അയല്‍ക്കാരുടെ പ്രവൃത്തികളെ എടുത്തുചാടി വിമര്‍ശിക്കുന്നതും അവരെ ദുഷിച്ച് സംസാരിക്കുന്നതും എളിമ എന്ന സുകൃതത്തിന് കടകവിരുദ്ധമായ തിന്മകളാണ്. എളിമയില്ലാതെ ഉപവിയില്ല. എന്റെ സഹോദരരെ വിധിക്കാന്‍ ആരാണ് എനിക്ക് അധികാരം നല്കിയത്? അന്യരെ വിധിക്കുന്നതിലൂടെ, ദൈവത്തിനുമാത്രമുള്ള അവകാശം ഞാന്‍ അപഹരിക്കുകയാണ്.
മറ്റുള്ളവരെ വിധിക്കുകയും ദുഷിച്ചു സംസാരിക്കുകയും ചെയ്യുന്നവരുടെ ഹൃദയത്തില്‍ പ്രീശന്റേതുപോലുള്ള അഹങ്കാരം നിലനില്‍ക്കുന്നു. മറ്റുള്ളവരെ ഇകഴ്ത്തുന്നതിലൂടെ സ്വയം പുകഴ്ത്തുകയാണ് അവര്‍ ചെയ്യുന്നത്. മറ്റുള്ളവരുടെ ദൗര്‍ബല്യം കണ്ടുപിടിക്കാന്‍ തത്രപ്പെടുകയും സ്വന്തം ബലഹീനതകളുടെ നേര്‍ക്ക് കണ്ണടക്കുകയും ചെയ്യുന്നത് അഹങ്കാരത്തിന്റെ ഫലമാണ്.