കുടുംബങ്ങളില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചുനോക്കൂ… – Shalom Times Shalom Times |
Welcome to Shalom Times

കുടുംബങ്ങളില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചുനോക്കൂ…

ഏകദേശം അഞ്ചുവര്‍ഷം ഞങ്ങള്‍ ഒരു ദമ്പതി പ്രാര്‍ത്ഥനാ ഗ്രൂപ്പില്‍ അംഗമായിരുന്നു. അഞ്ച് കുടുംബങ്ങളുണ്ടായിരുന്ന ആ പ്രാര്‍ത്ഥനാഗ്രൂപ്പുമൂലമാണ് ആത്മീയ ജീവിതത്തില്‍ കുറച്ചെങ്കിലും വളരാന്‍ ഞങ്ങള്‍ക്ക് സാധിച്ചത്. ആഴ്ചയില്‍ ഒരു ദിവസം വൈകിട്ട് ഞങ്ങള്‍ ഇടവക ദൈവാലയത്തില്‍ ഒരുമിച്ചുകൂടുകയും ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുകയും ചെയ്യുമായിരുന്നു. പ്രാര്‍ത്ഥനയ്ക്കുശേഷം കുറച്ചുസമയം ഞങ്ങളുടെ ജീവിതാനുഭവങ്ങള്‍ പങ്കുവയ്ക്കും.

ആര്‍ക്കെങ്കിലും പ്രത്യേക പ്രാര്‍ത്ഥനാനിയോഗങ്ങള്‍ ഉണ്ടെങ്കില്‍ ഗ്രൂപ്പില്‍ പങ്കുവച്ച് പരസ്പരം പ്രാര്‍ത്ഥിക്കും. വിവാഹ വാര്‍ഷികം മുതലായ വിശേഷദിവസങ്ങളില്‍ ഞങ്ങള്‍ ആഘോഷം നടക്കുന്ന വീട്ടില്‍ ഒരുമിച്ചുകൂടി പ്രാര്‍ത്ഥിച്ച് ഒന്നിച്ച് ഭക്ഷണം കഴിച്ച് പിരിയും. വര്‍ഷത്തില്‍ ഒരിക്കല്‍ മക്കളെയും കൂട്ടി ടൂര്‍ പോകുകയും ചെയ്തിരുന്നു. എന്നാല്‍ ജോലിയും മറ്റ് സാഹചര്യങ്ങളും നിമിത്തം ആ ഗ്രൂപ്പ് തുടരാന്‍ പറ്റിയില്ല. എങ്കിലും പഴയ സൗഹൃദം തുടരുന്നു.

ഞങ്ങളുടെ ഗ്രൂപ്പിന്റെ ഒരു പൊതുനിര്‍ദേശമായിരുന്നു എന്നും കുറച്ചുസമയം ഭാര്യഭര്‍ത്താക്കന്മാര്‍ അവരുടെ മുറിയില്‍ ഒരുമിച്ചിരുന്ന് കരങ്ങള്‍കോര്‍ത്ത് പ്രാര്‍ത്ഥിക്കണമെന്നത്. കാരണം ഈശോ നമുക്ക് തന്ന വാഗ്ദാനമാണത് ”ഭൂമിയില്‍ നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ചു ചോദിക്കുന്ന ഏത് കാര്യവും എന്റെ സ്വര്‍ഗസ്ഥനായ പിതാവ് നിറവേറ്റി തരും” (മത്താ. 18:19). ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഈ രീതിയില്‍ പ്രാര്‍ത്ഥിക്കുന്നുണ്ട്. ഇങ്ങനെ പ്രാര്‍ത്ഥിച്ചതുമൂലം ഞങ്ങളുടെ കുടുംബത്തിന് ഒത്തിരി ദൈവാനുഗ്രഹം ലഭിച്ചിട്ടുണ്ട്. അതില്‍ ഒരനുഭവം പങ്കുവയ്ക്കട്ടെ.

എന്റെ രണ്ടാമത്തെ മകള്‍ പ്ലസ്ടു കഴിഞ്ഞപ്പോള്‍ മെഡിസിന് പഠിക്കാന്‍ ആഗ്രഹമുണ്ടെന്നും നീറ്റ് എന്‍ട്രന്‍സ് പരിശീലനത്തിന് വിടുമോ എന്നും ചോദിച്ചു. ഞാന്‍ സമ്മതിച്ചു. പക്ഷേ ഒരു വ്യവസ്ഥയുണ്ട് – ഒരു വര്‍ഷമേ എന്‍ട്രന്‍സ് പരിശീലനത്തിന് വിടുകയുള്ളൂ. എഴുതാന്‍ പറ്റുന്ന എല്ലാ എന്‍ട്രന്‍സ് പരീക്ഷകളും എഴുതണം. മോള്‍ക്ക് ദൈവം ഏത് കോഴ്‌സാണോ തരുന്നത് അത് സന്തോഷത്തോടെ സ്വീകരിക്കണം. അവളത് സമ്മതിച്ചു. കേരളത്തിലെ പ്രശസ്തമായ ഒരു പരിശീലന കേന്ദ്രത്തില്‍ അവളെ ചേര്‍ത്തു.

കോവിഡ് കാലമായതിനാല്‍ ഓണ്‍ലൈന്‍ പരിശീലനമായിരുന്നു. വീട്ടില്‍ ഇരുന്ന് പഠിച്ചതുകൊണ്ട് വലിയൊരു ഗുണം കിട്ടി. ഞാനും ഭാര്യയും മിക്ക ദിവസങ്ങളിലും ഞങ്ങളുടെ പ്രാര്‍ത്ഥനയ്ക്കുശേഷം മകളുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിക്കുമായിരുന്നു. വിവിധ എന്‍ട്രസന്‍സ് പരീക്ഷകള്‍ക്ക് അപേക്ഷ കൊടുത്തെങ്കിലും കോവിഡ്മൂലം പരീക്ഷകള്‍ ഒന്നും നടന്നിരുന്നില്ല. അങ്ങനെ 2021 ജൂലൈ മാസത്തില്‍ ആദ്യത്തെ പരീക്ഷയ്ക്കുള്ള അറിയിപ്പ് വന്നു. കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനമായ ബാംഗ്ലൂര്‍ നിംഹാന്‍സിലേക്കുള്ള ബി.എസ്‌സി നഴ്‌സിങ്ങ് കോഴ്‌സിനുള്ള പരീക്ഷയായിരുന്നു അത്.

സാധാരണയായി ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ അവര്‍ക്ക് പരീക്ഷാകേന്ദ്രങ്ങള്‍ ഉള്ളതാണ്. കോവിഡ് പ്രശ്‌നംമൂലം അവര്‍ ആ വര്‍ഷം ബാംഗ്ലൂര്‍ മാത്രം കേന്ദ്രമാക്കിയാണ് പരീക്ഷ നടത്തിയത്. ജനറല്‍ വിഭാഗത്തിന് അഖിലേന്ത്യ ക്വാട്ടയില്‍ വളരെ കുറഞ്ഞ സീറ്റ് ഉള്ളതുകൊണ്ട് മോള്‍ക്ക് പോകാന്‍ മടിയായിരുന്നു. എന്റെ നിര്‍ബന്ധത്തിന് വഴങ്ങി അവള്‍ പരീക്ഷയില്‍ പങ്കെടുത്തു. റിസള്‍ട്ട് വന്നപ്പോള്‍ അവള്‍ സെലക്ഷന്‍ ലിസ്റ്റില്‍ ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ പ്രസ്തുത സ്ഥാപനത്തില്‍ പ്രവേശിക്കണമെന്ന് അറിയിപ്പ് വന്നു.

സാധാരണയായി അഡ്മിഷന്‍ എടുത്ത് ഒരു മാസം കഴിഞ്ഞാണ് അവിടെ ക്ലാസ് തുടങ്ങാറുള്ളത്. അതിനാല്‍ നീറ്റ് പരീക്ഷ കഴിഞ്ഞിട്ടേ ക്ലാസ് തുടങ്ങുകയുള്ളൂ എന്ന വിശ്വാസത്തില്‍ ഞങ്ങള്‍ അവിടെ ചേര്‍ന്നു. പക്ഷേ ഞങ്ങളുടെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് അവര്‍ രണ്ട് ദിവസത്തിനുള്ളില്‍ ക്ലാസ് തുടങ്ങി. കുറച്ചുദിവസം അവധി ചോദിച്ചപ്പോള്‍ അത് അനുവദിക്കാന്‍ സാധ്യമല്ല എന്നാണ് അവര്‍ മറുപടി തന്നത്. ഇതുമൂലം മോള്‍ക്ക് ചില പ്രവേശന പരീക്ഷകള്‍ എഴുതാന്‍ സാധിച്ചില്ല.

നീറ്റ് പരീക്ഷയ്ക്ക് തയാറെടുക്കുന്ന കുട്ടികള്‍ക്ക് അവസാനത്തെ മാസങ്ങള്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്. കാരണം വിവിധ മോഡല്‍ പരീക്ഷകള്‍ എഴുതി പരിശീലനം നടത്തേണ്ട സമയമാണത്. എന്നാല്‍ മോള്‍ക്ക് പഠിക്കാന്‍ പറ്റിയ സാഹചര്യം അവിടെ ഇല്ലായിരുന്നു. പകല്‍ ക്ലാസില്‍ പോകണം, രാത്രിയില്‍ ഹോസ്റ്റലില്‍ വന്നാലും പഠിക്കാന്‍ വളരെ പ്രയാസമനുഭവപ്പെട്ടു. നേരത്തെ എന്‍ട്രന്‍സ് പരിശീലന കേന്ദ്രം നടത്തിയ മോഡല്‍ പരീക്ഷകളില്‍ നല്ല മാര്‍ക്ക് കിട്ടിയിരുന്ന മോള്‍ക്ക് അവിടെവച്ച് എഴുതിയ പരീക്ഷക്ക് വളരെ കുറഞ്ഞ മാര്‍ക്കാണ് കിട്ടിയത്. ഇതോടെ മോള്‍ ആകെ തളര്‍ന്നു.

അവള്‍ക്കവിടെ തുടരാന്‍ പറ്റുകയില്ലെന്നും തിരികെ പോരണമെന്നും നീറ്റ് പരീക്ഷയാണ് അവളുടെ പ്രധാന ലക്ഷ്യമെന്നും പറഞ്ഞ് അവള്‍ എന്നും കരച്ചിലായിരുന്നു. ഞങ്ങള്‍ വലിയൊരു പ്രതിസന്ധിയിലായി. കാരണം നീറ്റ് വഴി അവളാഗ്രഹിക്കുന്നതുപോലെ ഒരു ഗവണ്‍മെന്റ് എം.ബി.ബി.എസ് സീറ്റ് കിട്ടുകയെന്നത് ഉറപ്പുള്ള കാര്യമല്ല, ഒരു കേന്ദ്ര ഗവണ്‍മെന്റ് സ്ഥാപനത്തില്‍ കിട്ടിയ നല്ല ജോലിസാധ്യതയുള്ള കോഴ്‌സ് നഷ്ടപ്പെടുത്തുക എന്നത് ഞങ്ങള്‍ക്ക് ചിന്തിക്കാന്‍ പോലുമാവില്ലായിരുന്നു. വേറെ ഒരു പ്രശ്‌നം കൂടിയുണ്ടായിരുന്നു. കോളജിന് ഒരു ബോണ്ടുപേപ്പര്‍ കൊടുത്തിട്ടുണ്ട്. തക്കതായ കാരണമില്ലാതെ കോഴ്‌സ് ഉപേക്ഷിച്ച് പോന്നാല്‍ വേണമെങ്കില്‍ കോളജ് അധികാരികള്‍ക്ക് പിഴ ഈടാക്കാം.

ഈ ദിവസങ്ങളില്‍ ഞാനും ഭാര്യയും കൈചേര്‍ത്ത് പിടിച്ച് ഇങ്ങനെ പ്രാര്‍ത്ഥിക്കുമായിരുന്നു, ”സ്വര്‍ഗസ്ഥനായ അപ്പച്ചാ, ഈശോയുടെ വിലയേറിയ തിരുരക്തത്തിന്റെ യോഗ്യതയാല്‍ ഞങ്ങളുടെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം ഉണ്ടാക്കണമേ.” മൂന്ന് കാര്യങ്ങളാണ് ഞങ്ങള്‍ പ്രാര്‍ത്ഥിച്ചത്. മോള്‍ക്ക് ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള കഴിവ് കൊടുക്കണം. വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യമുള്ള ഒരു സ്ഥലത്ത് അഡ്മിഷന്‍ കൊടുക്കണം. ഈ ലോകത്തിലെ എല്ലാ സ്ഥാപനങ്ങളുടെയും ഉടമയായ അപ്പച്ചന് ഇഷ്ടമാണെങ്കില്‍ അവള്‍ ആഗ്രഹിക്കുന്നതുപോലെ ഒരു സീറ്റ് കൊടുത്ത് അനുഗ്രഹിക്കണം.

കുറച്ച് ദിവസം ഇങ്ങനെ പ്രാര്‍ത്ഥിച്ചപ്പോള്‍ മനസിന് ഒരു ശാന്തത വന്നു. ഞാന്‍ മോളോട് പറഞ്ഞു, ”നിനക്ക് അവിടെ തുടരാന്‍ പറ്റുകയില്ലെങ്കില്‍ കോഴ്‌സ് നിര്‍ത്തി പോരാന്‍ അപേക്ഷ കൊടുത്തുകൊള്ളുക. തമ്പുരാന്‍ എന്തെങ്കിലും മാര്‍ഗം കാണിച്ചുതരും.” അവള്‍ കോളജ് പ്രിന്‍സിപ്പലിന് മെയില്‍ അയച്ചു. പ്രിന്‍സിപ്പല്‍ ക്ലാസില്‍ വന്ന് വിവരങ്ങള്‍ ചോദിച്ചു. കോഴ്‌സ് ഉപേക്ഷിച്ചു പോരാനുള്ള അനുവാദം കൊടുത്തു. അതുമായി കോളജ് രജിസ്ട്രാറുടെ അടുത്ത് പോകണം. അവിടെനിന്നാണ് വിടുതല്‍ ചെയ്യുക.

മറ്റു കുട്ടികള്‍ ഇതറിഞ്ഞപ്പോള്‍ അവളോട് പറഞ്ഞു, ”മൂന്ന് പ്രാവശ്യം വരെ നീറ്റ് എഴുതിയവര്‍വരെ നമ്മുടെ കൂടെയുണ്ട്. കിട്ടാന്‍ അത്ര എളുപ്പമല്ല. നീ ഈ നല്ല കോഴ്‌സ് ഉപേക്ഷിക്കരുത്. നീ ഒരിക്കല്‍കൂടി പ്രിന്‍സിപ്പാളിന്റെ അടുത്തുപോയി കുറച്ച് ദിവസങ്ങള്‍ അവധി ചോദിക്ക്.” അവര്‍ പറഞ്ഞതനുസരിച്ച് അവള്‍ അവധി ചോദിച്ചു. നീറ്റ് പരീക്ഷയ്ക്ക് മുമ്പുള്ള പത്തുദിവസം അവര്‍ അവധി നല്‍കാമെന്ന് സമ്മതിച്ചു. അതോടെ അവളുടെ പ്രയാസമെല്ലാം മാറി. ഒഴിവുള്ള സമയങ്ങളിലെല്ലാം അവള്‍ നന്നായി പഠിച്ചു. പരീക്ഷക്ക് മുന്‍പുള്ള പത്തുദിവസം ബാംഗ്ലൂര്‍ ഉള്ള ഞങ്ങളുടെ ഒരു ബന്ധുവിന്റെ ഒഴിഞ്ഞുകിടക്കുന്ന ഒരു വീട് ഉണ്ടായിരുന്നു. അവിടെ താമസിച്ച് പഠിച്ച് മോള്‍ക്ക് നീറ്റ് പരീക്ഷ എഴുതാന്‍ പറ്റി.

ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു. മോള്‍ ആറരമാസം പ്രസ്തുത സ്ഥാപനത്തില്‍ വളരെ സന്തോഷത്തോടെ പഠിച്ചു. നീറ്റ് വഴി കര്‍ണാടകത്തില്‍ തന്നെ ഒരു ഗവണ്‍മെന്റ് മെഡിക്കല്‍ കോളജില്‍ അഡ്മിഷന്‍ കിട്ടി. മെഡിക്കല്‍ കോളജിന് അടുത്തുതന്നെ ഒരു ദൈവാലയമുണ്ട്. ഞായറാഴ്ചകളില്‍ വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കാനുള്ള സൗകര്യവുമുണ്ട്. ”നമ്മില്‍ പ്രവര്‍ത്തിക്കുന്ന ശക്തിയാല്‍ നാം ചോദിക്കുന്നതിലും ആഗ്രഹിക്കുന്നതിലും വളരെ കൂടുതല്‍ ചെയ്തു തരുവാന്‍ കഴിയുന്ന അവിടുത്തേക്ക് സഭയിലും യേശുക്രിസ്തുവിലും തലമുറകളോളം എന്നേക്കും മഹത്വമുണ്ടാകട്ടെ ആമ്മേന്‍ (എഫേസോസ് 3/20-21).

തോമസ് തലപ്പുഴ