എന്റെ മകള്‍ക്ക് മൂന്ന് മാസം പ്രായമായ സമയത്ത് സ്‌കാനിംഗ് നടത്തിയപ്പോള്‍ നട്ടെല്ലിന്റെ ഉള്ളില്‍ ഒരു മുഴയും (lipoma) അതുപോലെ spinabifida എന്ന അസുഖവും ഉണ്ടെന്ന് കണ്ടെത്തി. അത് കുഞ്ഞിന്റെ മലവിസര്‍ജനം നിയന്ത്രിക്കുന്ന ഞരമ്പിനെയും ബാധിക്കാന്‍ സാധ്യതയുണ്ട് എന്ന് പറഞ്ഞു. ഒരു മാസത്തിനുശേഷം ങഞക എടുത്ത് നോക്കണം എന്നും ചിലപ്പോള്‍ സര്‍ജറി ചെയ്യേണ്ടിവന്നേക്കാമെന്നും ആയിരുന്നു ന്യൂറോസര്‍ജന്റെ അഭിപ്രായം.
വളരെ വിഷമിച്ച് ഇരിക്കുമ്പോള്‍, 2023 ഫെബ്രുവരി ലക്കം ശാലോം ടൈംസ് എന്റെ ശ്രദ്ധയില്‍പ്പെട്ടു. അതെടുത്ത് ഞാന്‍ വായിക്കാന്‍ തുടങ്ങി. ആ മാസികയില്‍ ‘പേരക്കുട്ടിയുടെ സന്ദര്‍ശനവും സൗഖ്യവും’ എന്ന അനുഭവക്കുറിപ്പ് കണ്ടു. ശാലോം മാസികയില്‍ സാക്ഷ്യം അറിയിക്കാമെന്നും 100 ശാലോം ടൈംസ് വാങ്ങി വിതരണം ചെയ്യാമെന്നും നേര്‍ന്ന് പ്രാര്‍ത്ഥിച്ചതിനുശേഷം രോഗസൗഖ്യം കിട്ടിയെന്നായിരുന്നു അതിലെഴുതിയിരുന്നത്. അത് വായിച്ചപ്പോള്‍ ‘നീയും അതുപോലെ ചെയ്യുക’ എന്ന് ഉള്ളിലിരുന്ന് ആരോ പറയുന്ന അനുഭവമുണ്ടായി. അതിനാല്‍ ഞാനും അപ്രകാരം ചെയ്യാന്‍ തീരുമാനിച്ചു.
മാത്രവുമല്ല, യോഹന്നാന്‍ 14/1 – ”നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തില്‍ വിശ്വസിക്കുവിന്‍; എന്നിലും വിശ്വസിക്കുവിന്‍” എന്ന തിരുവചനവും എന്നെ വളരെയധികം സ്പര്‍ശിച്ചു. അതിനുശേഷം കുഞ്ഞിനെക്കുറിച്ച് എപ്പോള്‍ വിഷമം തോന്നിയാലും ഈ വചനം മനസിലേക്ക് ഓടിയെത്തും. അതെന്നെ വളരെയധികം ആശ്വസിപ്പിച്ചു. പിന്നീട് ഞങ്ങള്‍ MRI എടുത്തപ്പോള്‍ കുഞ്ഞിന് അസുഖമൊന്നുമില്ല എന്നായിരുന്നു റിപ്പോര്‍ട്ട്. മുഴയും അപ്രത്യക്ഷമായിരുന്നു. യാതൊരു ചികിത്സയുമില്ലാതെ ഈശോ കുഞ്ഞിന് പൂര്‍ണസൗഖ്യം നല്കി. ദൈവരാജ്യത്തിനായി നാം ചെയ്യുന്ന ഓരോ പ്രവൃത്തികള്‍ക്കും നല്ല ദൈവം പ്രതിഫലം നല്കി അനുഗ്രഹിക്കുമെന്ന് എനിക്ക് ഉറപ്പായി.
ഷിന്റു തോമസ്, നെല്ലിക്കുന്നേല്‍, കൂടത്തായി