വിയറ്റ്‌നാം: എന്താണ് ദൈവാലയത്തില്‍ നടക്കുന്നതെന്നറിയാനുള്ള ആകാംക്ഷയോടെയാണ് 2016-ലെ ആ ദിവസം ലെ ഡാക് മയി ആ ദൈവാലയത്തിലേക്ക് കയറിച്ചെന്നത്. അന്ന് വിയറ്റ്‌നാമില്‍ ലൂണാര്‍ പുതുവത്സരാഘോഷങ്ങളുടെ ദിവസമായിരുന്നു. ദൈവാലയത്തിലെല്ലാവരും ആപ്രിക്കോട്ട് മരത്തില്‍ തൂക്കിയിട്ടിരുന്ന ‘വിശുദ്ധ മൊട്ടുകള്‍’ അഥവാ ദൈവവചനസന്ദേശം എടുക്കുന്ന തിരക്കിലാണ്. മയിയും ഒരു സന്ദേശവചനം എടുത്തു. ”ഇന്ന് ഈ ഭവനത്തിന് രക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാഹത്തിന്റെ പുത്രനാണ്. നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്” (ലൂക്കാ 19/9-10). ആ വചനഭാഗത്തിന്റെ അര്‍ത്ഥമൊന്നും മയിക്ക് മനസിലായില്ല. പക്ഷേ അത് എന്നും വായിക്കുന്നതിനായി അലമാരയില്‍ ഒട്ടിച്ചുവച്ചു.
”ഓരോ തവണയും ഞാന്‍ അപകടത്തിലാകുമ്പോള്‍ എന്റെ കൂടെവന്ന് എന്നെ സംരക്ഷിക്കുന്ന ഒരു ദൈവത്തിന്റെ സംരക്ഷണം എനിക്ക് അനുഭവപ്പെട്ടിരുന്നു” മയി ഓര്‍ക്കുന്നു. വസ്ത്രവ്യാപാരിയായ മയി ഒരിക്കല്‍ പുതിയ വസ്ത്രങ്ങള്‍ വ്യാപാരത്തിനായി വാങ്ങിവരുമ്പോള്‍ അക്രമികള്‍ ആയുധങ്ങളുമായി മോഷണശ്രമം നടത്തി. അവിടെയുണ്ടായിരുന്ന ഒരു കത്തോലിക്കാ വ്യാപാരിയാണ് അന്ന് മയിയുടെ സഹായത്തിനെത്തിയതും രക്ഷിച്ചതും. പിറ്റേ വര്‍ഷമാകട്ടെ റോഡപകടത്തില്‍പ്പെട്ട് ബോധം മറഞ്ഞ മയിയെ അവിടെയുണ്ടായിരുന്ന കത്തോലിക്കാസമൂഹം അതിവേഗം ആശുപത്രിയിലെത്തിക്കുകയും അദ്ദേഹത്തിന്റെ ബൈക്കും വസ്തുക്കളും സൂക്ഷിക്കുകയും ചെയ്തു.
അടുത്ത വര്‍ഷം മയിക്ക് കോവിഡ് ബാധിച്ചു. മയിയെ ക്ലിനിക്കിലെത്തിച്ച കത്തോലിക്കാ വോളന്റിയേഴ്‌സ് ആരോഗ്യം വീണ്ടെടുക്കുന്നതുവരെ അവിടെ മയിയെ പരിചരിച്ചു. ഇത്തരം നിരവധി അനുഭവങ്ങളിലൂടെ കടന്നുപോയ മയി ഒടുവില്‍ കത്തോലിക്കാവിശ്വാസിയാകാന്‍ തീരുമാനിക്കുകയായിരുന്നു. അഞ്ചുമാസം നീണ്ട പഠനത്തിനുശേഷമാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബെന്‍ ഗു ദൈവാലയത്തില്‍വച്ച് മറ്റ് ജ്ഞാനസ്‌നാനാര്‍ത്ഥികള്‍ക്കൊപ്പം ജ്ഞാനസ്‌നാനം സ്വീകരിച്ചത്. അനാഥനായ മയി ആന്റിയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. മയിയുടെ ജ്ഞാനസ്‌നാനസമയത്ത് സന്നിഹിതയായിരുന്ന ആന്റിയും കത്തോലിക്കാവിശ്വാസത്തില്‍ ആകൃഷ്ടയാണ്. ആന്റിയും ഭാവിയില്‍ വിശ്വാസം സ്വീകരിക്കുമെന്നാണ് മയിയുടെ പ്രതീക്ഷ.