പ്രത്യേകം സ്‌നേഹിക്കപ്പെടുന്നതായി അനുഭവപ്പെട്ട നിമിഷം – Shalom Times Shalom Times |
Welcome to Shalom Times

പ്രത്യേകം സ്‌നേഹിക്കപ്പെടുന്നതായി അനുഭവപ്പെട്ട നിമിഷം

എന്റെ നിത്യവ്രതത്തിന്റെ മൂന്നാം വര്‍ഷം ദൈവം ആഗ്രഹിക്കുന്നതുപോലെ പ്രവര്‍ത്തിക്കാന്‍ എന്നെത്തന്നെ അവിടുത്തേക്ക് സമര്‍പ്പിക്കണമെന്ന് കര്‍ത്താവ് എനിക്ക് മനസിലാക്കിത്തന്നു. ഒരു ബലിവസ്തുവായി അവിടുത്തെ മുമ്പില്‍ എപ്പോഴും ഞാന്‍ നില്‍ക്കണം. ആദ്യമെല്ലാം വളരെ ഭയപ്പെട്ടു. ഞാന്‍ തീര്‍ത്തും നികൃഷ്ടയാണെന്ന് ഞാനറിഞ്ഞു. ഞാന്‍ കര്‍ത്താവിനോട് വീണ്ടും പറഞ്ഞു: ”ഞാന്‍ ഒരു നികൃഷ്ടജീവിയാണ്; എങ്ങനെ എനിക്ക് മറ്റുള്ളവര്‍ക്കുവേണ്ടി ബലിയാകാന്‍ സാധിക്കും?” നാളെ നിന്റെ ദിവ്യകാരുണ്യ ആരാധനയുടെ സമയത്ത് ഞാനത് മനസിലാക്കിത്തരും. ഈ വാക്കുകള്‍ എന്റെ ആത്മാവില്‍ ആഴമായി പതിഞ്ഞു, എന്റെ ഹൃദയവും ആത്മാവും വിറകൊണ്ടു.

ആരാധനക്കായി വന്നപ്പോള്‍… ദൈവസാന്നിധ്യത്താല്‍ ഞാന്‍ പൂരിതയായി. ആ നിമിഷത്തില്‍ എന്റെ ബുദ്ധി അതിശയകരമാംവിധം പ്രകാശിതമായി. എനിക്ക് ഒരു ആത്മീയദര്‍ശനം ലഭിച്ചു; അത് ഒലിവുമലയില്‍ ഈശോക്കുണ്ടായ ദര്‍ശനംപോലെയായിരുന്നു. ആദ്യം ശാരീരികമായ സഹനം, തുടര്‍ന്ന് എല്ലാ സാഹചര്യങ്ങളും അതിന്റെ തീവ്രത കൂട്ടി; പിന്നീട് ആര്‍ക്കും മനസിലാക്കാന്‍ സാധിക്കാത്ത ആത്മീയസഹനങ്ങള്‍ അതിന്റെ പൂര്‍ണവ്യാപ്തിയില്‍. എല്ലാം ഈ ദര്‍ശനത്തില്‍ കടന്നുവന്നു: തെറ്റിദ്ധാരണകള്‍, സല്‍പ്പേരിന് കളങ്കം, ഞാനിവിടെ ചുരുക്കിപ്പറയുകയാണ്, ഈ സമയത്ത് ഞാന്‍ മനസിലാക്കിയ കാര്യങ്ങളില്‍നിന്ന് ഒട്ടും വ്യത്യസ്തമല്ലായിരുന്നു പിന്നീട് ഞാന്‍ കടന്നുപോയ അനുഭവങ്ങള്‍. അവ അത്രക്ക് സുവ്യക്തമായിരുന്നു. എന്റെ പേര് ‘ബലി’ എന്നായി.
ദര്‍ശനം അവസാനിച്ചപ്പോള്‍ ഞാന്‍ വിയര്‍ത്തുകുളിച്ചു. ഇതിന് സമ്മതം നല്കിയില്ലെങ്കിലും, ഞാന്‍ രക്ഷിക്കപ്പെടുമെന്നും അവിടുത്തെ കൃപാവര്‍ഷം കുറയുകയില്ലെന്നും അവിടുന്നുമായി ഈ ഉറ്റസമ്പര്‍ക്കം തുടര്‍ന്നുകൊണ്ടുപോകുമെന്നും ഈശോ എനിക്ക് വെളിപ്പെടുത്തിത്തന്നു. ഞാന്‍ ഈ ബലിസമര്‍പ്പണത്തിന് തയാറായില്ലെങ്കിലും, അതുമൂലം ദൈവത്തിന്റെ ഔദാര്യം കുറയുന്നില്ല.

ബലിയര്‍പ്പണത്തിനായുള്ള ബോധപൂര്‍വവും സ്വതന്ത്രവുമായ എന്റെ സമ്മതത്തെ ഈ മുഴുവന്‍ രഹസ്യവും ആശ്രയിച്ചിരിക്കുന്നുവെന്ന് കര്‍ത്താവ് മനസിലാക്കിത്തന്നു. ദൈവത്തിന്റെ മഹിമപ്രതാപത്തിന്റെ മുമ്പില്‍ ഈ സ്വതന്ത്രവും ബോധപൂര്‍വവുമായ പ്രവൃത്തിയിലാണ് മുഴുവന്‍ ശക്തിയും മൂല്യവും അടങ്ങിയിരിക്കുന്നത്. ഞാന്‍ സമര്‍പ്പിച്ചിരിക്കുന്ന കാര്യങ്ങളൊന്നുംതന്നെ എന്നില്‍ നിറവേറിയില്ലെങ്കിലും, കര്‍ത്താവിന്റെ സമക്ഷം എല്ലാം പൂര്‍ത്തീകരിക്കപ്പെട്ടപോലെയാണ്.

ആ നിമിഷം, അഗ്രാഹ്യമായ മഹത്വത്തിലേക്ക് ഞാന്‍ ഉള്‍ച്ചേരുന്നതായി അനുഭവപ്പെട്ടു. എന്റെ സമ്മതത്തിനായി ദൈവം കാത്തിരിക്കുന്നതായി തോന്നി. എന്റെ ആത്മാവ് കര്‍ത്താവില്‍ നിമഗ്നമായി. ഞാന്‍ പറഞ്ഞു: ”അങ്ങ് ആഗ്രഹിക്കുന്നതുപോലെ എന്നില്‍ സംഭവിക്കട്ടെ. അങ്ങേ തിരുമനസിന് ഞാന്‍ കീഴ്‌വഴങ്ങുന്നു. ഇന്നുമുതല്‍ അങ്ങേ തിരുമനസാണ് എന്റെ പോഷണം, അങ്ങേ കൃപയുടെ സഹായത്താല്‍ അവിടുത്തെ കല്പനകളോട് ഞാന്‍ വിശ്വസ്തയായിരിക്കും. അവിടുത്തെ ഇഷ്ടംപോലെ എന്നോട് വര്‍ത്തിക്കുക. ഓ കര്‍ത്താവേ, എന്റെ ജീവിതത്തിന്റെ എല്ലാ നിമിഷങ്ങളിലും എന്നോടുകൂടെ ഉണ്ടായിരിക്കണമെന്ന് ഞാന്‍ യാചിക്കുന്നു.”

പെട്ടെന്ന്, പൂര്‍ണഹൃദയത്തോടും പൂര്‍ണമനസോടും ബലിയര്‍പ്പണത്തിന് സമ്മതം നല്കിയപ്പോള്‍, ദൈവസാന്നിധ്യത്താല്‍ ഞാന്‍ പൂരിതയായി. എന്റെ ആത്മാവ് ദൈവത്തില്‍ നിമഗ്നയായി. പറഞ്ഞറിയിക്കാന്‍ വയ്യാത്തവിധം ആനന്ദത്താല്‍ ഞാന്‍ നിറഞ്ഞു കവിഞ്ഞൊഴുകി. അവിടുത്തെ മഹത്വം എന്നെ പൊതിയുന്നതായി എനിക്ക് അനുഭവപ്പെട്ടു. അസാധാരണമാംവിധം ദൈവവുമായി ഞാന്‍ സംയോജിക്കപ്പെട്ടു. ദൈവം എന്നില്‍ സംപ്രീതനായി എന്ന് ഞാനറിഞ്ഞു… ഞാന്‍ പ്രത്യേകമായി സ്‌നേഹിക്കപ്പെടുന്നതായി അനുഭവപ്പെട്ടു… ദൈവം തന്റെ പൂര്‍ണ ആനന്ദത്തോടെ അതില്‍ വസിക്കുകയായിരുന്നു. ഇത് ഒരു തോന്നലല്ല, ഒന്നിനും മറയ്ക്കാന്‍ സാധിക്കാത്ത ബോധപൂര്‍ണമായ സത്യമാണ്…

എന്റെ ആത്മാവില്‍ ധൈര്യവും ശക്തിയും സംജാതമായി. ആരാധന കഴിഞ്ഞപ്പോള്‍ ഞാന്‍ ഭയപ്പെട്ടിരുന്നതെല്ലാം ശാന്തമായി അഭിമുഖീകരിക്കാനുള്ള ശക്തി ലഭിച്ചു. ഞാന്‍ ഇടനാഴിയിലേക്ക് വന്നപ്പോള്‍ ഒരു പ്രത്യേകവ്യക്തിയില്‍നിന്ന് വലിയ സഹനവും എളിമപ്പെടുത്തലും എന്നെ കാത്തിരിക്കുകയായിരുന്നു. വളരെ മനോദാര്‍ഢ്യത്തോടുകൂടി അത് സ്വീകരിച്ചുകൊണ്ട് ഈശോയുടെ ഏറ്റം മാധുര്യമുള്ള തിരുഹൃദയത്തെ ഗാഢമായി ആലിംഗനം ചെയ്തു. ഞാന്‍ എന്തിനുവേണ്ടി സമര്‍പ്പിച്ചുവോ അതിന് ഞാന്‍ തയാറാണെന്ന് അവിടുത്തേക്ക് മനസിലാക്കിക്കൊടുത്തു.

വിശുദ്ധ ഫൗസ്റ്റീനയുടെ ഡയറി (135-138)