മക്കളെ ചെറുപ്രായംമുതല്‍ ആത്മീയത അഭ്യസിപ്പിക്കണം. ആ ശുഷ്‌കാന്തിയെ ദൈവം വിലകുറച്ച് കാണുകയില്ല. മികച്ച രീതിയില്‍ ആ ‘ശില്പം’ പൂര്‍ത്തിയാക്കാന്‍ അവിടുന്ന് കരം നീട്ടും. ദൈവത്തിന്റെ കരം പ്രവര്‍ത്തിക്കുമ്പോള്‍ വിജയിക്കാതിരിക്കുക അസാധ്യം. ഇവിടെ ഹന്നായുടെ ഉദാഹരണം വളരെ പ്രസക്തമാണ്. ഏറെനാള്‍ മക്കളില്ലാതിരുന്നതിനുശേഷമാണ് അവള്‍ സാമുവലിനു ജന്മംനല്കിയത്.
വീണ്ടും ഒരു കുട്ടിയുണ്ടാകുമോ എന്ന് ഉറപ്പില്ലാതിരുന്നിട്ടും അവള്‍ സാമുവലിനെ ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. അന്നത്തെ രീതിയനുസരിച്ച്, കുട്ടിയെ ദൈവാലയത്തില്‍ സമര്‍പ്പിക്കുന്നതിന് തെല്ലും താമസം വരുത്താതെ, പാലുകുടി നിന്നയുടന്‍ അവനെ ദൈവാലയത്തില്‍ കൊണ്ടുചെന്ന് പുരോഹിതനായ ഏലിയെ ഏല്പിച്ചു.
ഭര്‍ത്താവിനോടൊപ്പം ദൈവാലയത്തില്‍ ചെന്നാണ് പിന്നീട് അവനെ അവള്‍ ശുശ്രൂഷിച്ചുകൊണ്ടിരുന്നത്.
അതായിരുന്നു ഹന്നായുടെ യാഗസമര്‍പ്പണം. അതുകൊണ്ടാണ് ദൈവം യഹൂദജനത്തിന്റെ ഹീനപ്രവൃത്തികളില്‍ മനം മടുത്ത് അവര്‍ക്ക് പ്രവാചകന്‍മാരെയോ ദര്‍ശനങ്ങളോ നല്കാതിരുന്നപ്പോള്‍, അത് തിരികെ നല്കണമെന്ന് നിര്‍ഭയം ദൈവത്തോട് അപേക്ഷിക്കാന്‍ അവന് സാധിച്ചത്. അവന്‍ ദൈവത്തിന് പ്രിയങ്കരനായിരുന്നു. ഇതെല്ലാം അവന്‍ ചെയ്തത് ചെറുപ്രായത്തിലായിരുന്നു എന്നതാണ് ശ്രദ്ധേയം. ”അക്കാലത്ത് കര്‍ത്താവിന്റെ അരുളപ്പാട് ചുരുക്കമായിട്ടേ ലഭിച്ചിരുന്നുള്ളൂ. ദര്‍ശനങ്ങള്‍ വിരളമായിരുന്നു” (1 രാജാക്കന്‍മാര്‍ 3/1). അതേ സമയം, ദൈവം തന്റെ ഹിതം സാമുവലിന് വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ സമ്പാദ്യമെല്ലാം ദൈവത്തിന് സമര്‍പ്പിക്കുന്നതിന്റെ പ്രയോജനമിതാണ്. വസ്തുക്കളും ധനവുംമാത്രമല്ല, മക്കളെയും കര്‍ത്താവിന് നല്കണം. അബ്രഹാമും ഇതുതന്നെ ചെയ്തു. അതിനാലാണ് ഇത്ര മഹത്വമുള്ള മകനെ ലഭിച്ചത്. നാം മക്കളെ ദൈവത്തിന് നല്കിയാലും അവര്‍ നമ്മുടെ കൂടെത്തന്നെയുണ്ടല്ലോ? നാം പാലിക്കുന്നതിനെക്കാള്‍ നന്നായി ദൈവം അവരെ പരിപാലിച്ചുകൊള്ളും.
ദൈവത്തെ സേവിക്കാന്‍ നമ്മുടെ സന്താനങ്ങളെ അനുവദിക്കണം. സാമുവലിനെപ്പോലെ ദൈവാലയത്തിലേക്ക് മാത്രമല്ല സ്വര്‍ഗരാജ്യത്തില്‍ മാലാഖമാരോടൊപ്പം ദൈവത്തെ സേവിക്കാനും നയിക്കേണ്ടത് മാതാപിതാക്കളാണ്. അങ്ങനെയുള്ള കുട്ടികള്‍വഴി മാതാപിതാക്കള്‍ക്കും ധാരാളമായ അനുഗ്രഹങ്ങള്‍ ലഭിക്കും.
വിശുദ്ധ തിയോഫാന്‍ റിക്ലൂസ്