ആഫ്രിക്കന്‍ രാജ്യമായ റുവാണ്ടയിലെ കിബേഹോയില്‍ 1980- ല്‍ പല സ്ഥലങ്ങളിലായി മാതാവ് ചില കുട്ടികള്‍ക്കു പ്രത്യക്ഷപ്പെടുകയും ജനത്തോട് മാനസാന്തരപ്പെടാന്‍ ആഹ്വാനം ചെയ്യുകയും ചെയ്തു. മാതാവിന്റെ ഈ ആഹ്വാനത്തെ തള്ളിക്കളയുന്നപക്ഷം സംഭവിക്കുന്ന ദുരിതങ്ങളെക്കുറിച്ച് മാതാവ് വെളിപ്പെടുത്തലുകള്‍ നല്കി.
രക്തം നിറഞ്ഞ ഒരു നദി. …
തലകളറ്റുപോയ ശരീരങ്ങള്‍…
പരസ്പരം കൊല്ലുന്ന ജനങ്ങള്‍…
കുഴിച്ചു മൂടാന്‍ ആരും ഇല്ലാതെ
അനാഥമായി കിടക്കുന്ന ശവങ്ങള്‍…
എന്നാല്‍, അതു സംഭവിക്കുകതന്നെ ചെയ്തു. 1994-ലെ വസന്തത്തില്‍, ഭീകരമായ ആഭ്യന്തരയുദ്ധം റുവാണ്ടയില്‍ പൊട്ടിപ്പുറപ്പെട്ടു. 10 ലക്ഷം ജനങ്ങളാണ് അന്ന് ആ കലാപത്തില്‍ കൊല്ലപ്പെട്ടത് എന്ന് പറയപ്പെടുന്നു.
ഗ്രാമത്തിലേക്ക് ഇരച്ചുകയറുന്ന മരണദൂതന്മാര്‍ തന്റെ മകളെ കണ്‍മുന്നിലിട്ട് പിച്ചിച്ചീന്തുന്നതു കാണാന്‍ ഇമ്മാക്കുലിയുടെ പിതാവിന് ശക്തിയില്ലായിരുന്നു. അദ്ദേഹം മകളോട് തന്റെ ഒരു സുഹൃത്തിന്റെ ഭവനത്തില്‍ അഭയം പ്രാപിക്കാന്‍ ആവശ്യപ്പെട്ടു. സുഹൃത്തിന്റെ ഭവനത്തില്‍ അവള്‍ക്കും മറ്റ് ഏഴ് പെണ്‍കുട്ടികള്‍ക്കും അഭയമായത് ഒരു അലമാരയ്ക്കു പിന്നിലെ, 12 ചതുരശ്ര അടി മാത്രം വീതിയുള്ള ഒരു കൊച്ചു ബാത്‌റൂം ആയിരുന്നു. നീണ്ട 91 ദിവസങ്ങളാണ് ഇടുങ്ങിയ ആ മുറിയില്‍ അവര്‍ കഴിഞ്ഞുകൂടിയത്.
പിന്നീട് കലാപത്തിന്റെ അവസാനം പുറംലോകത്തേക്ക് അവള്‍ ഇറങ്ങുമ്പോള്‍ കണ്‍മുന്നില്‍ ശൂന്യത മാത്രം. മാതാപിതാക്കളും സഹോദരങ്ങളും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു. വീട് തകര്‍ക്കപ്പെട്ടിരുന്നു. എന്നാല്‍, ഇതിനെല്ലാം കാരണക്കാരായവരോട് അവള്‍ ക്ഷമിക്കുകയാണ്. ഇമ്മാക്കുലിയുടെ അതിജീവനത്തിന്റെയും ക്ഷമയുടെയും അടിസ്ഥാനം ആ 91 ദിവസങ്ങളില്‍ ഇടുങ്ങിയ ബാത്‌റൂമില്‍വച്ച് അവള്‍ ജപിച്ചു കൂട്ടിയ ജപമാലകളായിരുന്നു എന്ന് ‘ലെഫ്റ്റ് ടു ടെല്‍’ എന്ന തന്റെ ആത്മകഥയില്‍ പറയുന്നുണ്ട്. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, ബാത്‌റൂം പ്രാര്‍ത്ഥനകള്‍!
ഒരു അധ്യാപികയുടെ അനുഭവമാണ് അടുത്തത്. കടുത്ത നിരീശ്വരവാദിയാണ് അവളുടെ ഭര്‍ത്താവ്. അതിനാല്‍, പള്ളിയില്‍ പോകാനോ വീട്ടില്‍വച്ച് പ്രാര്‍ത്ഥിക്കാനോ അവള്‍ക്ക് അനുവാദമില്ല. എന്നാല്‍ വിശ്വാസിയായ ആ മകള്‍ക്ക് പ്രാര്‍ത്ഥിക്കാതെ ജീവിതത്തില്‍ മുന്നോട്ടു പോകാന്‍ സാധിക്കുകയില്ലായിരുന്നു. അവള്‍ക്കും അഭയമായത് വീട്ടിലെ ബാത്‌റൂം ആണ്. പ്രാര്‍ത്ഥനയും വചനധ്യാനവുമെല്ലാം ആ നാലു ചുവരുകള്‍ക്കുള്ളില്‍ത്തന്നെ. അവിടെവച്ചു മാതാവിന്റെ ഒരു പുസ്തകം പോലും അവള്‍ വിവര്‍ത്തനം ചെയ്തു. പിന്നീട്, അനേകര്‍ക്ക് ആ പുസ്തകം ഒരു അനുഗ്രഹമായി മാറി.
ബാങ്കിലെ പ്രാര്‍ത്ഥന
ഒരു ബാങ്കുദ്യോഗസ്ഥന്റെ അനുഭവമാണ്. രാവിലെ വളരെ ഉന്മേഷത്തോടെ പ്രാര്‍ത്ഥനാപൂര്‍വം ജോലി ആരംഭിക്കുന്ന അദ്ദേഹത്തിന് തന്റെ കൗണ്ടറില്‍ തിരക്കു വര്‍ദ്ധിക്കുന്നതനുസരിച്ച് അതെല്ലാം ചോര്‍ന്നുപോകുന്നതായി തോന്നും. കൗണ്ടറിനുമുന്നില്‍ നില്‍ക്കുന്നവരോട് സ്‌നേഹപൂര്‍വം ഇടപെടാന്‍ സാധിക്കാത്തവിധം പിരിമുറുക്കം നേരിടുന്ന അവസരങ്ങള്‍ ഉണ്ടാകാറുണ്ട്. അതിന് അദ്ദേഹം കണ്ടെത്തിയ ഒരു പരിഹാരമാണ് വാഷ്‌റൂം പ്രാര്‍ത്ഥന. ഇടയ്ക്ക് വാഷ്‌റൂമില്‍ പോകുമ്പോള്‍, ഒന്നു സ്തുതിച്ചും പ്രാര്‍ത്ഥിച്ചും ശക്തി വീണ്ടെടുക്കുന്ന അദ്ദേഹത്തിന് പിന്നീട് എല്ലാ ജോലികളും ഉന്മേഷത്തോടെയും സന്തോഷത്തോടെയും ചെയ്യാന്‍ സാധിക്കുമായിരുന്നു.
പ്രാര്‍ത്ഥനയെന്നു ചിന്തിക്കുമ്പോള്‍, പള്ളികളും ചാപ്പലുകളും പ്രാര്‍ത്ഥനാമുറികളുമെല്ലാമായിരിക്കും സ്വാഭാവികമായും നമ്മുടെ മനസ്സിലേക്കു വരിക. എന്നാല്‍, വാഷ്‌റൂമിലും നമുക്ക് പ്രാര്‍ത്ഥിക്കാം. ആരും കാണാതെ, ആരും കേള്‍ക്കാതെ ഒന്നു കരഞ്ഞു തീര്‍ക്കാന്‍ വാഷ്‌റൂമില്‍ കയറി ടാപ്പ് തുറന്നുവിട്ട് കരഞ്ഞുതീര്‍ത്തിട്ടുള്ളവര്‍ എത്രയോ പേരുണ്ടാകും. ഓഫിസിലെ സഹപ്രവര്‍ത്തകര്‍ക്കിടയില്‍, സ്‌കൂളിലോ കോളേജിലോ സഹപാഠികള്‍ക്കിടയില്‍, വിങ്ങുന്ന ഹൃദയവുമായി ഭാരപ്പെട്ടിരിക്കുമ്പോള്‍ ആരും കാണാതെ ഒന്നു കരഞ്ഞു പ്രാര്‍ത്ഥിക്കാന്‍ ഒരു ചാപ്പല്‍ അടുത്തുണ്ടാകണമെന്നില്ല. എന്നാല്‍, വാഷ്‌റൂമുകള്‍ കാണും.
ആരും കാണാതെ കരഞ്ഞു പ്രാര്‍ത്ഥിക്കാനോ ദൈവസന്നിധിയില്‍ ഒന്നു നിലവിളിക്കാനോ സാധിക്കാതെ വരുന്ന ഇത്തരം സാഹചര്യങ്ങളില്‍ ബാത്‌റൂമുകള്‍ ഒരു അഭയമാണ്. ”തന്നെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, ഹൃദയപരമാര്‍ത്ഥതയോടെ വിളിച്ചപേക്ഷിക്കുന്നവര്‍ക്ക്, കര്‍ത്താവ് സമീപസ്ഥനാണ്” (സങ്കീര്‍ത്തനങ്ങള്‍ 145/18). വാഷ്‌റൂമില്‍ ചിലവഴിക്കുന്ന നിസ്സാരമെന്നു തോന്നുന്ന അഞ്ചോ പത്തോ മിനിറ്റിനു പോലും നമ്മുടെ ജീവിതത്തെ സ്വാധീനിക്കാന്‍ കഴിയും. അതുമാത്രമല്ല, വെറുതേ പാഴായിപ്പോയേക്കാവുന്ന ഈ അഞ്ചോ പത്തോ മിനിറ്റുകളും പ്രാര്‍ത്ഥനാവേളകളാക്കിത്തീര്‍ക്കാന്‍ സാധിക്കുകയും ചെയ്യും.
വാഷ്‌റൂം പ്രാര്‍ത്ഥനകള്‍ എങ്ങനെ?
കുഞ്ഞിനെ കുളിപ്പിക്കുമ്പോള്‍ കുഞ്ഞിന്റെ ആത്മശരീര വിശുദ്ധിക്കായി പ്രാര്‍ത്ഥിക്കുന്ന ഒരു അമ്മയെ എനിക്കറിയാം. ”ശൈശവം മുതലേ ഞാന്‍ അനുഗൃഹീതനും, നല്ലൊരു ഹൃദയം അവകാശമായി ലഭിച്ചവനുമാണ്; അഥവാ ഞാന്‍ നല്ലവനാണ്. അതുകൊണ്ട് നിര്‍മ്മലമായ ശരീരം എനിക്കു ലഭിച്ചു” (ജ്ഞാനം 8/19-20) എന്ന തിരുവചനം ഏറ്റു പറഞ്ഞും കുഞ്ഞിനെക്കൊണ്ട് ഏറ്റു പറയിച്ചുമാണ് ആ പത്തു മിനിറ്റുകള്‍ അവര്‍ പ്രാര്‍ത്ഥനയാക്കിത്തീര്‍ക്കുന്നത്. ഇങ്ങനെ കുളി ശരീരത്തെ ശുചിയാക്കുമ്പോള്‍, പ്രാര്‍ത്ഥന ആത്മാവിനെയും ശുചിയാക്കുന്നു.
ക്ഷമിക്കാനും എളിമപ്പെടാനും പാടുപെടുമ്പോള്‍, ബാത്ത്‌റൂമില്‍ കയറി, ”സ്‌നേഹമാം ദൈവമേ അങ്ങെന്നില്‍ അനുദിനവും വളരേണമേ, ഞാനോ കുറയേണമേ” എന്ന ഈരടികള്‍ മനസ്സില്‍ ആലപിക്കുമ്പോള്‍ നാം വിടുതല്‍ പ്രാപിക്കുന്നത് അനുഭവിച്ചറിയാന്‍ സാധിക്കും. നമുക്കറിയാവുന്ന ‘നന്മനിറഞ്ഞ മറിയമേ’, ‘എത്രയും ദയയുള്ള മാതാവേ’ തുടങ്ങിയ കൊച്ചു കൊച്ചു പ്രാര്‍ത്ഥനകള്‍, വചനങ്ങള്‍, സുകൃതജപങ്ങള്‍, ഈരടികള്‍ എന്നിവയും ഈ സമയങ്ങളില്‍ ഉരുവിടാം. മുകളില്‍ പറഞ്ഞ ബാങ്കുദ്യോഗസ്ഥനെപ്പോലെ സ്തുതിച്ചു പ്രാര്‍ത്ഥിക്കാം.
പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെ എന്നറിയാത്ത നമ്മളെ വേണ്ടതുപോലെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കുന്ന പരിശുദ്ധാത്മാവിനോട് ആവശ്യപ്പെട്ടാല്‍ ഇതുപോലെ പ്രാര്‍ത്ഥിക്കാനുള്ള സാഹചര്യങ്ങള്‍ ഒരുക്കപ്പെടും. വാഷ്‌റൂമുകളില്‍ പാഴായിപ്പോകുന്ന സമയം പ്രാര്‍ത്ഥിക്കാനുള്ള ഓര്‍മ്മ അവിടുന്ന് നമ്മിലുണര്‍ത്തും. എന്തിനുവേണ്ടി, എങ്ങനെ പ്രാര്‍ത്ഥിക്കണമെന്നും അവിടുന്ന് നമ്മെ പഠിപ്പിക്കും. അതിനാല്‍, ആത്മാവിനോടു പ്രാര്‍ത്ഥിക്കാം.
പരിശുദ്ധാത്മാവേ, എന്നെ പ്രാര്‍ത്ഥിക്കാന്‍ പഠിപ്പിക്കണമേ. എവിടെയും എപ്പോഴും എന്റെ ഹൃദയത്തില്‍ പ്രാര്‍ത്ഥന നിറയ്‌ക്കേണമേ. ആമ്മേന്‍.
അനു ജോസ്