സ്‌പെയിന്‍: വലെന്‍സിയ അതിരൂപതയിലെ സേക്രഡ് ഓഫ് ജീസസ് ബസിലിക്കയില്‍വച്ച് പക്കോ റോയിഗും മാരാ വിദഗാനിയും കൗദാശികമായി വിവാഹിതരായപ്പോള്‍ അതിന് ദൈവവിശ്വാസത്തിന്റെ മധുരമുണ്ടായിരുന്നു. കാരണം ഇരുവരും 40 വര്‍ഷങ്ങള്‍ക്കുമുമ്പ് രജിസ്റ്റര്‍ വിവാഹത്തിലൂടെ ദാമ്പത്യജീവിതം ആരംഭിച്ചവരാണ്. മാമ്മോദീസ സ്വീകരിച്ചവരായിരുന്നെങ്കിലും വിശ്വാസത്തില്‍നിന്നകന്നാണ് അവര്‍ കഴിഞ്ഞിരുന്നത്. ഈ ദമ്പതികള്‍ക്ക് രണ്ട് കുട്ടികള്‍ ജനിച്ചു. അതില്‍ ഇളയ മകനായ വിക്ടര്‍ ചെറുപ്പംമുതലേ കത്തോലിക്കാവിശ്വാസത്തോട് ആഭിമുഖ്യം പുലര്‍ത്തിയിരുന്നു. 10 വയസായപ്പോള്‍ മാമ്മോദീസ സ്വീകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച അവനെ പക്കോയും മാരായും പിന്തിരിപ്പിച്ചു. എന്നാല്‍ വളറുന്തോറും അവന്‍ വിശ്വാസത്തില്‍ ആഴപ്പെടുകയും 18-ാം വയസില്‍ ഉറച്ച തീരുമാനമെടുത്തുകൊണ്ട് മാതാപിതാക്കളുടെ അറിവോടെ മാമ്മോദീസ സ്വീകരിക്കുകയും ചെയ്തു. മകന്റെ വിശ്വാസജീവിതം പിതാവിനെയും ദൈവത്തിലേക്ക് അടുപ്പിക്കുകയായിരുന്നു.
ആദ്യം ഭാര്യ മാരാപോലും അറിയാതെ പക്കോ വിശ്വാസപരിശീലനം സ്വീകരിക്കാന്‍ ആരംഭിച്ചു. പിന്നീട് ഭാര്യയെയും ഒപ്പം കൂട്ടി. തുടര്‍ന്നാണ് മകന്റെകൂടി ആഗ്രഹപ്രകാരം വിവാഹം കൗദാശികമായി നടത്താന്‍ തീരുമാനിച്ചത്. കാന്‍സര്‍ രോഗിയായ മാരായ്ക്ക് രോഗത്തെ നേരിടാനും വിശ്വാസജീവിതം സഹായകമാകുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.