത്യജിക്കുന്നത്.
പിതാവിനെ തള്ളിപ്പറഞ്ഞ് താന്‍ നേടിയെടുത്ത സ്വാതന്ത്ര്യം ക്ഷണികമാണെന്നും അത് തന്നെ സഹായിക്കുകയില്ലെന്ന് വൈകിയാണെങ്കിലും ധൂര്‍ത്തപുത്രന്‍ തിരിച്ചറിഞ്ഞു. അനുതപിക്കുവാന്‍ അവന് കൃപ കിട്ടി.

എന്നാല്‍ മറ്റൊരു അവസരം നമുക്ക് ലഭിക്കുമോ എന്നറിഞ്ഞുകൂടാ. ഒരു ഭാഗ്യപരീക്ഷണത്തിന് നാം ശ്രമിക്കുന്നത് നിശ്ചയമായും തീക്കളിതന്നെയാണ്. വിശുദ്ധ ഗ്രന്ഥം ഇപ്രകാരം നമ്മെ ഉപദേശിക്കുന്നു: ”എന്റെ സഹോദരരേ, ജീവിക്കുന്ന ദൈവത്തില്‍നിന്ന് നിങ്ങളിലാരും വിശ്വാസരഹിതമായ ദുഷ്ടഹൃദയംമൂലം അകന്നുപോകാതിരിക്കുവാന്‍ ശ്രദ്ധിക്കുവിന്‍” (ഹെബ്രായര്‍ 3/12). പാപത്തിന്റെ സുഖങ്ങള്‍ നമ്മെ വഞ്ചിക്കുന്നതാണെന്നും അവ നമ്മെ കഠിനഹൃദയരാക്കുമെന്നും തുടര്‍ന്ന് നാം വായിക്കുന്നു.

അതുകൊണ്ടാണ് ഇനിയുമൊരു മാനസാന്തരത്തിന് അവസരമുണ്ടാകുമോ എന്നറിയില്ല എന്ന് പറയുന്നത്. നമ്മുടെ മനസില്‍ കൊത്തിയിടേണ്ട വാക്കുകളാണ് തുടര്‍ന്ന് നാം കാണുന്നത്: ”എന്തെന്നാല്‍ നമ്മുടെ ആദ്യവിശ്വാസത്തെ അവസാനംവരെ മുറുകെ പിടിക്കുമെങ്കില്‍ മാത്രമേ നാം ക്രിസ്തുവില്‍ പങ്കുകാരാവുകയുള്ളൂ” (ഹെബ്രായര്‍ 3/14). ആത്മീയജീവിതത്തിന്റെ ആദ്യനാളുകളില്‍ ഒന്നാം റാങ്ക് വാങ്ങിയിരുന്നവര്‍ പിന്നീട് പിറകോട്ട് പോയിട്ടുണ്ടെന്നത് നമുക്ക് ശക്തമായൊരു താക്കീത് തന്നെയാണ്.

ദൈവത്തോടുള്ള ആദരവ് ചിലരുടെ ജീവിതത്തില്‍ നഷ്ടപ്പെട്ടുപോകുന്നത് അവരുടെ ജീവിതത്തില്‍ അവര്‍ പ്രതീക്ഷിക്കാത്ത സഹനങ്ങള്‍ ഉണ്ടാകുമ്പോഴാണ്. ആ നാളുകളില്‍ അവര്‍ ദൈവത്തെ വെറുക്കുവാനിടയാകുന്നു. ‘ഇങ്ങനെയൊരു ദൈവം എനിക്കു വേണ്ട’ എന്നാണ് അവരുടെ ചിന്ത. സഹനത്തിന്റെ പൊരുള്‍ നമുക്ക് പൂര്‍ണമായും അപ്പോള്‍ മനസിലാക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍ ഒരു കാര്യം കണ്ണടച്ച് വിശ്വസിക്കാം. അത് എന്നെ നശിപ്പിക്കുവാന്‍ പിതാവ് അനുവദിച്ചതല്ല. അത് എന്റെ നന്മയ്ക്കായി മാറ്റുവാന്‍ എന്റെ പിതാവിന് സാധിക്കും. ”ദൈവത്തെ സ്‌നേഹിക്കുന്നവര്‍ക്ക്, അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക്, അവിടുന്ന് സകലവും നന്മയ്ക്കായി പരിണമിപ്പിക്കുന്നുവെന്ന് നമുക്കറിയാമല്ലോ” (റോമാ 8:28) എന്ന് പറഞ്ഞത് അന്ധമായി വിശ്വസിക്കുവാന്‍ തയാറാകുമ്പോഴേ സഹനം ഒരു അനുഗ്രഹമായി മാറുകയുള്ളൂ. അല്ലാത്തവര്‍ക്ക് അതൊരു ശാപമായി മാത്രമേ കാണുവാന്‍ കഴിയുകയുള്ളൂ. ഈ വചനം ഇപ്പോള്‍ നിങ്ങള്‍ക്ക് പ്രത്യാശയുണ്ടാകുന്നതിനായി ഉറക്കെ ആവര്‍ത്തിച്ച് പറയുക. നിരാശാജനകമായ ചിന്തകള്‍ നിങ്ങളെ വിട്ടോടിപ്പോകും.

ദൈവത്തോടുള്ള ആദരവ് ചിലര്‍ക്ക് നഷ്ടപ്പെടുന്നത് അവരുടെ മനസില്‍ അസൂയ നിറയുമ്പോഴാണ്. ദൈവം എന്നെക്കാളധികമായി എന്റെ സഹോദരനെ അല്ലെങ്കില്‍ സഹോദരിയെ അനുഗ്രഹിക്കുന്നു എന്നു കാണുമ്പോഴുണ്ടാകുന്ന അസൂയ. അത് ദൈവത്തെ നിഷേധിക്കുവാനും സഹോദരനെ തള്ളിപ്പറയുവാനും കാരണമാകും. ഇത് ധൂര്‍ത്തപുത്രന്റെ ജ്യേഷ്ഠന്റെ ചിന്തയാണ്. അവനിപ്പോള്‍ പിതാവിനെ പിതാവായിട്ടല്ല കാണുന്നത്. അവന്‍ പറയുന്നത് ശ്രദ്ധിക്കുക: ”എത്ര വര്‍ഷമായി ഞാന്‍ നിനക്ക് ദാസ്യവേല ചെയ്യുന്നു.” തന്നെത്തന്നെ ഒരു കൂലിപ്പണിക്കാരനായി അവന്‍ തരംതാഴ്ത്തുന്നു. പിതാവിന്റെ സ്വത്തിന് മുഴുവന്‍ അവന്‍ ഇപ്പോഴും അവകാശിയാണെന്ന കാര്യം അവന്‍ ഓര്‍ക്കുന്നില്ല. പിതാവ് അവനെ ഓര്‍മപ്പെടുത്തുന്നുണ്ട് ”എനിക്കുള്ളതെല്ലാം നിന്റേതാണ്.” എന്നാല്‍ അത് തിരിച്ചറിയുവാന്‍ പറ്റാത്തവിധത്തില്‍ അസൂയ അവന്റെ മനസിനെ അന്ധമാക്കി.

പിതാവ് അവന് കഴിഞ്ഞ കാലങ്ങളില്‍ നല്‍കിയ എല്ലാ അനുഗ്രഹങ്ങളും അവന്‍ ക്ഷണനേരംകൊണ്ട് മറന്നുപോകുന്നു. അനിയനുവേണ്ടി കൊഴുത്ത കാളക്കുട്ടിയെ കൊന്നതാണ് അവനിപ്പോള്‍ പ്രശ്‌നം. ‘എനിക്ക് നീ ഒരു ആട്ടിന്‍കുട്ടിയെപ്പോലും തന്നില്ല’ എന്ന് പറഞ്ഞ് അവന്‍ പിതാവിനോട് കയര്‍ക്കുന്നത് അതുകൊണ്ടാണ്. മാത്രവുമല്ല അനിയനെക്കുറിച്ച് ഇല്ലാത്ത കാര്യങ്ങളും അവന്‍ പറയുന്നു. അസൂയ വലിയൊരു കെണിയാണ്. ധൂര്‍ത്തപുത്രന്‍ തിരിച്ചുവന്നു, എന്നാല്‍ മൂത്തമകന്റെ തിരിച്ചുവരവിനെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഒന്നും പറയുന്നില്ല. അതിനാല്‍ നമുക്ക് വളരെ ജാഗ്രതയോടെയിരിക്കാം. നമ്മെക്കാളധികമായി മറ്റുള്ളവരെ അനുഗ്രഹിക്കുമ്പോള്‍ നാം സന്തോഷിക്കുകയല്ലേ വേണ്ടത്? അപ്പോള്‍ ദൈവം നമ്മെ ഓര്‍ത്ത് സന്തോഷിക്കും. കൂടുതല്‍ കൃപകള്‍ അവിടുന്ന് നമ്മിലേക്ക് തക്കസമയത്ത് വര്‍ഷിക്കും.
ദൈവത്തെ പിതാവായി കാണുമ്പോഴുള്ള സ്വാതന്ത്ര്യം ജീവിതത്തില്‍ അനുഭവിക്കുമ്പോള്‍ത്തന്നെ അവിടുത്തെ ആദരവോടെ കാണുവാനും നമുക്ക് നിരന്തരം ശ്രമിക്കാം. അതിന് തടസമായ എതിര്‍വികാരങ്ങളെക്കുറിച്ച് നമുക്ക് ജാഗ്രതയുള്ളവരായിരിക്കാം. അവിടുത്തെ വാക്കുകള്‍ മനസില്‍ സൂക്ഷിക്കാം. ”ഞാന്‍ പിതാവാണെങ്കില്‍ എനിക്കുള്ള ബഹുമാനം എവിടെ?”

ദൈവത്തെ നിരന്തരം ആദരിക്കുകയും ആരാധിക്കുകയും ചെയ്യുന്ന ഒരു ജീവിതശൈലി നല്‍കണമേയെന്ന് ഇപ്പോള്‍ത്തന്നെ പ്രാര്‍ത്ഥിക്കാം: സൈന്യങ്ങളുടെ കര്‍ത്താവായ ദൈവമേ, ഞാന്‍ അങ്ങയെ ആരാധിക്കുന്നു. അങ്ങയെ എന്റെ പിതാവായി ഏറ്റുപറഞ്ഞ് ഞാന്‍ ഇപ്പോള്‍ മഹത്വപ്പെടുത്തുന്നു. എങ്കിലും കര്‍ത്താവേ, എന്റെ ജീവിതത്തില്‍ പലപ്പോഴും അങ്ങേക്ക് അര്‍ഹമായ ആരാധന നല്‍കുവാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല എന്നു ഞാന്‍ ഏറ്റുപറയുന്നു. അങ്ങയെ എപ്പോഴും ആദരവോടെ കാണുവാനും അങ്ങയെക്കുറിച്ച് എപ്പോഴും ആദരവോടെ സംസാരിക്കുവാനും എന്നെ അനുഗ്രഹിക്കണമേ. അങ്ങയുടെ പരിശുദ്ധാത്മാവിനാല്‍ എന്നെ നിറച്ചാലും. പരിശുദ്ധ അമ്മേ, വിശുദ്ധ യൗസേപ്പിതാവേ, ദൈവത്തിന് അര്‍ഹമായ ആരാധന നല്‍കുവാന്‍ എനിക്കായി പ്രാര്‍ത്ഥിക്കണമേ ആമ്മേന്‍.

കെ.ജെ. മാത്യു