ഡൊമിനിക്കയെയും നൊസാറിനെയും മറക്കുന്നതെങ്ങനെ? – Shalom Times Shalom Times |
Welcome to Shalom Times

ഡൊമിനിക്കയെയും നൊസാറിനെയും മറക്കുന്നതെങ്ങനെ?

ഉക്രെയ്‌നില്‍ ഞാന്‍ അംഗമായ കോണ്‍വെന്റിനോടുചേര്‍ന്ന് ഞങ്ങള്‍ ഒരു പ്രാര്‍ത്ഥനാകൂട്ടായ്മ സംഘടിപ്പിച്ചിരുന്നു. ആ പ്രാര്‍ത്ഥനയില്‍ സ്ഥിരമായി സംബന്ധിക്കാന്‍ 200 കിലോമീറ്ററിലധികം ദൂരെനിന്ന് ഒരു കുടുംബം വരിക പതിവാണ്, ദന്തഡോക്ടര്‍മാരായ ദമ്പതികളും അവരുടെ കുട്ടിയും. വീണ്ടും മക്കളെ വേണമെന്നതായിരുന്നു അവരുടെ പ്രധാനപ്രാര്‍ത്ഥനാനിയോഗം. അങ്ങനെയിരിക്കേ ഒരു ദിവസം അവര്‍ എന്നെ ഫോണ്‍ ചെയ്തു, ‘സിസ്റ്റര്‍, വളരെ സന്തോഷം. ഭാര്യ ഗര്‍ഭിണിയാണ്.”

പക്ഷേ അതോടൊപ്പം ഒരു ദുഃഖവും ഉണ്ടായിട്ടുണ്ട് എന്നവര്‍ പറഞ്ഞു. സ്‌കാന്‍ റിപ്പോര്‍ട്ടനുസരിച്ച് കുഞ്ഞിനൊപ്പം ഒരു ട്യൂമര്‍കൂടിയുണ്ട്. രണ്ടും വളരുകയാണ്. അത് അമ്മക്കോ കുഞ്ഞിനോ ആപത്തുണ്ടാക്കിയേക്കാം. ഇതെല്ലാം അവര്‍ വിളിച്ചുപറഞ്ഞ ദിവസം ഞാന്‍ അവരുടെ താമസസ്ഥലത്തിനടുത്തുകൂടെ യാത്ര ചെയ്യുന്നുണ്ടായിരുന്നു. അതിനാല്‍ ഞാന്‍ പറഞ്ഞു, ”ഞാന്‍ ഇന്ന് അതിലേ വരുന്നുണ്ട്. നമുക്ക് അവിടെവച്ച് കാണാം.”

അങ്ങനെ അവരുടെയടുത്ത് ചെന്നു. ആ ഭാര്യയുടെ തലയില്‍ കൈവച്ച് പ്രാര്‍ത്ഥിച്ചു. അപ്പോള്‍ ഞാന്‍ കാണുന്നത് രണ്ട് കുഞ്ഞുങ്ങളെയാണ്, ട്യൂമര്‍ കാണുന്നില്ല. അക്കാര്യം അവരോട് പറഞ്ഞു. അവര്‍ രണ്ട് സ്ഥലത്ത് പോയി സ്‌കാന്‍ ചെയ്തതാണ്. രണ്ട് സ്ഥലത്തുനിന്നും കിട്ടിയ റിപ്പോര്‍ട്ട് അനുസരിച്ച് ഉദരത്തില്‍ ഒരു കുഞ്ഞും ഒരു ട്യൂമറുമാണുള്ളത്. അതിനാല്‍ ഞാന്‍ അവരോട് നിര്‍ദേശിച്ചു, ”നിങ്ങളിനി തത്കാലം ഡോക്ടറെ സമീപിക്കേണ്ട.” അവര്‍ ചോദിച്ചു, ”സിസ്റ്റര്‍, ഇത് റിസ്‌കല്ലേ?”

”നമ്മള്‍ ദൈവത്തിലാണ് ആശ്രയിക്കുന്നത്. ഒന്നരമാസം കഴിഞ്ഞിട്ട് സ്‌കാന്‍ ചെയ്താല്‍ മതി.” അവര്‍ സമീപിക്കുന്ന ഡോക്ടര്‍മാര്‍ അവരുടെതന്നെ സുഹൃത്തുക്കളാണ്. അവരുടെ അഭിപ്രായം അബോര്‍ഷന്‍ ചെയ്യണമെന്നാണ്. പക്ഷേ ഒന്നരമാസം കാത്തിരുന്നിട്ട് തുടര്‍ന്ന് എന്ത് ചെയ്യണമെന്ന് തീരുമാനിക്കാം എന്ന് ഈ ദമ്പതികള്‍ പറഞ്ഞു. അങ്ങനെ കാത്തിരുന്നു.

ഒന്നരമാസത്തോളം കഴിഞ്ഞ് സ്‌കാന്‍ ചെയ്തപ്പോള്‍ പറയുകയാണ്, ”വയറ്റിലുള്ളത് ഇരട്ടകളാണ്!” സ്‌കാന്‍ റിപ്പോര്‍ട്ടുകളില്‍ തെറ്റ് പറ്റിയതല്ല എന്നാണ് ഞങ്ങളെല്ലാം വിശ്വസിക്കുന്നത്. കാരണം രണ്ട് വ്യത്യസ്ത ലാബുകളില്‍നിന്നും കിട്ടിയ റിപ്പോര്‍ട്ട് പ്രകാരം ട്യൂമറാണെന്ന് ഉറപ്പുവരുത്തിയതാണ്. അതിനാല്‍ അത് ഡോക്ടര്‍മാര്‍ക്ക് പറ്റിയ തെറ്റല്ല, അത് ദൈവത്തിന്റെ അത്ഭുതമാണ്. ആ ട്യൂമര്‍ ഒരു കുഞ്ഞായി രൂപാന്തരപ്പെട്ടു. ”ഗര്‍ഭിണിയുടെ ഉദരത്തില്‍ ചൈതന്യം പ്രവേശിക്കുന്നത് എങ്ങനെ എന്ന് അറിയാത്തതുപോലെ സര്‍വത്തിന്റെയും സ്രഷ്ടാവായ ദൈവത്തിന്റെ പ്രവൃത്തികളും നീ അറിയുന്നില്ല” (സഭാപ്രസംഗകന്‍ 11/5).

ആ ദമ്പതികളുടെ അഭ്യര്‍ത്ഥനപ്രകാരം ട്യൂമറാണെന്ന് ആദ്യം പറഞ്ഞ കുഞ്ഞിനെ ഞാന്‍ ആത്മീയമായി അന്നേതന്നെ ദത്തെടുത്ത് പ്രാര്‍ത്ഥിച്ചിരുന്നു. ആ കുഞ്ഞിന്റെ ഹൃദയത്തിന് തകരാറുണ്ടെന്നാണ് പറഞ്ഞിരുന്നത്. അതിനാല്‍ ജീവിച്ചിരിക്കാനുള്ള സാധ്യതയും കുറവാണെന്നായിരുന്നു ഡോക്ടര്‍മാരുടെ അഭിപ്രായം. പക്ഷേ ഞാന്‍ പറഞ്ഞു, ”ഇത്രയും അത്ഭുതം ചെയ്ത ദൈവം ഇനിയും നടത്തും. ദൈവം ഒരു കാര്യം തുടങ്ങിവച്ചാല്‍ അത് പൂര്‍ത്തിയാക്കും. നിങ്ങള്‍ പ്രാര്‍ത്ഥിക്കുക.”

അതുപ്രകാരം അവര്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ടുപോയി. നാളുകള്‍ പൂര്‍ത്തിയായപ്പോള്‍ അവര്‍ക്ക് ഇരട്ടക്കുഞ്ഞുങ്ങള്‍ ജനിച്ചു. ട്യൂമറാണെന്ന് പറയപ്പെട്ടത് ഒരു പെണ്‍കുഞ്ഞായിരുന്നു. ജനിച്ചപ്പോള്‍ അവള്‍ക്ക് തൂക്കം വളരെ കുറവ്. പ്രസവം കഴിഞ്ഞയുടനെ ആ കുഞ്ഞിന് സര്‍ജറി നടത്താന്‍ ചൈല്‍ഡ് കാര്‍ഡിയോളജിസ്റ്റ് തയാറായി നിന്നിരുന്നു. പക്ഷേ പരിശോധിച്ചപ്പോള്‍ അവളുടെ ഹൃദയത്തിന് യാതൊരു തകരാറുമില്ല! അതിനാല്‍ സര്‍ജറിയും വേണ്ടിവന്നില്ല.
പിന്നീട് ഞാനവളുടെ തലതൊട്ടമ്മയായി. ഡൊമിനിക്ക എന്നാണ് അവള്‍ക്ക് പേരിട്ടത്. അവളുടെ ഇരട്ട ഒരു ആണ്‍കുട്ടിയായിരുന്നു. അവന് നൊസാര്‍ എന്ന് പേരിട്ടു.

നാളുകള്‍ കഴിഞ്ഞു. ആണ്‍കുട്ടി തനിയെ നില്‍ക്കുന്നില്ല. ഡോക്‌ടേഴ്‌സ് അവനെ ഉഴിച്ചിലിന് കൊണ്ടുപോകാന്‍ പറഞ്ഞു. അതെല്ലാം അവര്‍ ചെയ്തിരുന്നു. എന്നിട്ടും കുട്ടി തനിയെ നില്‍ക്കാന്‍ തുടങ്ങിയില്ല. പെണ്‍കുട്ടിയാകട്ടെ നടന്നുതുടങ്ങിയിരുന്നു. അങ്ങനെയിരിക്കേ ഒരു സുവിശേഷയാത്രക്കിടെ ഞാന്‍ അവരുടെ വീട്ടില്‍ ചെന്നു. ആ കുടുംബത്തോട് നല്ല അടുപ്പമായിരുന്നതിനാല്‍ അവരുടെ വീടിനടുത്തുകൂടെ പോകുമ്പോള്‍ അവിടെയാണ് താമസിക്കാറുള്ളത്. അന്ന് അവിടെ ചെന്നപ്പോള്‍ ആണ്‍കുട്ടിയെ എടുത്ത് ഞാന്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു, ”ഞാന്‍ വിശുദ്ധ കുര്‍ബാന സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് എന്റെ ശരീരത്തിലുണ്ട്. അതിനാല്‍ എന്റെ വിരലിന്റെ തുമ്പത്തുപോലും അങ്ങയുടെ സാന്നിധ്യമുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.”

തുടര്‍ന്ന് അവനെ എടുത്ത് താഴെ നിര്‍ത്തിയിട്ട് പറഞ്ഞു, ”നൊസാര്‍, നടക്കുക!” അവന്‍ തനിയെ എന്റെ അടുത്തേക്ക് നടന്നുവന്നു!! ദൈവം ചെയ്ത ഈ അത്ഭുതങ്ങളെപ്രതി ഡൊമിനിക്കയെയും നൊസാറിനെയും മറക്കാനാവില്ല. ദൈവവചനം കൊടുക്കാനായി നാം ഇറങ്ങിത്തിരിക്കുമ്പോള്‍ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും ദൈവം തന്റെ വചനം സ്ഥിരീകരിച്ചുകൊള്ളും. ”കര്‍ത്താവിന്റെ പ്രവൃത്തികള്‍ ഉത്തമമാണ്; യഥാസമയം അവിടുന്ന് ആവശ്യങ്ങള്‍ നിറവേറ്റുന്നു” (പ്രഭാഷകന്‍ 39/33).

സിസ്റ്റര്‍ ലിജി പയ്യപ്പിള്ളി SJSM
സിസ്റ്റേഴ്‌സ് ഓഫ് സെയ്ന്റ് ജോസഫ് ഓഫ് സെയ്ന്റ് മാര്‍ക്ക് സന്യാസസഭാംഗമാണ് സിസ്റ്റര്‍ ലിജി. ഉക്രെയ്‌നില്‍ ശുശ്രൂഷ ചെയ്യുന്നു.