രാജ്ഞി കല്പിച്ചപ്പോള്‍ ദുഷ്ടാരൂപി പറഞ്ഞ സത്യങ്ങള്‍ – Shalom Times Shalom Times |
Welcome to Shalom Times

രാജ്ഞി കല്പിച്ചപ്പോള്‍ ദുഷ്ടാരൂപി പറഞ്ഞ സത്യങ്ങള്‍


ബേല്‍സെബൂബ് എന്ന ദുഷ്ടാരൂപി ആവസിച്ചിരുന്ന യുവതിയുടെ ഭൂതോച്ചാടനവേളയില്‍ ജപമാലയെക്കുറിച്ച് സംസാരിക്കാന്‍ ദുഷ്ടാരൂപിയോട് ഫാ. അംബ്രോജിയോ ആജ്ഞാപിക്കുകയായിരുന്നു. 2019 ഒക്‌ടോബര്‍ 7-ന് ജപമാലറാണിയുടെ തിരുനാള്‍ദിനത്തിലാണ് ഇപ്രകാരം ചെയ്തത്. ജോര്‍ജ് റമിറെസ് തന്റെ യുട്യൂബ് ചാനലിലൂടെ ഈ വെളിപ്പെടുത്തല്‍ പങ്കുവച്ചു.

ഓ കന്യകേ, ഇന്ന് പരിശുദ്ധ ജപമാലരാജ്ഞിയായ അങ്ങയുടെ തിരുനാളാണ്. ഈ ദുഷ്ടാരൂപി ബേല്‍സെബൂബ് പരിശുദ്ധ ജപമാലയെക്കുറിച്ച് സംസാരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അതിനാല്‍ ഞാന്‍ ചോദിക്കുകയാണ് മാതാവേ, ഇതേക്കുറിച്ചുള്ള വേദോപദേശം ഞങ്ങള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഇന്ന് പ്രത്യേക തിരുനാള്‍ദിനമാണല്ലോ. പരിശുദ്ധ ജപമാലയെക്കുറിച്ച് കുറച്ച് മിനിറ്റുകള്‍ സംസാരിക്കാന്‍ അങ്ങ് ഈ ദുഷ്ടാരൂപിയെ നിര്‍ബന്ധിക്കണമേ.

ആയതിനാല്‍, പരിശുദ്ധ മറിയത്തിന്റെ അനുവാദത്തോടെയും സ്വര്‍ഗത്തിന്റെ ആജ്ഞയോടെയും ദൈവനാമത്തില്‍, ഞാന്‍ നിന്നോട് സംസാരിക്കാന്‍ കല്പിക്കുന്നു. പരിശുദ്ധ ജപമാലയെക്കുറിച്ചും അതിന് നിനക്കെതിരെയുള്ള ശക്തിയെക്കുറിച്ചും സംസാരിക്കാന്‍ ഞാന്‍ ആജ്ഞാപിക്കുന്നു. ദൈവനാമത്തില്‍, ഞാന്‍ നിന്നോട് സംസാരിക്കാന്‍ ആജ്ഞാപിക്കുന്നു. സംസാരിക്കുക, വ്യക്തമായ ഇറ്റാലിയന്‍ ഭാഷയില്‍. നല്ല കാര്യങ്ങള്‍ ഞങ്ങളോട് പറയുക. സംസാരിക്കുക!

(അവ്യക്തമായ വികൃതസ്വരത്തില്‍ മറുപടി പറയുന്നു) ആ കിരീടം (ജപമാല) എന്നെ നശിപ്പിക്കുന്നു.
കുറച്ചുകൂടി നല്ല രീതിയില്‍ പറയുക, വ്യക്തമായ ഇറ്റാലിയനില്‍… ഊം…. പറയുക.
(വ്യക്തമായി പറഞ്ഞുതുടങ്ങുന്നു) എല്ലാ ‘നന്മ നിറഞ്ഞ മറിയമേ’യും എന്റെ തല തകര്‍ക്കുന്നു…
പറയുക, ഞാന്‍ ആവശ്യപ്പെടാതെതന്നെ സംസാരിക്കുക. നിനക്കെതിരെ ജപമാല എത്രമാത്രം ശക്തമാണെന്ന് നീ ഞങ്ങളോട് പറയണം എന്ന് പരിശുദ്ധ കന്യക ആവശ്യപ്പെടുന്നു.

ഇത് വളരെ ലളിതമായ പ്രാര്‍ത്ഥനയാണ്. വളരെ ലളിതമായ പ്രാര്‍ത്ഥന, എന്നാല്‍ എല്ലാവരും ചൊല്ലുകയില്ല. പക്ഷേ ഇത് ചൊല്ലുന്നവര്‍ തങ്ങളെത്തന്നെ ക്രിസ്തുവിന്റെയും മറിയത്തിന്റെയും ജീവിതത്തില്‍ ചേര്‍ത്തുവയ്ക്കുന്നു. ഈ ഒരേ പാട്ട് കേള്‍ക്കുമ്പോള്‍ എന്റെ തല പൊട്ടിത്തെറിക്കുകയാണ്. എനിക്കത് കേട്ടുനില്‍ക്കാനാവില്ല. ജപമാല ആരെങ്കിലും കൈയില്‍ വയ്ക്കുന്നതുപോലും എന്നെ കോപാകുലനാക്കുന്നു, അയാള്‍ അത് ചൊല്ലുന്നില്ലെങ്കില്‍പ്പോലും. എനിക്ക് അത് സഹിക്കാനാവില്ല. മറിയത്തിന് ഈ പ്രാര്‍ത്ഥന ഇഷ്ടമാണ്.
തുടരുക!

ആരെങ്കിലും ഇത് കുടുംബത്തോടൊപ്പം ചൊല്ലിയാല്‍ ആ വ്യക്തിക്ക് അതിലൂടെ പ്രത്യേകസംരക്ഷണം ലഭിക്കും. എനിക്ക് ആ വീട്ടില്‍ കയറാന്‍ സാധിക്കില്ല. എനിക്കതിന് അനുവാദമില്ല. കുടുംബത്തിലെ പരിശുദ്ധ ജപമാലയുടെ ശക്തി എന്നെ തകര്‍ക്കുന്നു.
തുടരുക!
ചില കുടുംബങ്ങളില്‍ ഒരാള്‍മാത്രമേ ഇത് ചൊല്ലുന്നുള്ളൂ എങ്കിലും അയാള്‍ക്ക് കുടുംബത്തിലെ മറ്റുള്ളവരെ രക്ഷയിലേക്ക് നയിക്കാന്‍ കഴിയും.
(മാതാവിനോട്) മരിയാ, ഈ ദുഷ്ടാരൂപി ബേല്‍സെബൂബിനെ പരസ്യമായി സംസാരിക്കാന്‍, പരിശുദ്ധ ജപമാലയെക്കുറിച്ചുള്ള വേദോപദേശം പറയാന്‍, നിര്‍ബന്ധിക്കുന്നതിന് ഞാന്‍ നന്ദി പറയുന്നു. ഓ അമൂല്യയായ മരിയാ, അങ്ങേ അനുവാദത്തോടെ ഇത് അനേകരുമായി പങ്കുവയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. സംസാരിക്കാന്‍ ഈ ദുഷ്ടാരൂപിയെ നിര്‍ബന്ധിക്കുക.
(ദുഷ്ടാരൂപിയോട്) തുടര്‍ന്ന് പറയുക!

അവളുടെ ഇഷ്ടപ്പെട്ട രഹസ്യങ്ങള്‍ ക്രിസ്തുവിന്റെ പീഡാനുഭവത്തിന്റെ രഹസ്യങ്ങളാണ്. അവിടെ മനുഷ്യവംശത്തിന്റെ മുഴുവന്‍ രക്ഷയുണ്ട്.
പ്രകാശത്തിന്റെ രഹസ്യങ്ങള്‍ മറിയത്തിന് ഇഷ്ടമല്ലേ?
അതും ഇഷ്ടമാണ്.
തുടരുക!
പക്ഷേ ആരെങ്കിലും ജപമാല ചൊല്ലാന്‍ തുടങ്ങുകയാണെങ്കില്‍ അവനെ ശല്യപ്പെടുത്താന്‍ ഞാന്‍ വരും.
എങ്ങനെ?
ചിന്തകള്‍കൊണ്ട്, പലവിധ അസ്വസ്ഥതകള്‍കൊണ്ട്…
പക്ഷേ മാതാവും അതിനൊപ്പം വരികയില്ലേ?
ഉവ്വ്.
തുടരുക!

ഇത് കുട്ടികള്‍ക്കൊപ്പം ചൊല്ലണം. ഈ പ്രാര്‍ത്ഥന കുട്ടികളെ പഠിപ്പിക്കണം, ഞാനവരെ ശല്യപ്പെടുത്താന്‍ ചെല്ലുംമുമ്പ്, കുറച്ചുകഴിഞ്ഞാല്‍ ഞാന്‍ അവരുടെ വിശുദ്ധി കവര്‍ന്നെടുക്കും. മാതാപിതാക്കള്‍ മക്കള്‍ക്കായി ജപമാല ചൊല്ലണം. കാരണം കുടുംബത്തെയും യുവതീയുവാക്കളെയും നശിപ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജപമാല പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് അവള്‍ കൃപകള്‍ നല്കുന്നു. ഒരുപാട് ഒരുപാട്! അതെനിക്ക് സഹിക്കാനാവില്ല! നൊവേനകളും എന്റെ തലയെ തകര്‍ക്കുന്നു. എനിക്ക് അത് താങ്ങാനാവില്ല! ഇതിനെല്ലാം മുകളില്‍, കന്യക എല്ലാ ബന്ധനങ്ങളും അഴിക്കുന്നു.

ഞങ്ങള്‍ക്ക് ലുത്തിനിയകള്‍ വളരെ ഇഷ്ടമാണ്. നിനക്ക് അത് ഉപദ്രവമാണെന്ന് നേരത്തേ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ലുത്തിനിയകളെക്കുറിച്ച് നിനക്ക് എന്താണ് ഞങ്ങളോട് പറയാനുള്ളത്?
അതെന്നെ ഞെരിക്കുന്നു. അതെനിക്ക് മടുപ്പാണ്!
എന്തുകൊണ്ട്?
കാരണം അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്ന മരിയസ്തുതിയാണ്, സ്തുതി, സ്തുതി!
പക്ഷേ മാതാവ് അത് അര്‍ഹിക്കുന്നു.
അത് നിങ്ങള്‍ക്ക്.
പക്ഷേ അവള്‍ നിങ്ങള്‍ക്കും രാജ്ഞിയല്ലേ, നിങ്ങള്‍ അത് തിരിച്ചറിയുന്നില്ലെങ്കിലും, അല്ലേ?
അതെ!

ലുത്തിനിയയെക്കുറിച്ച് എന്ത് പറയുന്നു? ഇനിയും എന്താണ് നിനക്ക് ഞങ്ങളോട് പറയാന്‍ കഴിയുക? പലരും ജപമാല പൂര്‍ത്തിയാക്കുമ്പോള്‍ അത് ചൊല്ലാറില്ലല്ലോ?
എനിക്കറിയാം, എനിക്കറിയാം… അതാ ണ് എനിക്കിഷ്ടവും.
(മാതാവിനോട്) മരിയാ, ഞങ്ങള്‍ അങ്ങയെ വാഴ്ത്തുന്നു.
(ദുഷ്ടാരൂപിയോട്) ഇനിയും ഞങ്ങളോട് എന്തെങ്കിലും പറയണമെന്ന് കല്പിച്ചിട്ടുണ്ടോ? അതോ പറഞ്ഞുകഴിഞ്ഞോ?
മറുപടി തരുക!
പറയാനുള്ളത് കഴിഞ്ഞു!
ഇനി നമുക്ക്, പരിശുദ്ധ രാജ്ഞീ ചൊല്ലാം.

പരിശുദ്ധ രാജ്ഞീ, കരുണയുടെ മാതാവേ, സ്വസ്തി! ഞങ്ങളുടെ ജീവനും മാധുര്യവും ശരണവുമേ സ്വസ്തി! ഹവ്വായുടെ പുറംതള്ളപ്പെട്ട മക്കളായ ഞങ്ങള്‍ അങ്ങേപ്പക്കല്‍ നിലവിളിക്കുന്നു. കണ്ണുനീരിന്റെ ഈ താഴ്‌വരയില്‍നിന്ന് വിങ്ങിക്കരഞ്ഞ് അങ്ങേപ്പക്കല്‍ ഞങ്ങള്‍ നെടുവീര്‍പ്പിടുന്നു. ആകയാല്‍ ഞങ്ങളുടെ മദ്ധ്യസ്ഥേ! അങ്ങയുടെ കരുണയുള്ള കണ്ണുകള്‍ ഞങ്ങളുടെ നേരെ തിരിക്കണമേ. ഞങ്ങളുടെ ഈ പ്രവാസത്തിനു ശേഷം അങ്ങയുടെ ഉദരത്തിന്റെ അനുഗൃഹീതഫലമായ ഈശോയെ ഞങ്ങള്‍ക്ക് കാണിച്ചുതരണമേ. കരുണയും വാത്സല്യവും മാധുര്യവും നിറഞ്ഞ കന്യകാമറിയമേ! ആമ്മേന്‍.