പണ്ഡിതന്‍ ആസക്തികളെ അതിജീവിച്ചവന്‍ – Shalom Times Shalom Times |
Welcome to Shalom Times

പണ്ഡിതന്‍ ആസക്തികളെ അതിജീവിച്ചവന്‍

ജെറോമിന് മറക്കാനാവാതെ ആ സ്വപ്‌നം മനസിലങ്ങനെ തങ്ങിനില്‍ക്കുകയാണ്.
ഇതായിരുന്നു സ്വപ്നം:
ജെറോം സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടു. അവിടെ നിത്യനായ വിധികര്‍ത്താവിനെ മുഖത്തോട് മുഖം കണ്ടു. തേജസ്സാര്‍ന്ന പ്രകാശത്തിന്റെ ആധിക്യം കൊണ്ട് തലയുയര്‍ത്തി നോക്കാന്‍ ധൈര്യപ്പെട്ടില്ല.
”ആരാണ് നീ?” ക്രിസ്തുവിന്റെ ചോദ്യം.
”ഞാന്‍ ജെറോം, ഒരു ക്രിസ്ത്യാനി” അതായിരുന്നു മറുപടി.
ഉടനെവന്നു ക്രിസ്തുവിന്റെ പ്രതികരണം, ”നീ നുണ പറയുന്നു!”
മുഖമടച്ച് ഒരടി കിട്ടിയ പോലെ തോന്നി ജെറോമിന്.
”ഞാന്‍ ക്രിസ്ത്യാനിയാണ്” ജെറോം വിളിച്ചുപറഞ്ഞു.

”അല്ല, നീ സിസെറോയുടെ ആളാണ്. നീ ക്രിസ്ത്യാനിയല്ല!” ക്രിസ്തുവിന്റെ വാക്കുകള്‍ മുഴങ്ങി. സ്വപ്നവും മാഞ്ഞു.
ലാറ്റിന്‍, ഗ്രീക്ക്, ഹീബ്രു ഭാഷകളില്‍ പ്രാവീണ്യമുണ്ടായിരുന്ന ജെറോമിന് ഉത്തമസാഹിത്യകൃതികള്‍ വായിക്കാന്‍ ഏറെ താത്പര്യമായിരുന്നു. പ്ലോട്ടസിന്റെയും വെര്‍ജിലിന്റെയും സിസെറോയുടെയും കൃതികള്‍ അദ്ദേഹം വായിച്ചുകൂട്ടി. എന്നാല്‍ ഈ സ്വപ്നം ജെറോമിനെ മാറ്റിച്ചിന്തിപ്പിച്ചു. ദൈവവചനത്തിന് പ്രാമുഖ്യം നല്കണമെന്ന ഉത്തമബോധ്യം അദ്ദേഹത്തിനുണ്ടായി. പില്ക്കാലത്ത് വേദപാരംഗതനായി മാറിയ ജെറോമിന്റെ ജീവിതത്തെ മാറ്റിമറിച്ച ഒരു അനുഭവമായിരുന്നു അത്.

യൂസേബിയസ് ഹൈറോണിമസ് സോഫ്രോണിയസ് എന്നാണ് വിശുദ്ധ ജെറോമിന്റെ യഥാര്‍ത്ഥപേര്. 340ല്‍ വടക്കുകിഴക്കന്‍ ഇറ്റലിയിലെ ഒരു ചെറിയ പട്ടണത്തിലാണ് അദ്ദേഹം ജനിച്ചത്. 360ല്‍ പോപ്പ് ലിബേരിയൂസ് ആണ് ജെറോമിന് ജ്ഞാനസ്‌നാനം നല്‍കിയത്. ഡാല്‍മാത്തിയ എന്നറിയപ്പെട്ട ആ പ്രദേശത്ത് ജീവിച്ചിരുന്ന വിശുദ്ധ ജെറോമിന്റെ ചിത്രങ്ങളില്‍ ഒരു സിംഹത്തെ കൂടെ പലപ്പോഴും കാണിക്കാറുണ്ട്. കാരണം തന്റെ വിശ്വാസതീക്ഷ്ണത കൊണ്ട് ‘ഡാല്‍മാത്തിയയിലെ സിംഹം’ എന്നാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്.

പിതാവ് ജെറോമിന് നല്ല വിദ്യാഭ്യാസം നല്കി. നിര്‍ഭാഗ്യവശാല്‍, അവന്‍ അതോടൊപ്പം ആനന്ദവും വിനോദങ്ങളും തിരഞ്ഞ് പോകുന്ന ലൗകികവഴിയും പഠിച്ചു. ധിഷണാപരമായ ജിജ്ഞാസ ജെറോമിനെ അനേകം രാജ്യങ്ങളിലേക്ക് കൊണ്ടുപോയി. കഠിനപ്രലോഭനങ്ങളാല്‍ ബുദ്ധിമുട്ടിയ കാലത്ത്, മുപ്പത്തിമൂന്ന് വയസ്സുള്ളപ്പോള്‍, സിറിയയില്‍, തെക്കുകിഴക്കന്‍ അന്ത്യോക്യയില്‍നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള ഉഗ്രമരുഭൂമിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചയാളാണ് ജെറോം. പിന്നീട് നാലുകൊല്ലം മരുഭൂമിയില്‍ കഠിനപ്രായശ്ചിത്തപ്രവൃത്തികളിലും പഠനത്തിലും ചെലവഴിച്ചു. ഒരു ജൂതസന്യാസിയില്‍നിന്ന് കഷ്ടപ്പെട്ട് ഹീബ്രു പഠിച്ചെടുത്തു.

അന്ത്യോക്യായിലെ മെത്രാനായിരുന്ന വിശുദ്ധ പൗളിനൂസില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ച ജെറോം 380-ല്‍ കോണ്‍സ്റ്റാന്റിനോപ്പിളിലേക്ക് അവിടത്തെ മെത്രാനായിരുന്ന വിശുദ്ധ ഗ്രിഗറിയില്‍നിന്ന് തിരുവചനം പഠിക്കാനായി പോയി. രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ പോപ്പ് ഡമാസസ് റോമില്‍ നടന്നിരുന്ന ഒരു സൂനഹദോസില്‍ സംബന്ധിക്കാനും സെക്രട്ടറി ആകാനും അദ്ദേഹത്തെ വിളിപ്പിച്ചു. തിരുവചനങ്ങളിലുള്ള ജെറോമിന്റെ അഗാധപാണ്ഡിത്യം അത്രക്കും സ്വാധീനിച്ചത് കൊണ്ട് പോപ്പ് അദ്ദേഹത്തെ സ്വന്തം സെക്രട്ടറി ആക്കി നിയമിച്ചു. ഗ്രീക്ക് ഭാഷയിലായിരുന്ന പുതിയ നിയമത്തെ ലാറ്റിനിലേക്ക് മാറ്റാന്‍ അദ്ദേഹത്തെ ഏല്പിച്ചു.

ഗ്രീക്കിലും ഹീബ്രുവിലും ലഭ്യമായിരുന്ന വിശുദ്ധ ഗ്രന്ഥം മുഴുവനും അദ്ദേഹം ലാറ്റിന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തു. ഏറെ ശ്രമകരമായ ആ ജോലിക്ക് മുപ്പത് വര്‍ഷത്തിലധികം ചെലവാക്കേണ്ടിവന്നു. ‘വുള്‍ഗാത്ത’ എന്നാണ് അദ്ദേഹം തയാറാക്കിയ ലാറ്റിന്‍ പരിഭാഷ വിളിക്കപ്പെടുന്നത്. തെന്ത്രോസ് (ട്രെന്റ്) സുനഹദോസില്‍ അത് സഭയുടെ ഔദ്യോഗിക ലാറ്റിന്‍ ബൈബിള്‍ ആയി അംഗീകരിക്കപ്പെടുകയും ചെയ്തു. ഭാഷകളിലുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം, ബൈബിളില്‍ പരാമര്‍ശിച്ചിട്ടുള്ള വിവിധ സ്ഥലങ്ങളില്‍ പോയിട്ടുള്ള അനുഭവങ്ങള്‍, പരന്ന യാത്രകള്‍, പ്രായശ്ചിത്തജീവിതം… എല്ലാം തിരുവചനങ്ങള്‍ ഏറ്റവും നന്നായി വിവര്‍ത്തനം ചെയ്യുന്നതിലും വ്യാഖ്യാനിക്കുന്നതിലും അദ്ദേഹത്തെ സഹായിച്ചു.

അദ്ദേഹത്തിന്റെ തിരുവചനവ്യാഖ്യാനങ്ങളും ജ്ഞാനദീപ്തിയുള്ള സമ്മേളനങ്ങളും ആത്മാവിനെ ഉണര്‍ത്തുന്ന എഴുത്തുകളും ജെറോമിന് അനേകം അനുയായികളെ നല്കി, അതില്‍ റോമിലെ ധാരാളം ക്രൈസ്തവ വനിതകളും ഉള്‍പ്പെട്ടിരുന്നു. അവരില്‍ ഏറെപ്പേര്‍ വിശുദ്ധരായി മാറി. പോപ്പ് ഡമാസസ് 384-ല്‍ കാലംചെയ്തുകഴിഞ്ഞ് തൊട്ടടുത്ത വര്‍ഷം ജെറോം റോമിനോട് വിട പറഞ്ഞു, സൈപ്രസും അന്ത്യോക്യയും കടന്ന് വിശുദ്ധനാട്ടിലേക്ക് പോയി. ബേത്‌ലഹേമില്‍ ഈശോയുടെ ജനനസ്ഥലത്തുള്ള ബസിലിക്കക്കടുത്ത് പുരുഷന്മാര്‍ക്ക് വേണ്ടി ആശ്രമവും സ്ത്രീകളുടെ മൂന്ന് സമൂഹങ്ങള്‍ക്കായി ഭവനങ്ങളും പണിതു. രക്ഷകന്റെ ജന്മസ്ഥലത്തിനടുത്ത് വലിയൊരു ഗുഹയില്‍ അദ്ദേഹം പോയി പാര്‍ത്തു. തീര്‍ത്ഥാടകര്‍ക്കായി ഒരു വിദ്യാലയവും ഒരു സത്രവും പണിതു. ജോസഫും മേരിയും ഒരിക്കല്‍ക്കൂടി ബേത്‌ലഹേം സന്ദര്‍ശിച്ചാല്‍ അവര്‍ക്ക് താമസിക്കാനിടമുണ്ടാകുന്നതിന് വേണ്ടിയാണ് സത്രം പണിതതെന്ന് അതേക്കുറിച്ച് പറയപ്പെടുന്നു.

ഇങ്ങനെയെല്ലാമായിരുന്നെങ്കിലും ക്ഷിപ്രകോപിയായിരുന്ന അദ്ദേഹം നാവുകൊണ്ടും തൂലികകൊണ്ടും എതിരാളികളെ പഞ്ഞിക്കിടുന്ന ആളായിരുന്നു, അതുകൊണ്ട് തന്നെ ശത്രുക്കളും ധാരാളം. എന്നിരുന്നാലും സഭയിലെ വലിയ അനുതാപികളില്‍ ഒരാളായി. ജീവിതകാലത്തിന്റെ രണ്ടാം പകുതിയായ നാല്പത് വര്‍ഷം ചെലവഴിച്ചത് ഏകാന്തതയിലും പ്രാര്‍ത്ഥനയില്‍ ലയിച്ചും പഠനങ്ങളിലും കഠിനപ്രായശ്ചിത്ത പ്രവൃത്തികളിലും മുഴുകിയുമാണ്. തന്റെ കുറവുകള്‍ക്ക് ക്രൂശിതനായ കര്‍ത്താവിനോട് അദ്ദേഹം മാപ്പപേക്ഷിക്കുമായിരുന്നു. സത്യത്തിനും നന്മക്കും വേണ്ടി നില്‍ക്കുന്നതിനിടയില്‍ തന്റെ തീക്ഷ്ണതയാല്‍ മുറിവേറ്റവരോടും താഴ്മയോടെ അദ്ദേഹം മാപ്പ് ചോദിച്ചു.
കഠിനപ്രായശ്ചിത്തങ്ങളില്‍ മുഴുകി ജീവിച്ചിരുന്നപ്പോഴും അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഇപ്രകാരമായിരുന്നു, ”ഉപവാസത്താല്‍ എന്റെ മുഖം വിളറിയിരുന്നു, എന്നിട്ടും ആസക്തികളുടെ ആക്രമണം എനിക്കനുഭവപ്പെട്ടു.

മരണത്തിന് മുന്‍പേ മരിച്ചപോലെ തണുത്ത എന്റെ ശരീരത്തിലും ഉണങ്ങിപ്പോയ മാംസത്തിലും വികാരങ്ങള്‍ക്ക് അപ്പോഴും ജീവിക്കാന്‍ കഴിഞ്ഞിരുന്നു. ശത്രുവിനൊപ്പം തനിച്ചായിപ്പോയ ഞാന്‍, ആത്മാവില്‍ എന്നെത്തന്നെ യേശുവിന്റെ കാല്‍ക്കലേക്ക് എറിഞ്ഞുകൊണ്ട്, എന്റെ കണ്ണീരുകൊണ്ട് അവന്റെ പാദങ്ങളെ നനച്ച്, ശരീരത്തിന് കടിഞ്ഞാണിട്ട്, ഉപവാസത്തില്‍ അനേകം ആഴ്ചകള്‍ കഴിഞ്ഞു…” സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കാനായി രക്തമൊഴുകുന്നതുവരെ വിശുദ്ധ ജെറോം തന്റെ നെഞ്ചില്‍ കല്ല് കൊണ്ട് ഇടിച്ചിരുന്നുവത്രേ.
പ്രായശ്ചിത്തങ്ങളാലും കഠിനപ്രയത്‌നങ്ങളാലും ക്ഷീണിതനായ അദ്ദേഹം രണ്ട് കൊല്ലം നീണ്ടുനിന്ന അസുഖത്തെ തുടര്‍ന്ന് 420, സെപ്റ്റംബര്‍ 30-ന് ദൈവസന്നിധിയിലേക്ക് യാത്രയായി. ബേത്‌ലഹേമിലെ ബസിലിക്കയില്‍ അദ്ദേഹത്തെ അടക്കി. പിന്നീട് പതിമൂന്നാം നൂറ്റാണ്ടില്‍ റോമിലേക്ക് അദ്ദേഹത്തിന്റെ ശരീരം കൊണ്ടുപോയി. ഇന്നത് വിശുദ്ധ മേരി മേജര്‍ ബസിലിക്കയിലുണ്ട്.

വിശുദ്ധ ജെറോം വളരെ ഇഷ്ടപ്പെട്ടിരുന്ന ഒരു പ്രാര്‍ത്ഥന

ദൈവമേ അങ്ങേ കരുണ എന്നില്‍ ചൊരിയണമേ,
എന്റെ ഹൃദയം സന്തോഷിക്കട്ടെ.
ജെറീക്കോയിലേക്ക് പോയിക്കൊണ്ടിരുന്നവനെ
പ്പോലെയാണ് ഞാന്‍…
കവര്‍ച്ചക്കാരാല്‍ മുറിവേറ്റിരിക്കുന്നു,
നല്ലസമരിയക്കാരാ, എന്നെ സഹായിക്കാന്‍ വരണമേ.
വഴിതെറ്റിപ്പോയ ആടിനെപ്പോലെയാണ് ഞാന്‍,
നല്ലിടയാ, എന്നെ അന്വേഷിച്ചു വരിക,
സുരക്ഷിതമായി ഭവനത്തിലേക്ക് നയിക്ക,
ഞാന്‍ അങ്ങയുടെ കൂടാരത്തില്‍
എന്നേക്കും വസിക്കട്ടെ,
എന്നേക്കും അങ്ങയെ പാടിപ്പുകഴ്ത്തട്ടെ,
ആമേന്‍.

ജില്‍സ ജോയ്‌